പൊതു വിഭാഗം

എസ് ഡി കോളേജിൽ ഒരു ദിവസം

ആലപ്പുഴ എസ് ഡി കോളേജിനെ പറ്റി പണ്ട് തൊട്ടേ കേട്ടിട്ടുണ്ടെങ്കിലും രണ്ടു വർഷം മുൻപ് അവിചാരിതമായി ഡോക്ടർ നാഗേന്ദ്ര പ്രഭുവിനെ കണ്ടു മുട്ടിയപ്പോഴാണ് കൂടുതൽ അറിഞ്ഞത്.

1946 ൽ കോളേജ് സ്ഥാപിക്കാൻ ശ്രീ. പാർത്ഥസാരഥി അയ്യങ്കാരും ശ്രീ. സുന്ദര രാജ നായിഡുവും ആണ് നേതൃത്വം നല്കിയത്. കേരളത്തിൽ അന്ന് വിരലിലെണ്ണാവുന്ന കോളേജുകൾ മാത്രമാണ് ഉള്ളത്. 1905 മുതൽ ആലപ്പുഴയിൽ ഉണ്ടായിരുന്ന സനാതന ധർമ്മ വിദ്യാശാലയുടെ തുടർച്ചയായിട്ടാണ് കോളേജ് രൂപീകൃതമാകുന്നത്. ഇന്ന് ഒന്നാം ക്ലാസ് മുതൽ പി എച്ച് ഡി വരെ ഒറ്റ വിദ്യാലയത്തിൽ പഠിക്കാവുന്ന അപൂർവ്വം സ്ഥാപനങ്ങളിൽ ഒന്നാണ് എസ് ഡി കോളേജ്.

കഴിഞ്ഞ ദിവസം ആലപ്പാട് നിന്നുള്ള മടക്കയാത്രയിൽ എസ് ഡി കോളേജിൽ എത്തി. ആലപ്പുഴയിൽ നിന്നുള്ള സുഹൃത്ത് മനോജ് കുമാറും കൂടെ ഉണ്ടായിരുന്നു (അദ്ദേഹം അവിടുത്തെ പൂർവ്വ വിദ്യാർത്ഥിയാണ്). സെക്രട്ടറി ശ്രീ. കൃഷ്ണൻ, പ്രിൻസിപ്പൽ ശ്രീ. ഉണ്ണികൃഷ്ണ പിള്ള, ഡോക്ടർ നാഗേന്ദ്ര പ്രഭു എന്നിവർ ശനിയാഴ്ച ആയിട്ടും കോളേജിൽ കാത്തു നിന്നിരുന്നു.

കേരളത്തിലെ സ്‌കൂളുകൾ മുതൽ ഗവേഷണ സ്ഥാപനങ്ങൾ വരെ പോയി കാണുക എന്നത് എനിക്കൊരു വിദ്യാഭ്യാസമാണ്. നമ്മുടെ നാളെ അവിടെയാണ് നിർമ്മിക്കപ്പെടുന്നത്, അവിടെ മാറ്റങ്ങൾ ഉണ്ടാകുന്പോൾ ആണ് നമുക്ക് സുരക്ഷിതമായ ഒരു ഭാവി ഉണ്ടാകുന്നത്. ഇതൊക്കെ നാം സാധാരണഗതിയിൽ ആലോചിക്കാറില്ല. അതുകൊണ്ടാണ് എപ്പോൾ സമയം കിട്ടിയാലും വിദ്യഭ്യാസ സ്ഥാപങ്ങൾ സന്ദർശിക്കാൻ ശ്രമിക്കുന്നത്.

നമ്മുടെ കോളേജുകളിൽ ഇപ്പോൾ വലിയ മാറ്റങ്ങളുണ്ട്. പഴയത് പോലെയല്ല. നാക് അക്രെഡിറ്റെഷൻ വന്നതോടെ കോളേജുകളിലെ വാതിൽ മുതൽ ലൈബ്രറി വരെ മാറി. അധ്യാപകർ കൂടുതൽ പ്രോഗ്രാമുകൾ നടത്താൻ ശ്രമിക്കുന്നു. എസ് ഡി കോളേജ് പോലുള്ള ചില കോളേജുകളിൽ അത് ഗവേഷണവും അതിനപ്പുറം ഇൻക്യൂബേഷനുമായി വളരുന്നു.

ആലപ്പുഴയിൽ വലിയൊരു ശല്യമായ കുളവാഴയെ മനുഷ്യന് ഉപകാരപ്രദമായ വസ്തുക്കളായി മാറ്റാനുള്ള ഗവേഷണമാണ് ഡോക്ടർ നാഗേന്ദ്ര പ്രഭു നടത്തുന്നത്. സെന്റർ ഫോർ റിസർച്ച് ഓൺ അക്വാട്ടിക് റിസോഴ്സ്സ് ഈ വിഷയത്തിൽ ഗവേഷണം മാത്രമല്ല അനവധി ആളുകൾക്ക് പരിശീലനവും നൽകുന്നുണ്ട്. പേപ്പർ മുതൽ കരകൗശല വസ്തുക്കൾ വരെ അനവധി ഉൽപ്പന്നങ്ങൾ ഈ പാഴ് വസ്തുവിൽ നിന്നും ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതൊക്കെ കൂടുതൽ വ്യാപകമായി ഉപയോഗിക്കപ്പെടുക എന്നതാണ് മറ്റെവിടുത്തെയും പോലെ ഈ ഗവേഷണത്തിലെയും വെല്ലുവിളി.

പല വിഷയങ്ങളിൽ ആയി മറ്റുള്ള പല ഗവേഷണങ്ങളും അവിടെ നടക്കുന്നുണ്ട്, അതൊക്കെ പേറ്റന്റ് ആയി മാറുന്നുണ്ട്, ഗവേഷണ പേപ്പറുകൾ ധാരാളമുണ്ട്. ഇതൊക്കെ എനിക്ക് അതിശയമായിരുന്നു. ഞാൻ പഠിക്കുന്ന കാലത്ത് കോളേജുകളിൽ പഠിപ്പിക്കലും പഠിപ്പ് മുടക്കലും മാത്രേമേ ഉള്ളൂ. ഗവേഷണവും ശില്പശാലയും ഒന്നുമില്ല.

കോളേജുകളിൽ പോകുന്നതിന്റെ മുഖ്യ ആകർഷണം കുട്ടികളെ കാണാം എന്നുള്ളതാണ്. പക്ഷെ കൊറോണക്കാലത്ത് അത് സാധ്യമല്ലല്ലോ. ശനിയാഴ്ച ആയതിനാൽ അധ്യാപകരും ഉണ്ടാകില്ല എന്നാണ് കരുതിയതെങ്കിലും കുറച്ചു പേർ ഉണ്ടായിരുന്നു. കോവിഡ് കലത്ത് നമ്മൾ വിദ്യാഭ്യാസ രംഗത്ത് കണ്ട മാറ്റങ്ങൾ കോവിഡ് കഴിയുന്നതോടെ ഇല്ലാതാകില്ല എന്നും, ഇതിലും വലിയ മാറ്റങ്ങൾ ഉണ്ടാകാൻ പോവുകയാണെന്നും, അധ്യാപനം എന്നത് അറിവ് പകർന്ന് കൊടുക്കുന്നതിൽ നിന്നും ആവശ്യമുള്ള അറിവിനെ അന്വേഷിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്നതിലേക്ക് മാറേണ്ടി വരും എന്നും ഞാൻ പറഞ്ഞു.  ഓരോ അധ്യാപകരും മുപ്പതോ നാല്പതോ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന കാലം മാറി ലോകത്തെ ഏറ്റവും നല്ല അധ്യാപകർ മുപ്പത് ലക്ഷമോ മൂന്നു കോടിയോ വിദ്യാർത്ഥികളെ പഠിപ്പിക്കും. വിദ്യാർത്ഥി എന്നത് പ്ലസ് ടു കഴിഞ്ഞ പതിനെട്ടുകാരിൽ നിന്നും മാറി മുപ്പതും നാല്പതും വയസ്സുള്ളവർ വരെ ഉൾകൊള്ളുന്ന ഒരു ഗ്രൂപ്പ് ആകും. എല്ലാ ദിവസവും വിദ്യാർഥികൾ ഒരു കോളേജിൽ വരുന്ന കാലം മാറി ഓരോ ദിവസവും ഓരോ കോളേജുകളിൽ, ഓരോ വിഷയത്തിനും ഓരോ അധ്യാപകരുടെ അടുത്ത് പോകുന്ന കാലം വരും. അതിനൊക്കെ എങ്ങനെ തയ്യാറെടുക്കാം എന്നതാകും അധ്യാപന രംഗത്തെ വെല്ലുവിളി എന്നൊക്കെ സംസാരിച്ചു. ചോദ്യങ്ങൾ പലതുണ്ടായിരുന്നു. പിന്നീടൊരിക്കൽ വിദ്യാർഥികൾ ഉള്ളപ്പോൾ അവരുമായി സംവദിക്കാൻ വരാമെന്ന ഉറപ്പിൽ തിരിച്ചു പോന്നു.

പൊതുവിൽ സന്തോഷം പകർന്ന ഒരു സന്ദർശനം ആയിരുന്നു. മാറ്റം എല്ലാ രംഗത്തും ലഭ്യമാണ്. പി എച്ച് ഡി ഉള്ള അധ്യാപകർ, ഗവേഷണം  നടക്കുന്ന കോളേജ് ലബോറട്ടറികൾ, ആധുനികമായ ലൈബ്രറി, കൂടാതെ നല്ലൊരു കളിസ്ഥലവും അവിടെ ഉണ്ട് എന്ന് പറഞ്ഞു, കണ്ടില്ല. കേരളത്തിലെ മറ്റു കോളേജുകളും ഇത്തരത്തിൽ മാറി വരട്ടെ. നമ്മുടെ വിദ്യാർത്ഥികൾക്ക് കൂടുതൽ അക്കാദമിക് ആയ സാഹചര്യത്തിൽ പഠിക്കാൻ സാധിക്കട്ടെ.

സന്ദർശനം അറേഞ്ച് ചെയ്ത നാഗേന്ദ്രപ്രഭു, മനോജ്, ഇവർക്ക് നന്ദി. മാനേജ്‌മെന്റിനും പ്രിൻസിപ്പലിനും ചർച്ചക്ക് വന്ന അധ്യാപകർക്കും ഏറെ നന്ദി.

മുരളി തുമ്മാരുകുടി

 

Leave a Comment