പൊതു വിഭാഗം

എന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ് എന്റെ സന്ദേശം !!

പുരുഷുവിനിപ്പോൾ യുദ്ധങ്ങളുടെ കാലമാണ്. ഇത്രയും ലോകരാജ്യങ്ങൾ ഒരേ സമയം ഒരേ വെല്ലുവിളിയെ നേരിട്ടൊരു സംഭവം ലോക ചരിത്രത്തിൽ ഇല്ല. ഒന്നും രണ്ടും മഹായുദ്ധങ്ങളുടെ കാലത്തും അനവധി രാജ്യങ്ങളെ അത് ബാധിച്ചിരുന്നില്ല. പ്ലേഗും വസൂരിയും ഉണ്ടായിരുന്ന കാലത്ത് ലോകം ഇത്രയും പരസ്പരബന്ധിതമായിരുന്നില്ല, ഓരോ നാടുകളും പല കാലത്താണ് ആ വെല്ലുവിളിയെ നേരിട്ടത്.
 
ഈ വെല്ലുവിളിയുടെ കാലത്ത് ഔദ്യോഗികമായ ധാരാളം ജോലികളുണ്ട്. ഉപയോഗം കഴിഞ്ഞ വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പടെയുള്ള ആശുപത്രിമാലിന്യം എങ്ങനെ ശേഖരിക്കും, സംസ്കരിക്കും എന്നത് ലോകത്തെ രാജ്യങ്ങൾ നേരിടുന്ന പ്രശ്നമാണ്. എങ്ങനെയാണ് ഈ കൊറോണയും അതിനെ നേരിടാൻ എടുക്കുന്ന ലോക്ക് ഡൌൺ പോലുള്ള തീരുമാനങ്ങളും രാജ്യത്തിൻറെ വിവിധ മേഖലകളെ – പരിസ്ഥിതിയെ ഉൾപ്പെടെ, ബാധിക്കുന്നത് എന്നത് മറ്റൊരു വിഷയമാണ്. ഈ കൊറോണക്കാലത്തും ലോകത്തെ മറ്റു ദുരന്തങ്ങൾക്ക് അവധിയൊന്നുമില്ല. അപ്പോൾ ലോകത്ത് മറ്റൊരു ദുരന്തം ഉണ്ടായാൽ അതിനെ നേരിടാനുള്ള സഹായം നൽകേണ്ടിവരുമല്ലോ. (പസിഫിക്കിൽ കൊടുങ്കാറ്റുകളുടെ കാലം തുടങ്ങിക്കഴിഞ്ഞു, വനവാറ്റു എന്ന ചെറിയ ദ്വീപിൽ ഹാരോൾഡ്‌ കൊടുങ്കാറ്റ് ഇന്നലെ എത്തി).
 
ഇതിനിടക്കും കേരളത്തിലെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അറിയാവുന്നതും പങ്കുവെക്കേണ്ടതുമായ വിവരങ്ങൾ ഇവിടെ പറയുന്നുണ്ട്. ഇക്കാലം എങ്ങനെയാണ് പ്രൊഡക്ടീവ് ആയി ഉപയോഗിക്കാമെന്നുള്ള ആശയങ്ങൾ
Neeraja Janaki ആയി ചേർന്ന് എഴുതുന്നുണ്ട്. പോരാത്തതിന് വൈകുന്നേരങ്ങളിൽ അല്പം കളിയും കാര്യവുമായി യാത്രകളുടെ കഥയുമുണ്ട്. വനിതയിലെ എഴുത്ത് നിറുത്തിയിട്ടില്ല !
 
ഞാൻ ഫേസ്ബുക്കിൽ എഴുതുന്ന പോസ്റ്റുകൾ ധാരാളം പേർ പങ്കുവെക്കുന്നുണ്ട്. പ്രസിദ്ധീകരിച്ചോട്ടെ എന്ന് ചോദിച്ച് ആളുകൾ സന്ദേശം അയക്കുന്നുണ്ട്. ചിലർ അത് വോയ്‌സ് ഫയലുകൾ ആകുന്നുണ്ട്. ചിലർ വീഡിയോയും വോയ്‌സ് ഫയലും ആക്കാനുള്ള അനുമതി ചോദിക്കുന്നുണ്ട്.
 
മുൻപും പറഞ്ഞിട്ടുള്ള കാര്യമാണ്. ഞാൻ ഇവിടെ എഴുതുന്ന കാര്യങ്ങൾ ആളുകളിൽ എത്തുക എന്നതാണ് എനിക്ക് പ്രധാനം. അതുകൊണ്ടു തന്നെ അവ പങ്കുവെക്കാൻ എന്നോട് ചോദിക്കേണ്ട കാര്യമില്ല. ഷെയർ ചെയ്യുന്പോൾ എന്റെ പേര് വെച്ചാൽ സന്തോഷം, ഇല്ലെങ്കിലും പരാതിയില്ല. എവിടെയെങ്കിലും പ്രസിദ്ധീകരിച്ചാൽ, അത് ഒരു വോയ്‌സ് ഫയൽ ആക്കിയാൽ എന്നോട് ആ വിഷയം പങ്കുവെച്ചാൽ ഞാനും അത് ഷെയർ ചെയ്യാൻ ശ്രമിക്കാം.
 
ആകപ്പാടെ ഒരു വിഷമമേ ഉള്ളൂ. പണ്ടൊക്കെ സുഹൃത്തുക്കൾ ഏതു പാതിരാക്കും വാട്ട്സാപിലോ മെസ്സഞ്ചറിലോ സ്കൈപ്പിലോ വിളിച്ചാൽ ഫോൺ എടുക്കുമായിരുന്നു. ഇപ്പോൾ അത് സാധിക്കുന്നില്ല. പേപ്പറിൽ എഴുതാനായും ടി വി മീറ്റിംഗുകളിൽ വരാനായും ആളുകൾ വിളിക്കുന്നുണ്ട്, അതും സ്വീകരിക്കാൻ പറ്റുന്നില്ല. കൂടുതൽ വിവരങ്ങൾ സ്വകാര്യമായി അറിയാൻ അനവധി പേർ വിളിക്കാൻ ശ്രമിക്കുന്നുണ്ട്, അവരോടും സംസാരിക്കാൻ നിർവ്വാഹമില്ല. ക്ഷമിക്കുമല്ലോ.
 
താൽക്കാലമെങ്കിലും എന്റെ ഫേസ്ബുക്ക് പോസ്റ്റ് മാത്രമാണ് എന്റെ സന്ദേശം.
 
മുരളി തുമ്മാരുകുടി

Leave a Comment