പൊതു വിഭാഗം

എന്നെ ഒന്നു പരിഗണിക്കൂ, പ്ലീസ്…

അടുത്തിടക്കൊന്നും ന്യൂസ് മേക്കർ ആയില്ലെങ്കിലും പത്തുപേരുടെ ലോങ്ങ് ലിസ്റ്റിലെങ്കിലും എപ്പോഴെങ്കിലും കയറിപ്പറ്റുമെന്ന് എനിക്ക് വിശ്വാസമുണ്ട്. കഴിഞ്ഞ വർഷം പ്രളയം പ്രവചിച്ചത് മുതൽ പ്രളയകാലത്തെ നിർദ്ദേശങ്ങൾ വരെ ദുരന്ത ലഘൂകരണ രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ ലിസ്റ്റിലെ പത്തിലൊന്നാകാൻ പോന്നതായിരുന്നു. പക്ഷെ 3G ആയി. സോഷ്യൽ മീഡിയ സ്റ്റാർ എന്ന ബി ലിസ്റ്റിൽ പോലും സ്ഥാനം കിട്ടാതെ അതൊരു ദുരന്തമായി.

ഇത് ഞങ്ങൾ ദുരന്തലഘൂകരണക്കാർക്ക് പുത്തരിയല്ല. അധികം ആളെ കയറ്റി കായലിൽ ബോട്ട് മുങ്ങുന്ന സമയത്ത് വെള്ളത്തിൽ ചാടി അഞ്ചുപേരെ രക്ഷിക്കുന്ന കണ്ടക്ടർക്ക് അവാർഡ് കൊടുക്കാറുണ്ട്. പക്ഷെ ബോട്ട് പുറപ്പെടുന്നതിന് മുൻപ് ബോട്ടിലെ ഓവർലോഡ് കണ്ടിട്ട് “കുറച്ചാളിറങ്ങിയാലേ ബോട്ട് സുരക്ഷിതമായി കൊണ്ട് പോകാൻ പറ്റൂ” എന്ന് പറയുന്ന ഡ്രൈവറെ ആളുകൾക്ക് ഇഷ്ടമല്ല. അങ്ങനെ ആളെ ഇറക്കി അപകടം ഇല്ലാതെ യാത്ര ചെയ്താൽ പിന്നെ ആരും അയാളെ ഓർക്കാറു പോലും ഇല്ല. “ഞാൻ അഭിനയിക്കാൻ വിസമ്മതിച്ച നൂറു സിനിമകളാണ് മലയാള സിനിമക്ക് എൻറെ സംഭാവന” എന്ന് പറഞ്ഞ ശ്രീനിവാസനെ പോലെ “ഞാൻ ഒഴിവാക്കിയ ഒരു ആയിരക്കണക്കിന് ദുരന്തങ്ങൾ” ആണ് കേരളത്തിന് എൻറെ സംഭാവന. അതിനിപ്പോൾ പദ്മശ്രീ ഒന്നും കൊടുത്തു തുടങ്ങിയിട്ടില്ല.

അതുപോട്ടെ, പദ്മശ്രീ ഒന്നും എൻറെ ലക്ഷ്യമല്ല. പക്ഷെ രണ്ടായിരത്തി പത്തൊമ്പതിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരികയാണ്. തിരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കും, ആരെ ഒക്കെ മത്സരിപ്പിക്കും എന്നെല്ലാം ഊഹാപോഹങ്ങൾ വരാൻ പോവുകയാണ്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഞാൻ കേരളത്തിലെ മാധ്യമ സുഹൃത്തുക്കളോട് ഒരു പരാതി പറഞ്ഞിരുന്നു. നിങ്ങൾ എത്രയോ ആളുകളെ ‘പരിഗണിക്കുന്നു’ എന്നും പറഞ്ഞു വാർത്തകൾ നൽകിയിരുന്നു. പത്തിൽ ഒൻപതും ഊഹാപോഹവും, മൂന്നിൽ രണ്ടും പൊട്ടത്തെറ്റും ആയിരുന്നിട്ടും എൻറെ പേര് ഒരിക്കൽ പോലും പറഞ്ഞില്ല.

ആ തെറ്റ് തിരുത്താനുള്ള അവസരം വരികയാണ്. പാർലമെന്റ് തിരഞ്ഞെടുപ്പ് വരുമ്പോൾ ‘മുരളി തുമ്മാരുകുടിയെ പരിഗണിക്കുന്നു’ എന്നൊരു വാർത്ത ചുമ്മാ കൊടുക്കണം. ഞാൻ ആണെങ്കിൽ ഏത് മുന്നണിക്കും പരിഗണിക്കാൻ പറ്റിയ ബെസ്റ്റ് മുതൽ ആണല്ലോ. നിങ്ങൾ പറയുന്നതുകേട്ട് ആരും എന്നെ പരിഗണിക്കുമെന്ന് ഓർത്തിട്ടല്ല, അത് വായിക്കുന്നവർ ഞാൻ ഒരു സംഭവം ആണെന്ന് ചിന്തിച്ചോട്ടെ. ഇനി അഥവാ ബിരിയാണി കിട്ടിയാൽ അതുമായി..

എന്നാൽ ഇനി മടിച്ചു നിൽക്കേണ്ട. മകര വിളക്ക് കഴിഞ്ഞാൽ പിന്നെ ബ്രേക്കിങ്ങ് ന്യൂസ് വാർത്തകൾ ഒന്നും ലൈൻ അപ്പിൽ ഇല്ല. ചുമ്മാ പരിഗണിക്കണം സാർ…

മുരളി തുമ്മാരുകുടി

Leave a Comment