പൊതു വിഭാഗം

എന്നാണിനി നമ്മൾ സുരക്ഷ പഠിക്കാൻ പോകുന്നത്?

ചരിത്രത്തിൽ നിന്നും പഠിച്ചില്ലെങ്കിൽ ചരിത്രം ആവർത്തിക്കുമെന്നത് ഒരു പേരുകേട്ട ചൊല്ലാണ്. അപകടങ്ങളുടെയും ദുരന്തങ്ങളുടേയും കാര്യത്തിലും ഇതു ശരിയാണ്.
 
കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ മൂന്ന് അപകടങ്ങളുണ്ടായി. ശബരിമല വിഷയം കത്തിനിന്നതിനാൽ ആർക്കും അതൊന്നും ശ്രദ്ധിക്കാൻ സമയമുണ്ടായിക്കാണുകയില്ലെന്നെനിക്കറിയാം, എന്നാലും പറയാം.
 
1. തൃശൂരുനിന്നും മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയ ഒരു കുടുംബം അപകടത്തിൽ പെട്ട് നാലുപേർ മരിച്ചു. അതിരാവിലെയാണ് അപകടമുണ്ടായത്. രാത്രി യാത്രകൾ കൂടുതൽ അപകടകരമാണെന്ന് എത്രയോ തവണ പറഞ്ഞിരിക്കുന്നു, കണ്ടിരിക്കുന്നു. നമ്മൾ ഒന്നും ശ്രദ്ധിക്കുന്നില്ല, പഠിക്കുന്നില്ല. എൻറെ വായനക്കാരെങ്കിലും ദയവുചെയ്ത് രാത്രി പത്തിന് ശേഷവും രാവിലെ ആറിന് മുൻപും സ്വകാര്യ വാഹനങ്ങളിൽ ദൂരത്തേക്കുള്ള രാത്രി യാത്രകൾ ഒഴിവാക്കണം.
 
2. തൃത്താലയിലെ മുങ്ങി മരണം. മൂന്നു കൂട്ടികളെ കാണാതായി എന്നാണ് വായിച്ചത്. പിന്നെ ആ വാർത്ത കണ്ടത് കൂടിയില്ല. കുട്ടികൾ ബന്ധുവീട്ടിൽ വിരുന്നു വന്നതായിരുന്നു എന്നും വായിച്ചു. എത്രയോ തവണ വായിച്ചിട്ടുള്ള സംഭവമാണ്. ബന്ധു വീട്, കുട്ടികൾ, വെള്ളം, ഒന്നിൽ കൂടുതൽ കുട്ടികളുടെ മരണം. പല തവണ പറഞ്ഞത് പോലെ തീയോ ഉയരമോ പോലെ ജലം കുട്ടികൾക്ക് ഒരു ആപത് സൂചനയും നൽകുന്നില്ല എന്ന് മാത്രമല്ല, മാടിവിളിക്കുകയും ചെയ്യും. വെള്ളത്തിൽ പോയാൽ മരിക്കാൻ മിനുട്ടുകൾ മതി. മേൽനോട്ടമില്ലാതെ കുട്ടികളെ വെള്ളത്തിനടുത്തേക്ക് വിടരുത്. വീട്ടിലെ ബക്കറ്റിൽ കുട്ടി മുങ്ങിമരിച്ചിട്ട് ഒരാഴ്ചയായിട്ടില്ല. അപ്പോൾ പുഴയോ കടലോ മാത്രമല്ല പ്രശ്നം, കുട്ടികളുടെ വലുപ്പവും കൂടിയാണ്. കുട്ടികളും വെള്ളവും അപകടകരമായ ഒരു കോമ്പിനേഷനാണെന്ന് എപ്പോഴും ഓർക്കുക.
 
3. പഞ്ചാബിലെ ട്രെയിൻ അപകടം. കേരളത്തിൽ ഉണ്ടായതിന്റെ തനിയാവർത്തനമാണ്. വെടിക്കെട്ട് നടക്കുന്നു, അതിൽ ആളുകൾക്ക് സ്ഥലകാല ബോധം പോകുന്നു. ഇതൊന്നും അറിയാതെ ട്രെയിൻ വരുന്നു, ഡ്രൈവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ഡസൻ കണക്കിന് ആളുകൾ മരിക്കുന്നു. മരിച്ച കുടുംബാംഗങ്ങളുടെ ദുഃഖത്തോടൊപ്പം ആ ഡ്രൈവറുടെ മാനസിക വ്യഥയിലും ഞാൻ പങ്കുചേരുന്നു. സ്വന്തം ഉത്തരവാദിത്തത്തിൽ അല്ലാത്ത ഒരു അപകടത്തിൽ വേറൊരാളുടെ കുട്ടി മരിച്ച അപകടത്തിൽ ഉൾപ്പെട്ട ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. അപകടമുണ്ടായി പത്തു വർഷത്തിന് ശേഷവും ആ രംഗം അവൻറെ മനസ്സിൽ കിടന്നു കറങ്ങി ഉറക്കം കെടുത്തുകയും മാനസികാരോഗ്യം വീണ്ടെടുക്കാൻ ചികിത്സ വേണ്ടി വരികയും ചെയ്തിരുന്നു. അപ്പോൾ അൻപത് പേരുടെ മുകളിൽക്കൂടി ഓടിച്ചു പോകേണ്ടി വന്ന ട്രെയിൻ ഡ്രൈവറുടെ മാനസികനില ഓർത്തു നോക്കൂ…
 
ഞാൻ സുരക്ഷയെപ്പറ്റി ഏത് പോസ്റ്റ് ഇടുമ്പോഴും ‘റോഡ് നന്നാക്കട്ടെ, സിഗ്നൽ നന്നാക്കട്ടെ കുട്ടികളെ നീന്തൽ പഠിപ്പിക്കട്ടെ’ എന്നൊക്കെ കമന്റ് ചെയ്യുന്നവരുണ്ട്. അതിലൊന്നും എനിക്ക് എതിരഭിപ്രായമില്ല. പക്ഷെ നമ്മൾ ജീവിക്കുന്ന സാഹചര്യങ്ങളിൽ ചുറ്റുമുള്ള ലോകത്തിന്റെ രീതിയനുസരിച്ച് നാം ശ്രദ്ധിക്കുന്നതാണ് നമ്മുടെ ജീവൻ രക്ഷിക്കാൻ നല്ലത്. സമൂഹത്തിൽ മാറ്റം വരുത്താനുള്ള ശ്രമം തുടരുക തന്നെ വേണം, പക്ഷെ അതുവരെ നമ്മുടെ കാര്യം നമ്മൾ നോക്കിയേ പറ്റൂ.
 
എൻറെ ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണം ഏതാണ്ട് ഒരു ലക്ഷ്യത്തോട് അടുക്കുകയാണ്. കേരളത്തിൽ ഒരു വർഷം ഒരു ലക്ഷത്തിൽ ഇരുപത് പേരാണ് അപകടങ്ങളിൽ മരിക്കുന്നത്. അതായത് സ്റ്റാറ്റിസ്റ്റിക്കൽ ആയി നോക്കിയാൽ എൻറെ സമൂഹ മാധ്യമ ശൃംഖലയിൽ നിന്നും ഞാൻ ഉൾപ്പടെ ഇരുപത് പേർ ഓരോ വർഷവും അപകടത്തിൽ പെടാം. സുരക്ഷ അവബോധമുള്ള ആളുകൾ ഉണ്ടെങ്കിൽ ഒറ്റ വർഷം കൊണ്ട് അത് അൻപത് ശതമാനം കുറക്കാമെന്നാണ് എൻറെ തത്വശാസ്ത്രം. അതുകൊണ്ടാണ് സമൂഹം മാറിയില്ലെങ്കിലും എൻറെ സുഹൃത്തുക്കളും ഫോളോവേഴ്സും അവരുടെ കുടുംബവും സുരക്ഷിതമായി ഇരിക്കുമല്ലോ എന്ന ആഗ്രഹത്താൽ ഞാൻ വീണ്ടും വീണ്ടും എഴുതുന്നത്.
 
സുരക്ഷിതമായിരിക്കൂ. ‘മനുഷ്യാ നീ നിന്റെ ആത്മാവ് നഷ്ടപ്പെടുത്തിയാൽ പിന്നെ ഇൻഷുറൻസ് മാത്രമേ ബാക്കിയുള്ളൂ’ എന്നാണ് ഡിങ്ക വചനം.
 
മുരളി തുമ്മാരുകുടി
 
 

Leave a Comment