പൊതു വിഭാഗം

എഞ്ചിനീർമാർ കൂടുതൽ പ്രൊഫഷണലാകണം…

ഒരു കഥ പറയാം, പണ്ട് അച്ഛൻ പറഞ്ഞു കേട്ടതാണ്.
 
1940 ലാണ് ആലുവപ്പുഴക്ക് കുറുകയുള്ള പാലം ഉൽഘാടനം ചെയ്യുന്നത്. തിരുവിതാംകൂറിലെ ഇളയ രാജാവായിരുന്ന മാർത്താണ്ഡ വർമ്മ ഉൽഘാടനം ചെയ്ത പാലത്തിന് അദ്ദേഹത്തിന്റെ തന്നെ പേരും ഇട്ടു. രാജാക്കന്മാർ ഭരിക്കുന്പോൾ അങ്ങനൊരു സൗകര്യമുണ്ട്. ഒരു പാലമോ പള്ളിയോ ഉണ്ടാക്കിയാൽ സ്വന്തം പേരോ അനിയന്റെ പേരോ ഭാര്യയുടെ പേരോ ഇടാം, വേറാരോടും ചോദിക്കേണ്ട കാര്യമില്ല. ഇപ്പോൾ ലോകത്ത് എവിടെയൊക്കെ രാജഭരണമുണ്ടോ അവിടെയും രീതി ഇതുതന്നെ.
 
ഈ രാജാക്കന്മാരോടുള്ള കലിപ്പുകൊണ്ട് കൂട്ടത്തിൽ പറഞ്ഞുവെന്നേയുള്ളൂ. ഇന്നത്തെ പ്രധാന വിഷയം അതല്ല. ആലുവായിലെ പാലം ഡിസൈൻ ചെയ്തതും വർക്കപ്പണിക്ക് മേൽനോട്ടം വഹിച്ചതും ബ്രിട്ടീഷുകാരനായ ട്രെസ്‌കോട്ട് എന്ന എൻജിനീയർ ആയിരുന്നു. ആദ്യമായാണ് ആലുവക്കാർ ഇത്ര വലിയ പാലവും കോൺക്രീറ്റു മിക്‌സും കാണുന്നത്. കല്ലും പൊടിയും വെള്ളവും ചേർത്തു കുഴച്ചുണ്ടാക്കിയ ഒരു പാലത്തിലൂടെ പുഴക്ക് മുകളിലൂടെ നടന്നു പോകാൻ നാട്ടുകാർക്കന്ന് ഒരു വിശ്വാസവും ഉണ്ടായിരുന്നില്ല. പണിക്കുശേഷം പാലത്തിന്റെ ശക്തി തെളിയിക്കാൻ പാലത്തിലൂടെ ആനകളുടെ ഒരു പരേഡ് നടത്തി. നാട്ടുകാർക്ക് വിശ്വാസം വരുത്താൻ ഭാര്യയേയും കുട്ടിയേയും കൂട്ടി എൻജിനീയർ പാലത്തിന്റെ താഴെ ഒരു വള്ളത്തിലിരുന്നു. ആനകൾ കയറിയിട്ടും പാലം താഴെ വീണില്ല എന്ന് കണ്ടപ്പോൾ പിന്നെ ആലുവക്കാർക്ക് വിശ്വാസമായി. അന്ന് തൊട്ടിന്നേ വരെ ആനകൾ മാത്രമല്ല ആന വണ്ടികളും അതിലൂടെ പോകുന്നു.
എന്തുകൊണ്ടാണ് ഒൻപത് ആനകൾ മുകളിലൂടെ നടക്കുന്പോൾ പാലത്തിന്റെ താഴെ തോണിയിലിരിക്കാൻ എൻജിനീയർക്ക് ധൈര്യമുണ്ടായത്?
 
സംഗതി സിംപിളാണ്. എൻജിനീയറിങ്ങിന്റെ അടിസ്ഥാനമായ ശാസ്ത്രത്തിലുള്ള വിശ്വാസം. എൻജിനീയറിങ് എന്നാൽ ശാസ്ത്രത്തിന്റെയും, കലയുടെയും, അനുഭവജ്ഞാനത്തിന്റെയും, തൊഴിൽ നൈപുണ്യത്തിന്റെയും ആകെത്തുകയാണ്. ശാസ്ത്രം ഉണ്ടാകുന്നതിനു മുൻപേ എൻജിനീയർ ഉണ്ടായിരുന്നു. കംപ്രഷനും ടെൻഷനും അറിയാത്ത ആശാരിയും കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നുണ്ട്. എന്നാൽ കണക്കും ഫിസിക്‌സും മെറ്റീരിയൽ സയൻസും കെമിസ്‌ട്രിയും ചേർത്ത് സ്വന്തം അനുഭവജ്ഞാനത്തിന്റെ വിയർപ്പും കൂട്ടി ശാസ്ത്രത്തിന്റെ പരിമിതിക്ക് മുന്നിലെത്തിക്കുന്നവരാണ് യഥാർത്ഥ എൻജിനീയർമാർ.
 
ഇതൊന്നും എൻജിനീയർമാർ ഒരുദിവസം രാവിലെയങ്ങ് ചെയ്യുന്നതല്ല. ഡിഗ്രി കഴിഞ്ഞ് ആറുമാസത്തെ ‘സോഫ്റ്റ്‌വെയർ എൻജിനീയർ’ പരിശീലനം കൊണ്ട് നേടിയെടുക്കുന്നതുമല്ല. നാലു വർഷത്തിൽ കണക്കും ഫിസിക്‌സും കെമിസ്‌ട്രിയും എക്കണോമിക്‌സും സ്റ്റാറ്റിസ്റ്റിക്‌സും ജിയോളജിയും ഉൾപ്പെടെയുള്ള ശാസ്ത്രവിഷയങ്ങൾ പഠിച്ചും – ‘പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ളവർ’ മഴ അവധി ആഘോഷിച്ചപ്പോൾ ക്ലാസിലിരുന്ന് പഠിച്ചും, നിർമ്മാണ സ്ഥലത്ത് വെയിലുകൊണ്ടും ആർജ്ജിക്കുന്നതാണ്. ഈ പ്രൊഫഷണലിസം ഉണ്ടെങ്കിൽ വീണ്ടും ചില വീട്ടുകാര്യങ്ങളിൽ റോയി പറയുന്നത് പോലെ ഏതൊരപ്പനോടും പോയി പണി നോക്കാൻ പറയാം. കാരണം ഒഴുകുന്ന നദിയെ ഒരപ്പനോ മേയറോ മന്ത്രിയോ വിചാരിച്ചാൽ അണകെട്ടി തടയാൻ സാധിക്കില്ല. എത്ര ശക്തനായ പ്രധാനമന്ത്രി വിചാരിച്ചാലും ഒരു പട്ടിയെ പോലും ബഹിരാകാശത്ത് അയക്കാൻ പറ്റില്ല. എത്ര പണമുള്ള രാജാക്കന്മാരും ഷേക്കുമാരും ഉണ്ടെങ്കിലും മണലാരണ്യത്തിൽ നിന്ന് ഒരു ലിറ്റർ എണ്ണ പോലും കുഴിച്ചെടുക്കാൻ ആവില്ല. എത്ര കോടി ജനങ്ങളുടെ നേതാവായ മതാധ്യക്ഷനോ ഗുരുവോ വിചാരിച്ചാലും ക്രൂഡ് ഓയിലിനെ പ്ലാസ്റ്റിക്കാക്കാൻ സാധിക്കില്ല. അതിനെല്ലാം എൻജിനീയർമാർ തന്നെ വേണം.
 
ഇത്രയൊക്കെ ആണെങ്കിലും കേരളത്തിലുൾപ്പെടെ ലോകത്തെങ്ങും എൻജിനീയർമാരുടെ സ്ഥിതി സമൂഹത്തിൽ ഇപ്പോൾ മറ്റ് ഔദ്യോഗിക സംവിധാനങ്ങൾക്ക് താഴെയാണ്. ബ്യൂറോക്രസിയും രാഷ്ട്രീയക്കാരും അവരെ ഭരിക്കാനെത്തുന്നു. കേരളത്തിൽ പൊതുമരാമത്ത് വകുപ്പെടുത്താൽ രാഷ്ട്രീയക്കാരൻ ആയ മന്ത്രിക്കും ഐ എ എസ് ആയ വകുപ്പ് സെക്രട്ടറിക്കും താഴെയാണ് എൻജിനീയർമാരുടെ സ്ഥാനം. ഇതിൽ കുഴപ്പം ഒന്നുമില്ല. ആരോഗ്യവകുപ്പിലും മന്ത്രിയുടെയും വകുപ്പ് സെക്രട്ടറിയുടെയും താഴെയാണ് ഡോക്ടർമാരുടെ സ്ഥാനം വരുന്നത്. പ്രശ്നം അതല്ല, പ്രോട്ടോകോളിൽ എൻജിനീയർമാർ താഴെ ആയതിനാൽ പ്രോട്ടോകോളിൽ മുകളിൽ ഉള്ളവർക്ക് തങ്ങളുടെ അഭിപ്രായത്തെ മാറ്റാൻ അധികാരമുണ്ടെന്ന് നമ്മുടെ എൻജിനീയർമാർ വിശ്വസിച്ചു തുടങ്ങിയിരിക്കുന്നു. അവരുടെ എഞ്ചിനീയറിങ്ങ് ജഡ്ജ്‌മെന്റിനെ രാഷ്ട്രീയമോ മറ്റുള്ള കാര്യങ്ങളോ സ്വാധീനിക്കാൻ തുടങ്ങിയിരിക്കുന്നു.
 
എന്റെ എൻജിനീയറിങ് സുഹൃത്തുക്കൾ ഒരു കാര്യം നന്നായി മനസ്സിലാക്കണം. എൻജിനീയർ എന്ന നിലയിലുള്ള നമ്മുടെ അവകാശം സർക്കാരിലോ സ്വകാര്യ സംവിധാനങ്ങളിലോ ഉള്ള ഉദ്യോഗസ്ഥ മേധാവിത്വത്തിനു പുറത്താണ്. ഒരു പാലത്തിന്റെ ശക്തിയെക്കുറിച്ച് സ്വന്തം എൻജിനീയറിംഗ് കണക്കു കൂട്ടലിന്റെയും പ്രൊഫഷണലിസത്തിന്റെയും അടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് എൻജിനീയർ കമന്റെഴുതിയാൽ പോലും ശാസ്ത്രീയമായ കാരണം കാണിക്കാതെ മുകളിലുള്ള ഒരാൾക്കും അത് തിരുത്താൻ അധികാരമില്ല. അത് മന്ത്രിയായാലും, ജഡ്ജിയായാലും ചീഫ് സെക്രട്ടറിയായാലും. ഒരാൾക്ക് കാൻസർ ആണെന്ന് ഒരു ഡോക്ടർ അഭിപ്രായം പറഞ്ഞാൽ അല്ല വരട്ടുചൊറി ആണെന്ന് മന്ത്രിയോ വകുപ്പ് സെക്രട്ടറിയോ സുപ്രീം കോടതി ജഡ്ജിയോ പറയാൻ വരുമോ? അങ്ങനെ വന്നാൽ ഡോക്ടർമാർ സമ്മതിക്കുമോ?
പക്ഷെ ഇപ്പോൾ കാര്യങ്ങൾ അങ്ങനെ അല്ല നടക്കുന്നത്. പ്രളയകാലത്ത് ഇത് വളരെ പ്രകടമായിരുന്നു. അണക്കെട്ടിന്റെ ശക്തി, റിസർവോയറിന്റെ മാനേജ്‌മെന്റ്, എത്ര മഴ പെയ്താൽ അണക്കെട്ടിൽ എത്ര വെള്ളം നിറയും, ഷട്ടർ തുറന്നാൽ എത്ര സമയം കൊണ്ട് എത്ര വെള്ളം എവിടെയെത്തും, പുഴയുടെ കരയിൽ എത്രമാത്രം വരെ വെള്ളമെത്തും എന്നതൊക്കെ ശാസ്ത്രീയമായി അറിയാൻ കഴിവുള്ളത് എഞ്ചിനീയർക്ക് മാത്രമാണ്. അവർ പറഞ്ഞുള്ള അറിവേ കളക്ടർക്കും, സെക്രട്ടറിക്കും, ഡാം സുരക്ഷാ കമ്മീഷനിലുള്ള ജഡ്ജിക്കും മന്ത്രിക്കും ഉള്ളൂ. എന്നിട്ടും അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയുന്നിടത്തൊന്നും ഒരു എഞ്ചിനീയറെയും നമ്മൾ അന്ന് കണ്ടില്ല.
 
മുല്ലപ്പെരിയാറിന്റെ കാര്യം എത്രയോ നാളായി നമ്മൾ കേൾക്കാൻ തുടങ്ങിയിട്ട്. മന്ത്രിയായിരുന്ന ശ്രീ പി ജെ ജോസഫിന്റെ അഭിപ്രായം നമുക്കറിയാം, ജഡ്ജിയായിരുന്ന ശ്രീ കെ ടി തോമസിന്റെ അഭിപ്രായവും അറിയാം. പക്ഷെ എത്ര എൻജിനീയർമാരുടെ അഭിപ്രായം നമ്മൾ കേട്ടിട്ടുണ്ട്? ഏതെങ്കിലും അണക്കെട്ട് പൊട്ടുമോ എന്നതിനെക്കുറിച്ച് വക്കീലിന്റെയോ കോടതിയുടെയോ മന്ത്രിയുടെയോ അഭിപ്രായത്തിന് മുകളിലാണ് എൻജിനീയറുടെ അഭിപ്രായം എന്ന് മാത്രമല്ല, ആ വിഷയത്തിൽ അഭിപ്രായം പറയാൻ സമൂഹം എൻജിനീയറെ മാത്രമാണ് പഠിപ്പിച്ചിരിക്കുന്നത്. അതിനുള്ള ധൈര്യം എൻജിനീയർമാർ കാണിക്കണമെന്ന് മാത്രം.
നിർഭാഗ്യവശാൽ ആനയെ പാലത്തിൽ കയറ്റി പാലത്തിനടിയിൽ നിൽക്കുന്ന എൻജിനീയർമാരുടെ പ്രൊഫഷണലിസം നമ്മുടെ എൻജിനീയർമാർ ഇപ്പോൾ കാണിക്കുന്നില്ല. അതിന് പല കാരണങ്ങളുണ്ട്. ഒന്നാമത്തേത് നമ്മുടെ എൻജിനീയറിംഗ് കോളേജിലെത്തുന്ന നൂറിൽ തൊണ്ണൂറിനും എൻജിനീയറാകാൻ ഒരാഗ്രഹവുമില്ല. കണക്കും ഇംഗ്ലീഷും പഠിക്കുന്നതുപോലെ പരീക്ഷ പാസാവാനുള്ള പഠിപ്പിക്കലാണ് എൻജിനീയറിംഗ് കോളേജുകളിൽ നടക്കുന്നത്. പഠിപ്പിക്കുന്നവരിൽ തന്നെ ഫീൽഡ് പരിചയമുള്ളവർ തീരെ കുറവ്, പഠനത്തിടക്ക് ഫീൽഡിൽ പോയി വെയിൽ കൊള്ളാൻ എൻജിനീയർ കുഞ്ഞുങ്ങൾക്ക് താല്പര്യവുമില്ല.
 
എൻജിനീയറിംഗ് കഴിഞ്ഞാലും സ്ഥിതി ഇതുതന്നെ. പി എസ് സി പരീക്ഷ പാസാവാൻ വേണ്ടിയാണ് അവസാനമായി പല എൻജിനീയർമാരും പുസ്തകങ്ങൾ തുറക്കുന്നത്. സർക്കാർ സർവീസുകളിൽ എൻജിനീയറായി ചേരുന്നവർ രണ്ടാം ദിനം തൊട്ടേ ബ്യൂറോക്രാറ്റുകളായി മാറുന്നു. സാങ്കേതികരംഗത്ത് വരുന്ന മാറ്റങ്ങൾ പഠിക്കുന്നതിലല്ല, ഫയൽ ഉണ്ടാക്കുന്നതിലാണ് പിന്നെ ശ്രദ്ധ. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ സ്വന്തം പ്രൊഫഷണലിസം കൂട്ടുന്നില്ലെന്ന് മാത്രമല്ല, കൈക്കൂലി തുടങ്ങിയ ദുശ്ശീലങ്ങൾ ഉണ്ട് താനും. അതേ സമയം മെഡിക്കൽ രംഗത്ത് ഒക്കെ ഉള്ളപോലെ കണ്ടിന്യൂയിങ്ങ് എഡ്യൂക്കേഷൻ എഞ്ചിനീയർമാർക്കില്ല.
 
അതുകൊണ്ടാണ് നമ്മുടെ അണക്കെട്ടുകളുടെ ഒന്നും ഡാം ബ്രേക്ക് മോഡലുകളും നമ്മുടെ റിസർവോയറുകളുടെ മാനേജ്‌മെന്റിന് അടിസ്ഥാനമായ റൂൾ കർവുകളും ഷട്ടർ തുറന്നാൽ വെള്ളം എവിടെ എപ്പോൾ എത്തും എന്ന തരത്തിലുള്ള ത്രീ ഡി മോഡലിംഗും ഒന്നും നാം കഴിഞ്ഞ മഴക്കാലത്ത് കാണാതിരുന്നത്. ഇനിയിപ്പോൾ അടുത്ത കാലവർഷം വന്നാലും സ്ഥിതിയിൽ വലിയ മാറ്റം ഒന്നും പ്രതീക്ഷിക്കേണ്ട. ഇനിയിപ്പോൾ ഇതൊക്കെ പേടിക്കണോ. ‘നൂറു വർഷത്തിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കം ആണല്ലോ ഇപ്പോൾ ഉണ്ടായത്, അതുകൊണ്ട് അടുത്ത നൂറു വർഷത്തേക്ക് പേടിക്കാനില്ല’ എന്ന് ചിന്തിക്കുന്നവർ വരെ എഞ്ചിനീയർമാരിലും ഉണ്ട്. ഇതും ശരിയല്ല. 1923 ലും 24 ലും കേരളത്തിൽ വലിയ വെള്ളപ്പൊക്കമുണ്ടായി. അതുകൊണ്ട് ഇനി കുറേ നാൾ പേടിക്കേണ്ട എന്ന് വിചാരിക്കേണ്ട. അടുത്ത വർഷം ഒരു 100 year വെള്ളപ്പൊക്കമോ എന്തിന് 1000 ഇയർ വെള്ളപ്പൊക്കമോ കേരളത്തിൽ ഉണ്ടാവില്ല എന്ന് ഒരു ഗ്യാരന്റിയുമില്ല. അതേ സമയം കേരളത്തിൽ അടുത്ത മഴക്കാലത്തിന് മുൻപ് ആധുനികമായ ഒരു ഫ്ളഡ് ഫോർകാസ്റ്റിംഗ് സിസ്റ്റമോ, അണക്കെട്ടുകൾ തുറക്കുന്നതിന് കുറച്ചു കൂടി ശാസ്ത്രീയമായ പ്രോട്ടോക്കോളോ, എന്തിന് നാട്ടുകാരെ അറിയിക്കാനുള്ള ശരിയായ സംവിധാനമോ പോലും ഉണ്ടാകുമെന്ന് എനിക്ക് ഒരു പ്രതീക്ഷയും ഇല്ല. അതിനുള്ള പ്രൊഫഷണലിസം ഒന്നും ഞാൻ അടുത്തയിടക്ക് കണ്ടിട്ടില്ല.
 
ഒരു കഥകൂടി പറഞ്ഞു ലേഖനം അവസാനിപ്പിക്കാം. എൻജിനീയർ എന്ന പ്രൊഫഷൻ ഉണ്ടാകുന്നതിന് മുൻപേ എഞ്ചിനീയറിങ്ങ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞല്ലോ. എഞ്ചിനീയറിങ്ങ് ഒരു പ്രൊഫഷൻ ആയി കഴിഞ്ഞപ്പോൾ ആളുകൾ അതിന് വലിയ കോഡ് ഓഫ് എത്തിക്‌സും ഓണറും ഒക്കെ ഉണ്ടാക്കി. ഒരു യുദ്ധക്കപ്പൽ യുദ്ധത്തിൽ അപകടത്തിൽ പെട്ടാൽ ക്യാപ്റ്റൻ അതിൻറെ കൂടെ മുങ്ങി മരിക്കുക എന്നത് പോലെ ഫുഗു മൽസ്യം കഴിച്ച് ആരെങ്കിലും മരിച്ചാൽ അത് തയ്യാറാക്കിയ പാചകക്കാരൻ, മീൻ കത്തിയെടുത്ത് വയറ്റിൽ കുത്തി ആത്മഹത്യ ചെയ്യും എന്നത് പോലെ, പണിയിൽ പാളിച്ച പറ്റിയാൽ എൻജിനീയർ സ്വയം വെടിവെച്ച് മരിക്കും എന്നൊക്കെ ആചാരം ഉണ്ടായിരുന്നു.
സിംലയിലെ പ്രശസ്തമായ ബാരോഗ് തുരങ്കം പണിത എൻജിനീയർ അങ്ങനെ തെറ്റ് വന്നതുകൊണ്ട് സ്വയം വെടിവെച്ചു മരിച്ച അഭിമാനിയാണ്. ജോലിയിൽ പറ്റുന്ന പിഴവിന് ആത്മഹത്യ ചെയ്യുന്നതൊന്നും ഞാൻ അംഗീകരിക്കുന്ന രീതികളല്ലെങ്കിലും സ്വന്തം പ്രൊഫഷന് വേണ്ടി മരിക്കാൻ പോലും തയ്യാറായ ആളുകൾ ഉണ്ടാക്കിത്തന്ന സ്ഥാനമാണ് സമൂഹത്തിൽ നമുക്കുള്ളതെന്നും അതുകൊണ്ടു തന്നെ സമൂഹത്തിന് സേവനം നൽകാനും സുരക്ഷ നൽകാനും നമുക്ക് ധാർമ്മികമായ ഉത്തരവാദിത്തമുണ്ടെന്നും എൻജിനീയർമാർ മറന്നു കൂടാ. നമ്മുടെ പ്രൊഫഷനിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മൾ എപ്പോഴും അറിയണം, അതനുസരിച്ചു നമ്മുടെ രംഗത്ത് വേണ്ട അഭിപ്രായം പറയണം, അതിനു മുകളിൽ ശാസ്ത്രം കൊണ്ടല്ലാതെ തീരുമാനം മാറ്റാൻ ആരെയും അനുവദിക്കുകയും അരുത്.
 
മുരളി തുമ്മാരുകുടി
 

Leave a Comment