പൊതു വിഭാഗം

എങ്ങനെയാണ് ഒരു ദുരന്തനിവാരണ വിദഗ്ദ്ധൻ ആകുന്നത് ?

ഈ ‘ദുരന്തനിവാരണം’ എന്നൊരു തൊഴിലുണ്ടെന്നും അതിന് വലിയ ഗ്ലാമറാണെന്നും ശരാശരി മലയാളി മനസ്സിലാക്കിയത് എന്നെ കണ്ടിട്ടാകുമെന്നാണ് എന്റെ വിശ്വാസം.
ചിന്തിച്ചുനോക്കുമ്പോൾ എന്താല്ലേ…?
 
മിക്കവാറും സമയം ഫേസ്ബുക്ക് നോക്കിയും പോസ്റ്റിട്ടും ഇരിക്കുക.
ഒരു ദുരന്തമുണ്ടായാലുടൻ പെട്ടിയുമെടുത്ത് വിമാനം കയറി അങ്ങോട്ട് ഓടുക.
എവിടെ പോയാലും ചുറ്റും ടി വി ക്കാരും മാധ്യമപ്പടയുമുണ്ടാകും.
പോകുന്ന എല്ലായിടത്തും ആളുകളുമായി ബന്ധപ്പെടാനുള്ള അവസരം.
തിരിച്ചു വന്ന് ദുരന്തത്തിന്റെ കഥയും യാത്രയുടെ കഥയും അല്പം പുളു ചേർത്തടിക്കുക.
നാട്ടിൽ എന്തെങ്കിലും ദുരന്തമുണ്ടായാൽ മാധ്യമങ്ങളും മറ്റുള്ളവരും വിളിയെടാ വിളി..
ആനന്ദലബ്ധിക്ക് ഇനിയെന്ത് വേണം..?
 
പക്ഷെ ഇതിന്റെ പുറകിലുള്ള പരിശീലനവും അദ്ധ്വാനവും വ്യക്തിജീവിതത്തിലെ വിട്ടുവീഴ്ചകളും വെല്ലുവിളികളും ഒന്നും ആരും അത്ര ശ്രദ്ധിക്കാറില്ല, അന്വേഷിക്കാറും. ഞാൻ പറയാറും ഇല്ല.
 
പക്ഷെ “എങ്ങനെയാണ് ചേട്ടാ, ഒരു ദുരന്ത നിവാരണ വിദഗ്ദ്ധനാകുന്നത്?”എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്, അവരെയൊക്കെ ആകുന്നതുപോലെ ഞാൻ നിരുത്സാഹപ്പെടുത്താറുമുണ്ട്. എനിക്കൊരു കോംപറ്റിഷൻ വേണ്ട എന്ന് കരുതിയിട്ടല്ല. മറിച്ച് ദുരന്തനിവരണം എന്നത് എഞ്ചിനീറിംഗ് പോലെയോ മെഡിസിൻ പോലെയോ വേറിട്ടുനിൽക്കുന്ന ഒരു പ്രൊഫഷനല്ല. ഏത് പ്രൊഫഷൻ തെരഞ്ഞെടുത്താലും അവർക്ക് ദുരന്തനിവാരണത്തെപ്പറ്റി ഒരു സാമാന്യധാരണ വേണം. പക്ഷെ ഏതെങ്കിലും വിഷയത്തിൽ നല്ല ഗാഢമായ അറിവും പരിചയവും ഉള്ളവരാണ് ദുരന്തനിവാരണത്തിൽ പ്രത്യേക പരിശീലനം നടത്തി ആ രംഗത്ത് ജോലിക്കായി വരേണ്ടത്.
 
ഒരുദാഹരണം പറയാം, കേരളത്തിലെ എല്ലാ അധ്യാപകർക്കും ദുരന്ത നിവാരണത്തെക്കുറിച്ച് ഒരു പൊതുധാരണ വേണം. അപ്പോഴാണ് അവർ പഠിപ്പിക്കുന്ന വിദ്യാലയങ്ങൾ സുരക്ഷിതമാകുന്നത്, അവിടെ പഠിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കുന്നത്, സുരക്ഷാബോധമുള്ള ഒരു പുതിയ തലമുറ ഉണ്ടാകുന്നത്.
അങ്ങനെയാണ് ഒരു പുതിയ സുരക്ഷാസംസ്‌ക്കാരം നമുക്കുണ്ടാകേണ്ടത്.
 
പതിനഞ്ചോ ഇരുപതോ വർഷം അധ്യയനരംഗത്ത്, പ്രത്യേകിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നയിക്കുന്നതിൽ, പരിചയമുള്ള ഒന്നോ രണ്ടോ പേർക്ക് ദുരന്തലഘൂകരണത്തിലും നിവാരണത്തിലും പ്രത്യേക പരിശീലനം നൽകി അവരെ സംസ്ഥാനത്തെ ദുരന്തനിവാരണ സംവിധാനത്തിന്റെ ഭാഗമാക്കണം. അവരായിരിക്കണം ഒരു ദുരന്തമുണ്ടായാൽ സ്‌കൂളും വിദ്യാർത്ഥികളും വിദ്യാഭ്യാസത്തിന്റെ തുടർച്ചയുമുൾപ്പെടെയുള്ള കാര്യങ്ങൾ നോക്കേണ്ടത്, അവരായിരിക്കണം ദുരന്തമൊന്നുമില്ലാത്ത കാലത്ത് കേരളത്തിലെ അധ്യാപകർക്ക് ദുരന്ത ലഘൂകരണത്തിലും ദുരന്ത നിവാരണത്തിലും പരിശീലനം നൽകേണ്ടത്. അവരായിരിക്കണം ദുരന്ത നിവാരണം നമ്മുടെ പാഠ്യപദ്ധതിയിൽ കൊണ്ടുവരാൻ മുൻകൈയെടുക്കേണ്ടത്.
 
അധ്യാപകരുടെ കാര്യം ഒരുദാഹരണമായി പറഞ്ഞുവെന്നേയുള്ളു. വക്കീലന്മാർ മുതൽ മൃഗഡോക്ടർമാർ വരെയുള്ളവരുടെ കാര്യവും വ്യത്യസ്തമല്ല. എല്ലാ പ്രൊഫഷണലുകളും അവരുടെ തൊഴിലും ദുരന്തങ്ങളും തമ്മിലുള്ള ബന്ധം അറിഞ്ഞിരിക്കണം. ആ പ്രൊഫഷനിൽ നല്ല പരിചയം കിട്ടിയ കുറച്ചുപേർ ദുരന്തനിവാരണം സ്പെഷ്യലൈസേഷനായി എടുക്കുകയും വേണം.
 
പതിനഞ്ചു വർഷം പരിസ്ഥിതിരംഗത്ത് ജോലിചെയ്തതിനു ശേഷമാണ് ദുരന്തനിവാരണരംഗത്ത് എത്തുന്നത്. അതും ചെറുതും വലുതുമായ കുറെയേറെ ദുരന്തങ്ങൾ മാനേജ് ചെയ്തതിനു ശേഷം. എന്റെ ചുറ്റുമുള്ള ലോകാരോഗ്യ സംഘടനയുടെയോ, ഇന്റർനാഷണൽ ടെലികമ്യൂണിക്കേഷൻ യൂണിയനിലെ ദുരന്തനിവാരണ വിദഗ്ദ്ധരുടെയോ കാര്യവും വ്യത്യസ്തമല്ല. അവരാരും ദുരന്തനിവാരണം ഒരു ഒരു വിഷയമാക്കി ഡിഗ്രിയെടുത്തതിനുശേഷം ദുരന്തമന്വേഷിച്ച് ഇറങ്ങിയവരല്ല.
രണ്ടായിരത്തി നാലിലെ സുനാമിക്ക് ശേഷമാണ് ദുരന്തനിവാരണം എന്നത് ലോകം അറിയപ്പെടുന്നതും അല്പം ഗ്ലാമറസായതുമായ ഒരു പ്രൊഫഷനായി മാറുന്നത്. താമസിയാതെ അതിന്റെ ചുവടുപറ്റി ‘ഡിസാസ്റ്റർ മാനേജ്‌മന്റി’ൽ ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെയായി യുണിവേഴ്സിറ്റികളും വന്നു. യൂണിവേഴ്സിറ്റികളിൽ ദുരന്തനിവാരണത്തിലും ലഘൂകരണത്തിലുമൊക്കെ പുതിയ വകുപ്പുകൾ ഉണ്ടാകുന്നത് നല്ല കാര്യമാണെങ്കിലും വർഷാവർഷം ഡസൻകണക്കിന് ‘ദുരന്തനിവാരണ വിദഗ്‌ധരെ’ യാതൊരു പ്രൊഫഷനിലും അടിസ്ഥാനമായ യോഗ്യതയോ പരിചയമോ ഇല്ലാതെ ‘പഠിപ്പിച്ച്’ പുറത്തിറക്കി വിടുന്നത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കും. ഇതിന് പല കരണങ്ങളുണ്ട്.
 
ദുരന്തനിവാരണം എന്നത് വേറിട്ട ഒരു തൊഴിലല്ല. ഓരോ ദുരന്തത്തിലും വ്യത്യസ്ത പ്രശ്നങ്ങളാണ് ഉണ്ടാകുക. എബോളയുടെ സമയത്തു വേണ്ട അറിവോ വൈദഗ്ദ്ധ്യമോ അല്ല, ഒരു രാസദുരന്തം നടക്കുന്ന അവസരത്തിൽ വേണ്ടത്. സുനാമിയുടെ പ്രശ്നങ്ങളല്ല എണ്ണചോർച്ചയുടെ സാഹചര്യത്തിൽ ഉള്ളത്. ഒരു ഡിസാസ്റ്റർ മാനേജ്‌മെന്റ് കോഴ്സിൽ പൊതുവായ കുറെ കാര്യങ്ങൾ പഠിപ്പിക്കാം എന്നേ ഉള്ളൂ, ദുരന്തസമയത്ത് വേണ്ടത് ഗാഢമായ അറിവാണ്, അടിസ്ഥാനപരമായ അറിവുകളല്ല. ലോകത്ത് സംഭവ്യമായ എല്ലാ ദുരന്തങ്ങളിലും വൈദഗ്ദ്ധ്യവും ആയി കുറച്ചാളുകളെ ഒന്നോ രണ്ടു വർഷം കൊണ്ട് പഠിപ്പിച്ചെടുക്കുക സാധ്യമല്ല.
 
ഒരു ദുരന്തനിവാരണവിദഗ്ദ്ധന് നിർബന്ധമായും വേണ്ടത് പ്രായോഗിക പരിശീലനമാണ്. ഇതാകട്ടെ, ലബോറട്ടറിയിൽ ഉണ്ടാക്കിയെടുക്കാൻ പറ്റില്ല. ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ അപൂർവ്വമായിട്ടാണ് വൻദുരന്തങ്ങളുണ്ടാകുന്നത്. നമ്മുടെ ദുരന്തനിവാരണ അതോറിറ്റികളിലെ ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും വലിയ ദുരന്തങ്ങൾ നേരിട്ട് കണ്ടിട്ടില്ല. ഒരു ലക്ഷത്തിലധികം ആളുകൾ ഒറ്റയടിക്ക് മരിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്യുന്ന ദുരന്തങ്ങൾ ലോകത്തുണ്ട്. അത്തരത്തിലുള്ള പരിചയം ഇല്ലാത്തതിനാലാണ് നൂറാളുകൾ മരിക്കുകയും ഇരുനൂറോളം ആളുകളെ കാണാതാകുകയും ചെയ്യുമ്പോൾ പോലും നമ്മുടെ സംവിധാനങ്ങൾക്ക് അടിതെറ്റുന്നത്. അവിടെ ചെറിയ ദുരന്തങ്ങൾ പോലും കണ്ടിട്ടില്ലാത്ത ആളുകളെ ദുരന്തനിവാരണത്തിൽ ഡിഗ്രിയും കൊടുത്തിറക്കിയാൽ എന്ത് സംഭവിക്കുമെന്നറിയാമല്ലോ.
 
കേരളത്തിൽ കൂടുതൽ സംഭവിക്കുന്നതും കൂടുതൽ ആളുകളെ കൊല്ലുന്നതും സുരക്ഷാപിഴവുകളാണ് (safety incidents). ഇതിൽ ബസപകടം തൊട്ട് വൈദ്യുതി അപകടം വരെ ഉൾപ്പെടും. ഓരോ വർഷവും എണ്ണായിരത്തിന് മുകളിൽ ആളുകളാണ് ചെറിയ ചെറിയ അപകടങ്ങളിൽ മരിക്കുന്നത്. ദുരന്തങ്ങളിൽ (disasters) കേരളത്തിൽ മരിക്കുന്നവരുടെ എണ്ണം ശരാശരി നൂറിൽ താഴെയാണ്. അതായത്, സുരക്ഷാ പിഴവുകളാൽ മരിക്കുന്നതിന്റെ ഏകദേശം ഒരു ശതമാനം. വാക്കുകളുടെ പരിമിതി മൂലം മലയാളത്തിൽ ബസ്സപകടവും വ്യാജമദ്യം കഴിച്ചുള്ള മരണവും സുനാമിയും എല്ലാം ‘ദുരന്ത’മെന്ന ഒറ്റ കാറ്റഗറിയിലാണ്. സുരക്ഷാ പിഴവുകൾ മൂലമുള്ള അപകടങ്ങളെ മാനേജ് ചെയ്യേണ്ടത് വേറെ വേറെ തരത്തിലാണ്.
 
യാതൊരു പ്രൊഫഷനിലും പ്രായോഗിക പരിജ്ഞാനമില്ലാത്ത, ഒരു ദുരന്തം പോലും നേരിട്ടുകാണാതെ കുറെ കുട്ടികളെ ‘ദുരന്തനിവാരണം’ എന്ന വിഷയത്തിൽ മാസ്റ്റർ ഡിഗ്രിയും കൊടുത്ത് പുറത്ത് വിട്ടാൽ നഷ്ടം അവർക്കും സമൂഹത്തിനുമുണ്ട്. ദുരന്തനിവാരണത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന പുതിയ താൽപര്യവും നയങ്ങളും കാരണം ആദ്യത്തെ കുറച്ചു പേർക്ക് ജോലി എളുപ്പത്തിൽ കിട്ടിയെന്നുവരാം. പക്ഷെ, അതോടെ അവസരങ്ങൾ സാച്ചുറേറ്റഡായി. പിന്നാലെ വരുന്നവർക്ക് ഒരു സാധ്യതയുമില്ല. സ്വയം തൊഴിൽ കണ്ടെത്താവുന്നതോ അധികം ഉന്നതവിദ്യാഭ്യാസത്തിന് സ്കോപ്പുള്ളതോ അല്ല ഈ വിഷയം.
 
ലോകത്തെവിടെയും സ്‌ക്കൂൾ വിദ്യാഭ്യാസകാലത്ത് തന്നെ സുരക്ഷയിലും ദുരന്ത ലഘൂകരണത്തിലും കുട്ടികൾക്ക് ബോധവൽക്കരണം നൽകണമെന്ന് വാദിക്കുന്ന ആളാണ് ഞാൻ. കോളേജ് വിദ്യാഭ്യാസകാലത്ത് ഏത് ഡിഗ്രിയെടുത്താലും അതിൽ സുരക്ഷയും (safety) ദുരന്തനിവാരണവും (disaster management) ദുരന്തലഘൂകരണവും (disaster risk reduction) വിഷയമാകുകയും വേണം. സാങ്കേതിക സർവ്വകലാശാല മുതൽ കാർഷിക സർവകലാശാല വരെ Safety and Disaster Management ഡിപ്പാർട്ട്മെന്റ് വേണം. അവിടെ എല്ലാ വിദ്യാർത്ഥികൾക്കും ദുരന്തനിവാരണത്തിൽ നൽകുന്ന ഒരു ബേസിക് കോഴ്സ്, ഗവേഷണം, ഹ്രസ്വകാല പരിശീലനം ഇതൊക്കെ ഉണ്ടാകണം.
 
രണ്ടു തരത്തിലുള്ള പരിശീലനം ലഭിക്കുന്നവർക്ക് വരുന്ന ലോകത്ത് നല്ല തൊഴിൽ സാധ്യതകൾ ഉണ്ട്.
 
1. സുരക്ഷാ വിദഗ്ദ്ധർ. കെട്ടിടം പണി തൊട്ട് വൈദ്യതി രംഗത്ത് വരെ, ഫാക്ടറി മുതൽ വീട് വരെ, എല്ലായിടത്തും സുരക്ഷാ വിദഗ്ദ്ധരുടെ ആവശ്യമുണ്ട്. പല വിദേശ രാജ്യങ്ങളിലും ഇരുപത് പേരിൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്ന ഓരോ വർക്ക് സൈറ്റിലും ഒരു സുരക്ഷാ വിദഗ്ദ്ധൻ നിർബന്ധമായും വേണം. ഒരു വർഷം നാല് ലക്ഷം പേർ അപകടത്തിൽ മരിക്കുന്ന ഇന്ത്യയിൽ ഇത്തരം വിദഗ്ദ്ധരുടെ ആവശ്യം ഏറെയുണ്ട്. സാമ്പത്തികപുരോഗതി ഉണ്ടാകുന്ന മുറക്ക് സുരക്ഷ കൂടുതൽ പ്രധാനമാകും, സുരക്ഷാവിദഗ്ദ്ധർക്ക് തൊഴിലവസരങ്ങൾ കൂടുകയും ചെയ്യും.
 
2. കാലാവസ്ഥ വ്യതിയാനം ഉൾപ്പടെയുള്ള കാരണങ്ങൾ കൊണ്ട് ലോകത്ത് ദുരന്തങ്ങളുടെ എണ്ണം കൂടുകയാണ്. ഡോക്ടർ, എൻജിനീയർ, വക്കീൽ മുതൽ മനശാസ്ത്രജ്ഞർ വരെയുള്ളവർക്ക് ദുരന്ത ലഘൂകരണ രംഗത്തും ദുരന്തനിവാരണ രംഗത്തും കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട രംഗത്തും ധാരാളം തൊഴിലവസരങ്ങൾ ഉണ്ടാകും. പക്ഷെ മുൻപ് പറഞ്ഞത് പോലെ ഏതെങ്കിലും ഒരു പ്രൊഫഷനിൽ കുറഞ്ഞത് പത്തു വർഷമെങ്കിലും പ്രവർത്തിപരിചയവും ഏതെങ്കിലും ദുരന്തങ്ങളിൽ നേരിട്ട് ഇടപെട്ട പരിചയവും ഉള്ളവർക്കായിരിക്കും ഇക്കാര്യത്തിൽ ഏറ്റവും ഡിമാൻഡ്.
 
മുരളി തുമ്മാരുകുടി
(അഭിപ്രായങ്ങൾ വ്യക്തിപരമാണ്)
 

Leave a Comment