പൊതു വിഭാഗം

ഉഴുന്നുവടയുടെ കലോറി…

പരിപ്പുവടയെക്കുറിച്ച് ഞാൻ പലവട്ടം എഴുതിയിട്ടുണ്ടെങ്കിലും അതിന്റെ കസിൻ ആയ ഉഴുന്നുവടയെപ്പറ്റി ഒരിക്കൽ പോലും എഴുതിയിട്ടില്ല. അദ്ധ്വാനിക്കുന്നവരുടെ സഹചാരിയായ കട്ടൻ ചായയുടെ കൂടെക്കൂടി പരിപ്പുവട കേരളത്തിന്റെ ഹൃദയപക്ഷത്തോട് ചേർന്ന് നിന്നപ്പോൾ, വരത്തനായ മസാലദോശയുടെ കൂടെ (സ്വമനസ്സാലെ അല്ലെങ്കിലും) ചേർന്ന് ഉഴുന്നുവടയുടെ വ്യക്തിത്വം കളഞ്ഞു എന്നതാണ് സത്യം. പക്ഷെ ഒരേ സമയം മലയാളികളോടും മറുനാട്ടുകാരോടും ചേർന്ന് നിൽക്കുന്ന ഹൃദയം ഉള്ളതിനാൽ പരിപ്പുവട പോലെതന്നെ എനിക്ക് ഇഷ്ടപ്പെട്ട ഒന്നാണ് ഉഴുന്നുവടയും. ഗുരുവായൂരിലെ കിഴക്കേനടയിൽ ഇപ്പോൾ പേരോർമ്മയില്ലാത്ത ഒരു ഹോട്ടലുണ്ട്. അവിടുത്തെ ഉഴുന്നുവടയാണ് എന്റെ ഗോൾഡ് സ്റ്റാൻഡേർഡ്, അത് കഴിക്കാൻ വേണ്ടി മാത്രം ഞാൻ ഗുരുവായൂരിൽ പോകാറുണ്ട്. അടുത്തതവണ പോയിട്ട് ഹോട്ടലിന്റെ പേര് പറയാം (പറ്റിയാൽ പ്രോഡക്ട് പ്ലേസ്‌മെന്റിന് അവരുടെ കയ്യിൽ നിന്നും കുറച്ചു കാശും വാങ്ങണം).
 
ഇന്നത്തെ എന്റെ വിഷയം ഉഴുന്നുവടയുടെ സ്വാദിനെപ്പറ്റിയല്ല, കലോറിയെക്കുറിച്ചാണ്. ഓരോ തവണയും നാട്ടിൽ പോയിവരുമ്പോൾ ഒരാഴ്ചക്ക് രണ്ടു കിലോ നിരക്കിൽ എന്റെ ഭാരം കൂടും. കഴിഞ്ഞ തവണ നാട്ടിൽ നിന്നും വന്നപ്പോൾ പത്തു കിലോ കുറക്കണം എന്ന് കരുതി, ആറ് കിലോ കുറച്ചു. പക്ഷെ ഇത്തവണ നാലാഴ്ചത്തേക്ക് നാട്ടിൽ പോയി വന്നു, എട്ടു കിലോ കൂടി. കാരണം മറ്റൊന്നുമല്ല, ജനീവയിൽ കൃത്യമായി പാലിക്കുന്ന ഭക്ഷണക്രമവും വ്യായാമവും നാട്ടിലെത്തിയാൽ തെറ്റും. സുഹൃത്തുക്കളുടെ വീട്ടിൽ ചെന്നാൽ സ്നേഹം പകരുന്നത് ഭക്ഷണം വിളമ്പിയാണ്. ഓരോ ഹോട്ടൽ സന്ദർശനവും കലോറിയുടെ മറ്റൊരു മിന്നലാക്രമണമാണ്. എന്തിന്, നിസാരമെന്ന് നമ്മൾ കരുതുന്ന പാലും പഞ്ചസാരയും ചേർത്ത ചായ പോലും നമുക്ക് പണി തരുന്നു.
 
ഒരു എൻജിനീയറെ സംബന്ധിച്ചിടത്തോളം ശരീരഭാരം കൂടിവരുന്നത് നിസാരമായ ഒരു മാസ് ബാലൻസ് പ്രശ്നമാണ്. ഒരു ദിവസം ശരീരമാകുന്ന എൻജിൻ ഓടാൻ രണ്ടായിരത്തി അഞ്ഞൂറ് കലോറി വേണമെന്ന് കരുതുക. അത്രയും ഭക്ഷണം മാത്രം കഴിച്ചാൽ ഭാരം ഏതാണ്ട് ഒരേ ലെവലിൽ നിൽക്കും. അതിലും കൂടുതൽ കഴിച്ചാൽ ഊർജ്ജം എരിച്ചുകളയാൻ പ്രത്യേകവ്യായാമം ചെയ്യണം. അല്ലെങ്കിൽ ബാക്കിയുള്ള ഊർജ്ജം മുഴുവൻ പൊണ്ണത്തടിയായി ശരീരത്തിൽ അടിഞ്ഞുകൂടും. ആവശ്യമുള്ളതിലും അല്പം കുറച്ചുകഴിച്ചാൽ തടി അല്പം കുറഞ്ഞുവരും. (ഇതൊരൽപം എഞ്ചിനീയറിംഗ് സിംപ്ലിഫിക്കേഷനാണ്. പ്രായം, ലിംഗം, കാലാവസ്ഥ, ഉയർച്ച, താഴ്ച വ്യതിയാനങ്ങളെല്ലാമുണ്ട്. ശരീരത്തിന്റെ ചില പ്രവർത്തന മാറ്റങ്ങളുമുണ്ട്. അറിയാഞ്ഞിട്ടല്ല, പറഞ്ഞു കൂടുതൽ സങ്കീർണ്ണമാക്കുന്നില്ല. അടിസ്ഥാനം ഒന്നുതന്നെ).
യൂറോപ്പിൽ മിക്ക സ്ഥാലത്തും, ഞങ്ങളുടെ കാന്റീനിൽ ഉൾപ്പടെ, ഏത് ഭക്ഷണം കഴിച്ചാലും അതിന്റെ കലോറി എത്രയെന്ന് മെനുവിൽ തന്നെ എഴുതിവെച്ചിട്ടുണ്ട്. ജങ്ക് ഫുഡ് എന്ന് നമ്മൾ പറയുന്ന മക്ഡൊണാൾഡിൽ പോലും കലോറി കണക്കുണ്ട്. ദിവസവും അകത്താക്കുന്ന കലോറിയനുസരിച്ച് ഭക്ഷണവും വ്യായാമവും ക്രമീകരിക്കാം.
 
നാട്ടിലേക്ക് പോകുമ്പോൾ ഈ കണക്കെല്ലാം തെറ്റും. നാട്ടിൽ പോകുമ്പോൾ ഭക്ഷണകാര്യത്തിൽ പലതാണ് കുഴപ്പങ്ങൾ. നമ്മൾ കഴിക്കുന്ന ഒരു ഭക്ഷണത്തിന്റെയും കലോറി എത്രയെന്ന് ഹോട്ടലുകാർക്ക് പോയിട്ട് ഭക്ഷണ വിദഗ്ദ്ധർക്ക് പോലുമറിയില്ല. ഉദാഹരണത്തിന് രണ്ടുതരം പായസവും കൂട്ടി തട്ടിവിടുന്ന വെജിറ്റേറിയൻ സദ്യയുടെ കലോറിമൂല്യം എത്രയാണ്? ഒരു ദം ബിരിയാണിയുടെയോ കുഴിമന്തിയുടെയോ എന്തിന്, ഒരു ഉഴുന്നുവടയുടെയോ മുട്ടക്കറിയുടെയോ കലോറി എത്രയാണ്?
 
നമ്മുടെ മാസികകളും ഡയറ്റീഷ്യന്മാരും വിദേശരാജ്യങ്ങളിലെ പഠനവും കണക്കും ഉപയോഗിച്ചാണ് ഉപദേശങ്ങൾ തരുന്നത്. മൽസ്യം കഴിക്കുന്നത് നല്ലതാണെന്ന് ജപ്പാനിലെ പഠനങ്ങളനുസരിച്ച് പറയും. അവിടെ മീനിൽ എണ്ണയോ മസാലയോ ഒന്നും ചേർക്കാതെയാണ് കഴിക്കുന്നത്. അതുകേട്ട് മസാലയിൽ കുഴച്ച് എണ്ണയിൽ വറുത്തെടുക്കുന്ന മീൻ കഴിച്ചിട്ട് ‘എന്റെ ജീവിതരീതി ആരോഗ്യകര’മാണെന്ന് പറയുന്നത് ശുദ്ധമണ്ടത്തരമാണ്. ഭക്ഷണത്തിൽ പച്ചക്കറി എത്ര ഉൾപ്പെടുത്തിയാലും കുഴപ്പമില്ലെന്ന് അമേരിക്കയിലെ ഡയറ്റീഷ്യന്മാർ പറയുന്നത് പച്ചക്കറികൾ മസാല ചേർത്ത് എണ്ണയിൽ വഴറ്റി അണ്ടിപ്പരിപ്പ് അരച്ചുചേർത്ത് ഉണ്ടാക്കുന്ന വെജിറ്റബിൾ കുറുമയെ മുന്നിൽ കണ്ടല്ല. ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ചൈനയിലെ പഠനങ്ങൾ പറയുന്നത്, പാലും പഞ്ചസാരയും ‘മൊഹബത്തും’ ഇട്ടു തിളപ്പിച്ച മധുരപാനീയത്തെ ഓർത്തിട്ടല്ല.
 
ബന്ധുക്കളും കൂട്ടുകാരും വീട്ടിൽ വന്നാൽ കെട്ടിപ്പിടിക്കുക പോയിട്ട് ഒന്ന് കൈ കൊടുക്കുക പോലും ചെയ്യാത്ത മുരടൻ സംസ്‌ക്കാരമാണ് നമ്മുടേത്. സ്നേഹം മുഴുവൻ കാണിക്കുന്നതും വിളമ്പുന്നതും തീൻ മേശപ്പുറത്താണ്. ഏതെങ്കിലും വീട്ടിൽ ഡിന്നറിനു പോയാൽ ഭക്ഷണം മേശപ്പുറത്ത് എത്തുന്നത് വരെ സ്ത്രീകൾ അടുക്കളയിൽ അത്യദ്ധ്വാനത്തിലാണ്. അതിഥികളോട് സംസാരിക്കാൻ പോലും സമയം കിട്ടില്ല. ഭക്ഷണം കഴിഞ്ഞാൽ പോരേണ്ട സമയമായി. പണ്ടൊക്കെ അതിഥികൾ വരുമ്പോൾ ആണ് വീട്ടിലുള്ളവർക്കും വിശേഷപ്പെട്ട ഭക്ഷണം കിട്ടിയിരുന്നത്, ഇപ്പോൾ അങ്ങനെയല്ല. ഭക്ഷണം ആവശ്യത്തിലധികം കഴിച്ച് പൊണ്ണത്തടി ഉള്ളവരും ആരോഗ്യപ്രശ്നമുള്ളവരുമാണ് കേരളത്തിലെ കൊച്ചുകുട്ടികൾ തൊട്ടുള്ളവർ. അവർ വീട്ടിൽ വന്നാൽ അവരെ കലോറി ബോംബെറിഞ്ഞ് കൊല്ലരുത്. പകരം സ്നേഹത്തോടെ അവരെ ഒന്ന് കെട്ടിപിടിക്കൂ, കഴിയുന്നതും നേരം കൂടെ ഇരുന്നു സംസാരിക്കൂ.
അപ്പോൾ ഞാൻ പറഞ്ഞുവരുന്നത് നാല് കാര്യങ്ങളാണ്.
 
1. കേരളത്തിൽ നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങളുടെ കലോറി നമ്മുടെ ഭക്ഷ്യവിദഗ്ദ്ധർ ഒന്ന് പഠിച്ച് പബ്ലിഷ് ചെയ്യണം. അവിടെയും ഇവിടെയും അപൂർവ്വവും പരസ്പരം യോജിക്കാത്തതുമായ ചില കണക്കുകൾ കണ്ടിട്ടുണ്ട്. കേരളത്തിൽ നല്ല ആശുപത്രികളിൽ ഇപ്പോൾ ഡയറ്റീഷ്യന്മാരുണ്ട്. അവർ ഒരുമിച്ച് വിചാരിച്ചാൽ ഒരു കൊല്ലം കൊണ്ട് ചെയ്തുതീർക്കാവുന്ന കാര്യമേയുള്ളു. ഇൻഫോ ക്ലിനിക്കുകാർ ഒന്ന് മുൻകൈ എടുക്കണം. Deepu Sadasivan
 
2. ഹോട്ടലുകളിൽ മെനുവിനോടൊപ്പം കലോറിയുടെ കണക്ക് നിർബന്ധമാക്കണം. നമ്മൾ നമ്മുടെ ശരീരത്തോട് ഭക്ഷണം മുഖേന ചെയ്യുന്ന ദ്രോഹം എന്താണെന്നറിയാൻ നമുക്ക് അവകാശമുണ്ട്. പുതിയ തലമുറ ചായക്കട ആണെന്ന് പറഞ്ഞു ഞാൻ എപ്പോഴും പ്രമോട്ട് ചെയ്യുന്ന ഒന്നാണ് പപ്പടവട. നിങ്ങളുടെ മെനുവിൽ ഇക്കാര്യം ഉൾപ്പെടുത്തി ഒന്ന് മാതൃക കാണിക്കാമോ ? Minu Pauline
3. അമിതഭക്ഷണം കഴിപ്പിച്ചല്ലാതെ ബന്ധുക്കളുടെയും സുഹൃത്തുക്കളെയും സന്തോഷിപ്പിക്കാൻ നമ്മളെല്ല്ലാം പഠിക്കണം. ഇക്കാര്യത്തിൽ ഞാനും ഒരു കുറ്റവാളിയാണ്, ഇനി ഇക്കാര്യത്തിൽ ഞാൻ മുൻകൈ എടുക്കാം. വീട്ടിൽ വന്നാൽ ഗ്രീൻ ടീ മാത്രം !!
4. ഇനി ഞാൻ നിങ്ങളുടെ വീട്ടിൽ വന്നാൽ പഞ്ചസാര ഇടാത്ത കട്ടൻ ചായയും കഞ്ഞിയും ചമ്മന്തിയും ഒക്കെ മതി. ബാക്കി സമയം സംസാരിക്കാൻ എടുക്കാം. ഒരു മനുഷ്യായുസിനുള്ള കോഴിയെല്ലാം ഇപ്പോഴേ അകത്തായിട്ടുണ്ട്. ഇനി നിങ്ങൾ കാണിക്കുന്ന സ്നേഹം എന്റെ ആയുസ്സു കുറക്കുകയെ ഉള്ളൂ.
 
മുരളി തുമ്മാരുകുടി

Leave a Comment