പൊതു വിഭാഗം

ഉപദേശങ്ങളുടെ പെരുമഴക്കാലം…

വ്യക്തിജീവിതത്തിൽ പലവട്ടം മൂക്ക് കുത്തി വീണിട്ടുള്ള ഒരാളാണ് ഞാൻ. നമ്മുടെ വിശ്വാസങ്ങൾ, മൂല്യങ്ങൾ, ബന്ധങ്ങൾ, സൗഹൃദങ്ങൾ എന്നിവയെപ്പറ്റിയൊക്കെ നമുക്ക് തന്നെ സംശയം ഉണ്ടാകും. എവിടെയാണ് നമുക്ക് അടി പതറിയത്, ഏതൊക്കെ കാര്യങ്ങളിലാണ് മാറ്റം ഉണ്ടാക്കേണ്ടത് എന്നെല്ലാം നാം ചിന്തിക്കേണ്ടി വരും. വല്ലാത്തൊരു സമയം ആണിത്.
 
ഇത്തരം അവസരങ്ങളിൽ എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് മറ്റൊന്നാണ്. നാട്ടിലുള്ള സകല ബന്ധുക്കളും സുഹൃത്തുക്കളും കേട്ട് മാത്രം പരിചയമുള്ളവരും നമുക്കുള്ള ഉപദേശവുമായി വരും. കണ്ണിൽ കന്പ് കുത്തിക്കയറിയിരിക്കുന്നവരാണ് പലപ്പോഴും നമ്മുടെ കണ്ണിലെ കരടെടുക്കാൻ ഉപദേശവുമായി വരുന്നത്. സത്യത്തിൽ ഇവരിൽ നിന്നും നമുക്ക് ഒന്നും പഠിക്കാനില്ല, എന്തെങ്കിലും പഠിപ്പിക്കാനുള്ള കഴിവ് അവർക്കില്ല താനും. പക്ഷെ, നമ്മുടെ ക്ഷീണാവസ്ഥ അങ്ങനെ ഒരു അവകാശം അവർക്കുണ്ടാക്കുന്നു എന്നവർക്ക് തോന്നിക്കുന്നു. പിന്നെ ശറപറാ ഉപദേശമാണ്. കേൾക്കുന്പോൾ തന്നെ ചൊറിഞ്ഞു വരും.
 
കേരളത്തിൽ ഇടതു പക്ഷത്തിനും കേന്ദ്രത്തിൽ കോൺഗ്രസിനും ഉണ്ടായിട്ടുള്ള പരാജയം വലുതാണെന്നതിൽ സംശയമില്ല. വാളെടുത്തവരും എടുക്കാത്തവരും ഫേസ്ബുക്കിലും ടി വിയിലും ഉപദേശങ്ങളുമായി രംഗത്തുണ്ട്. സച്ചിൻ ടെണ്ടുൽക്കറുടെ ക്രിക്കറ്റ് കളി ടെലിവിഷനിൽ കണ്ടതിന് ശേഷം വൈകുന്നേരം കലുങ്കിലിരുന്ന് സച്ചിന് ക്രിക്കറ്റ് പാഠങ്ങൾ നൽകുന്ന ആളുകളെയാണ് എനിക്കീ ടി വി/ഫേസ്ബുക്ക് ഉപദേശങ്ങൾ ഓർമ്മിപ്പിക്കുന്നത്. അവരുടെയെല്ലാം ഉപദേശം കേട്ടിരുന്നെങ്കിൽ സച്ചിൻ എവിടെ എത്തുമായിരുന്നു എന്ന് ചിന്തിക്കാവുന്നതേ ഉള്ളൂ.
 
ഒന്ന് നമ്മൾ മനസ്സിലാക്കിയേ പറ്റൂ. വ്യക്തിജീവിതത്തിലായാലും ഔദ്യോഗിക ജീവിതത്തിലായാലും മൂക്ക് കുത്തി വീണിട്ടുണ്ടെങ്കിൽ അതിൻറെ ഉത്തരവാദിത്തം മിക്കവാറും നമുക്ക് തന്നെയാണ്. മറ്റുള്ളവരെ വേണെമെങ്കിൽ കുറ്റം പറയാം എന്ന് മാത്രം. ഇനി അഥവാ കുറച്ചു കാര്യങ്ങൾക്ക് മറ്റുളളവരാണ് ഉത്തരവാദികൾ എങ്കിലും നമുക്ക് മാറ്റാൻ പറ്റുന്നത് നമ്മളെ മാത്രമാണ്.
 
അതുകൊണ്ട് അകത്തേക്ക് ആത്മാർഥമായി നോക്കി കാര്യങ്ങൾ ശരിയായി മനസിലാക്കുക, നമ്മുടെ കുറ്റങ്ങളും കുറവുകളും അറിയുക, തിരുത്താൻ പറ്റുന്നത് തിരുത്തുക. വിജയവും പരാജയവും ഇനിയും വരും, അതൊക്കെ നമ്മുടെ തീരുമാനത്തിന്റെ ഫലവും ആയിരിക്കും. ഫേസ്ബുക്ക്/ടി വി ഉപദേശകർ അവരുടെ സമയം കളയട്ടെ… മൈൻഡ് ചെയ്യേണ്ട.
 
മുരളി തുമ്മാരുകുടി
 

Leave a Comment