പൊതു വിഭാഗം

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു ലോക മാതൃക!

ഒരു വർഷം മുൻപാണ് ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസ നയം (New Education Policy) പുറത്ത് വന്നത്. ആ അവസരത്തിൽ പുതിയ നയത്തെ പറ്റി പല പ്രാവശ്യം എഴുതുകയും സംസാരിക്കുകയും ചെയ്തിരുന്നു.
 
പുതിയ വിദ്യാഭ്യാസ നയത്തിൽ വളരെ നല്ല നിർദ്ദേശങ്ങളുണ്ട്. വാസ്തവത്തിൽ ആ നയത്തെ പറ്റിയുള്ള എൻറെ പ്രധാന പരാതി ലോകത്തെ എല്ലാ നല്ല കാര്യങ്ങളും അതിലുൾപ്പെടുത്തിയിരുന്നുവെങ്കിലും അതൊക്കെ ആര് ചെയ്യുമെന്നോ അതിനുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്നോ ആ നയത്തിൽ പറഞ്ഞിരുന്നില്ല എന്നതാണ്. പതിവ് പോലെ “ഇത് വല്ലതും നടക്കുമോ” എന്നൊരു സംശയവും ഉണ്ടായെങ്കിലും നടന്നാൽ വളരെ നല്ലത് എന്നതായിരുന്നു അന്നത്തെ എൻറെ അഭിപ്രായം. അത് പറയുകയും ചെയ്തു.
 
1986 ൽ ഇതിന് മുൻപത്തെ വിദ്യാഭ്യാസ നയം രൂപീകരിച്ചതിനു ശേഷം ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്രമായി വലിയ മാറ്റങ്ങളുണ്ടായി. നിർഭാഗ്യവശാൽ ഇന്ത്യ അതിലൊന്നും പെടാതെ പോയി.
 
ഉദാഹരണത്തിന് യൂണിവേഴ്സിറ്റികൾ തമ്മിലുള്ള പരസ്പര ബന്ധം എടുക്കാം. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലുള്ള യൂണിവേഴ്സിറ്റികൾ തമ്മിൽ അവരുടെ കോഴ്‌സുകൾ പരസ്പരം അംഗീകരിക്കാൻ ധാരണയുണ്ട്. ഒരു രാജ്യത്തെ യൂണിവേഴ്സിറ്റിയിൽ ഒരു വർഷം പഠിച്ചതിന് ശേഷം അവധിയെടുത്ത് മറ്റൊരു രാജ്യത്തെ മറ്റൊരു യൂണിവേഴ്സിറ്റിയിൽ ഒരു സെമസ്റ്ററോ വർഷമോ ചിലവഴിച്ച് തിരിച്ചു സ്വന്തം യൂണിവേഴ്സിറ്റിയിൽ വന്നു ഡിഗ്രി പൂർത്തീകരിക്കാനുള്ള അവസരമുണ്ട്. ഇത് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം മുതൽ നിലവിലുണ്ട്. ഇന്ത്യയിലെ ആയിരത്തോളം യൂണിവേഴ്സിറ്റികൾ തമ്മിൽ അത്തരം ഒരു സംവിധാനമില്ല. ഒരേ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികൾ തമ്മിൽ ബന്ധമില്ല എന്ന് മാത്രമല്ല, ഒരു സംസ്ഥാനത്തെ യൂണിവേഴ്സിറ്റികൾ തമ്മിലോ വിവിധ ഐ. ഐ. ടികൾ തമ്മിലോ പോലും ഇത്തരം സംവിധാനമില്ല. അതേസമയം ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികൾക്കും മറ്റു രാജ്യങ്ങളിലെ യൂണിവേഴ്സിറ്റികളുമായി ക്രെഡിറ്റ് എക്സ്ചേഞ്ചിന് സംവിധാനം ഉണ്ടെന്നത് ഒരു വിരോധാഭാസം ആണ്.
 
യൂണിവേഴ്സിറ്റികൾ തമ്മിൽ ബന്ധമില്ല എന്നത് പോട്ടെ, ഒരേ യൂണിവേഴ്സിറ്റിയിലെ വിവിധ കോളേജുകൾ തമ്മിൽ പോലും നമ്മൾ ബന്ധിപ്പിച്ചിട്ടില്ല. എഞ്ചിനീയറിങ്ങും മെഡിസിനും മ്യൂസിക്കും അഗ്രികൾച്ചറും ഫിലോസഫിയും വ്യത്യസ്ത കോളേജുകളിലാണ് പഠിപ്പിക്കുന്നത്. ഈ കോളേജുകൾ ഒരേ യൂണിവേഴ്സിറ്റിയിൽ ആയിരുന്ന കാലത്ത് പോലും എഞ്ചിനീയറിംഗ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മ്യൂസിക് വിഷയങ്ങൾ പഠിക്കാനോ, മ്യൂസിക് പഠിക്കുന്നവർക്ക് ഫിലോസഫി പഠിക്കാനോ ഉള്ള സാഹചര്യമില്ല. കോളേജിന് പുറത്ത് പോയി അവർ ഈ വിഷയങ്ങൾ പഠിച്ചാൽ തന്നെ അത് അവരുടെ പഠനത്തിന്റെ ഭാഗമായി യൂണിവേഴ്സിറ്റികൾ അംഗീകരിക്കുന്നില്ല. എന്നാൽ ഇത്തരത്തിലുള്ള എല്ലാത്തരം വിഷയങ്ങളും ഒരേ യൂണിവേഴ്സിറ്റി കാന്പസിൽ തന്നെ പഠിപ്പിക്കുന്ന, അത്തരം വിഷയങ്ങൾ പഠിച്ചാൽ അത് സ്വന്തം ഡിഗ്രിക്കുള്ള ക്രെഡിറ്റുകളുടെ ഭാഗമാകുന്ന പഠന രീതികൾ കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ ലോകത്ത് നിലവിലുണ്ട്.
 
ഇതൊക്കെ നമ്മുടെ നാട്ടിലും വരേണ്ടതാണെന്ന് വളരെ നാളായി ഞാൻ ആഗ്രഹിക്കുന്നതും എഴുതുന്നതും ആണ്. എങ്ങനെയാണ് ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നത് എന്ന് ഈ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിന്റെ ചർച്ചകൾ നടക്കുന്ന സമയത്ത് ഞാൻ ചിന്തിച്ചിരുന്നു. ആയിരത്തോളം യൂണിവേഴ്സിറ്റികൾ, പതിനായിരത്തോളം പ്രൊഫഷണൽ കോളേജുകൾ, നാല്പതിനായിരം മറ്റു കോളേജുകൾ, ഒരു ലക്ഷത്തിന് മുകളിൽ മറ്റുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ദശ ലക്ഷക്കണക്കിന് അധ്യാപകർ, കോടിക്കണക്കിന് വിദ്യാർഥികൾ, ഇവരുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണ്. ഉന്നത വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്ന യു. ജി. സി. യും മറ്റു സ്ഥാപനങ്ങളും കഴിഞ്ഞ നൂറ്റാണ്ടിലുണ്ടാക്കിയവയാണ്. മാറ്റങ്ങൾ വരുത്താതിരിക്കാനുള്ള ഇൻസെന്റീവ് അനവധിയാണ്, മാറ്റങ്ങൾ വരുത്തുന്നത് വെല്ലുവിളിയും.
 
ഈ സാഹചര്യത്തിലാണ് കൊറോണ വരുന്നതും ഓൺലൈൻ പഠനം വ്യാപകമാകുന്നതും. സാധാരണ വിദ്യാഭ്യാസം തകരാറിൽ ആയപ്പോൾ ഓൺലൈൻ വിദ്യാഭ്യാസം സർവ്വ സാധാരണമായി. ആഫ്രിക്കയിലെ ഏറ്റവും ചെറിയ ഗ്രാമങ്ങളിലുള്ളവർ പോലും ലോകത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപങ്ങളിൽ നിന്നുള്ള ലെക്ച്ചറുകൾ ശ്രവിച്ചു തുടങ്ങി. കേരളത്തിൽ നിന്നും ലക്ഷക്കണക്കിന് വിദ്യാർഥികൾ കോഴ്സറായിൽ നിന്നും ലിങ്ക്ഡ് ഇൻ ൽ നിന്നുമൊക്കെ സർട്ടിഫിക്കറ്റുകൾ സന്പാദിച്ചു തുടങ്ങി. മംഗോളിയയിലിരുന്ന് വിദ്യാർഥികൾ ഓക്സ്ഫോർഡിൽ പഠിച്ചു തുടങ്ങി. ഞാൻ പലപ്പോഴും പറയാറുള്ളത് പോലെ ഓക്സ്‌ഫോർഡിലോ കേംബ്രിഡ്ജിലോ ആയിരം വർഷം പഠിച്ചിറങ്ങിയ വിദ്യാർത്ഥികളേക്കാൾ കൂടുതൽ വിദ്യാർഥികൾ 2012 ൽ സ്ഥാപിച്ച കോർസെറയിൽ ഇപ്പോൾ പഠിക്കുന്നുണ്ട് !
 
കോഴ്സുകൾ ഓൺലൈൻ ആയ കാലത്തും ഓൺലെൻ സ്ഥാപനങ്ങൾ വ്യാപകമായ കാലത്തും, ഇവക്കൊക്കെ അംഗീകാരം ഉണ്ടോ?, ഇതുകൊണ്ടൊക്കെ തൊഴിൽ ലഭിക്കുമോ?, ആളുകളുടെ കാശുമേടിച്ച് വിദൂര വിദ്യാഭ്യാസത്തിലൂടെ പഠിപ്പിച്ചതിന് ശേഷം ആ ഡിഗ്രിയെ “രണ്ടാം തരം” ഡിഗ്രി ആക്കി മാറ്റിയ പാരന്പര്യമുള്ളപ്പോൾ ഓൺലൈൻ ആയി പഠിക്കുന്ന ഡിഗ്രിക്ക് പി. എസ്. സി. അംഗീകാരം കിട്ടുമോ? എന്നിങ്ങനെ ആളുകൾ ചോദിച്ചിരുന്ന അനവധി ചോദ്യങ്ങളുണ്ട്.
 
ലോകത്തെവിടെയും പലപ്പോഴും മുന്നേറ്റങ്ങൾ (breakthrough) സംഭവിക്കുന്നത് സംവിധാനങ്ങൾ പ്രവർത്തനരഹിതം (breakdown) ആകുന്പോൾ ആണ്. ഇപ്പോൾ പുതിയ വിദ്യാഭ്യാസ നയവും കൊറോണ ഉണ്ടാക്കിയ ഓൺലൈൻ വിദ്യാഭ്യാസവും അത്തരത്തിൽ ഒരു വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവരികയാണ്.
 
പുതിയ വിദ്യാഭ്യാസ നയത്തിന് തുടർച്ചയായി ഓൺലൈനും ക്ലാസ്‌റൂം പഠനവും ഒരുമിച്ചു ചേർക്കുന്ന ബ്ലെൻഡഡ്‌ ലേർണിംഗ് സംവിധാനത്തെ പറ്റി യു. ജി. സി. നിർദ്ദേശങ്ങൾ കൊണ്ടുവന്നിരുന്നു. കോളേജുകളിൽ പഠിക്കുന്നവർക്ക് നാല്പത് ശതമാനം കോഴ്‌സുകൾ ഓൺലൈൻ ആയി പഠിക്കാം എന്നതായിരുന്നു അതിലെ പ്രധാന നിർദ്ദേശം. ഇത്തരം ഓൺലൈൻ കോഴ്‌സുകൾ ലോകത്ത് എവിടെ നിന്നും പഠിക്കാം എന്നും ഉണ്ടായിരുന്നു. ഓൺലൈൻ ഡിഗ്രികൾ പലയിടത്തും ഉണ്ടെങ്കിലും സാധാരണ ഡിഗ്രി പഠനത്തിന് ഇടക്ക് പകുതിയോളം കോഴ്‌സുകൾ ഓൺലൈൻ ആയി പഠിക്കാം എന്നൊരു നിർദ്ദേശം ഉണ്ടാകുന്നത് ലോകത്ത് ആദ്യമായിട്ടാണ്.
 
ഇന്ന് പ്രഖ്യാപിച്ച അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് കാര്യങ്ങൾ വീണ്ടും വിപ്ലവകരമായി മുന്നോട്ടു കൊണ്ടുപോവുകയാണ്. രാജ്യത്ത് ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഓരോ വിദ്യാർത്ഥിക്കും ഒരു നാഷണൽ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ അക്കൗണ്ട് എടുക്കാം. അവിടെ അംഗീകൃതമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും കോഴ്‌സുകൾ പഠിച്ചതിന്റെ ക്രെഡിറ്റുകൾ നിക്ഷേപിക്കാം. ഏത് കോഴ്‌സുകൾ എടുക്കണം, എങ്ങനെ മിക്സ് ചെയ്യണം എന്നതിലൊക്കെ വിദ്യാർത്ഥികൾക്ക് സ്വയം തീരുമാനമെടുക്കാം. സംഗീതവും സാഹിത്യവും, മെഡിസിനും കന്പ്യൂട്ടറും, സിവിൽ എഞ്ചിനീയറിങ്ങും നരവംശശാസ്ത്രവും ഓൺലൈൻ ആയും ഓഫ് ലൈൻ ആയും എവിടെ നിന്നും പഠിക്കാം. കോഴ്‌സുകൾ പാസ്സായാൽ ആ സ്ഥാപനങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് ഈ അക്കാഡമിക് ബാങ്ക് ഓഫ് ക്രെഡിറ്റിലേക്ക് നിക്ഷേപിക്കും. കോഴ്‌സുകളുടെ എണ്ണം കൂടുന്ന മുറക്ക് ആവശ്യത്തിന് ക്രെഡിറ്റ് ആയി കഴിഞ്ഞാൽ സർട്ടിഫിക്കറ്റോ, ഡിപ്ലോമയോ, ഡിഗ്രിയോ വാങ്ങി നമുക്ക് പുറത്തിറങ്ങാം.
 
ഇതുണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ പലതാണ്. നിങ്ങൾ ജീവിക്കുന്ന പ്രദേശത്തെ യൂണിവേഴ്സിറ്റികൾ, അവിടുത്തെ സിലബസ് എത്ര മോശമാണെങ്കിലും അത് മാത്രം പഠിക്കേണ്ട ആവശ്യം ഉണ്ടാകില്ല. ലോകത്തെവിടെയും ഉള്ള നല്ല അധ്യാപകരിൽ നിന്നും നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയങ്ങൾ പഠിക്കാം. ഒരു വർഷം കഴിഞ്ഞാൽ യൂണിവേഴ്സിറ്റി പഠനം ഉപേക്ഷിക്കാം. സംഗീതം പഠിച്ചു തുടങ്ങിയവർക്ക് ആയുർവ്വേദമാണ് കൂടുതൽ താല്പര്യമെന്ന് കണ്ടാൽ അങ്ങോട്ട് മാറി വിദ്യാഭ്യാസം തുടരാം. ഒരു സംസ്ഥാനത്തു നിന്നും മറ്റൊരു സംസ്ഥാനത്ത് പോയി പഠിക്കാം. ഒരു സ്ഥാപനത്തിൽ നിന്നും മറ്റൊരു സ്ഥാപനത്തിലേക്ക് മാറാം, വിദേശത്തിരുന്ന് വിദ്യാഭ്യാസം തുടരാം. ഇനി മുതൽ കറസ്പോണ്ടൻസ് ഡിഗ്രി, ഓൺലൈൻ ഡിഗ്രി എന്നൊന്നും വേർതിരിവുണ്ടാകില്ല.
 
ഈ പറയുന്ന മാറ്റങ്ങളിൽ പലതും ലോകത്ത് പതിറ്റാണ്ടുകൾ ആയി നിലവിലുണ്ട്. എന്നാൽ ഇവയെ സംയോജിപ്പിച്ച് ഇത്രയും സമഗ്രമായി, കൊറോണയുണ്ടാക്കിയ ഓൺലൈൻ സാദ്ധ്യതകൾ ഉൾപ്പെടുത്തി, അടുത്ത പതിറ്റാണ്ടുകളിലേക്കുള്ള പുരോഗമനപരമായ ഒരു വീക്ഷണം ലോകത്ത് ഒരിടത്തുമില്ല. ഇത് ഉന്നത വിദ്യാഭ്യാസത്തിന്റെ ലോക മാതൃക ആകുമെന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല.
 
ഇത് നടപ്പിലാക്കുന്നത് ഇന്ത്യ ആണെന്നതിനും വലിയ പ്രാധാന്യമുണ്ട്. ഒരു വർഷം ഇന്ത്യയിൽ ശരാശരി രണ്ടു കോടി പുതിയ കുഞ്ഞുങ്ങളാണ് ജനിക്കുന്നത്. അതിൽ പകുതിയെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്ത് എത്തിയാൽ ഒരു കോടി വിദ്യാർഥികൾ ആയിരിക്കും ഈ സംവിധാനത്തിൽ എത്തുക. അതും ലോകത്ത് ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒരു വിദ്യഭ്യാസ പരിഷ്കരണം ആകും.
 
ദശ ലക്ഷക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾ ലോകത്തുള്ള മറ്റു സ്ഥാപനങ്ങളിൽ ഓൺലൈൻ ആയോ പാർട്ട് ടൈം ആയോ പഠിക്കാൻ തയ്യാറാകുന്പോൾ ലോകത്തെ പുതിയ ജനറേഷൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമല്ല, പേരുകേട്ട സ്ഥാപനങ്ങൾ ആയ ഓക്സ്ഫോർഡും ഹാർവാർഡും ഒക്കെ അതിൽ പങ്കാളികളാകാൻ ശ്രമിക്കും. കോർസേരയുടെ ഏറ്റവും വലിയ കസ്റ്റമർ ഇന്ത്യൻ കുട്ടികൾ ആകും. കേംബ്രിഡ്ജിലും സ്റ്റാൻഫോർഡിലും രണ്ടോ മൂന്നോ മാസം ചിലവഴിക്കാനുള്ള അവസരമുണ്ടായാൽ പതിനായിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അത് അവരുടെ ചിലവിൽ ഒതുങ്ങും. അപ്പോൾ ഒരു മുഴുവൻ ഡിഗ്രി എന്നതല്ലാതെ, കുറച്ചു സമയം കാന്പസ് എക്സ്പീരിയൻസ്, ഇമ്മെർഷൻ ഇതൊക്കെ വലിയ തോതിലുണ്ടാകും.
 
ഇന്ത്യയിൽ നടക്കുന്ന ഈ പരീക്ഷണം മറ്റു രാജ്യങ്ങൾ വളരെ താല്പര്യത്തോടെയാണ് ശ്രദ്ധിക്കാൻ പോകുന്നത്. പ്രത്യേകിച്ചും ഏറെ യുവാക്കളുള്ള, എന്നാൽ പുതിയതായി യൂണിവേഴ്സിറ്റികൾ നിർമ്മിക്കാൻ വേണ്ടത്ര സാന്പത്തിക സ്ഥിതി ഇല്ലാത്ത, ആവശ്യത്തിന് അധ്യാപകർ ഇല്ലാത്ത ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങൾ നമ്മുടെ മാതൃക പിന്തുടരും.
 
ഇന്ത്യയിൽ തന്നെ എല്ലാ ഡിഗ്രികളും വരുന്നത് ഒരു അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ നിന്നാകുന്പോൾ ആയിരം യൂണിവേഴ്സിറ്റികളുടെ ഒന്നും ആവശ്യം ഉണ്ടാകില്ല. എല്ലാ ഐ. ഐ. ടികളും ഒന്നാകുന്നതോടെ ഓരോ സെമസ്റ്ററും ഓരോ ഐ. ഐ. ടിയിൽ പഠിക്കാം എന്ന കാലം വരും. കൃഷിക്കും ആരോഗ്യത്തിനും വേറെ വേറെ യൂണിവേഴ്സിറ്റി എന്നത് മാറി ഒരു സംസ്ഥാനത്ത് ഒറ്റ യൂണിവേഴ്സിറ്റി എന്ന സ്ഥിതി വരും.
 
എല്ലാ മാറ്റങ്ങളെയും പോലെ ഈ മാറ്റവും എളുപ്പമായിരിക്കില്ല. പല കാരണങ്ങളാൽ എതിർപ്പുകളുണ്ടാകും. ചില വിഷയങ്ങളിൽ എതിർപ്പുകൾ ന്യായവും ആകും. പക്ഷെ ഉന്നത വിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റുമെന്ന് ഉറപ്പിച്ച്, യു. ജി. സി. പോലുള്ള സ്ഥാപനങ്ങൾ നിർത്തലാക്കി, റെഗുലേഷൻ പരമാവധി കുറച്ച്, ഫ്ലെക്സിബിലിറ്റി ഏറ്റവും കൂട്ടി ഉന്നത വിദ്യാഭ്യാസം കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. അതിനുള്ള ഇച്ഛാശക്തിയും സാന്പത്തിക സംവിധാനവും കേന്ദ്രത്തിനുണ്ട്. പല രംഗങ്ങളിലും കേന്ദ്ര സർക്കാർ അത് കാണിച്ചിട്ടും ഉണ്ട്. ഈ മാറ്റങ്ങൾ വരും. സംശയമില്ല.
 
കേരളത്തിന് ഈ വിഷയത്തിൽ താൽപര്യക്കുറവ് ഉണ്ടെന്നാണ് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ അത്ര അതിശയമില്ല. ഗുണ നിലവാരത്തിന് പേര് കേട്ട ഒന്നല്ല നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം. മാറ്റങ്ങളെ രണ്ടും കയ്യും നീട്ടി സ്വീകരിക്കുന്നത് നമ്മുടെ രീതിയല്ല. (എതിർപ്പാണ് സാറെ ഇവന്മാരുടെ മെയിൻ). ഇപ്പോൾ ഈ രംഗത്തുള്ളവരുടെ താല്പര്യങ്ങൾ പലതുണ്ട്. പ്രത്യക്ഷമായും പരോക്ഷമായും എതിർപ്പുകളുണ്ടാകും.
 
പക്ഷെ അതുകൊണ്ട് ഈ മാറ്റങ്ങൾ വരാതിരിക്കില്ല. പണ്ട് എതിർത്ത പല കാര്യങ്ങളും പിന്നീട് നമ്മുടെ ജീവിതത്തിന്റെ ഭാഗമായതു പോലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിപ്ലവം കേരളത്തിലും എത്തും. എത്ര നേരത്തേ എത്തുന്നോ അത്രയും നല്ലത്. ഇപ്പോൾ വന്നിരിക്കുന്ന പദ്ധതിയിൽ എന്തെങ്കിലും കുറവുകളുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുകയോ പരിഷ്കരിച്ചു നന്നായി നടപ്പിലാക്കി മാതൃകയാവുകയോ ആണ് നാം ചെയ്യേണ്ടത്. പുതിയ നയം നടപ്പിലാക്കുന്നതിലേക്ക് ലഭ്യമാകാൻ സാധ്യതയുള്ള ശതകോടികൾ പരമാവധി വാങ്ങിയെടുത്ത് നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം ഗുണപരമായി മാറ്റിയെടുക്കാൻ നമ്മൾ ശ്രമിക്കണം.
 
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന മാറ്റങ്ങളെ ഞാൻ വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇത് ഇന്ത്യയിലെ മാത്രമല്ല ലോകത്തെ തന്നെ ഉന്നത വിദ്യഭ്യാസ രംഗത്ത് വലിയ ചലനങ്ങളുണ്ടാക്കും, തീർച്ച. കേന്ദ്ര സർക്കാരിന് എൻറെ എല്ലാ അഭിനന്ദനങ്ങളും.
 
മുരളി തുമ്മാരുകുടി
May be an image of 1 person and text that says "M മാതൃഭൂമി Mathrubhumi Friday 30J Print Edition News Views Videos Movies Sports Money LocalNews Obituary Photo Letters Cartoon Editorial Kakadrishti Kerala India World Women India അക്കാദമിക് ക്രെഡിറ്റ് ബാങ്കിന് പ്രധാനമന്ത്രി തുടക്കമിട്ടു കേരളത്തിന് താത്‌പര്യക്കുറവ് #പ്രകാശൻ പുതിയേട്ടി, എം. ബഷീർ AIA|A പ്രധാനമന്ത്രി മോദി ഫോട്ടോ:PT"

Leave a Comment