പൊതു വിഭാഗം

ഉദ്ഘാടനത്തിന്റെ രീതി!

കാബൂളിൽ ഒരു എൻവിറോണ്മെന്റൽ ഡാറ്റ സെന്റർ ഉൽഘാടനം ചെയ്ത കാര്യം പറഞ്ഞ പോസ്റ്റിന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. ആഭ്യന്തര സംഘർഷങ്ങളിൽ നിന്നും മുന്നേറി വരുന്ന ആ രാജ്യത്തോട് വലിയ കരുണയും കരുതലും നമുക്കും ഉണ്ടെന്നുള്ളത് എനിക്ക് സന്തോഷം നൽകി.
 
ഉദ്ഘാടനത്തിന് റിബൺ മുറിക്കാൻ ചെന്ന ഞാൻ ഒരു പുതിയ കാര്യം കൂടി പഠിച്ചു. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, പരിസ്ഥിതി വിഭാഗം തലവൻ, ഞാൻ, ഞങ്ങളുടെ കാബൂൾ ഓഫിസ് തലവൻ ഇവരൊക്കെയുള്ള ചടങ്ങിൽ ആരാണ് നാടമുറിച്ച് ഉൽഘാടനം ചെയ്യുന്നതെന്ന് എനിക്കറിയില്ലായിരുന്നു. അത് എന്നെ ഏൽപ്പിച്ചപ്പോൾ ഞാൻ വേണ്ട, വൈസ് ചാൻസലർ ചെയ്യട്ടേ എന്ന് പറഞ്ഞു. അത് നന്നായി, കാരണം ഇവിടുത്തെ പതിവനുസരിച്ച് ഒരാളല്ല ഉൽഘാടനം നിർവഹിക്കുന്നത്. അതിഥികൾ എല്ലാവരും റിബണിൽ ഒരു ചെറിയ കട്ടിങ് ഇടും. അവസാനത്തെ ആൾ ആണ് റിബ്ബൺ മുഴുവനായി കട്ട് ചെയ്യുന്നത്. ഇതറിയാതെ ഞാൻ ആദ്യമേ കയറി റിബ്ബൺ മൊത്തമായി കട്ട് ചെയ്തിരുന്നെങ്കിൽ സംഗതി കുളമായേനെ. ഡിങ്കൻ കാത്തു..!
 
(അമേരിക്കയിലെ പ്രധാന നിയമങ്ങൾ ഒപ്പിടുന്ന പ്രസിഡന്റിന്റെ പേനക്ക് വലിയ ചരിത്ര പ്രാധാന്യവും ഡിമാൻഡുമുണ്ട്. അതുകൊണ്ട് പ്രധാന നിയമങ്ങൾ പ്രസിഡന്റ് ഒപ്പിടുന്നത് നിരവധി പേനകൾ ഉപയോഗിച്ചാണ്. ഒബാമ കെയർ ഒപ്പിട്ടത് ഇരുപത്തിരണ്ട് പേനകൾ ഉപയോഗിച്ചാണ്. അതല്പം ഓവർ ആണെന്ന് തോന്നുന്നുണ്ടെങ്കിൽ ലിൻഡൻ ജോൺസനോട് പറഞ്ഞാൽ മതി. അറുപത്തി നാലിൽ സാമൂഹ്യ സുരക്ഷാ നിയമം അദ്ദേഹം ഒപ്പിട്ടത് എഴുപത്തി അഞ്ച് പേനകൾ വഉപയോഗിച്ചാണ്. ഈ പാരലൽ ഉൽഘാടനം കണ്ടപ്പോൾ അതോർത്തു. നാട്ടിലും പ്രായോഗികമാക്കാവുന്നതാണ്).
 
മുരളി തുമ്മാരുകുടി

Leave a Comment