പൊതു വിഭാഗം

ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി..?

ശ്രീ. പി. ടി. തോമസിന്റെ അന്ത്യ യാത്ര കാണുന്നു.
അണമുറിയാത്ത ആൾ പ്രവാഹം
പിടിച്ചു നിൽക്കാനാവാതെ കരയുന്ന സുഹൃത്തുക്കൾ, സഹ പ്രവർത്തകർ, നാട്ടുകാർ
“ഇല്ല, ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ” എന്ന നെഞ്ചുപൊട്ടിവരുന്ന മുദ്രാവാക്യം.
അകാലത്തിലും അപ്രതീക്ഷിതവുമായാണ് മരണം അദ്ദേഹത്തെ കൊണ്ടുപോകുന്നത് എങ്കിലും എത്രമേൽ അർത്ഥപൂർണ്ണമായ ഒരു ജീവിതമാണ് അദ്ദേഹം ജീവിച്ചത് എന്നതിന്റെ സാക്ഷ്യപത്രമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
ആദർശാധിഷ്ഠിത ജീവിതത്തിന്റെ തുടർച്ചയാകുന്ന, കുറിക്ക് കൊള്ളുന്ന അദ്ദേഹത്തിന്റെ അന്ത്യാഭിലാഷങ്ങൾ നമുക്കോരോരുത്തർക്കും മാതൃകയാണ്. ഒയാതൊരു മുന്നറിയിപ്പുമില്ലാതെ ആരുടെ അടുത്തും ഓടിയെത്താവുന്ന മരണത്തെ പറ്റി ചിന്തിക്കാനുള്ള അവസരവും.
എൻറെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങൾ പണ്ടേ വില്ലിൽ എഴുതി വച്ചിട്ടുണ്ട്. വല്ല യുദ്ധരംഗത്തോ തീവ്രവാദി ആക്രമണത്തിലോ വിമാനാപകടത്തിലോ ഒക്കെ ആണ് മരണം സംഭവിക്കുന്നതെങ്കിൽ വിദേശത്തു നിന്നും പെട്ടി വരുമെന്നും, അതിനുള്ളിൽ ഒന്നും കാണില്ല എന്നും, അതിനാൽ പെട്ടി തുറന്നു നോക്കരുത് എന്നുമാണ് ഒന്നാമത്തെ നിർദ്ദേശം. വേറെയുമുണ്ട് നിർദേശങ്ങൾ പലത്.
പക്ഷെ “ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി” എന്ന ഗാനം തനിക്ക് ചുറ്റും ഉണ്ടാകണം എന്ന കാര്യം അദ്ദേഹം എഴുതിവെച്ചത് വായിച്ചപ്പോൾ ഒരു കാര്യം കൂട്ടി ചേർക്കണം എന്ന് ഓർത്തു.
എനിക്കും ഒരു പാട്ടു വേണം
“സൂര്യനായ് തഴുകി ഉറക്കമുണർത്തുമെൻ അച്ഛനെയാണെനിക്കിഷ്ടം”
എനിക്ക് അത് മതി
മരണം എല്ലാവർക്കും ഉണ്ടാകും, പക്ഷെ അതിനെപ്പറ്റി ചിന്തിക്കാനും സംസാരിക്കാനും എഴുതാനും പൊതുവെ ആളുകൾക്ക് മടിയാണ്. പലർക്കും പേടിയും.
നിങ്ങൾ ഇങ്ങനെ മടിയും പേടിയും ഇല്ലാത്ത ആളാണെങ്കിൽ പറയൂ, നിങ്ങൾക്കും ഒരു പാട്ടു വേണോ?, ഏതായിരിക്കണം അത് ?
മുരളി തുമ്മാരുകുടി

Leave a Comment