പൊതു വിഭാഗം

ഈ പുതിയ തലമുറയെക്കൊണ്ട് തോറ്റു!

ഒരു തലമുറ എന്ന് പറഞ്ഞാൽ ഏതാണ്ട് മുപ്പത് വർഷം എന്നാണ് കണക്ക്. എന്നാലും പാശ്ചാത്യരാജ്യങ്ങളിൽ ഇപ്പോൾ പുതിയ തലമുറ എന്ന് പരാമർശിക്കുന്നത് മിലേനിയൽസ് എന്ന് വിളിക്കപ്പെടുന്ന 2000 ത്തിനു ശേഷം ഉണ്ടായവരെ ആണ്. ഇന്റർനെറ്റിന്റെയും മൊബൈൽ ഫോണിന്റെയും സമൂഹമാധ്യമങ്ങളുടെയും നടുക്ക് ജീവിച്ച് സ്വന്തം വീട്ടിലുള്ളവരോട് പോലും സംസാരിക്കാതെ, പത്രം വായിക്കാതെ, രാഷ്ട്രീയത്തിൽ താല്പര്യം കാണിക്കാതെ, വീടും, വസ്ത്രവും നല്ല ഭക്ഷണവും എല്ലാം അവരുടെ അവകാശമാണെന്നും അതിനുവേണ്ടി ജോലി എടുക്കേണ്ടെതില്ലെന്നും അവർ സമൂഹത്തിന് തിരിച്ചൊന്നും കൊടുക്കേണ്ടതില്ലെന്നും ചിന്തിക്കുന്ന തലമുറയെന്നാണ് അവരെപ്പറ്റിയുള്ള അപഖ്യാതി. ഇങ്ങനെ മിലേനിയൽ എന്നൊന്നും തിരിച്ചിട്ടില്ലെങ്കിലും ‘ഇപ്പോഴത്തെ പിള്ളേരെ’ പറ്റിയുള്ള പരാതി നാട്ടിലും കേൾക്കാം.

പുതിയ തലമുറക്കാരെ, നിങ്ങൾ ഒന്നുകൊണ്ടും വിഷമിക്കേണ്ട, ഈ കിളിവന്മാർ ഇങ്ങനെ പറഞ്ഞു തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങൾ ആയി. ലോകത്തെവിടെയും എല്ലാ പഴയ തലമുറയും പുതിയ തലമുറയെ കുറ്റം പറഞ്ഞിട്ടേ ഉള്ളൂ. ഞങ്ങളുടെ ജീവിത അനുഭവം എല്ലാം നിങ്ങളുടേത്, അത് കൊണ്ട് തന്നെ ഞങ്ങളുടെ ജീവിത വീക്ഷണം അല്ല നിങ്ങളുടേത്. പൊതുവെ പറഞ്ഞാൽ ഓരോ തലമുറയും സമൂഹത്തെ മുന്നോട്ടു നയിച്ചിട്ടേ ഉള്ളൂ, നിങ്ങളും അങ്ങനെ ചെയ്യുമെന്നതിൽ എനിക്ക് ഒരു സംശയവും ഇല്ല. അമ്പതു വർഷം മുൻപ് ജനിച്ച എന്റെ തലമുറയെക്കാളും, എന്തിന് ഇന്റെർനെറ്റിന് മുൻപ് ജനിച്ച ഇപ്പോൾ youth എന്ന് കരുതുന്ന 30+ നേക്കാളും ഒക്കെ, വ്യത്യസ്തമായ ജീവിതമാണ് നിങ്ങൾ നയിക്കാൻ പോകുന്നത്. നല്ലതേ വരൂ!

പഴയ തലമുറക്കാർ (ഏതാണ്ട് ഇപ്പോൾ ഇരുപത്തിയഞ്ചു വയസ്സിന് മുകളിലുള്ളവർ) താഴത്തെ ലേഖനം വായിക്കണം. ഇരുപത്തി അഞ്ചു വയസ്സായവരെ പഴഞ്ചനാക്കി ഞങ്ങളുടെ കൂടെ കൂട്ടിയത് നിങ്ങൾക്ക് ഇഷ്ടപ്പെടില്ല എന്നറിയാം. പക്ഷെ സ്മാർട്ട് ഫോണിന്റെ കാലത്ത് ടേൺ ഓവർ റേറ്റ് കൂടുതൽ ആണ്, Nokia 3310 യും ഐഫോൺ 2 ഉം തമ്മിലുള്ള മാറ്റമേ ഐഫോൺ 8 ആയി നടക്കുന്ന തലമുറ നമ്മൾ തമ്മിൽ കാണുന്നുള്ളൂ. നിങ്ങൾ നോക്കുമ്പോൾ നിങ്ങൾ പുതിയ ജനറേഷൻ ആണെങ്കിലും മിലേനിയൽസിന് നമ്മൾ രണ്ടും പഴഞ്ചൻ ടീംസ് ആണ്, രണ്ടും പരിചയമില്ലാത്തതും വേണ്ടാത്തതും ആണ്.

അടുത്ത തവണ ‘ഇപ്പോഴത്തെ കുട്ടികൾ’ എന്ന് പറയാൻ തുടങ്ങുന്നതിന് മുൻപ് ശ്രീ പി ഗോവിന്ദപിള്ളയുടെ വാക്കുകൾ ഓർക്കുക. തലയിൽ നരവരുന്നതിന് മുൻപേ മനസ്സിൽ വരും. തലയിലെ നര ഡൈ ചെയ്തു മാറ്റാം, മനസ്സിലേതിന് ചികിത്സ ഇല്ല.

http://www.bbc.com/capital/story/20171003-proof-that-people-have-always-complained-about-young-adults
Mg Radhakrishnan

Leave a Comment