പൊതു വിഭാഗം

ഇന്റർനെറ്റില്ലാതെ എത്ര ദിവസം?

മൂവായിരം വർഷങ്ങൾ എങ്കിലും ആയി രാജ്യങ്ങൾ ഉണ്ടായിട്ട്. ഇന്റർനെറ്റ് ഉണ്ടായിട്ട് മുപ്പത് വർഷം പോലും ആയിട്ടില്ല. പക്ഷെ ഒരു രാജ്യത്തിലെ ബാങ്കിങ്ങ് ശൃംഖല മുതൽ പെട്രോൾ വിതരണം വരെ പലതും ഇന്ന് ഇന്റർനെറ്റുമായി ബന്ധപ്പെട്ടു കിടക്കുകയാണ്. എത്രമാത്രം ആധുനികവും പുരോഗമിച്ചതും ആണോ രാജ്യം അത്രത്തോളം ഇന്റർനെറ്റിൽ ആശ്രിതമാണ് ആ രാജ്യം.
 
ഉദാഹരണത്തിന് നോർവേ പോലൊരു രാജ്യത്ത് ആളുകൾ മാസങ്ങളോളം പണം കൈ കൊണ്ട് തൊടാറില്ല. പെട്രോൾ സ്റ്റേഷനിൽ പെട്രോൾ എത്തുന്നത് മാത്രമല്ല സൂപ്പർമാർക്കറ്റിൽ പാൽ എത്തുന്നതും ലോകത്ത് പലയിടത്തും ഇന്റെർനെറ്റ് വഴിയുള്ള ഓർഡർ സിസ്റ്റം വഴിയാണ്.
 
ഇന്റർനെറ്റില്ലാതെ ഒരു രാജ്യത്തിന് എത്ര ദിവസം സാധാരണ പോലെ പ്രവർത്തിക്കാൻ പറ്റുമെന്ന് ചില രാജ്യങ്ങൾ ‘മോക്ക് ഡ്രിൽ’ നടത്തി പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. പരീക്ഷിച്ചവരെല്ലാം പേടിച്ചരണ്ടിട്ടും ഉണ്ട്. ഇത്തരത്തിൽ ഒരു റിയൽ ഡ്രിൽ ആണെന്ന് തോന്നുന്നു റഷ്യ നടത്താൻ പോകുന്നത്. മനസ്സിലായിടത്തോളം ഇന്റർനെറ്റ് മുഴുവൻ അടച്ചിടുകയല്ല, പുറം ലോകത്തേക്കുള്ള വാതിൽ അടച്ചിടുകയാണ് ചെയ്യുന്നത്. ഓൺലൈൻ ബാങ്കിങ്ങ് തൊട്ട് ഫേസ്ബുക്ക് വരെ ഒറ്റയടിക്ക് നിലക്കും. മറ്റെന്തെങ്കിലുമൊക്കെ വിഷയങ്ങളിൽ വിഘാതം ഉണ്ടാകുമെന്ന് നോക്കിയിരുന്നു കാണണം.
 
പല തരത്തിലും ഒരു ഗ്രാമമാണ് കേരളത്തിലെ സമ്പദ്‌വ്യവസ്ഥ. അതുകൊണ്ട് പച്ചക്കറിയും പാലും നമുക്ക് ഇന്റർനെറ്റ് ഇല്ലെങ്കിലും കിട്ടും. യൂബറും ഫേസ്ബുക്കും മുടങ്ങും എന്നേ ഉള്ളൂ. പക്ഷെ നമ്മൾ അറിയാത്ത പല ബന്ധങ്ങളും പുറം ലോകവുമായി ഉണ്ടാകാൻ വഴിയുണ്ട്. കേരളത്തിലും ഇത്തരത്തിലുള്ള ടെസ്റ്റുകൾ നടത്തി നോക്കേണ്ട സമയമായി. ചുരുങ്ങിയത് ഒരു മോക്ക് ഡ്രിൽ എങ്കിലും നടത്തി നോക്കണം. ഇടക്കൊക്കെ വ്യക്തി ജീവിതത്തിലും മൊബൈലും ഇന്റർനെറ്റും ഇല്ലാത്ത ലോകത്ത് എങ്ങനെ ജീവിതം കൊണ്ടുപോകും എന്ന് ചിന്തിച്ചു നോക്കുന്നത് നല്ല കാര്യമാണ്.
 
മുരളി തുമ്മാരുകുടി
 
https://www.bbc.com/news/technology-47198426

Leave a Comment