പൊതു വിഭാഗം

ഇന്ദിരാ ഗാന്ധി, ഓർമ്മകൾ….

ഇന്നുവരെ വെങ്ങോലയിൽ കൂടി ഒരു പ്രധാനമന്ത്രിയേ കടന്നു പോയതായി എനിക്കറിയൂ. അത് ശ്രീമതി ഇന്ദിരാഗാന്ധി ആണ്. 1973-ൽ കേരളത്തിൽ നടപ്പിലാക്കിയ ലക്ഷംവീട് പദ്ധതി ഉദ്ഘാടനം ചെയ്യാൻ കോലഞ്ചേരിക്ക് അവർ പോയത് വെങ്ങോല വഴിയാണ്.

അതിനു മുൻപേ തന്നെ ഇന്ദിരാഗാന്ധി എനിക്ക് പ്രിയപ്പെട്ട ആളായിരുന്നു. ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് അവർ നൽകിയ നേതൃത്വം, എനിക്ക് ഏഴു വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നു എങ്കിലും എന്റെ രാഷ്ട്രീയ ഗുരുവായിരുന്ന Kerala Kumar എസ് കെ എനിക്ക് പറഞ്ഞു തന്നിരുന്നു. എസ് കെ യുടെ രാഷ്ട്രീയ ആദർശ പുരുഷൻ ആയിരുന്ന വാജ്‌പേയ് രാഷ്ട്രീയത്തിൽ ഇന്ദിരാഗാന്ധിയുടെ എതിരാളി ആയിരുന്നിട്ട് പോലും യുദ്ധകാലത്തെ അവരുടെ പെരുമാറ്റത്തോടെ ഏറെ പ്രകീർത്തിച്ചിരുന്നു.

പിൽക്കാലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതും, അക്കാലത്ത് ഇന്ത്യയിൽ പലയിടത്തും ഉണ്ടായ അതിക്രമങ്ങളും അവരുടെ പ്രതിച്ഛായയെ ബാധിച്ചു. അടിയന്തിരാവസ്ഥയുടെ തെറ്റുകളെപ്പറ്റി എസ് കെ അന്നുതന്നെ എന്നോട് പറഞ്ഞുതന്നിട്ടുണ്ട്. അപ്പോൾ കുറച്ച് ഇഷ്ടം ഒക്കെ പോയി. തിരഞ്ഞെടുപ്പ് വന്നപ്പോൾ അവർ തോൽക്കണം എന്നാഗ്രഹിച്ചു. തോറ്റപ്പോൾ അതിശയവും സന്തോഷവും തോന്നി.

പക്ഷെ ആ ഇഷ്ടക്കുറവ് അധികകാലം നീണ്ടുനിന്നില്ല. 1980-ൽ അധികാരത്തിൽ തിരിച്ചു വന്നതിനുശേഷം സിഖ് തീവ്രവാദത്തെ നേരിടുന്നതിൽ ഒരിക്കൽ കൂടി അവർ നിശ്ചയദാർഢ്യം പ്രകടിപ്പിച്ചു. ലോകം തീവ്രവാദത്തിന്റെ ഭീഷണിയെപ്പറ്റി ബോധവാന്മാർ ആകുന്നതിലും എത്രയോ മുൻപാണ് ഇന്ത്യക്ക് അത് നേരിടേണ്ടി വന്നത്. അതിനെ നമ്മൾ നേരിട്ട രീതി ഇപ്പോൾ ലോകത്തിന് പാഠമാണ്. അതിന് ശക്തമായ നേതൃത്വം നൽകിയത് ശ്രീമതി ഗാന്ധി ആണ്.

ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ ഏറ്റവും മികവേറിയ കാലം പക്ഷെ ബംഗ്ലാദേശിലെ വിമോചന സമരകാലം തന്നെയാണ്. അഭയാർത്ഥി പ്രശ്നം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലത്താണ് അവർ അമേരിക്കയിലും റഷ്യയിലും സന്ദർശനം നടത്തിയത്. റഷ്യയുമായി ദീർഘകാല സമാധാന സൗഹൃദ സഹകരണ കരാർ ഉണ്ടാക്കി. ഇന്ത്യയെ വിരട്ടി നിർത്താനുള്ള അമേരിക്കൻ ശ്രമങ്ങളെ ചെറുത്തുനിന്നു. ഇതൊക്കെ ഇന്ന് വലിയ സംഭവം അല്ല എന്ന് തോന്നാം, പക്ഷെ ഇന്നത്തെ ഇന്ത്യ അല്ല അന്നത്തെ ഇന്ത്യ. ഭക്ഷണത്തിന് പോലും മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന കാലമാണ്. അവിടെയാണ് വൻശക്തികൾ തമ്മിലുള്ള കിടമത്സരത്തെ തന്ത്രപൂർവം ഉപയോഗിച്ച് ഇന്ത്യ നയതന്ത്രമായ വിജയം യുദ്ധതിന് മുൻപേ നേടിയത്. യുദ്ധത്തിന് മുൻപും, യുദ്ധ സമയത്തും യുദ്ധത്തിന് ശേഷവും അവർ കാണിച്ച നേതൃത്വപാടവം ആണ് സ്റ്റേറ്റ്‌സ്മാൻഷിപ് എന്നൊക്ക പറയുന്നത്. ലോക ചരിത്രത്തിൽ തന്നെ അപൂർവമായേ അതൊക്കെ ഉണ്ടാകാറുള്ളൂ.

ഇപ്പോൾ നമ്മൾ ഓർക്കാത്ത പലതും ഉണ്ട്. വലിയ രാഷ്ട്രീയപാരമ്പര്യം ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഒട്ടും പ്രവർത്തന പരിചയമില്ലാതെയാണ് അവർ നേതൃത്വത്തിൽ എത്തിയത്. അതുകൊണ്ടു തന്നെ ‘സംസാരിക്കാത്ത പാവക്കുട്ടി’ (Goongi Gudiya) എന്നാണ് അന്നത്തെ കോൺഗ്രസിലെ ഉൾപ്പടെയുള്ള രാഷ്ട്രീയ താപ്പാനകൾ അവർക്ക് പേരിട്ടത് (ഇപ്പോഴത്തെ പപ്പുമോൻ പ്രയോഗം ഒന്നും റാഡിക്കൽ ആയ ഒരു മാറ്റമല്ല). പിൽക്കാലത്ത് അവരെയെല്ലാം മലർത്തിയടിച്ച് അവർ ശക്തയായ രാഷ്ട്രീയക്കാരിയും പ്രധാനമന്ത്രിയുമായി. അവരുടെ വിപ്ലവകരമായ പല രാഷ്ട്രീയ-സാമ്പത്തിക തീരുമാനങ്ങളും നടന്നത് 1970-ന് മുൻപാണ്. അക്കാലം എനിക്ക് ഓർമ്മയുള്ളതല്ല. നെഹ്രുവിന്റെ മരണശേഷം ഇന്ത്യ ഒരു രാജ്യമായി നിലനിൽക്കുമോ എന്നുപോലും ചിന്തിച്ചിരുന്ന ഒരു കാലത്ത് നിന്നും ഇന്ത്യയെ രാഷ്ട്രീയമായും സൈനികമായും ശക്തയാക്കിയതും, ആണവപരീക്ഷണം നടത്താൻ രാജ്യത്തിന് കരുത്തുണ്ടാക്കിയതും ശ്രീമതി ഗാന്ധിയുടെ നേതൃത്വം തന്നെയാണ്.

പരിസ്ഥിതി എന്നത് വലിയ ഫാഷൻ ഒന്നും ആല്ലാതിരുന്ന കാലത്ത് 1972-ൽ സ്റ്റോക്ക്ഹോൽമിൽ നടന്ന ഒന്നാം പരിസ്ഥിതി ഉച്ചകോടിയിൽ വിദേശത്തു നിന്നും പങ്കെടുത്ത ഒരേ ഒരു പ്രധാനമന്ത്രി ശ്രീമതി ഗാന്ധി ആയിരുന്നു (ഇരുപത് വർഷം കഴിഞ്ഞു റിയോവിൽ രണ്ടാമത്തെ പരിസ്ഥിതി ഉച്ചകോടി വന്നപ്പോഴേക്കും നൂറിലധികം രാഷ്ട്രത്തവന്മാർ അതിൽ പങ്കെടുത്തു എന്നും കൂട്ടി വായിക്കണം). നമ്മുടെ വനങ്ങളുടെ സംരക്ഷണത്തിന് ശക്തമായ നിയമങ്ങൾ ഉണ്ടാക്കുകയും കേരളത്തിൽ സൈലന്റ് വാലിയെ സംരക്ഷിക്കുകയും ഉൾപ്പടെ പരിസ്ഥതി രംഗത്ത് പ്രസംഗത്തെക്കാൾ പ്രവർത്തി നടത്തിയ ആളായിരുന്നു അവർ.

ഇപ്പോൾ ഇന്ദിരാഗാന്ധിയെ ഇഷ്ടപ്പെടുന്നവരും എതിർക്കുന്നവരും ഉണ്ട്. എല്ലാം ശരിയായി ചെയ്ത ആളൊന്നുമല്ല അവർ. അങ്ങനെ ആരെങ്കിലും ലോകത്തുണ്ടോ?. പക്ഷെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അവരുടെ ആകപ്പാടെയുള്ള സംഭാവന ഏറെ ഗുണകരമായിരുന്നു എന്നതിൽ എനിക്ക് സംശയമില്ല. അതുകൊണ്ടുതന്നെ അവരുടെ മരണം അന്നും ഇന്നും എന്നെ സങ്കടപ്പെടുത്തുന്നു. സ്വന്തം രാജ്യത്തിന്റെ നന്മക്ക് വേണ്ടി എടുത്ത തീരുമാനത്തിന്റെ പേരിൽ, അതും സ്വയസുരക്ഷക്ക് ഭീഷണി ഉണ്ടാകും എന്ന തിരിച്ചറിവോടെ എടുത്ത തീരുമാനത്തിന്റെ പേരിലാണ് അവർ കൊല്ലപ്പെട്ടത് എന്നത് എനിക്ക് ശ്രീമതി ഗാന്ധിയോടുള്ള ആദരവ് കൂട്ടുകയും ചെയ്യുന്നു.

ശ്രീമതി ഇന്ദിരാഗാന്ധിയുടെ ചരമദിനമായ ഒക്ടോബർ 31-ന് അവരോടുള്ള സ്നേഹാദരങ്ങളോടെ…!

മുരളി തുമ്മാരുകുടി.

Leave a Comment