പൊതു വിഭാഗം

ഇന്ത്യയുടെ ജനസംഖ്യ

National Family Health Survey 5 (2019-2020) വായിക്കുകയായിരുന്നു.
അഞ്ചു വർഷം കൂടുന്പോഴാണ് ഈ സർവ്വേ നടക്കുന്നത്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലായി ലക്ഷക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചിട്ടുള്ള സർവ്വേ ആണ്. ജനസംഖ്യ, ആരോഗ്യം, ഭക്ഷണശീലങ്ങൾ, കുടിവെള്ളവും വെളിച്ചവും ലഭ്യമാണോ, സ്ത്രീകൾക്ക് എതിരെ കുടുംബത്തിനകത്തുള്ള അക്രമങ്ങൾ എന്നിങ്ങനെ പതിനേഴ് വിഷയങ്ങളാണ് സർവ്വേ ചെയ്യുന്നത്.
സാന്പിൾ സർവ്വേ വച്ചുള്ളതാണെങ്കിലും ഇന്ത്യയിലെ മിക്കവാറും പ്രദേശങ്ങൾ കവർ ചെയ്യുന്നത് കൊണ്ടും വലിയ സാന്പിൾ സൈസ് ഉള്ളതുകൊണ്ടും മൊത്തത്തിലുള്ള ട്രെൻഡ് അറിയാനും നയപരമായ തീരുമാനങ്ങളെടുക്കാൻ ഉപയോഗിക്കാവുന്നതുമായ ഒന്നാണ് ഈ സർവ്വേ.
മുൻപ് പറഞ്ഞ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ താല്പര്യമുളളവർ വായിച്ചു നോക്കണം.
എന്നെ അതിശയിപ്പിച്ചത് ജനസംഖ്യയെപ്പറ്റിയുള്ള കണ്ടെത്തലുകളാണ്. ഇന്ത്യയുടെ ജനസംഖ്യ വളരുകയാണെന്നും വലിയ താമസമില്ലാതെ ലോകത്തിൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും നമുക്കെല്ലാം അറിയാമല്ലോ.
പക്ഷെ ഇതാദ്യമായി ഇന്ത്യയിലെ ‘ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്’ രണ്ടിലേക്ക് താഴ്ന്നിരിക്കുന്നു എന്നാണ് സർവ്വേ പറയുന്നത്. (The total fertility rate in a specific year is defined as the total number of children that would be born to each woman if she were to live to the end of her child-bearing years and give birth to children in alignment with the prevailing age-specific fertility rates.).
ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് 2.1 എങ്കിലുമുള്ള രാജ്യത്തിൽ മാത്രമേ ദീർഘകാല അടിസ്ഥാനത്തിൽ നോക്കിയാൽ ജനസംഖ്യയുടെ വർദ്ധനവ് ഉണ്ടാവുകയുള്ളൂ. അല്ലെങ്കിൽ അവിടേക്ക് പുറമേ നിന്ന് ആളുകൾ വരേണ്ടി വരും.
ജപ്പാനോക്കെ തൊള്ളായിരത്തി അറുപതുകളിൽ തന്നെ ഈ 2.1 എന്ന നിരക്കിന് താഴെ പോയതാണ് (ഇപ്പോൾ 1.4). അതുകൊണ്ട് തന്നെ ഈ നൂറ്റാണ്ട് തുടങ്ങിയപ്പോൾ മുതൽ ജപ്പാനിലെ ജനസംഖ്യ താഴേക്കാണ്.
ഇത് തന്നെയാണ് നമുക്കും സംഭവിക്കാൻ പോകുന്നത്. മുപ്പതോ നാല്പതോ വർഷത്തിനകം ഇന്ത്യയുടെ ജനസംഖ്യയും പരമാവധിയിലെത്തിയ ശേഷം താഴേക്ക് പോന്നു തുടങ്ങും. കേരളത്തിൽ ഈ ടി.എഫ്.ആർ ഒക്കെ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ രണ്ടിൽ താഴെ എത്തിയിരുന്നു, അതുകൊണ്ട് ഇനി കേരളത്തിലെ ജനസംഖ്യ താഴേക്ക് വരാൻ അധികം കാലം വേണ്ട.
ജനസംഖ്യ കുറയുക എന്നത് ഒരു നല്ല കാര്യമായിട്ടാണ് പൊതുവെ തോന്നുക. പക്ഷെ അത് ഉണ്ടാക്കുന്ന വേറെ വെല്ലുവിളികൾ ഉണ്ട്. ചെറുപ്പക്കാരുടെ എണ്ണം കുറയുന്നു, പ്രായമായവരുടെ എണ്ണം കൂടുന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ പ്രായമായവർ കൂടുതൽ നാൾ ജോലിയിൽ തുടരേണ്ടി വരും. ജപ്പാനിൽ 65 നും 70 നും ഇടക്ക് പ്രായമുള്ള അന്പത് ശതമാനം ആളുകളും തൊഴിൽ രംഗത്ത് ഉണ്ട്. 70 നും 74 നും ഇടക്കുള്ള മൂന്നിലൊന്നു പേർക്കും റിട്ടയർ ചെയ്യാൻ പറ്റിയിട്ടില്ല !.
55 വയസ്സിൽ റിട്ടയറായി അടുത്ത തലമുറയുടെ ചിലവിൽ ഏറെകാലം സുഖമായി ജീവിക്കാം എന്നുള്ള പ്രതീക്ഷ ഇനി ഏറെ നാൾ വേണ്ട.
തൊഴിൽ ചെയ്യുന്ന റോബോട്ടുകളെ എത്തിക്കുക എന്നതാണ് ഒരു മാർഗ്ഗം. അപ്പോൾ പിന്നെ ചെറുപ്പക്കാർക്കും പ്രായമായവർക്കും നോക്കുകൂലിയും കിറ്റും വാങ്ങി സുഖമായി കഴിയാം.
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.
മുരളി തുമ്മാരുകുടി
No photo description available.No photo description available.

Leave a Comment