പൊതു വിഭാഗം

ഇനി മുല്ലപ്പെരിയാർ

അടിയും മീറ്ററുമായി കേരളത്തിലെ അണക്കെട്ടുകൾ പല തട്ടിൽ നിൽക്കുന്ന കാര്യം ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്നിപ്പോൾ മുല്ലപ്പെരിയാറിലെ നീരൊഴുക്കിന്റെ കണക്കുകൾ വന്നു തുടങ്ങി, അത് cusec എന്ന യൂണിറ്റിലാണ്. ഇന്നലെ വരെ നമ്മൾ cumec ഉം ലിറ്ററും ആണ് കേട്ടിരുന്നത്.
 
ഒരു വെബ്‌സൈറ്റിൽ ഡേറ്റ കൊടുക്കുമ്പോൾ എല്ലാം ഒരേ യൂണിറ്റിൽ ആകുന്നതാണ് അന്താരാഷ്ട്രീയമായി നല്ല പ്രാക്ടീസ്. ഇപ്പോഴത്തെ പ്രിയോറിറ്റി ഇതൊന്നുമല്ല എന്നെനിക്കറിയാം. നിസ്സാര കാര്യമല്ലേ, എന്തിനാണ് അനാവശ്യമായ കൺഫ്യൂഷൻ ഉണ്ടാക്കുന്നത്. മുല്ലപ്പെരിയാറിലെ CUSECS വെള്ളം ഇടുക്കിയിൽ എത്തുമ്പോഴേക്കും അതിനെ CUMECS ആക്കി മാറ്റാൻ നമ്മുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ ശ്രമിക്കണം.
 
ഒരു cumec എന്നാൽ ഒരു ഘനമീറ്റർ വെള്ളം ഒരു സെക്കൻഡിൽ എന്നാണ്, അതായത് 1000 ലിറ്റർ/second
 
ഒരു cusec എന്നാൽ ഒരു ഘന അടി വെള്ളം ഒരു സെക്കൻഡിൽ എന്നാണ്, അതായത് 28.3 ലിറ്റർ/second
 
ഏകദേശം മുപ്പത്തി അഞ്ച് cusec വെള്ളം കൂടിയാൽ ആണ് ഒരു cumec ആകുന്നത്. കൃത്യം പറഞ്ഞാൽ 35.314666212661
 
ബാക്കി എല്ലാം പറഞ്ഞ പോലെ.
 
കേരളത്തിൽ ഇന്ന് ബഹുഭൂരിപക്ഷം ആളുകൾക്കും ഉറക്കമില്ലാത്ത രാത്രി ആണെന്ന് തോന്നുന്നു. കാര്യങ്ങൾ ഞാനും വീക്ഷിക്കുന്നുണ്ട്. ദുരന്ത ലഘൂകരണ രംഗത്ത് എന്തൊക്കെയാണ് പിഴച്ചത്, ദുരന്ത നിവാരണരംഗത്ത് എന്തൊക്കെയാണ് ശരിയാവുന്നത് എന്നെല്ലാം ഞാൻ സസൂക്ഷ്മം ശ്രദ്ധിക്കുന്നുണ്ട്. ഏറെ പാഠങ്ങൾ പഠിക്കാനുണ്ട്.
 
അനേകം ജനങ്ങൾ വീട് നഷ്ടപ്പെട്ടും ദുരിതാശ്വാസ ക്യാംപിലും കഴിയുമ്പോൾ, എല്ലാ സർക്കാർ വിഭാഗങ്ങളും ഡാമും, റോഡും, ബസും, വൈദ്യുതിയും, തോടും, ആശുപത്രികളും, ക്യാംപുകളും നന്നായി നടത്താൻ ബുദ്ധിമുട്ടുമ്പോൾ കുറ്റപ്പെടുത്തലുകൾ അല്ല വേണ്ടത്.
 
ഇനിയുള്ള ദിവസങ്ങൾ ദുരിതാശ്വാസത്തിന്റേതാണ്. അത് കഴിഞ്ഞാവാം വിശകലനങ്ങൾ.
 
ഇപ്പോൾ തന്നെ അധികം മാധ്യമങ്ങളുള്ള എറണാകുളത്തും വലിയ ഡാമുള്ള ഇടുക്കിയിലും ഉള്ളത്ര മാധ്യമ ശ്രദ്ധ വയനാട്ടിലും മൂന്നാറിലും കിട്ടുന്നില്ല. അവിടങ്ങളിലേക്കുള്ള യാത്ര ബുദ്ധിമുട്ടാകുന്നതോടെ അതിനിയം കുറയും. കേരളത്തിലെ എല്ലാ ജില്ലകളിലും ഗ്രാമങ്ങളിലും ഉള്ളവരുടെ പ്രശ്നങ്ങൾ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും മുന്നിൽ കൊണ്ടുവരണം. കേരളത്തിന് ഇപ്പോൾ ഒരു ‘survivor rights protocol’, അതായത് ഒരു ദുരന്തത്തിൽ പെട്ടവർക്ക് സർക്കാരിൽ നിന്നും സമൂഹത്തിൽ നിന്നും എന്ത് പ്രതീക്ഷിക്കാം എന്ന് അവർക്ക് അറിയില്ല.
 
വയനാട്ടിലെ ഏതെങ്കിലും ഗ്രാമത്തിൽ വീട് നഷ്ടപ്പെടുകയോ പണിക്കുപോകാതെ ആളുകൾ പട്ടിണി ആവുകയോ ചെയ്താൽ അവർ അക്കാര്യം പുറത്തു പറഞ്ഞുവെന്ന് വരില്ല. പുറം ലോകം അറിയാത്തത് കൊണ്ട് ആളുകളുടെ ദുരിതം കൂടുന്ന അവസ്ഥ ഉണ്ടാകരുത്. ഇക്കാര്യമാണ് മാധ്യമങ്ങൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത്. ബി ബി സി ഒക്കെ ചെയ്യുന്നത് പോലെ ജനങ്ങളോട് അവരുടെ പ്രദേശങ്ങളിൽ നിന്നും വാർത്തകൾ മൊബൈലിൽ അറിയിക്കാൻ പറയണം. ഈ ദുരന്തത്തെ തുടർന്ന് ഒരു പട്ടിണി മരണം കേരളത്തിൽ ഉണ്ടായാൽ അത് കേരള സമൂഹത്തിന് തീരാക്കളങ്കമാകും, മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും പരാജയവും.
 
നിങ്ങൾ കേരളത്തിൽ എവിടെ ആണെങ്കിലും സുരക്ഷിതരായിരിക്കുക. അയൽക്കാരന്റെ വീട്ടിലേക്കും അടുക്കളയിലേക്കും ഒരു കണ്ണും കരുതലും ഉണ്ടായിരിക്കുക. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പരമാവധി സഹകരിക്കുക. നാട്ടിലും നഗരത്തിലും ഈ മഴക്കാലത്ത് എവിടെ ഒക്കെ വെള്ളം കയറി, മണ്ണിടിഞ്ഞു, ഉരുൾ പൊട്ടി എന്നൊക്കെ ശ്രദ്ധിക്കുക, ഭാവിയിൽ ആവശ്യം വരും.
 
മുരളി തുമ്മാരുകുടി

Leave a Comment