പൊതു വിഭാഗം

ഇനി അല്പം തത്വശാസ്ത്രം…

എനിക്ക് ഒന്നിൽ കൂടുതൽ തവണ സംഭവിച്ചിട്ടുള്ള ഒരനുഭവം പറയട്ടെ. എന്റെ വളരെ അടുത്ത രണ്ടു കൂട്ടുകാർ, രണ്ടു പേരുമായിട്ടും സമയം ചിലവാക്കുന്നത് എനിക്കിഷ്ടമാണ്. അപ്പോൾ ഞാൻ കരുതും ഇവരെ രണ്ടുപേരെയും കൂടി ഒരുമിച്ചു വിളിച്ചാൽ നല്ല കമ്പനി ആകും. ഞാൻ Mr A ആയിട്ടും Mr B ആയിട്ടും നല്ല കമ്പനി ആയ സ്ഥിതിക്ക് A യും B യും സ്വാഭാവികമായും കമ്പനി ആകുമല്ലോ.

പക്ഷെ സംഭവിക്കുന്നത് അതല്ല. നമ്മൾ രണ്ടുപേരും എന്റെ അടുത്ത സുഹൃത്തുക്കളാണെങ്കിലും അവർ തമ്മിൽ സ്വാഭാവികമായി ഇഷ്ടപ്പെടണമെന്നോ കമ്പനി ആസ്വദിക്കണമെന്നോ ഇല്ല. കൂട്ടായ ഡിന്നർ ഫ്ലോപ്പാവും.

എന്താണ് ഇതിന്റെ കാരണം എന്ന് ചിലപ്പോൾ ചിന്തിക്കാറുണ്ട്. ഇതിനെപ്പറ്റി എനിക്കൊരു സിദ്ധാന്തം ഉണ്ട്. നമ്മൾ എല്ലാവരും Jigsaw puzzle ന്റെ ഒരു കഷണം പോലെയാണ്. അതിന് പല വശങ്ങളുണ്ട്. ആ ഓരോ വശവും വ്യത്യസ്തമാണ്. ഓരോ വശത്തും ശരിയായി ഫിറ്റ് ചെയ്യാൻ പറ്റുന്നത് വ്യത്യസ്തമായ മറ്റൊരു കഷണം ആണ്. പക്ഷെ ആ രണ്ടു കഷണങ്ങൾ തമ്മിൽ ചേർന്ന് പോകണം എന്നില്ല.

നമ്മുടെ വ്യക്തിത്വത്തിന്റെ വ്യത്യസ്‌ത ഭാവങ്ങളുമായി ചേർന്നുപോകുന്നവരാണ് നമ്മുടെ സുഹൃത്തുക്കൾ ആയിരിക്കുന്നത്. നമ്മൾ jigsaw പോലെ ടു ഡൈമൻഷനൽ അല്ലാത്തതിനാൽ ഇതെങ്ങനെയാണെന്ന് നമുക്ക് പോലും വ്യക്‌തമല്ല. പക്ഷെ നമ്മൾ രണ്ടുപേരോട് ഒരുപോലെ തന്നെ അടുപ്പത്തിലാണെങ്കിലും ഒരാളോടുള്ള ചേർച്ച പോലെ ആയിരിക്കണമെന്നില്ല രണ്ടാമത്തെ ആളോട്. അതുകൊണ്ടാണ് നമ്മളോട് ചേർന്നിരിക്കുന്ന രണ്ടുപേർ തമ്മിൽ ചേരാത്തത്.

ഇതിന് ഒരു പ്രായോഗിക തലമുണ്ട്. നിങ്ങളുടെ ക്ലോസ് ഫ്രണ്ടിന്റെ ക്ലോസ് ഫ്രണ്ടിനെ ക്ലോസ് ഫ്രണ്ടിന്റെ റെക്കമെൻഡേഷനിൽ കല്യാണം കഴിക്കാൻ പോകരുത്, പണി പാളും…

Leave a Comment