പൊതു വിഭാഗം

ഇനിയും ഓണം വരും, വിഷു വരും, വർഷം വരുമോ?

എല്ലാ ഓണത്തിനും ഞാൻ നാട്ടിലെത്താൻ ശ്രമിക്കാറുണ്ട്. ആഗസ്റ്റ് ഇരുപത്തി മൂന്ന് സിദ്ധാർത്ഥിന്റെ പിറന്നാൾ ആയതിനാൽ നാട്ടിലെത്താൻ പ്രത്യേക താല്പര്യവും ഉണ്ട്. അതുപോലൊരു അവധിക്കാലമാണ് പ്ലാനിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം മുതൽ തലശ്ശേരി വരെയുള്ള കരയോഗങ്ങളിൽ സ്വീകരണം സ്വന്തമായി അറേഞ്ച് ചെയ്യുകയും ചെയ്തിരുന്നു.

വി പ്രൊപ്പോസ്, ഡിങ്കൻ ഡിസ്പോസ് എന്നാണല്ലോ ഡിങ്കമത പ്രമാണം. കേരളത്തിൽ എത്തിയത് പോലും എൻറെ പ്ലാനനുസരിച്ചല്ല നടന്നത്. കൊച്ചിയിൽ വിമാനത്താവളം അടച്ചതിനാൽ രണ്ടു ദിവസം അബു ദാബിയിൽ കുടുങ്ങി. ആഗസ്റ്റ് ഇരുപത്തി ഒന്നിന്, ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കം തീർന്ന ശേഷം തിരുവനന്തപുരത്ത് എത്തി. അന്ന് മുതൽ സെപ്റ്റംബർ ഏഴു വരെ ഈ വർഷത്തെ മഴക്കാലക്കെടുതികളുടെ നടുവിലായിരുന്നു അവധിക്കാലം.

മുൻപ് പറഞ്ഞത് പോലെ ഐക്യകേരള ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് കേരളത്തെ കുലുക്കിയത്. ദുരന്തത്തെ മുൻകൂട്ടി കാണുന്നതിലും പ്രതിരോധിക്കുന്നതിലും നമ്മൾ പരാജയപ്പെട്ടെങ്കിലും, ദുരന്തം ഉണ്ടായിക്കഴിഞ്ഞുള്ള സർക്കാരിന്റെയും ജനങ്ങളുടെയും പ്രതികരണം ഏറ്റവും മികച്ചതായിരുന്നു. ചെങ്ങന്നൂർ തൊട്ടു ബത്തേരി വരെയുള്ള പ്രദേശങ്ങളിൽ ദുരന്തത്തിന്റെ പല രൂപങ്ങൾ കണ്ടു, അവിടെ എല്ലാം പ്രതീക്ഷയുടെ മുഖങ്ങളാണ് നിരാശയുടെ മുഖങ്ങളേക്കാൾ കൂടുതൽ കണ്ടത്.

ദുരന്താനന്തര കേരളത്തിന്റെ പുനർനിർമ്മാണം എന്നത് അടുത്ത ഒന്നോ രണ്ടോ മാസങ്ങളിൽ തീരുന്ന ഒന്നായിരിക്കില്ല. ചുരുങ്ങിയത് മൂന്നു വർഷം അതിന് വേണ്ടി വരും. കെട്ടിടങ്ങളുടേയും റോഡുകളുടേയും പുനർ നിർമ്മാണം എളുപ്പമാണ്. നിയമങ്ങൾ മാറ്റുക കൂടുതൽ ബുദ്ധിമുട്ടാണ്. കൃഷി, സ്ഥല വിനിയോഗം, നിക്ഷേപം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ജനങ്ങൾക്കുള്ള അടിസ്ഥാന ചിന്തകൾ മാറ്റുക എന്നാൽ ഏറെക്കുറെ അസാധ്യം തന്നെയാണ്. പക്ഷെ നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിടുമ്പോൾ നമ്മൾ ചരിത്രപരമായ മാറ്റങ്ങൾക്ക് തയ്യാറാകുക തന്നെ വേണം. ചരിത്രം എഴുതുന്ന തലമുറയാകണം നമ്മൾ. പിൽക്കാല തലമുറ നമ്മെ ഓർക്കേണ്ടത്, ഒരു ദുരന്തന്തിൽ നിന്നും പാഠങ്ങൾ പഠിച്ച് കാലാവസ്ഥാ വ്യതിയാനത്തിന്റെ ലോകത്ത് സുരക്ഷിതമായ ഒരു പ്രദേശം, വികസന സാധ്യതകളോടെ അടുത്ത തലമുറക്ക് കൈമാറ്റം ചെയ്ത ഒരു തലമുറ എന്ന രീതിയിൽ ആകണം.
ഇത്തരത്തിലുള്ള ചരിത്രപരമായ ഒരു മാറ്റത്തിന് നമ്മുടെ തലമുറ തയ്യാറാണോ എന്ന ചോദ്യമാണ് കേരളത്തിൽ നിന്നും തിരിച്ചു വിമാനം കയറുമ്പോൾ എൻറെ മനസ്സിലുള്ളത്.

അടുത്ത ഒരു മാസം വലിയ തിരക്കുള്ള സമയമാണ്, അതേ സമയം പുനർനിർമ്മാണത്തെപ്പറ്റി ഏറെ തീരുമാനങ്ങൾ എടുക്കുന്ന സമയവും. കഴിയുന്ന പോലെ ഇക്കാര്യത്തിൽ ആശയങ്ങൾ കൊണ്ട് ഇടപെടും. സാധാരണ ആഗസ്റ്റിൽ പോയാൽ ഡിസംബറിലേ വരവുണ്ടാകാറുള്ളൂ. പക്ഷെ ഈ വർഷം ഒരു വരവ് കൂടി വരേണ്ടി വരും.

മുരളി തുമ്മാരുകുടി

Leave a Comment