പൊതു വിഭാഗം

ഇനിയും എത്ര പേർ മരിക്കണം?

“കുണ്ടറയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ 4 പേർ ശ്വാസം മുട്ടി മരിച്ചു”,

ഇന്നത്തെ വാർത്തയാണ്.

രക്ഷിക്കാൻ ഇറങ്ങിയ ഫയർ സർവ്വീസ് ഉദ്യോഗസ്ഥൻ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാൽ ആശുപത്രിയിൽ ആണെന്നാണ് വായിച്ചത്. ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.

കേരളത്തിൽ ആദ്യമായിട്ടല്ല ഇത്തരത്തിൽ ഒരു വർത്ത വരുന്നത്. ഒന്നും രണ്ടും മൂന്നുമൊക്കെയായി എത്രയോ ആളുകളാണ് ഓരോ വർഷവും കിണർ വൃത്തിയാക്കുന്പോൾ  വിഷവാതകം ശ്വസിച്ചോ ശ്വാസം മുട്ടിയോ മരിക്കുന്നത്!

ഒന്ന് ഗൂഗിൾ ചെയ്തു നോക്കൂ.

ഹോട്ടലിന്റെ കിണർ ശുചിയാക്കാൻ ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളി ശ്വാസം മുട്ടി മരിച്ചു, May 28, 2020 

“കോട്ടയത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് പേര്‍ ശ്വാസം മുട്ടി മരിച്ചു”, 2019 മെയ് 28

ആലപ്പുഴയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടു പേർ ശ്വാസം മുട്ടി മരിച്ചു, ഫെബ്രുവരി 13, 2018

കിണര്‍ വൃത്തിയാക്കാനിറങ്ങിയ ആള്‍ മരിച്ചു… April 17, 2017 

ചങ്ങനാശേരിയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ രണ്ടു ബംഗാൾ സ്വദേശികളും ഒരു മലയാളിയും മരിച്ചു, മെയ് 7,  2016

എന്തൊരു കഷ്ടമാണ്. എന്താണ് നമ്മൾ ഒന്നും പഠിക്കാത്തത്?

ഇതിൽ കഷ്ടം എന്തെന്ന് വച്ചാൽ തീർത്തും ഒഴിവാക്കാവുന്ന ഒരു ദുരന്തം ആണിത്. മണ്ണിടിഞ്ഞു വീഴുന്നത് പോലെ അപ്രതീക്ഷിതമായി സംഭവിക്കുന്നതല്ല. ജോലി ചെയ്യുന്നവർക്ക്, അതിന് മേൽനോട്ടം നൽകുന്നവർക്ക്, എന്തിന് രക്ഷാ പ്രവർത്തനം നടത്തുന്നവർക്ക് ഒന്നും ഈ വിഷയത്തിൽ അടിസ്ഥാനമായ അറിവ് പോലും ഇല്ല. ഒന്നിന് പുറകെ ഒന്നായി ആളുകൾ കിണറ്റിൽ ഇറങ്ങി മരിക്കുന്നത് അതുകൊണ്ടാണ്.

Confined Space Entry എന്നുള്ളത് സുരക്ഷാ രംഗത്തെ ഒരു അടിസ്ഥാന പരിശീലനമാണ്. സാധാരണ ഗതിയിൽ ആളുകൾ സ്ഥിരമായി താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്യാത്തതും അങ്ങോട്ട് പോകാനും പുറത്തു കടക്കാനും അല്പം ബുദ്ധിമുട്ടുള്ളതും ആയ  സ്ഥലങ്ങളെ ആണ് confined space എന്ന് പറയുന്നത്. അവിടെ ജോലി ചെയ്യാൻ തുടങ്ങുന്നതിന് മുൻപ് എടുക്കേണ്ട പല മുൻകരുതലുകളുണ്ട്. ഒരു ദിവസം നീണ്ട പരിശീലനം ആയതുകൊണ്ട് ഞാൻ ചുരുക്കി പറയാം. ആ പരിശീലനത്തിൽ പ്രധാനമായ ഒന്ന്  എവിടെയാണോ ജോലിക്ക് ഇറങ്ങുന്നത്, അവിടെ എന്തൊക്കെ അപകട സാദ്ധ്യതകൾ ഉണ്ടെന്ന് അറിയണം, അത് പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാകണം, മനുഷ്യന് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയിട്ടും സുരക്ഷിതമായി അവിടെ ജോലി ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടും വേണം അവിടെ പണി തുടങ്ങാൻ. ഒരാൾക്ക് അപകടമുണ്ടായാൽ അയാളെ എങ്ങനെ പുറത്തിറക്കണം, എങ്ങനെ പ്രഥമ ശുശ്രൂഷ നൽകണം എന്നതും  പരിശീലനത്തിന്റെ പ്രധാന ഭാഗമാണ്.

കേരളത്തിൽ ഓടയിലോ കിണറിലോ കുളത്തിലോ ഇറങ്ങി ജോലി ചെയ്യുന്ന എല്ലാവർക്കും ഈ പരിശീലനം നിർബന്ധമാക്കണം. ഇത്തരത്തിൽ പരിശീലനം ലഭിച്ച സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കൊണ്ട് ഈ തൊഴിൽ ചെയ്യിക്കരുത് എന്നത് നിയമം ആകണം. ഇത്തരം പരിശീലനം നല്കാൻ കൊല്ലത്ത് തന്നെയുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ച്ചർ ആൻഡ് കൺസ്ട്രക്ഷൻസ് വിചാരിച്ചാൽ ഒരു മാസം കൊണ്ട് തുടങ്ങാവുന്ന കോഴ്സ് ആണ്. ഈ വിഷയത്തിൽ പരിചയവും പരിശീലനവും ലഭിച്ച എത്രയോ ആളുകൾ ഗൾഫിൽ നിന്നും തിരിച്ചെത്തി നാട്ടിൽ ഉണ്ട്. നമ്മുടെ റിഫൈനറിയിലും മറ്റ് മുൻ നിര ഫാക്ടറികളിലും ഇത്തരം പരിശീലനങ്ങൾ ഇപ്പോഴേ ഉണ്ട്. അത് മറ്റുള്ളവർക്ക് ലഭ്യമാക്കാം.

ഈ പരിശീലനം വരുന്നതിന് മുൻപ് തന്നെ കിണറ്റിൽ അല്ലെങ്കിൽ മറ്റുള്ള കൺഫൈൻഡ് സ്പേസിൽ ജോലി തുടങ്ങുന്നതിന് മുൻപ് അവിടെ വിഷ വാതകങ്ങൾ (കാർബൺ മോണോക്‌സൈഡ്, ഹൈഡ്രോജെൻ സൾഫൈഡ്) കത്ത് പിടിക്കുന്ന വാതകങ്ങൾ ഉണ്ടോ (ഹൈഡ്രോകാർബൺ ഉൾപ്പടെ), ആവശ്യത്തിന് ഓക്സിജൻ ഉണ്ടോ എന്നൊക്കെ പരിശോധിക്കാൻ ഉള്ള ഒരു സംവിധാനം വേണം. ഒരാൾക്ക് പത്തു മിനുട്ട് നേരത്തെ പരിശീലനം കൊണ്ട് ഉപയോഗിക്കാവുന്ന (നമ്മുടെ പൾസ് ഓക്സിമീറ്റർ പോലെ) ഒരു മൾട്ടിഗ്യാസ് സേഫ്റ്റി മോണിറ്റർ ആമസോണിൽ ഉൾപ്പടെ ലഭ്യമാണ്. ഇത്തരം മൾട്ടിഗ്യാസ് മീറ്ററിന് ഇരുപത്തി അയ്യായിരം രൂപ പോലും വിലയില്ല. സ്ഥിരമായി ഈ തൊഴിൽ ചെയ്യുന്നവർ ഇത്തരം ഒരു മീറ്റർ വാങ്ങി കയ്യിൽ കരുതിയാൽ ജീവൻ രക്ഷിക്കാം, ഉറപ്പാണ്.

ഈ കാര്യം ഒന്നും ഞാൻ ആദ്യമായി പറയുന്നതല്ല. നിർഭാഗ്യവശാൽ ഇത് അവസാനത്തെ തവണയും ആകില്ല.

ഇന്നിപ്പോൾ കിണറിലെ മരണം കാരണം അവിടുത്തെ സുരക്ഷാ കാര്യം പറഞ്ഞു എന്ന് മാത്രം. നിർമ്മാണ രംഗത്തെവിടെയും നമുക്ക് ഒരു സുരക്ഷാ സംസ്കാരം ഇല്ല. നാട്ടിലെ വൻകിട കെട്ടിട നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചാൽ പോലും സുരക്ഷയുടെ അടിസ്ഥാന അറിവുള്ളവർ ഞെട്ടി പോകും. സേഫ്റ്റി ഷൂ, ഇല്ല, സേഫ്റ്റി ഹാർനെസ്സ് ഇല്ല, വേണ്ടിടത്ത് ഗ്ലൗ ഇല്ല. ഒരു ഹെൽമെറ്റ് വച്ചാൽ സുരക്ഷ ആയി എന്നാണ് നമ്മൾ ഇപ്പോഴും വിശ്വസിക്കുന്നത്. ഓരോ വർഷവും അഞ്ഞൂറിന് മുകളിൽ ആളുകളാണ് കേരളത്തിൽ നിർമ്മാണ സ്ഥലങ്ങളിൽ വീണു മരിക്കുന്നത്. അതിൽ എത്രയോ അധികം ആളുകൾ നടുവൊടിഞ്ഞു കിടക്കുന്നുണ്ടാകും.

നമ്മുടെ ചുറ്റുമുള്ള എല്ലാ തൊഴിലുകളും സുരക്ഷിതമായി ചെയ്യുക സാധ്യമാണ്. അതിന് വേണ്ട പരിശീലനം, തയ്യാറെടുപ്പ്, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ, അനുസാരികൾ ഇതൊക്കെ വേണമെന്ന് മാത്രം. ഇതൊക്കെ പറഞ്ഞു മടുത്തു.

ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ ?

മുരളി തുമ്മാരുകുടി

ഈ വാർത്തക്ക് ശേഷം ഉടൻ വന്ന രണ്ടാമത്തെ വാർത്തയും എന്നെ അതിശയപ്പെടുത്തുന്നുണ്ട്. “കിണർ മൂടണമെന്ന് ഫയർഫോഴ്സ്; അപകടകാരണം വിഷവാതകമെന്ന് സൂചന” ഇത് ശരിയാണോ എന്നറിയില്ല. എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ അത് എന്താണെന്ന് അറിയുന്നതിന് മുൻപ് “കിണർ മൂടിക്കളയുന്ന” രീതി ശരിയല്ല. ഏത് പരിശോധനയുടെ അല്ലെങ്കിൽ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത് എന്നറിയുവാൻ എനിക്ക് താല്പര്യമുണ്ട്. കാര്യങ്ങളെ ശാസ്ത്രീയമായി അറിഞ്ഞു തീരുമാനങ്ങൾ എടുക്കുന്പോൾ ആണ് മറ്റു സ്ഥലങ്ങളിൽ അപകടം ഒഴിവാക്കാൻ പറ്റുന്നത്, അല്ലാതെ അപകടം ഉണ്ടായ കിണറുകൾ  മണ്ണിട്ട് മൂടുന്പോൾ അല്ല.

 

1 Comment

  • താങ്കൾ എഴുതുന്നത് ചിലരെങ്കിലും കേൾക്കുന്നുണ്ട് ഞാൻ എല്ലാ എപ്പോഴും പ്രവൃത്തിയിൽ വരുത്താൻ ശ്രമിക്കാറുണ്ട് safty first

Leave a Comment