പൊതു വിഭാഗം

ആസ്സാമിലേക്ക് എന്താണ് അയക്കേണ്ടത് ?

ആസ്സാമിലേക്ക് അരിമുതൽ അടിവസ്ത്രം വരെ അയച്ചു സഹായിക്കണമെന്ന് പറഞ്ഞുള്ള അഭ്യർത്ഥനകൾ ടൈംലൈനിൽ കാണുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളാണ് കളക്ഷൻ സെന്റർ. എനിക്ക് ശരിക്ക് സങ്കടം വരുന്നുണ്ട്.
 
ആസാമിലേക്ക് കൊച്ചിയിൽ നിന്നും മൂവായിരം കിലോമീറ്ററിന് മുകളിലുണ്ട് ദൂരം. പണമുണ്ടെങ്കിൽ ആസ്സാമിൽ നിന്നും അഞ്ഞൂറ് കിലോമീറ്ററിനകം കിട്ടാത്ത ഒന്നും കേരളത്തിൽ നിന്നും അയക്കാനില്ല. അതിനാൽ ഈ വസ്തുക്കളെല്ലാം ഇവിടെനിന്നു ശേഖരിച്ച് ആസാമിലേക്ക് അയക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് മാത്രമല്ല അത് പണത്തിന്റെ ശരിയായ ഉപയോഗവുമല്ല.
 
ആസ്സാമിലേക്ക് കേരളത്തിൽ നിന്നും അയക്കേണ്ടത് പണമാണ്. നിങ്ങൾക്ക് കൊടുക്കാൻ പറ്റുന്നതിന്റെ പരമാവധി കൊടുക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കുന്നതാണ് ഏറ്റവും നല്ലത്. നിങ്ങൾക്ക് വിശ്വാസമുള്ള എൻ ജി ഓ ഉണ്ടെങ്കിൽ അവർക്കും പണം അയക്കാം. ആവശ്യമുള്ള കാര്യങ്ങൾ അവർ ആസാമിന് ഏറ്റവും അടുത്ത് എവിടെയാണോ ലഭ്യമായത് അവിടെ നിന്നും വാങ്ങും.
 
പ്രളയം ബാധിച്ച സ്ഥലങ്ങളിൽ ആളുകൾക്ക് ദുരിതാശ്വാസം എത്തിക്കുന്നത് പോലെതന്നെ പ്രധാനമാണ് അവിടുത്തെ കച്ചവടം പഴയ നിലയിലാക്കുക എന്നതും. നമ്മുടെ പരിചയം വെച്ച് നമുക്കറിയാം, ഒരാഴ്ചക്കുള്ളിൽ സപ്ലൈ ചെയിൻ ശരിയായി, കടകളിൽ എല്ലാ സാധനങ്ങളും കിട്ടുമെന്ന്. ആസ്സാമിൽ ഒരുപക്ഷെ രണ്ടാഴ്ച എടുത്തേക്കാം. കേരളത്തിൽ സംഭരിക്കുന്ന സാധനങ്ങൾ ഉപഭോക്താക്കളുടെ അടുത്തെത്താനും അത്രയും സമയമെടുക്കും.
 
കേരളത്തിലെ വിമാനത്താവളം തൊട്ട് കലക്ടറേറ്റ് വരെയുള്ള സ്ഥലങ്ങളിൽ ദുരിതാശ്വാസത്തിനായി ആളുകൾ അയച്ച വസ്തുക്കൾ കെട്ടിക്കിടന്നതും നമ്മൾ കണ്ടതാണ്, ലോകത്തെവിടെയും ഞാൻ കാണുന്നതാണ്. വസ്തുവകകൾ സംഭാവന ചെയ്യുന്നതിലും ശേഖരിക്കുന്നതിലും പാക്ക് ചെയ്ത് അയച്ചു കൊടുക്കുന്നതിലും ദുരന്തത്തിൽ നിന്നും രക്ഷപെട്ടവർക്ക് വിതരണം ചെയ്യുന്നതിലും ഒക്കെ ഒരു ഇ – ബാങ്കിങ്ങ് നടത്തി പണം കൊടുക്കുന്നതിലും കൂടുതൽ സംതൃപ്തിയുണ്ട് എന്നത് ശരിയാണ്. പക്ഷെ നമ്മുടെ സംതൃപ്തിയല്ല, നമ്മൾ ആരെ സഹായിക്കാൻ ശ്രമിക്കുന്നുവോ അവരുടെ താല്പര്യങ്ങളാണ് പ്രധാനം.
 
അതുകൊണ്ടാണ് ഞാൻ എൻറെ സുഹൃത്തുക്കളോട് വീണ്ടും വീണ്ടും പറയുന്നത്, ആസ്സാമിനെ സഹായിക്കൂ, പക്ഷെ അത് പണമായി അയക്കൂ.
 
മുരളി തുമ്മാരുകുടി

Leave a Comment