പൊതു വിഭാഗം

ആലപ്പാട്, വികസനത്തിന്റെ രണ്ടു പാതകൾ.

ഇലക്ഷനിൽ സീറ്റൊന്നും തരമാകാത്തതിനാൽ ജനീവയിലേക്ക് തിരിച്ചു പോകേണ്ട സാഹചര്യമായതിനാൽ പരമാവധി യാത്രകൾ ചെയ്യുകയാണ്. കൊല്ലം, വയനാട്, അട്ടപ്പാടി, ആലപ്പുഴ തുടങ്ങി പല സ്ഥലങ്ങളിലും പോയി. എസ് ഡി കോളേജ്, കൃഷി സർവ്വകലാശാല, അഗ്രികൾച്ചർ എഞ്ചിനീയറിങ്ങ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നീ സ്ഥാപങ്ങളിലും പോയി. ഓപ്പൺ ഓൺലൈൻ കോഴ്സ് മുതൽ തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ട തൊഴിൽ ഉപകരണങ്ങൾ വരെയുള്ള വിഷയങ്ങൾ ചർച്ച ചെയ്തു.
ഇതോരോന്നും വിശദമായി എഴുതാനുള്ള വിഷയങ്ങളാണ്. യാത്രയും എഴുത്തും കൂടി ഒരുമിച്ച് നടക്കാത്തതിനാൽ (അതിനിടക്ക് ജോലിയും ചെയ്യണമല്ലോ) ഓരോന്നായി എഴുതാം.
ഇന്ന് എഴുതാൻ പോകുന്നത് ആലപ്പാടിനെ പറ്റിയാണ്. ആലപ്പുഴക്കും കൊല്ലത്തിനും ഇടയിൽ ഒരു വശത്ത് കടലും മറു വശത്ത് കായലും ആയിട്ടുള്ള ഒരു ചെറിയ പ്രദേശമാണ് ആലപ്പാട്. കായലിന് കുറുകെയുള്ള രണ്ടോ മൂന്നോ പാലങ്ങളാണ് ഈ പ്രദേശത്തെ കരയുമായി ബന്ധിപ്പിക്കുന്നത്.
2004 ലെ സുനാമിയിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ച സ്ഥലമാണ് ആലപ്പാട്. അങ്ങനെയാണ് ആദ്യമായി ആലപ്പാടിനെ പറ്റി കേൾക്കുന്നത്. പിന്നീട് അവിടുത്തെ പഞ്ചായത്ത് മെന്പർ ആയ സിബി ബോണി എൻറെ സുഹൃത്തായി. ‘സേവ് ആലപ്പാട്’ സമരകാലത്ത് ആ ഗ്രാമത്തെപ്പറ്റി കൂടുതൽ വായിച്ചു. എപ്പോഴെങ്കിലും ആ വഴി വന്നാൽ വീട്ടിൽ വരണം എന്ന് സിബി പറഞ്ഞിരുന്നു.
ഈ വർഷം ആദ്യം കൊല്ലത്തു നിന്നും തിരിച്ചു പോരുന്ന സമയത്ത് ഒരു ദിവസം രാവിലെ സിബിയുടെ വീട്ടിൽ ബ്രേക്ക് ഫാസ്റ്റിന് എത്തി. അധികം ഒന്നും ഉണ്ടാക്കേണ്ട എന്ന് പറഞ്ഞിട്ടും സിബിയും കുടുംബവും സ്നേഹാധിക്യത്താൽ പുട്ടും മീനും കപ്പയും ഞണ്ടും ഉണ്ടാക്കിയത് കഴിക്കാതിരിക്കുക എന്നതൊരു വെല്ലുവിളിയാണ്.
കേരളത്തിലെ ദേശീയ ജലപാതയുടെ ഓരത്താണ് സിബിയുടെ വീട്. വെറുതെ മാവിന്റെ ചുവട്ടിൽ ഒന്നിരുന്നാൽ സമയം പോകുന്നതറിയില്ല. ചെറിയ കാറ്റുണ്ട്, ഹൌസ് ബോട്ടുകളും ഫിഷിങ്ങ് ബോട്ടുകളും ചരക്ക് വള്ളങ്ങളും പതുക്കെ കടന്നു പോകുന്നു. മറ്റു നാടുകളിൽ നിന്നും വരുന്നവർക്ക് ‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’ എന്നൊക്ക പാടാൻ തോന്നും.
എന്നാൽ ജലപാതയുടെ തൊട്ടടുത്തൊക്കെ വീടുണ്ടാവുക എന്നത് പ്രായോഗികമായി അത്ര സുഖമുള്ള കാര്യമല്ല. തലമുറകളായി അവിടെ താമസിക്കുന്നവർക്ക് പോലും വീടുകൾ വലുതാക്കുന്നതിനും പുതിയ വീടുണ്ടാക്കുന്നതിനും വലിയ നിയന്ത്രണങ്ങളുണ്ട്. കുടിവെള്ളത്തിന് ക്ഷാമം ഉണ്ട്. ഇക്കാരണങ്ങളാൽ ആ നാട്ടിലുള്ളവർ തന്നെ സാധിക്കുമെങ്കിൽ മറ്റു നാടുകളിലേക്ക് പോവുകയാണ്.
മുൻപ് പറഞ്ഞത് പോലെ ഒരു വശത്ത് ജലപാതയാണെങ്കിൽ ആലപ്പാടിന്റെ മറു വശം അറബിക്കടലാണ്. കായലിനും കടലിനുമിടയിൽ നീളത്തിൽ കിടക്കുന്ന ഒരു ദ്വീപായിരുന്നു ആലപ്പാട്. പരമാവധി വീതിയുള്ളിടത്ത് ഒരു കിലോമീറ്റർ കാണും, ഏറ്റവും ചുരുങ്ങിയ സ്ഥലത്ത് അന്പത് മീറ്റർ പോലുമില്ല. അതുകൊണ്ടാണ് സുനാമി മൊത്തമായി ദ്വീപിന് മുകളിലൂടെ കയറിയിറങ്ങിയത്. നന്നായി ഒരു കടലാക്രമണം ഉണ്ടായാൽ ദ്വീപിനെ മൊത്തം കടലെടുത്ത് പോകാം. ദ്വീപ് ഇപ്പോഴത്തേതിന്റെ ഇരട്ടി വലുപ്പത്തിൽ കടലിലേക്ക് നീണ്ടു കിടന്നിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്ന് പഴമക്കാർ പറയുന്നുണ്ട്. പലരുടെയും കയ്യിൽ കടലിൽ ഉള്ള സ്ഥലത്തിനുള്ള അധികാര പത്രങ്ങളും ആധാരങ്ങളും ഉണ്ടത്രേ. കാലാവസ്ഥ വ്യതിയാനത്തിന്റെ കാലത്ത് സമുദ്രനിരപ്പുയരുന്പോൾ ആലപ്പാട് പോലുള്ള ദ്വീപുകൾ ലോകത്തെവിടെയും അപകടത്തിലാണ്, ദ്വീപ് വാസികൾ ആശങ്കയിലും.
പക്ഷെ ഇപ്പോൾ ദ്വീപിലുള്ളവരുടെ പ്രധാന പേടി കാലാവസ്ഥ വ്യതിയാനമല്ല, കരിമണൽ ഖനനം ആണ്. വിലപ്പെട്ട മൂലകങ്ങൾക്ക് വേണ്ടി കേരള തീരത്ത് നടക്കുന്ന ഖനനം പതുക്കെ പതുക്കെ ആലപ്പാടിലും എത്തിയിട്ടുണ്ട്. കരയിൽ നിന്നും കടലിൽ നിന്നും മണൽ എടുത്താൽ അതിനോട് കടലും കരയും എങ്ങനെ പ്രതികരിക്കും എന്നത് ശാസ്ത്രീയമായി പ്രവചിക്കാൻ എളുപ്പമായ കാര്യമല്ല. പക്ഷെ ഒരിക്കൽ കടലെടുത്തു കരമുറിഞ്ഞു പോയാൽ പിന്നെ “all the kings men and all the kings horses” വിചാരിച്ചാലും അതിനെ പഴയത് പോലെ ആക്കാൻ പറ്റില്ല. (ഇപ്പോൾ ഖനനം കരയിൽ മാത്രമേ നടക്കുന്നുള്ളൂ എന്ന് തോന്നുന്നു, കരയിൽ ആഴത്തിൽ കുഴികൾ ഉണ്ടാക്കി അതിലുള്ള മണൽ എടുക്കുകയാണ്)
ലോകത്തെവിടെയും കാണുന്ന പ്രശ്നമാണ്. സമൂഹത്തിന് പ്രകൃതി വിഭവങ്ങളുടെ ആവശ്യമുണ്ട്, അത് എണ്ണയായാലും, പാറയായാലും. നമ്മുടെ വീടിന് അടിയിലും ചുറ്റിലും വിലയുള്ള മൂലകങ്ങൾ കണ്ടുപിടിക്കപ്പെട്ടാൽ അത് ലോട്ടറി അടിച്ച പോലെ ആദ്യം തോന്നും. പക്ഷെ പിൽക്കാലത്ത് ലോകത്തെവിടെയും ഇത് തന്നാട്ടുകാർക്ക് ശാപമായിട്ടാണ് വരാറുള്ളത്. സ്വർണ്ണവും രത്നവും ഉള്ള നാടുകളിൽ ജീവിക്കുന്ന യുവാക്കൾക്ക് ജീവിക്കാൻ വേണ്ടി പ്രകൃതി നശീകരണത്തിന്റെ ഭാഗമാകേണ്ടി വരും. അത് സഹോദരനെ സഹോദരന് എതിരെ തിരിക്കും. ഒടുവിൽ മൊത്തം പ്രകൃതിയും നശിച്ചു കഴിയുന്പോൾ ജീവിത രീതികൾ മാറും, പലപ്പോഴും സ്വന്തം വീടും നാടും ഉപേക്ഷിച്ച് പോകേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളെ പറ്റി ഒരു പുസ്തകം തന്നെ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ടൂറിസത്തിലും മൽസ്യബന്ധനത്തിലും മാത്രം അടിസ്ഥാനപ്പെടുത്തി ആലപ്പാടിന് സുസ്ഥിരമായ ഒരു ഭാവി സാധ്യമാണ്. കാലാവസ്ഥ വ്യതിയാനവും മറ്റു പ്രകൃതി പ്രതിഭാസങ്ങളും എങ്ങനെ കൈകാര്യം ചെയ്യണം എന്നതും ചർച്ചാ വിഷയമാകണം. ആലപ്പാട് 2050 എന്തായിരിക്കണം എന്നുള്ള ഒരു വിഷൻ ഡോകുമെന്റ്റ് ഉണ്ടാക്കാൻ അവിടുത്തെ പഞ്ചായത്ത് മുൻകൈ എടുക്കണം. എല്ലാ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യണം. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കണം. ഏറ്റവും മികച്ച സാങ്കേതിക വിദഗ്ദ്ധരും വിഷയത്തിൽ ഇടപെടണം. പ്രകൃതി വിഭവങ്ങൾ സുസ്ഥിരമായി ഉപയോഗിക്കുന്നതിന്റെ നല്ല ഉദാഹരണമായി ആലപ്പാടിനെ മാറ്റാൻ പറ്റും, പറ്റണം.
ആലപ്പാടിൽ നിന്നും തിരിച്ചു വരുന്പോൾ ഞാൻ ചിന്തിച്ചത് മുഴുവൻ മറ്റൊരു ദ്വീപിനെപ്പറ്റി ആയിരുന്നു. പപ്പുവ ന്യൂ ഗിനി എന്ന രാജ്യത്തെ ബോഗൻവിൽ എന്ന ദ്വീപ്. ലോകത്തെ ഏറ്റവും വലിയ ചെന്പ് ഖനി അവിടെയായിരുന്നു. അത് വലിയ പരിസ്ഥിതി നാശം ഉണ്ടാക്കി, പിന്നെ സമരവും സംഘർഷവും ആക്കി. ഇന്നിപ്പോൾ ഖനനം നിറുത്തി വച്ച് അതിന്റെ മുറിപ്പാടുകൾ മാറ്റാനുള്ള ശ്രമത്തിലാണവർ. അതിൻറെ ഭാഗമായിട്ടാണ് ഞാൻ അവിടെ പോയത്. സ്വർഗ്ഗത്തിൽ ഒരു സ്വർണ്ണ ഖനി എന്ന പേരിൽ ഞാൻ ആ വിഷയം എഴുതിയിട്ടുണ്ട്.
നന്ദി സിബി, വീണ്ടുമൊരിക്കൽ വരാം.
മുരളി തുമ്മാരുകുടി
 
May be an image of tree, nature and body of waterMay be an image of 2 people, including Haleema Naufal, people standing, tree and outdoorsMay be an image of outdoorsMay be an image of standing, sky and roadMay be an image of outdoors and monumentMay be an image of nature, beach, twilight, sky, ocean and palm treesMay be an image of sky and treeMay be an image of 1 person, bridge and body of water

Leave a Comment