പൊതു വിഭാഗം

ആനമത്തങ്ങയുടെ കുരു.

ഒരു കർഷകകുടുംബത്തിൽ ജനിച്ചതിനാലാകണം ഓരോ രാജ്യത്തും ചെല്ലുമ്പോൾ ഞാനവിടുത്തെ മരങ്ങളും കാർഷികവിളകളുമൊക്കെ സൂക്ഷ്മമായി ശ്രദ്ധിക്കുന്നത്. നല്ല മരങ്ങളോ ചെടികളോ ഒക്കെ കാണുമ്പോൾ തുമ്മാരുകുടിയിൽ എത്തിക്കണം എന്നും തോന്നും. ജപ്പാനിലെ ചെറി മരങ്ങൾ, സ്വിട്സർലാന്റിലെ വീപ്പിങ് വില്ലോ ട്രീ, ഫിലിപ്പൈൻസിലെ ആംഗ്‌സാന, കാലിഫോർണിയയിലെ ജയ്ൻറ്റ് റെഡ് വുഡ് ട്രീ ഇറാനിലെ പേഴ്സിമൺ എന്നിങ്ങനെ പലതും നാട്ടിലേക്ക് കൊണ്ടുപോരണം എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ ഏറ്റവും ആഗ്രഹമുള്ളത് അമേരിക്കയിലെ ഭീമൻ മത്തങ്ങ കൊണ്ടുവരണമെന്നാണ്.

അമേരിക്ക വലിയ വ്യാവസായിക രാഷ്ട്രമാണെങ്കിലും കൃഷി ഇപ്പോഴും അവിടെ വ്യാപകമാണ്. കാർഷികമേളകളും കാർഷിക ആഘോഷങ്ങളും അവിടെ ഇപ്പോഴുമുണ്ട്. അതിന്റെ ഭാഗമായി അവർ സ്വന്തം പറമ്പിൽ മത്തങ്ങാ വളർത്തുന്നതിൽ മത്സരിക്കും. നൂറും ഇരുനൂറും കിലോ തൂക്കം വരുന്ന മത്തങ്ങകൾ അവിടെ സാധാരണമാണ്. അതുമായി ഗ്രാമത്തിലെ കാർഷിക മത്സരത്തിന് പോകും. ആയിരം കിലോയുള്ള മത്തങ്ങാ വരെ ചിലപ്പോൾ ഉണ്ടാകാറുണ്ട്. അതിന്റെ വിത്ത് നാട്ടിൽ കൊണ്ടുപോയി കൃഷിചെയ്യാനാണ് എന്റെ ആഗ്രഹം.

എന്റെ സുഹൃത്ത് കാലിഫോർണിയയിൽ മത്തങ്ങാ കൃഷി ചെയ്യുന്നുണ്ട്, അത് കൊണ്ട് വിത്ത് കിട്ടാൻ എളുപ്പമാണെങ്കിലും അത് നാട്ടിലെത്തിക്കാൻ അത്ര എളുപ്പമല്ല. കാരണം മറ്റ് നാടുകളിൽ നിന്നും എന്തിന്റെയെങ്കിലും വിത്ത് കൊണ്ടുവരുന്നത് നിയമവിധേയമല്ലാത്തത് തന്നെ. നമ്മുടെ കസ്റ്റംസ് ഫോമിൽ ഇത് പ്രത്യേകം ചോദിക്കാറുമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വലിയ അറിവുള്ളവരൊന്നും നമ്മുടെ കസ്റ്റംസ് സർവീസിൽ ഇല്ല. അതുകൊണ്ട് നിയമം അറിയാത്തവർക്കും ലംഘിക്കാൻ ബുദ്ധിമുട്ടില്ലാത്തവർക്കും വിത്തുകൾ ഇന്ത്യയിലെത്തിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. നമ്മുടെ കൃഷി വകുപ്പ് ഇതുപോലെ ആളുകൾക്ക് കൗതുകം ഉണ്ടാക്കുന്ന ചിലതെല്ലാം നാട്ടിൽ എത്തിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

ആസ്ട്രേലിയയ്‌ക്കോ ന്യൂസീലൻഡിലേക്കോ പോകുമ്പോൾ വിത്തുപോയിട്ട് നമ്മുടെ നാട്ടിലെ ചെളി പോലും കയ്യിൽ ഉണ്ടെങ്കിൽ പണിപാളും. പൊതുവെ ദ്വീപ് രാജ്യങ്ങൾ അവരുടെ ജൈവവൈവിധ്യത്തെപ്പറ്റി വലിയ ആശങ്കാകുലരാണ്. മറ്റു രാജ്യങ്ങളിൽനിന്നും വേർപെട്ട് നിൽക്കുന്നതിനാൽ വ്യത്യസ്തമായ ജന്തുക്കളും മരങ്ങളും ഒക്കെയാണ് അവിടെ വളരുന്നത്. അവിടെയൊരു പുതിയ അതിഥി എത്തിയാൽ നാട്ടിലുള്ളവരെ അത് അടിച്ചുപരത്താനും മതി. പത്തൊമ്പതാം നൂറ്റാണ്ടിൽ അറേബ്യയിൽനിന്ന് കുറെ ഒട്ടകങ്ങളെ ആസ്‌ട്രേലിയയിൽ എത്തിച്ചു. ഇന്ന് അവയുടെ വംശം പെറ്റുപെരുകി ലക്ഷക്കണക്കിന് ഒട്ടകങ്ങളായി. എന്നാലിപ്പോൾ ആ നാട്ടുകാർക്ക് ഒട്ടകത്തിന്റെ ഒരാവശ്യവും ഇല്ലതാനും, അവയിങ്ങനെ കാട് കയറി പ്രശ്നം ഉണ്ടാക്കുകയാണ് (http://www.bbc.com/news/magazine-22522695). ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനാണ് വിത്തും തൈയും മൃഗങ്ങളെയും ഒക്കെ കടത്തിക്കൊണ്ടുവരുന്നത് രാജ്യങ്ങൾ നിരോധിച്ചിരിക്കുന്നത്. ദക്ഷിണ അമേരിക്കയിലെ പല രാജ്യങ്ങളും ഇതുപോലെ കർശന നിയന്ത്രണം ഉള്ളവയാണ്. യാത്രയിൽ കഴിക്കാൻ മേടിച്ചു വച്ച ആപ്പിൾ പോലും കസ്റ്റംസിൽ ഉപേക്ഷിച്ചിട്ട് പോകണം.

ഓരോ രാജ്യത്തിനും ഇതുപോലെ സാധനങ്ങൾ കൊണ്ടുപോകാനും കൊണ്ടുവരാനുമുള്ള ചില നിയന്ത്രണങ്ങളുണ്ട്. എന്നാൽ ഇതിന് ആഗോളപരമായ ഒരു ഏകരൂപം ഇല്ല. ഇന്ത്യ പ്രധാനമായും സ്വർണ്ണവും ഇലക്ട്രോണിക്ക് ഉപകരണങ്ങളും മയക്കുമരുന്നും ആണ് തടയാൻ ശ്രമിക്കുന്നതെങ്കിൽ, സ്വിറ്റ്സർലാൻഡിലേക്ക് വിദേശനാണ്യമോ സ്വർണ്ണമോ കൊണ്ടുപോകുന്നത് ഒരു വിഷയമേയല്ല. അതുകൊണ്ടു തന്നെ ഓരോ രാജ്യത്തേക്കും പോകുന്നതിന് മുൻപ് അതൊന്ന് അന്വേഷിക്കണം, അല്ലെങ്കിൽ പണി കിട്ടും.

വിദേശനാണ്യം: നിയന്ത്രണങ്ങൾ രണ്ടു തരത്തിൽ ഉണ്ട്. ഒന്ന് ഒരു രാജ്യത്തേക്ക് എത്ര വിദേശനാണ്യം കൊണ്ടുപോകാം എന്നതിൽ, രണ്ട് എത്ര തുകയിൽ കൂടുതൽ ഉണ്ടെങ്കിൽ അത് കസ്റ്റംസിൽ പറയണം എന്ന കാര്യത്തിൽ. അമേരിക്കയിലേക്കും നമുക്ക് എത്ര വിദേശനാണ്യം വേണമെങ്കിലും കൊണ്ടുപോകാം. പക്ഷെ, പതിനായിരം ഡോളറിൽ കൂടുതലുണ്ടെങ്കിൽ കസ്റ്റംസിൽ എഴുതിക്കൊടുക്കണം. ഇന്ത്യയിൽ ഈ പരിധി അയ്യായിരം ഡോളറാണെന്ന് തോന്നുന്നു. അതുപോലെ വിദേശനാണ്യ പരിധികൾ ലോകത്തെല്ലായിടത്തുമുണ്ട്. യാത്രയിൽ ശ്രദ്ധിക്കുക.

അച്ചാറുകുപ്പി വീണ്ടും: അമേരിക്കയിലേക്ക് പോകുന്ന ഒരു ശരാശരി ഇന്ത്യക്കാരന്റെ കൈവശം പതിനായിരം ഡോളറൊന്നും ഇല്ലെങ്കിലും പത്തുകുപ്പി അച്ചാർ മിനിമം കാണും. അമേരിക്കയിലെ വിമാനത്താവളങ്ങളിൽ ഏഷ്യയിൽനിന്നും വരുന്ന യാത്രക്കാരുടെ കൈവശമുള്ള ഭക്ഷ്യവസ്തുക്കൾ പരിശോധിക്കാനും പിടിച്ചെടുത്ത് നശിപ്പിക്കാനും പ്രത്യേകം പരിശീലിപ്പിക്കപ്പെട്ട പട്ടിയും പോലീസും വരെയുണ്ട്. പല ഭാഷകളിൽ ഇക്കാര്യം ഓർമ്മിപ്പിക്കുന്ന ബോർഡും കഴുത്തിലിട്ട് അവർ അങ്ങനെ നിൽക്കും. ഇവരെ എല്ലാം കബളിപ്പിച്ച് അവിടെ അച്ചാർ എത്തിക്കുക എന്നത് അമേരിക്കൻ മലയാളികൾ പ്രാക്ടീസ് ചെയ്യുന്ന ഒരു കലാരൂപം ആണ്. അച്ചാറില്ലാതെ നമുക്കെന്താഘോഷം!

പാലും റോളക്സ് വാച്ചും: സ്വിറ്റ്സർലാന്റുകാർക്ക് അച്ചാറൊന്നും വിഷയമല്ലെങ്കിലും പാലുമായി അങ്ങോട്ട് ചെന്നാൽ പണി പാലുംവെള്ളത്തിൽ തന്നെ കിട്ടും. പശുക്കൾക്കും പാലിനും പേരുകേട്ട നാടായതുകൊണ്ടാകാം ഇത്. രണ്ടുലിറ്ററിൽ കൂടുതൽ പാലുമായി ആരും ആ വഴിക്ക് വന്നേക്കരുത്. പാല് കഴിഞ്ഞാൽ സ്വിട്സർലാൻഡിൽ ശ്രദ്ധിക്കുന്നത് ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളെയാണ്. പ്രത്യേകിച്ചും ബാങ്കോക്കിൽനിന്നും ചൈനയിൽ നിന്നും വരുന്നവരിൽ നല്ല ശ്രദ്ധയാണ്. കാരണം ബാങ്കോക്കിലും ബീജിങിലും റോളക്സ് വാച്ച് മുതൽ ലകോസ്റ്റയുടെ ബെൽറ്റ് വരെ വ്യാജൻ കിട്ടും. പിടിക്കപ്പെട്ടാൽ ഒരുലക്ഷം ഫ്രാങ്കാണ് ഫൈൻ. സ്വിറ്റ്സർലാൻഡിൽ വരുന്നവർ പേരുകേട്ട ബ്രാൻഡുകളുടെ വ്യാജ ഷർട്ടും ബാഗും ഒന്നുമായി വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

മയക്കുമരുന്നുകൾ വേണ്ടേ വേണ്ട. മരുന്നോ?. മയക്കുമരുന്നുകൾ ലോകത്ത് ഏതുരാജ്യത്തും പ്രശ്നം തന്നെയാണ്. സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിൽ വധശിക്ഷയാണ് മയക്കുമരുന്ന് കൈവശം വെക്കുന്നതിനുള്ള ശിക്ഷ. നല്ല ശ്രദ്ധ വേണം. അതിലും ബുദ്ധിമുട്ടുള്ള പ്രശ്നം മയക്കുമരുന്ന് എന്നതിന് ലോകത്ത് ഒരു ഏകീകൃത നിർവചനം ഇല്ല എന്നതാണ്. ഒരു രാജ്യത്ത് അംഗീകരിച്ച മരുന്നാകാം, അടുത്ത രാജ്യത്ത് മയക്കുമരുന്നാകുന്നത്. അതുകൊണ്ടു തന്നെ ഡോക്ടറുടെ കുറിപ്പോടെ വേണം മരുന്നുകൾ കൊണ്ടുപോകാൻ. അതെ സമയം കഷായവും ലേഹ്യവുമൊക്കെ ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിലും ഒഴിവാക്കണം. മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിക്കുന്ന ചൈനീസ് മരുന്നുകളും ഒഴിവാക്കേണ്ടത് തന്നെയാണ്.

എല്ലും പല്ലും വേണ്ട: ലോകത്തെ ധാരാളം രാജ്യങ്ങളിൽ മൃഗങ്ങളുടെ എല്ല്, കൊമ്പ്, തുകൽ എന്നിവ കൊണ്ടുണ്ടാക്കിയ കരകൗശലവസ്തുക്കൾ നിയമവിധേയമാണെങ്കിലും മറ്റു രാജ്യങ്ങളിലേക്ക് ഇവ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണ്. ആഫ്രിക്കയിലേക്ക് പോകുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവിടുത്തെ ഗ്രാമങ്ങളിലും മാർക്കറ്റിലും പോയി മൃഗങ്ങളുടെ എല്ലു കൊണ്ടുണ്ടാക്കിയ ചീപ്പും വളയും ഒന്നും വാങ്ങരുത്. നിയമവിരുദ്ധമല്ലെങ്കിൽ പോലും അവിടുത്തെ കസ്റ്റംസുകാർ നിങ്ങളെ വിരട്ടും, ചിലപ്പോൾ കാശ് പോകും, നിങ്ങൾ ചെല്ലുന്ന നാട്ടിൽ ചിലപ്പോൾ അത് നിയമവിരുദ്ധം ആകും, ജയിലിൽ ആകാനും മതി.

അപ്പൊ ജീവൻ ഉള്ളതോ?: ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് പട്ടികളെയും പൂച്ചകളെയും മറ്റ് വളർത്തുമൃഗങ്ങളെയും കൊണ്ടുപോകുന്നത് നിയമവിരുദ്ധമല്ല. പക്ഷെ, അതിന് വ്യക്തമായ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. പട്ടിക്കും പൂച്ചക്കും സ്വന്തം പേരിൽ പാസ്സ്‌പോർട്ട് വരെയുണ്ട്. പൂർണ്ണമായ വാക്സിനേഷൻ റിപ്പോർട്ടുകളും ഉണ്ടായിരിക്കണം. എയർലൈനിൽ മുൻകൂട്ടി പറഞ്ഞ് അതിനുള്ള സൗകര്യങ്ങൾ ശരിയാക്കണം. വിവിധ രാജ്യങ്ങളിൽ ഒരാഴ്ച മുതൽ മൂന്നുമാസം വരെ ഇവരെ ക്വാറന്റൈനിൽ താമസിപ്പിക്കേണ്ടിയും വരും. ഇതെല്ലാം മുൻ‌കൂർ അന്വേഷിച്ച് ചെയ്തില്ലെങ്കിൽ നിങ്ങൾ എത്ര വലിയ പുള്ളിയാണെങ്കിലും ജയിലിലാകും. പൈറേറ്റ്സ് ഓഫ് കരീബിയനിലെ നായകനും പട്ടികൾക്കും ഓസ്‌ട്രേലിയയിൽ പണി കിട്ടിയ കഥ ഓർക്കുമല്ലോ. (https://www.theguardian.com/film/2017/jun/27/johnny-depps-dogs-australias-deputy-pm-threatens-actor-with-perjury-investigation).

മറ്റു മൃഗങ്ങൾ അരുത്: വളർത്തുമൃഗങ്ങളല്ലാതെ, വളർത്താനായി ആമയെയും ഒറംഗുട്ടാനും പോലുള്ള എക്സോട്ടിക് മൃഗങ്ങളെ കടത്തിക്കൊണ്ടു വരുന്നത് വലിയ കുറ്റമാണ്. ഒരുകാരണവശാലും ഇത്തരം മൃഗങ്ങളുടെ വിൽപ്പനയിലും നാടുകടത്തലിലും അറിഞ്ഞോ അറിയാതെയോ തലവെച്ചു കൊടുക്കരുത്. പ്രകൃതിയുടെ നാശത്തിന് നിങ്ങൾ കൂട്ടുനിൽക്കുകയാണ്. പോരാത്തതിന് നിങ്ങൾക്ക് വ്യക്തിപരമായി വലിയ നഷ്ടവുമുണ്ടാകും. ഇതിനെ പറ്റി കൂടുതൽ വിവരങ്ങൾ ഇവിടെ ഉണ്ട് (https://www.cites.org/)

സിഗരറ്റും മദ്യവും: ചില ഗൾഫ് രാജ്യങ്ങളിലും ബ്രൂണെയിലും മദ്യം കൊണ്ടുപോകുന്നതിന് നിരോധനമുണ്ട്. പൂർണ്ണനിരോധനമില്ലാത്ത സ്ഥലങ്ങളിലും എത്ര അളവ് മദ്യം കൊണ്ടുപോകാം എന്നതിന് പരിധിയുണ്ട്. രണ്ട് ലിറ്ററാണ് ഇന്ത്യയിലേക്ക് ഒരു യാത്രക്കാരനുള്ള പരിധി. അതേസമയം മദ്യക്കുപ്പികളടക്കം ദ്രാവകങ്ങൾ പ്രത്യേക സുരക്ഷാപരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ട്. അപ്പോൾ ജനീവയിലെ സെക്യൂരിറ്റി കഴിഞ്ഞു വാങ്ങിയ സാധനം ദുബായ് വിമാത്താവളം വഴി കൊച്ചിയിലേക്ക് എത്തിക്കാൻ പറ്റിയില്ല എന്ന് വരും. വിലകൂടിയ മദ്യം കടത്തിക്കൊണ്ടുപോകാൻ പറ്റാത്തവർ സുരക്ഷക്കാരന്റെ മുന്നിൽ തന്നെ നിൽപ്പനടിക്കുന്ന ദയനീയ കാഴ്ച്ച ഞാൻ ധാരാളം കണ്ടിട്ടുണ്ട്. പാവം കുടിയന്മാർ… കണ്ടാൽ സഹിക്കില്ല.

എത്ര സിഗരറ്റ് ഒരു രാജ്യത്തേക്ക് കൊണ്ടുപോകാം എന്നതിനും പരിധിയുണ്ട്. ഇക്കാര്യം എയർ ലൈനിൽ അന്വേഷിച്ച് മനസ്സിലാക്കണം.

പ്ലാസ്റ്റിക് ബാഗ്: ആഫ്രിക്കയിലെ ഏറ്റവും ശുചിത്വമുള്ള രാജ്യമാണ് റുവാണ്ട. ശക്തമായ നിയമങ്ങളും നടത്തിപ്പുമാണ് അവിടെയുള്ളത്. പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. വിമാനം കിഗാളിയിൽ ഇറങ്ങുന്നതിനു മുൻപ് തന്നെ അറിയിപ്പ് കിട്ടും, പ്ലാസ്റ്റിക് ഉണ്ടെങ്കിൽ വിമാനത്താവളത്തിൽ ഉപേക്ഷിക്കണം എന്ന്. കെനിയയിലും ഇതേ നിയമം അടുത്തുതന്നെ നിലവിൽ വരും. നാലുവർഷത്തെ ജയിൽവാസമാണ് ശിക്ഷ. സൂക്ഷിക്കുക. (https://www.theguardian.com/environment/2017/aug/28/kenya-brings-in-worlds-toughest-plastic-bag-ban-four-years-jail-or-40000-fine)

ജി പി എസും ഫോണുകളും: സുരക്ഷാകാരണങ്ങളാൽ ചില രാജ്യങ്ങളിലേക്ക് സാറ്റലൈറ്റ് ഫോണുകളും ജി പി എസും കൊണ്ടുപോകാൻ പാടില്ല എന്ന് നിബന്ധനയുണ്ട്. എല്ലാ മൊബൈൽ ഫോണിലും ഇപ്പോൾ ജി പി എസും കാമറയും ഉള്ളതിനാൽ ഈ നിയമത്തിന് ഇപ്പോൾ വലിയ പ്രസക്തിയില്ല. പക്ഷെ, നിയമം നിയമമാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!

ഇത്രയും കാര്യങ്ങൾ ആണ് ഞാൻ ഇപ്പോൾ ഓർക്കുന്നത്. ഒരു പക്ഷെ വേറെയും വസ്തുക്കൾ ഉണ്ടാകാം. നിങ്ങൾക്ക് അറിവുണ്ടെങ്കിലോ, നിങ്ങൾ താമസിക്കുന്ന രാജ്യത്തെ പ്രത്യേക നിയമങ്ങൾ അറിയാമെങ്കിലോ പങ്കുവെക്കുക.

The quest for the giant pumpkin

Leave a Comment