പൊതു വിഭാഗം

അൽഗോരിതത്തിന്റെ അപ്പൻ

ഒരാഴ്ച്ച ഇവിടെ ആളുകൾ കുത്തിട്ടു കളി ആയിരുന്നല്ലോ. അവരുടെ പോസ്റ്റുകൾ ആളുകൾ കാണുന്നില്ല, അതിന് കാരണം സുക്കറണ്ണന്റെ അൽഗോരിതമാണ് എന്നൊക്കെയായിരുന്നു പരാതികൾ.
 
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ ഏലി പുഴ നീന്തിയും വരുമെന്നും, നല്ല പോസ്റ്റിട്ടാൽ ആളുകൾ ശറപറാന്ന് വരുമെന്നും അൽഗോരിതം അതിന് ഒരു തടസ്സമല്ലെന്നുമാണ് എൻറെ സുഹൃത്ത് Basheer Vallikkunnu പറഞ്ഞത്.
 
എൻറെ അഭിപ്രായവും അത് തന്നെയാണ്.
 
ബഷീറിക്ക ഒരു കാര്യം കൂടി പറഞ്ഞു. അൽഗോരിതമല്ല, അൽഗോരിതത്തിന്റെ അപ്പൻ വന്നാലും അതിലപ്പുറം പണി അറിയാവുന്ന ആളാണ് രണ്ടാമൻ എന്ന്. ഈ അൽഗോരിതങ്ങൾക്കപ്പുറം ആളെക്കൂട്ടുന്ന വിദ്യ അടങ്ങിയ പോസ്റ്റ് ജനങ്ങൾക്കായി കുറിച്ചിടണമെന്നും അദ്ദേഹത്തിൻറെ നിർദ്ദേശമുണ്ടായി.
 
അതിനാൽ അൽഗോരിതത്തെ പറ്റിക്കാനുള്ള ചില വഴികൾ പറയാം.
 
1. അൽഗോരിതം ഏറ്റവും കൂടുതൽ പ്രമോട്ട് ചെയ്യുന്നത് ഫേസ്ബുക്ക് വീഡിയോ ആണ്. എഴുതുന്ന പോസ്റ്റുകളേക്കാൾ പത്തിരട്ടി റീച്ച് കിട്ടും വീഡിയോ ചെയ്താൽ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ വീഡിയോ ഇടുന്നതാണ് ആളുകൾ അറിയാൻ ഏറ്റവും നല്ലത്. മൂന്നോ നാലോ കൊല്ലം കഴിഞ്ഞാൽ പത്തിൽ ഒൻപത് പോസ്റ്റും വീഡിയോ ആകും എന്നാണ് പറയപ്പെടുന്നത്. എല്ലാവരും വീഡിയോ ചെയ്ത് പഠിക്കുന്നതാണ് ബുദ്ധി.
 
2. അതേ സമയം ഫേസ്ബുക്കും യുട്യൂബും പരസ്പര സഹായ സഹകരണ സംഘമല്ല. നിങ്ങൾ വീഡിയോ യുട്യൂബിൽ ഇട്ടിട്ട് ഫേസ്ബുക്കിൽ ലിങ്കിട്ടാൽ പത്തിലൊന്ന് വ്യൂസ് പോലും കിട്ടില്ല.
3. നിങ്ങൾ ഒരു പോസ്റ്റ് എഴുതി എവിടെ എങ്കിലും പ്രസിദ്ധീകരിച്ചതിൻറെ ലിങ്കിട്ടാലും സ്ഥിതി അതുപോലെ തന്നെയാണ്. ബി ബി സി യെ പ്രമോട്ട് ചെയ്യുക എന്നത് ഫേസ്ബുക്കിന്റെ താത്പര്യമല്ല.
 
4. നിങ്ങൾ ഒരു പോസ്റ്റ് ഇട്ടു കഴിഞ്ഞാൽ നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുടെയും ഫോളോവേഴ്സിന്റെയും മുന്നിൽ ഒറ്റയടിക്ക് അത് കാണിക്കുകയല്ല ഫേസ്ബുക്ക് അൽഗോരിതം ചെയ്യുന്നത്. ആദ്യം ഒരു പത്തു ശതമാനത്തിന്റെ മുന്നിൽ അത് കാണിക്കും. അതിൽ ആളുകൾ താല്പര്യം കാണിക്കുന്നുണ്ടെങ്കിൽ ഉടൻ അടുത്ത ഇരുപതിനെ കാണിക്കും. അതുകൊണ്ട് തന്നെ നമ്മുടെ പോസ്റ്റുകളിൽ ആദ്യ മണിക്കൂറുകളിൽ തന്നെ നല്ല ആൾസഞ്ചാരമുണ്ടാകണം എന്നത് പ്രധാനമാണ്.
 
5. അതിനാൽ ഏത് സമയത്ത്, ഏത് ദിവസം, ഏത് സാഹചര്യത്തിൽ നിങ്ങൾ പോസ്റ്റ് ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന് ഒരു സംഭവം ഉണ്ടായി ഉടൻ തന്നെ, അല്ലെങ്കിൽ ഒരു വിവാദം കത്തി നിൽക്കുന്പോൾ അതിനെക്കുറിച്ച് എഴുതിയാൽ ആളുകളിൽ നിന്നും ഉടൻ പ്രതികരണം കിട്ടും, അൽഗോരിതം അതിനെ നന്നായി പ്രമോട്ട് ചെയ്യുകയും ചെയ്യും. അതേ വിഷയത്തിൽ ഒരാഴ്ച കഴിഞ്ഞു കൂടുതൽ ഗഹനമായി പോസ്റ്റിട്ടാൽ അൽഗോരിതത്തിന്റെ പട്ടി പോലും തിരിഞ്ഞു നോക്കില്ല.
 
6. സാധാരണ പ്രവർത്തി ദിവസങ്ങളിൽ ഇന്ത്യയിൽ വൈകിട്ട് ഒന്പത് മണി ആകുന്പോൾ പോസ്റ്റ് ഇടുന്നതാണ് ഏറ്റവും അഭികാമ്യം. കാരണം, കേരളത്തിൽ പരമാവധി ആളുകൾ ശ്രദ്ധിക്കുന്ന സമയമാണത്. കേരളത്തിൽ ആളുകൾ ഉറങ്ങുന്പോഴേക്കും ഗൾഫിൽ പീക്ക് ടൈം ആകും, അത് കഴിഞ്ഞാൽ യൂറോപ്പ്, പിന്നെ അമേരിക്ക എന്നിങ്ങനെ. രാവിലെ പോസ്റ്റിടുന്നത് മൊത്തം ഫ്ലോപ്പ് ആവാനുള്ള റെസിപ്പി ആണ്.
 
7. ഇന്ത്യയിലേയും ഗൾഫിലേയും അവധി ദിവസങ്ങൾ ഇതുപോലെ ‘ഇനിഷ്യൽ പുൾ’ കുറക്കുന്ന സമയമാണ്.
 
8. പോസ്റ്റിന്റെ കൂടെ ഒരു പടം കൂടി ഇട്ടാൽ അതിന് റീച്ച് കൂടും, പക്ഷെ ആ പടം ഫേസ്ബുക്ക് മെസ്സഞ്ചറിലൂടെ എങ്ങാനും അയച്ചു വന്ന പടമാണെങ്കിൽ അതിന്റെ പേരു കാണുന്പോഴേ അൽഗോരിതത്തിന് പിടി കിട്ടും, പണി പാളും. ഒറിജിനൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യണം, അല്ലെങ്കിൽ പേര് മാറ്റി ഒറിജിനൽ പോലെ തോന്നിപ്പിക്കണം.
 
9. കൂടുതൽ ഫോളോവേഴ്സ് ഉള്ള ആളുകൾ നിങ്ങളുടെ പോസ്റ്റ് ലൈക്ക് ചെയ്താൽ അത്രയും ആളുകളുടെ മുന്നിൽ അൽഗോരിതം നിങ്ങളുടെ പോസ്റ്റ് എത്തിക്കും.
 
10. അതേ സമയം ഒരു വാക്ക് പോലും പറയാതെ ആരെങ്കിലും, എത്ര വലിയ സെലിബ്രിറ്റി ആണെങ്കിലും, നിങ്ങളുടെ പോസ്റ്റ് ഷെയർ ചെയ്യുന്നത് വേണ്ടത്ര ഗുണം ചെയ്യില്ല. ഒന്നുകിൽ നിങ്ങളുടെ പോസ്റ്റിനെപ്പറ്റി രണ്ടു വാക്ക് പറയുക, അല്ലെങ്കിൽ അത് കോപ്പി പേസ്റ്റ് ചെയ്ത് നിങ്ങളെ ടാഗ് ചെയ്യുക (ഇതാണ് ബെസ്റ്റ്).
ഇതൊക്കെ അൽഗോരിതത്തിന്റെ കാര്യം. ആളുകളുടെ മുന്നിൽ പോസ്റ്റ് എത്തിക്കുക എന്നതാണ് അൽഗോരിതത്തിന്റെ ജോലി.
 
പോസ്റ്റുകൾ ഹിറ്റ് ആക്കുന്നത് പോസ്റ്റുമായി ആളുകൾ ഇന്ററാക്ട് ചെയ്യുന്പോൾ ആണെന്ന് പറഞ്ഞല്ലോ. അത് ലൈക്കോ, കമന്റോ, ഷെയറോ ആകാം. എങ്ങനെയാണ് കൂടുതൽ ആളുകളെ കൊണ്ട് നമ്മുടെ പോസ്റ്റുമായി ഇന്ററാക്റ്റ് ചെയ്യിക്കുന്നത്?
 
1. നമ്മൾ എഴുതുന്ന വിഷയത്തിൽ കാന്പ് ഉണ്ടാവുക എന്നത് തന്നെയാണ് കൂടുതൽ ആളുകളെ ആകർഷിക്കാൻ പ്രധാനമായും വേണ്ട കാര്യം. അതാണ് പ്രോഡക്ട്, ബാക്കി എല്ലാം പാക്കേജിങ്ങ് ആണ്. പാക്കേജ് കൊണ്ട് ആദ്യം ആളുകളെ ആകർഷിക്കാം, കുറച്ചു നാളുകൾ പിടിച്ചു നിൽക്കാം. പക്ഷെ ആത്യന്തികമായി നല്ല കാന്പുള്ള പോസ്റ്റ് അല്ലെങ്കിൽ ഏറെ നാൾ ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ്.
 
2. എഴുതുന്ന കാര്യങ്ങൾ ആത്മാർത്ഥതയോടെ എഴുതുക എന്നതും പ്രധാനമാണ്. കൃത്രിമമായ ഭാഷയും കൃത്രിമമായ വ്യക്തിത്വം പോലെ ആദ്യം ആകർഷകമാണെങ്കിലും വേഗത്തിൽ തിരിച്ചറിയപ്പെടും.
 
3. വായനക്കാരുമായി സംവദിക്കുന്നത് ആളുകൾ നമ്മുടെ പോസ്റ്റിന് താഴെ കമന്റിടുന്ന പ്രവണത കൂട്ടും.
 
4. നമ്മുടെ വായനക്കാർ ഭൂരിഭാഗവും എഴുത്തുകാർ അല്ലെങ്കിലും അവരുടെ ഫേസ്ബുക്കിലും എന്തെങ്കിലും പോസ്റ്റുകൾ ഇടുന്നവരാണ്. അവർ ചെയ്യുന്നത് എന്ത് തന്നെ ആണെങ്കിലും (കുട്ടികളുടെ പടം തൊട്ട് പ്രയോജനപ്രദമായ ഒരു ലിങ്ക് വരെ) അവിടെ പോയി ഒരു ലൈക്ക് ഇടുന്നതും, പറ്റിയാൽ കമന്റ് ഇടുന്നതും ഏറെ ഗുണം ചെയ്യും. ലൈക്ക് ഇട്ട് ലൈക്ക് വാരാം. സുഹൃത്തുക്കളുടേയും ഫോളോവേഴ്സിന്റെയും എണ്ണം കൂടുന്പോൾ ഇതിനൊക്കെ പ്രായോഗിക പരിമിതികളുണ്ടെങ്കിലും ശ്രമിച്ചു കൊണ്ടേയിരിക്കണം.
 
5. ഒരേ പോസ്റ്റ് സ്ത്രീകളും പുരുഷന്മാരും അവരുടെ ഫേസ്ബുക്ക് പേജിൽ ഇട്ടാൽ കിട്ടുന്ന ലൈക്കും ഷെയറും തമ്മിൽ വലിയ അന്തരമുണ്ട്. ഇതിൽ നമുക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
 
6. കേരളത്തിലെ സാഹചര്യത്തിൽ നിങ്ങൾക്ക് ലൈക്ക് കൂട്ടാൻ ചില എളുപ്പ വഴികളുണ്ട്.
 
(a). ഫേസ്ബുക്കിൽ ആക്റ്റീവ് ആയ ഗ്രൂപ്പുകൾക്ക് (ഇടത്, വലത്, മത തീവ്രവാദം, കപട വൈദ്യം), ഇഷ്ടപ്പെടുന്ന പോസ്റ്റുകൾ തുടരെ എഴുതുക. പോസ്റ്റിന് റീച്ച് ഉണ്ടാക്കുന്ന കാര്യം അവർ നോക്കിക്കോളും.
 
(b) കേരളത്തിന് ഒരു പൊതുബോധമുണ്ട്, അതിന് അനുകൂലമായി എഴുതുക. ഉദാഹരണത്തിന് പച്ചക്കറിക്ക് വില കിട്ടാതെ കർഷകൻ ആത്മഹത്യ ചെയ്യുന്ന ദിവസം വിളകൾക്ക് വിലകിട്ടാത്ത പിടിപ്പില്ലാത്ത സർക്കാരിനെതിരെ ആഞ്ഞടിക്കുക. അടുത്ത ദിവസം പച്ചക്കറിക്ക് വിലകൂടിയതിനാൽ വീട്ടമ്മമാർ സമരം ചെയ്യുന്നുവെങ്കിൽ ‘നിത്യോപയോഗസാധനങ്ങൾക്ക് വില കൂട്ടിയ’ പിടിപ്പില്ലാത്ത സർക്കാരിനെതിരെ ആഞ്ഞടിക്കുക. ഇവ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതൊന്നും കാര്യമാക്കേണ്ട. ഒരു ദിവസത്തിൽ കൂടുതൽ ഓർമ്മ ഒന്നും ആളുകൾക്ക് ഇക്കാര്യത്തിലില്ല. സത്യം പറയുന്നവരേക്കാൾ ലൈക്ക് കിട്ടുന്നത് പ്രിയം പറയുന്നവർക്ക് തന്നെയാണ്. ‘ന ബ്രൂയാത് സത്യമപ്രിയം’ എന്ന് ഒരു ദേശത്തിന്റെ കഥയിൽ വായിച്ചിട്ടില്ലേ? അത് എല്ലാ കാലത്തും എല്ലാ ദേശത്തും നിലനിൽക്കുന്ന സത്യമാണ്.
 
(c) മറ്റുള്ളവർക്കെതിരെ പരദൂഷണം പറയുക, വിമർശിക്കുക ഇവയൊക്കെ കാലത്തിനും ദേശത്തിനും അതീതമായ ജനപ്രിയ ഐറ്റമാണ്. മറ്റുള്ളവരുടെ കുറ്റങ്ങളിൽ സന്തോഷിക്കുന്ന എന്തോ ഒന്ന്, മനുഷ്യന്റെ മനസ്സിലുണ്ട്. സമൂഹം എത്ര ബഹുമാനിക്കുന്നവരെപ്പറ്റിയാണോ പറയുന്നത് അത്രയും റീച്ച് കൂടും. അതിൽ പിടിച്ചു കയറാം.
 
ഇനി ഒരു കാര്യം കൂടി പറഞ്ഞു നിർത്താം. ലോകത്തെ മറ്റുള്ളവരെ പോലെ തന്നെ സെലിബ്രിറ്റികളുടെ പുറകേ ചുമ്മാ പോകുന്ന ആളുകളാണ് മലയാളികളും (അങ്ങനെ അല്ല എന്നൊരു ചിന്ത ഒക്കെ നമുക്കുണ്ടെങ്കിലും). ഒരു ലക്ഷം ഫോളോവേഴ്സ് എന്നത് ഫേസ്ബുക്കിൽ എഴുതുന്നത് കൊണ്ട് മാത്രം ആളുകൾ അറിയുന്നവർക്ക് കിട്ടാൻ ബുദ്ധിമുട്ടുള്ളതും എന്നാൽ ഏതെങ്കിലും ഒരു സിനിമയിൽ മുഖം കാണിച്ചിട്ടുള്ളവർക്ക് നിസ്സാരമായി കിട്ടുന്നതുമാണ്. നമ്മുടെ ഏറ്റവും നല്ല എഴുത്തുകാരുടെ ഏറ്റവും നല്ല പോസ്റ്റുകൾക്ക് ഒരു സിനിമാ താരത്തിന്റെ കുട്ടിയുടെ പടം പോസ്റ്റ് ചെയ്താൽ കിട്ടുന്നതിന്റെ പത്തിലൊന്ന് റീച്ച് കിട്ടില്ല. അവരെ ഫോളോ ചെയ്യുന്നവരും നമ്മളെ വായിക്കുന്നവരും രണ്ടു ക്ലാസ്സ് ആണ്, ഗുണമാണ് എണ്ണമല്ല പ്രധാനം എന്നൊക്കെ വേണമെങ്കിൽ പറയാമെങ്കിലും എല്ലാവർക്കും ഒരേ വോട്ടുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നതെന്നോർക്കണം. അതുകൊണ്ട് ഈ ലൈക്കും ഷെയറും ഒന്നും കാര്യമായി എടുക്കേണ്ട. ഒരു സെലിബ്രിറ്റിയുടെ പട്ടിയുടെ പടത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കിട്ടുന്ന ലൈക്കും ഷെയറും കണ്ടാൽ തീരുന്ന അഹംഭാവമേ നമ്മുടെ പോസ്റ്റ് സംരംഭത്തിന് ഇപ്പോൾ ഉള്ളൂ.
 
മുരളി തുമ്മാരുകുടി

Leave a Comment