പൊതു വിഭാഗം

അവസാന തുരുത്തുകളിലും ചോര വീഴുന്പോൾ!

സാധാരണ ഗതിയിൽ അക്രമവും തീവ്രവാദവുമായി കൂട്ടിവായിച്ചു പോകുന്ന സ്ഥലമല്ല ന്യൂസീലാൻഡ്. ആസ്ട്രേലിയയുടെ കിഴക്ക് അത്യാവശ്യം കൃഷിയും എറെ സർവീസ് സെക്ടറും കുറച്ചു നല്ല യൂണിവേഴ്സിറ്റികളുമായി സമാധാനപരമായി ജീവിക്കുന്ന അൻപത് ലക്ഷത്തോളം ആളുകൾ. കേരളത്തിന്റെ ഏതാണ്ട് ഏഴിരട്ടി വിസ്തീർണ്ണം, ഏഴിലൊന്ന് ജനസംഖ്യ. കടൽ മുതൽ പർവ്വതം വരെ മനോഹരമായ രാജ്യം. കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഏറെ നല്ലത്, തൊഴിലില്ലായ്‌മ വളരെ കുറവ്. ഇക്കാരണങ്ങളാൽ കേരളത്തിൽ നിന്നും പഠിക്കാനും തൊഴിലിനുമായി കുടിയേറാൻ പോകുന്നവരുടെ ഇഷ്ട രാജ്യവുമാണ്.
 
ആ പ്രതിച്ഛായയാണ് ഇന്നത്തെ വെടിവയ്പ്പ് സംഭവങ്ങൾ തകർത്തിരിക്കുന്നത്. രണ്ടു മോസ്കുകളിൽ നടന്ന അക്രമങ്ങളിൽ നാല്പതോളം പേർ മരിച്ചു എന്നാണ് ആദ്യ റിപ്പോർട്ട്.
“ഇതൊരു ഭീകരവാദി ആക്രമണമാണ്. ന്യൂ സിലാൻഡിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനവും ആണ്” എന്നാണ് അവിടുത്തെ പ്രധാനമന്ത്രി പറഞ്ഞത്.
 
ഭീകരവാദത്തിന് ജാതി മത മാറ്റങ്ങൾ ഇല്ല എന്നും, അത് സമൂഹത്തിന്റെ ഏത് കോണിൽ നിന്നും വരാമെന്നും ലോകത്തിന്റെ ഒരു ഭാഗവും അതിൽ നിന്നും പൂർണ്ണമായും സുരക്ഷിതമല്ല എന്നുമാണ് ഈ സംഭവം നമ്മെ പഠിപ്പിക്കുന്നത്.
 
പരസ്പരബന്ധിതമായ ലോകത്ത് എങ്ങനെയാണ് തീവ്രവാദത്തിൻറെ ചിന്തകൾ അതിരു കടക്കുന്നതെന്നും ഭീകരവാദത്തിൻറെ വിത്തുകൾ വിതറുന്നതെന്നും നമ്മൾ ശ്രദ്ധിക്കാതിരിക്കരുത്.
 
ഈ കറുത്ത ദിനങ്ങളിൽ ന്യൂസിലാൻഡ് സർക്കാരിനോട് ഐക്യദാർഢ്യം. മരിച്ചവരുടെ കുടുംബങ്ങളോട് സഹാനുഭൂതി. പരിക്കേറ്റവർ ഏറ്റവും വേഗം സുഖം പ്രാപിക്കട്ടെ. അക്രമികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാൻ സർക്കാർ ശ്രമിക്കുമെന്ന് നമുക്ക് ഉറപ്പിക്കാം.
 
അവിടെയുള്ള മലയാളികൾ സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. സംഭവത്തിലെ ഞെട്ടലും മനസ്സിനേറ്റ പോറലും മാറാൻ കാലം എടുക്കും. ഈ കാര്യങ്ങളിൽ കൗൺസലിംഗ് ചെയ്യാൻ വളരെ പ്രൊഫഷണൽ സൗകര്യങ്ങളുള്ള നാടാണ് ന്യൂസിലാൻഡ്. അവ ഉപയോഗിക്കുക. സുരക്ഷിതരായിരിക്കുക.
 
മുരളി തുമ്മാരുകുടി.
 
https://www.bbc.com/news/world-asia-47578798

Leave a Comment