പൊതു വിഭാഗം

അവസാനത്തെ ലിസ്റ്റും വരുന്പോൾ…

കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയും ഏകദേശം പൂർണ്ണമായതോടെ കേരളത്തിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുകയാണ്.
 
പട്ടിക നോക്കുന്പോൾ ആദ്യം തോന്നുന്നത് നിരാശ തന്നെയാണ്. സ്ത്രീകളുടെ എണ്ണം രണ്ടു മുന്നണിയിലും കൂടി നാൽപ്പതിൽ നാല് ആണ്, അതായത് പത്തു ശതമാനം. വോട്ടർമാരിൽ അൻപത് ശതമാനത്തിന്റെ മുകളിൽ സ്ത്രീകളുള്ള നാടാണെന്ന് ചിന്തിക്കണം. ഇനി ആഗ്രഹിക്കാനുള്ളത് ഇവർ നാല് പേരും വിജയിച്ചു വരും എന്നതാണ്, അപ്പോൾ ഇരുപത് ശതമാനം സ്ത്രീ സാന്നിധ്യമാകും. എന്നാലും നമ്മുടെ അയൽരാജ്യമായ അഫ്ഘാനിസ്ഥാനിലെ അത്രയും വരില്ല (27%). എങ്കിലും പാകിസ്താനോട് തുല്യമാകും. ജയിച്ചു വരുന്നവർ പാർലിമെന്റിൽ തിളങ്ങുമെന്നും, അടുത്ത തവണ സ്ത്രീകളിൽ നിന്നും കൂടുതൽ സ്ഥാനാർത്ഥികളും വിജയികളും ഉണ്ടാകുമെന്നുമാണ് പ്രതീക്ഷ.
 
യുവാക്കൾ കുറച്ചൊക്കെ ഉണ്ടെങ്കിലും ഇരു മുന്നണികളിലെയും പട്ടികയുടെ ശരാശരി പ്രായം അന്പതിന് മുകളിൽ തന്നെയാണെന്ന് തോന്നുന്നു. നാല്പതിനും അന്പതിനും ഇടക്കുള്ള ആളുകൾ അമേരിക്കയും ബ്രിട്ടനും റഷ്യയും ഉൾപ്പെടെ ഭരിച്ചിട്ടുള്ള ലോകത്ത് നമുക്ക് തീർച്ചയായും കൂടുതൽ യുവാക്കൾ വരണം.
 
സ്ത്രീകളെപ്പോലെ തന്നെ യുവാക്കളിലും ജയിച്ചു വരുന്നവർ പാർലിമെന്റിൽ തിളങ്ങുമെന്നും, അടുത്ത തവണ യുവാക്കളിൽ നിന്നും കൂടുതൽ സ്ഥാനാർത്ഥികളും വിജയികളും ഉണ്ടാകുമെന്നും ആണ് പ്രതീക്ഷ.
 
മൂന്നാമത്തേത് സന്തോഷമുള്ള കാര്യമാണ്. പാർലമെന്റ് തിരഞ്ഞെടുപ്പ് ബി ടീമുകൾ തമ്മിലുള്ള മത്സരമാണെന്ന് ഞാൻ ചിലപ്പോൾ പറയാറുണ്ട്. കേരള രാഷ്ട്രീയത്തിലെ ഒന്നാംകിടക്കാർക്കെല്ലാം കേരളത്തിൽ തന്നെ നിൽക്കാനാണ് താല്പര്യം. അത് സ്വാഭാവികമാണ്. കാരണം നാട്ടിൽ എം എൽ എ യും മന്ത്രിയും ഒക്കെ വലിയ സംഭവമാണ്. ഡൽഹിയിൽ എംപി എന്നോ എന്തിന് സഹമന്ത്രി എന്ന് തന്നെ പറഞ്ഞാലോ അത്ര കാര്യമായ കാര്യമല്ല. അതുകൊണ്ടാണ് മുൻകിടക്കാർ ഡൽഹിക്ക് പോകാത്തത്. (ഭാഷയുടെയും ബന്ധങ്ങളുടെയും അഭാവവും കാരണങ്ങളാണ്).
 
ഇത്തവണ ഒന്പത് എം എൽ എ മാരാണ് എം പി ആവാൻ ശ്രമിക്കുന്നത്. ഇതൊരു നല്ല കാര്യമാണ്. സത്യത്തിൽ കേരളത്തിൽ മന്ത്രി ആകാനുള്ള ഒരു മിനിമം യോഗ്യത, ഒരു തവണ എങ്കിലും പാർലിമെന്റിൽ ഉണ്ടായിരുന്നിരിക്കണം എന്നാക്കുന്നത് നല്ല കാര്യമാണ്. എങ്ങനെയാണ് ഡൽഹിയിൽ കാര്യങ്ങൾ നീങ്ങുന്നതെന്ന് അറിവുണ്ടാകുന്നതും, ഭാഷകളിൽ കൂടുതൽ പരിജ്ഞാനം ഉണ്ടാകുന്നതും കേരളത്തിന് പുറത്ത് വ്യക്തി ബന്ധങ്ങൾ ഉണ്ടാകുന്നതും എല്ലാം തിരിച്ചു കേരളത്തിലെത്തുന്പോൾ ഏറെ ഗുണം ചെയ്യും.
 
ഈ തിരഞ്ഞെടുപ്പിൽ ഞാൻ കേരളത്തിൽ ശ്രദ്ധിക്കുന്നത് എനിക്ക് താല്പര്യമുള്ള ചില വ്യക്തികളുടെ സാധ്യതകളാണ്. അവരെക്കുറിച്ച് ഞാൻ വഴിയേ പറയാം. ഇത് എനിക്ക് രാഷ്ട്രീയത്തിൽ താല്പര്യം ഇല്ലാത്തതുകൊണ്ടല്ല. പരിസ്ഥിതിയുടെയും സാങ്കേതിക വിദ്യയുടെയും നാളത്തെ രാഷ്ട്രീയത്തിൽ എനിക്ക് വലിയ താല്പര്യമുണ്ട്. പക്ഷെ ആ ബസ്സിപ്പോഴും കേരളത്തിൽ എത്തിയിട്ടില്ല. വരും, വരാതിരിക്കില്ല.
 
മുരളി തുമ്മാരുകുടി
 

Leave a Comment