പൊതു വിഭാഗം

അവസരങ്ങളുടെ ആഫ്രിക്ക

നമ്മൾ ലോകത്തെ കാണുന്നത് ഭൂപടം നോക്കിയാണ്. ഈ ഭൂപടത്തിന് ഒരു കുഴപ്പം ഉണ്ട്. ഉരുണ്ട ഗോളത്തെ അടിച്ചു പരത്തി വച്ചിരിക്കുകയാണല്ലോ. അപ്പോൾ ഭൂമധ്യരേഖയിൽ നിന്നും അകന്നു പോകുന്തോറും സ്ഥലങ്ങളുടെ വലുപ്പം യഥാർത്ഥത്തിൽ ഉള്ളതിലും കൂടുതലായി തോന്നും.

ഇതുകൊണ്ടാണ് നമ്മൾ പലപ്പോഴും ആഫ്രിക്കയുടെ ശരി വലുപ്പം അറിയാതെ പോകുന്നത്. മുപ്പത് മില്യൺ ചതുരശ്ര കിലോമീറ്റർ ഉണ്ട് ആഫ്രിക്കൻ ഭൂഖണ്ഡം. അതായത് ചൈനയും (9.7) ഇന്ത്യയും (3.3) മൊത്തം യൂറോപ്പും (10.8) ഒക്കെ എടുത്ത് അതിലേക്ക് വച്ചാലും സ്ഥലം ബാക്കി കിടക്കും. അൻപത്തി നാല് രാജ്യങ്ങൾ ഉണ്ടെങ്കിലും മൊത്തം ജനസംഖ്യ ഇന്ത്യയുടെ അത്രയും വരില്ല.

ഇതുകൊണ്ടൊക്കെയാണ് ഇനി വരുന്നത് ആഫ്രിക്കയുടെ കാലം ആണെന്ന് ഏറെപ്പേർ വിശ്വസിക്കുന്നത് (ഞാനും). ചൈനയുടെ കാലം ആണ്, ഇന്ത്യയുടെ കാലം ആണെന്നൊക്കെ പലരും പറയും, പക്ഷെ ഇവർക്ക് രണ്ടു പേർക്കും വികസിക്കാൻ വിഭവങ്ങൾ വേണമെങ്കിൽ ആഫ്രിക്ക തന്നെ വേണം. പക്ഷെ അത് മാത്രമല്ല പ്രശ്നം. ഒരു ബില്യണിൽ കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങൾ വലിയ സൂപ്പർ ടാങ്കറുകൾ പോലെയാണ്. അതിനെടുക്കാവുന്ന സ്പീഡിന് പരിധിയുണ്ട്, അതിന്റെ ഗതിയിൽ മാറ്റം വരുത്തണമെങ്കിൽ കുറച്ചു സമയമെടുക്കും. അതേസമയം ചെറിയ രാജ്യങ്ങൾ സ്പീഡ് ബോട്ട് പോലെയാണ്. നയരൂപീകരണവും ഗതി മാറ്റലും വേഗം നടക്കും. ഇനിയുള്ള കാലത്തെ അവസരങ്ങൾ മാറുന്നതനുസരിച്ച് നയം രൂപീകരിക്കാനും ഗതി മാറ്റാനും നടപ്പിലാക്കാനും ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഏറെ സൗകര്യമുണ്ട്. നമ്മൾ പണ്ട് കണ്ടും കേട്ടും അറിഞ്ഞ ആഫ്രിക്കയല്ല ഇപ്പോഴത്തെ ആഫ്രിക്ക. കാലം മാറി, കാര്യങ്ങളും.

അവസരങ്ങളുടെ ആഫ്രിക്ക, വായിക്കൂ..

നൈജീരിയയിലെ എണ്ണയുത്പാദന കേന്ദ്രമായ പോർട്ട് ഹാർകോട്ടിലെ ഒരു ഗേറ്റഡ് കമ്മ്യുണിറ്റിയുടെ ഓഫീസിൽ വെച്ചാണ് അവിടുത്തെ മലയാളിയായ ജനറൽ മാനേജർ മോഹനെ ഞാൻ പരിചയപ്പെടുന്നത്.

‘ഇരുപതു കൊല്ലമായി ഞാൻ ആഫ്രിക്കയിലെത്തിയിട്ട്. മിഡിൽ ഈസ്റ്റിലും യുറോപ്പിലുമൊക്കെ ജോലി ചെയ്തതിനു ശേഷമാണ് നൈജീരിയയിലെത്തുന്നത്. ഇവിടുത്തെയത്ര സുഖം വേറൊരിടത്തും തോന്നാത്തതു കൊണ്ട് ഇവിടെത്തന്നെയങ്ങു കൂടി.’

ഒരു ശരാശരി മലയാളിയെ ഈ പ്രസ്താവന അത്ഭുതപ്പെടുത്തിയേക്കാം. കാരണം മധ്യേഷ്യയും യൂറോപ്പും സിംഗപ്പൂരും അമേരിക്കയും അല്ലാതെ ആഫ്രിക്ക നമ്മുടെ തൊഴിൽ സങ്കൽപ്പത്തിലോ തൊഴിൽ മോഹങ്ങളിലോ വരുന്നില്ല. ആഫ്രിക്കയെപ്പറ്റി നമ്മൾ കേട്ടിരുന്നതെല്ലാം നല്ല വാർത്തകളല്ല. എത്യോപ്പ്യയിലെ പട്ടിണിയും ഉഗാണ്ടയിലെ ഇദി അമീന്റെ അക്രമങ്ങളും റവാണ്ടയിലെ വംശീയ നരഹത്യയും ഒക്കെയാണ് ആഫ്രിക്ക എന്ന് പറയുമ്പോൾ ഇപ്പോഴും നമ്മുടെ ചിന്തയിൽ വരുന്നത്. പക്ഷെ, കാലം ഏറെ മാറി. പാർലമെന്റിൽ അറുപത് ശതമാനം സ്ത്രീകളും ആയി റുവാണ്ട ഇപ്പോൾ ആഫ്രിക്കക്ക് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാണ്, ഉഗാണ്ടയിലെ നഗരത്തിലെ രാത്രികൾ ഇപ്പോൾ കേരളത്തിലെ രാത്രികളേക്കാൾ സുരക്ഷിതം ആണ്, ബഹുഭൂരിപക്ഷം ആഫ്രിക്കയും ഇപ്പോൾ ജനാധിപത്യ ഭരണത്തിൽ ആണ്. ഈ ആഫ്രിക്കയിലെ സാമ്പത്തിക അവസരങ്ങൾ മുതലെടുക്കാൻ ചൈനയും മറ്റു ലോക രാജ്യങ്ങളും മത്സരിക്കുകയാണ്.

ആഫ്രിക്കയിൽ കേരളത്തിന് വൻ സാധ്യതകൾ ആണ് ഉള്ളത്. നൂറ്റാണ്ടുകളായി അവരുമായി നമുക്ക് കൊടുക്കൽ വാങ്ങലുകളുമുണ്ട്. വാസ്കോഡഗാമ മലബാറിൽ വരുന്നതിന് മുൻപേ ആഫ്രിക്കയുടെ കിഴക്കൻ തീരത്തു നിന്നും മലബാറിലേക്ക് കപ്പലുകൾ ഓടിയിരുന്നു. അവരിൽ നിന്നാണ് ഗാമ മൺസൂണിനെ പറ്റിയും മലബാറിൽ എത്തുന്നതിനെ പറ്റിയും ഒക്കെ അറിഞ്ഞത്. പിന്നീട് ആഫ്രിക്കയുടെ പല ഭാഗങ്ങളും ഇന്ത്യയും ബ്രിട്ടീഷ് കോളനികൾ ആയ കാലത്ത് റെയിൽ പാളം ഉണ്ടാക്കാനും തേയിലയും കരിമ്പും കൃഷി ചെയ്യാനും ഒക്കെയായി അനേകം ഇന്ത്യക്കാരെ ബ്രിട്ടീഷുകാർ അവിടെ എത്തിച്ചു. അക്കാലത്ത് തിരിച്ചുവരാൻ ഉള്ള സൗകര്യം അവിടെ ഇല്ലാത്തതിനാൽ ഏറെ പേർ അവിടെ താമസമാക്കി, ഇപ്പോൾ അവിടുത്തെ പൗരന്മാരായി അവിടുത്തെ സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്കു വഹിക്കുന്നു. ഇവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യാനുൾപ്പടെ ആയി ആയിരക്കണക്കിന് മലയാളികൾ ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. ലോകത്തിപ്പോൾ മലയാളികൾ ചേക്കേറിയിരിക്കുന്ന മറ്റു സ്ഥലങ്ങളിലെല്ലാം അവസരങ്ങൾ കുറഞ്ഞുവരുമ്പോൾ ആഫ്രിക്കയിൽ അവസരങ്ങൾ കൂടിവരികയാണ്.

എന്താണിതിനു കാരണം? അവിടുത്തെ അതിശയകരമായ പ്രകൃതിവിഭവങ്ങളാണ് പ്രധാനം. ഭൂമി, ശുദ്ധജലം, തടാകങ്ങൾ, പുഴകൾ, വനങ്ങൾ എന്നിങ്ങനെ നമുക്ക് കാണാവുന്ന വിഭവങ്ങൾ കൂടാതെ ഭൂമിക്കടിയിലുള്ള വിഭവങ്ങളും ഏറെ. സ്വർണ്ണം, എണ്ണ, ഗ്യാസ്, രത്നം, യുറേനിയം തൊട്ട് ടൻടാലം വരെയുള്ള തന്ത്രപരമായ പ്രാധാന്യമുള്ള ലോഹങ്ങളെല്ലാം എത്രയോ കിടക്കുന്നു. കേരളത്തെപ്പോലെ കാലാവസ്ഥയുള്ള ഭൂമി ആഫ്രിക്കയിൽ ഏറെയുണ്ട്. പ്രത്യേകിച്ചും റബ്ബർ കൃഷിക്ക് അനുയോജ്യമായ പശ്ചിമാഫ്രിക്കയിലെ ഐവറി കോസ്റ്റും ലൈബീരിയയും നൈജീരിയയും ഒക്കെ. ഒരേക്കർ സ്ഥലത്തിന്റെ അവിടുത്തെ വില കേട്ടാൽ മലയാളിയുടെ നാവിൽ വെള്ളമൂറും. ഏക്കറിന് ഒരുലക്ഷം രൂപയിലും താഴെ റബ്ബർകൃഷിക്ക് പറ്റിയ ആയിരക്കണക്കിന് ഏക്കർ സ്ഥലം ആഫ്രിക്കയിലുണ്ട്. മൊത്തമായി മേടിച്ചാൽ ഏക്കറിന് പതിനായിരം പോലും വരില്ല. പാട്ടത്തിനാണെങ്കിൽ പറയുകയും വേണ്ടല്ലോ. തൊഴിൽ കൂലിയോ നമ്മുടേതിലും ഏറെ കുറവും. അവരൊക്കെ വ്യാപകമായി റബ്ബർ കൃഷി ചെയ്യാൻ തുടങ്ങുന്ന കാലത്ത് കേരളം കൃഷിപ്പണി നിർത്തുന്നതാണ് നല്ലത്.

ചെറുപ്പക്കാരും ആരോഗ്യമുള്ളതുമായ ഒരു ജനതയാണ് അവിടുത്തെ മറ്റൊരു വലിയ സമ്പത്ത്. ലോകത്തേറ്റവും വേഗത്തിൽ ജനസംഖ്യ വളരുന്നത് ആഫ്രിക്കയിലാണ്. മൊത്തം ജനസംഖ്യയിൽ പകുതിയോളം ഇരുപത് വയസ്സിന് താഴെയുള്ളവരാണ്. ഇവരെ ഒക്കെ പഠിപ്പിച്ചെടുത്താൽ വലിയ തൊഴിൽ സംഘവും ആണ്. ഇവരെ വിദ്യ അഭ്യസിപ്പിക്കുന്നതും തൊഴിലിടത്തിൽ എത്തിക്കുന്നതുമൊക്കെ തന്നെ വലിയ തൊഴിൽ സാധ്യതകളാണ്.

കോളനി ശക്തികളും പിൽക്കാലത്ത് വൻകിട കന്പനികളുമെല്ലാം ആഫ്രിക്കയിലെ ജനങ്ങളെ അടക്കിഭരിച്ചും ഏകാധിപതികൾ ആയ പ്രാദേശിക ഭരണാധികാരികളുമായി കരാറിൽ ഏർപ്പെട്ടും ആഫ്രിക്കൻ രാജ്യങ്ങളിലെ പ്രകൃതിവിഭവങ്ങൾ ചുളുവിലക്ക് വാങ്ങി സ്വന്തം നാടുകളിലെത്തിച്ചിരുന്നതാണ് ആഫ്രിക്കയിലെ പിന്നോക്കാവസ്ഥക്ക് ഒരു കാരണം. അതിൽനിന്ന് ഗുണം ലഭിച്ചിരുന്ന ആഫ്രിക്കയിലെ ഭരണവർഗ്ഗം, സ്വത്തിന്റെ വലിയ അന്തരത്തിൽ നിന്നുണ്ടായ അക്രമങ്ങൾ, ഇതൊക്കെയായിരുന്നു ആഫ്രിക്കയുടെ ശാപങ്ങൾ. ഇതെല്ലാം ഇപ്പോൾ മാറുകയാണ്. ആഫ്രിക്കയിൽ ഏറെ നാളായി ഭരിക്കുന്ന പ്രസിഡന്റുമാരുടെ എണ്ണം വിരലിൽ എണ്ണാവുന്നതേ ഉള്ളൂ. ഒറ്റപ്പാർട്ടി ഭരണം നടന്നിരുന്ന നൈജീരിയയിൽ പോലും പ്രതിപക്ഷം ഭരണം പിടിച്ചെടുത്തു. പട്ടാളവിപ്ലവത്തെപ്പറ്റി ഇപ്പോൾ നമ്മൾ കേൾക്കുന്നതു തന്നെയില്ല.

അതുകൊണ്ടു തന്നെ വ്യക്തികൾ ആയി ചിന്തിച്ചാലും ഒരു സംസ്ഥാനത്തിന്റെ കാര്യമായി ചിന്തിച്ചാലും ആഫ്രിക്ക അവസരങ്ങളുടെ ഭൂഖണ്ഡം ആണ്. തൽക്കാലം എങ്കിലും ആഫ്രിക്കയിലെ ജോലികൾ അവിടെ ഉള്ള ആളുകളുടെ നെറ്റവർക്ക് വഴി മാത്രമേ കിട്ടാൻ വഴിയുള്ളൂ. അത് കൊണ്ട് അങ്ങനെ ഉള്ളവരെ തേടിപ്പിടിക്കുക, ആഫ്രിക്കയിൽ ആണ് ജോലി അവസരം എന്ന് കേൾക്കുമ്പോൾ പിന്നോട്ട് മാറാതെ ധൈര്യമായി പോവുക എന്നതൊക്കെയെ എനിക്ക് ഉപദേശിക്കാൻ ഉള്ളൂ. എന്നാൽ വ്യ്കതികൾക്ക് തൊഴിലിനുള്ള ഇടം എന്ന തരത്തിൽ അല്ല നമ്മൾ ആഫ്രിക്കയെ കാണേണ്ടത്. ഒരു സംസ്ഥാനം എന്ന നിലയിൽ നമുക്ക് ആഫ്രിക്കയും ആയി അനവധി സാമ്പത്തിക ബന്ധങ്ങൾ സ്ഥാപിക്കാൻ അവസരങ്ങൾ ഉണ്ട്. എത്രയോ വലിയ അവസരങ്ങളാണ് നമ്മളെക്കാത്ത് ആഫ്രിക്കയിൽ എന്ന് പറയാൻ പറ്റില്ല. ഏറ്റവും എളുപ്പമുള്ളവ മാത്രം പറയാം.

വിദ്യാഭ്യാസം: നേഴ്സറിസ്കൂളുകൾ മുതൽ എൻജിനീയറിങ് കോളേജ് വരെ സ്വകാര്യമേഖലയിൽ നടത്തുന്ന “മുതലാളിമാർ” അനവധി കേരളത്തിലുണ്ട്. കേരളത്തിൽ ഇവരെ നമ്മൾ സമൂഹത്തിന്റെ ശത്രുക്കളായാണ് കാണുന്നത്. എന്നാൽ ഇവരുടെ അറിവും കഴിവും പണവും ഉപയോഗിച്ച് സ്‌കൂൾ തലം മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താനുള്ള അനവധി അവസരങ്ങൾ ആഫ്രിക്കയിലുണ്ട്. അതുപോലെതന്നെ നമ്മൾ ഒത്തു ശ്രമിച്ചാൽ സ്‌കൂൾ തൊട്ട് പ്രൊഫഷണൽ കോളേജുകൾ വരെയായി ഒരു വർഷം ഒരു ലക്ഷം ആഫ്രിക്കൻ വിദ്യാർത്ഥികളെയെങ്കിലും കേരളത്തിൽ ഉന്നതവിദ്യാഭ്യാസത്തിന് എത്തിക്കാൻ നമ്മൾ ശ്രമിച്ചാൽ സാധിക്കും (ഈ സംഖ്യ ഒന്നും കേട്ടിട്ട് ഞെട്ടണ്ട, കേരളത്തിന്റെ മൂന്നിൽ രണ്ടുമാത്രം ജനസംഖ്യയുള്ള ആസ്‌ട്രേലിയയിൽ ഒരു വര്ഷം ആറു ലക്ഷം വിദേശ വിദ്യാർത്ഥികൾ ആണ് പഠിക്കാൻ വരുന്നത്, കേരളത്തിൽ ഇത് അഞ്ഞൂറിലും താഴെയാണ്). ഇത് കൊണ്ട് പല ഗുണങ്ങൾ ഉണ്ട്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഡൈവേഴ്സിറ്റി ഉണ്ടാകും, വരുന്ന ഓരോ വിദ്യാർത്ഥിയും മാസത്തിൽ പതിനായിരം രൂപയെങ്കിലും വെച്ച് കേരളത്തിൽ ചെലവാക്കിയാൽ തന്നെ അത് നമ്മുടെ സമ്പദ്‌വ്യവസ്ഥക്ക് എത്രമാത്രം മാറ്റമുണ്ടാക്കുമെന്ന് ഓർക്കുക. പോരാത്തതിന് അടുത്ത തലമുറയിലെ ആഫ്രിക്കയിലെ എൻജിനീയർമാരും നേതാക്കളും പത്രപ്രവർത്തകരും സ്കൂൾ അധ്യാപകരുമൊക്കെ കേരളത്തിൽ വിദ്യാഭ്യാസം നേടിയവരാകുമ്പോൾ എന്തായിരിക്കും നമ്മൾ തമ്മിലുള്ള സാംസ്‌കാരിക സാമ്പത്തിക ബന്ധങ്ങളെന്ന് ചിന്തിച്ചാൽ മനസ്സിലാകും.

ആരോഗ്യരംഗം: വിദ്യാഭ്യാസം പോലെ തന്നെ അവസരങ്ങളുള്ളതാണ് ആരോഗ്യരംഗവും. കേരളത്തിലെ സ്വകാര്യ ആരോഗ്യ സംരംഭകർക്ക് ആഫ്രിക്കയിൽ മെഡിക്കൽ കോളേജുകളും ആശുപത്രികളും ഉണ്ടാക്കാനുള്ള സാഹചര്യമൊരുക്കുകയും ആഫ്രിക്കയിൽ നിന്ന് പഠനത്തിനും ചികിത്സക്കുമായി ആയിരങ്ങൾ ഇവിടെ എത്തുകയും ചെയ്താൽ അതിന് സാമ്പത്തികം മാത്രമല്ല, മറ്റ് മാനങ്ങളുമുണ്ട്.

കൃഷി: കേരളത്തിലെ ഭൂമിയുടെ വിലയും തൊഴിലിന്റെ കൂലിയും കാരണം കൃഷി ലാഭകരമല്ലാതായി തീർന്നിട്ട് പതിറ്റാണ്ടുകളായി. ഒരേക്കറിന് അൻപത് ലക്ഷമോ ഒരു കോടിയോ കൊടുത്തിട്ട് ഒരാൾക്കും റബ്ബറോ ഇഞ്ചിയോ കൃഷി ചെയ്ത് ലാഭമുണ്ടാക്കാൻ പറ്റില്ല. അതേസമയം ഒരേക്കറിന് ഒരു ലക്ഷത്തിലും താഴെ വിലയുള്ള ഭൂമിയും ഒരു ദിവസം മുന്നൂറു രൂപയിൽ കുറഞ്ഞ കൂലിയിൽ ജോലി ചെയ്യുന്ന ആരോഗ്യമുള്ള ജനതയും ആഫ്രിക്കയിലുണ്ട്. അവിടെ കൃഷി നടത്താൻ നമ്മുടെ കർഷകരെ പഠിപ്പിച്ചാൽ അത് ആഫ്രിക്കക്കും നമുക്കും ഏറെ ഗുണം ചെയ്യും.

പൊതുഗതാഗതം മുതൽ ടൂറിസം വരെ, കുടുംബശ്രീ മുതൽ സഹകരണരംഗം വരെ ആഫ്രിക്കക്ക് മാതൃകയാക്കാവുന്ന നിരവധി നല്ല പാഠങ്ങൾ കേരളത്തിലുണ്ട്. ഞാൻ അവസരം കിട്ടുമ്പോളൊക്കെ ഇക്കാര്യങ്ങൾ അവിടുത്തെ മന്ത്രിമാരോടൊക്കെ പറയാറുമുണ്ട്. ഇത് പൂർണ്ണമായും ഒരു വിൻ-വിൻ അറേഞ്ച്മെന്റാണ്.

Leave a Comment