പൊതു വിഭാഗം

അളവുകളും തൂക്കങ്ങളും

ഓരോ ദിവസവും ഞാൻ നൂറുകണക്കിന് വാർത്തകൾ വായിക്കുന്നു, ഫേസ്ബുക്ക് പോസ്റ്റുകൾ കാണുന്നു, ഡസൻ കണക്കിന് ആളുകൾ എൻറെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് മറുപടി ഇടുന്നു, കുറച്ചെങ്കിലും മലയാളികളോട് സംസാരിക്കുന്നു.
ഇതിൽ ബഹുഭൂരിപക്ഷത്തിലും ഞാൻ കാണുന്നത് നെഗറ്റിവിറ്റി ആണ്. കേരളത്തിന്റെ വളർച്ചയെ, നമ്മുടെ നേതാക്കളെ, നമ്മുടെ സംവിധാനങ്ങളെ, എന്തിന് സ്വന്തം സുഹൃത്തുക്കളെപ്പറ്റി എങ്കിലും പോസിറ്റീവ് ആയി ആളുകൾ പറയുന്നത് അപൂർവ്വമാണ്. അങ്ങനെ ആരെങ്കിലും പറഞ്ഞാൽ അത് തെറ്റാണെന്ന് സ്ഥാപിച്ചെടുക്കാൻ അവർ ഏതറ്റം വരെയും ഗവേഷണം നടത്തും. ഇനി അഥവാ ശരിയാണെന്ന് കണ്ടാൽ “പുതിയ റോഡ് നല്ലതാണെങ്കിലും പാലം ശരിയല്ലല്ലോ, പാലം ശരിയാണെങ്കിലും മാർക്കിങ്ങ് ശരിയല്ലല്ലോ” എന്നിങ്ങനെ പോകും അഭിപ്രായങ്ങൾ.
 
നമ്മൾ ചുറ്റുമുള്ളവരിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നതിൽ ഒരു തെറ്റുമില്ല. ഉള്ളതിൽ സംതൃപ്തി അടയേണ്ട കാര്യവുമില്ല. കൂടുതൽ നന്നാവാം എന്ന ബോധ്യത്തിൽ നിന്നാണ് കൂടുതൽ നന്നാവാൻ സമൂഹവും വ്യക്തികളും ശ്രമം തുടരുന്നത്. കുറ്റങ്ങൾ കണ്ടുപിടിച്ചത് കൊണ്ട് മാത്രം നാം മുന്നോട്ട് പോവില്ല. അതിന് കുറച്ചു കാര്യങ്ങൾ അടിസ്ഥാനമായി വേണം.
 
1. നമ്മൾ എവിടെ നിൽക്കുന്നു എന്നതിനെക്കുറിച്ച് വ്യക്തമായ അറിവും അഭിമാനവും; നൂറു ശതമാനം സാക്ഷരത ഉള്ളതിനാൽ കേരളം ലോകത്തിൽ നന്പർ വൺ ആണെന്നും ഗോഡ്സ് ഓൺ കൺട്രി എന്ന പേര് വിമൽ കുമാറിനെ വിളിക്കുന്നതിനാൽ നമ്മുടേത് ലോകത്തിൽ ഏറ്റവും സുന്ദരമായ സ്ഥലമാണെന്നുമുള്ള ചിന്ത, കേരളത്തിലെ ഡ്രൈവിങ് ആണ് ലോകത്തിൽ ഏറ്റവും മോശമെന്നോ, കേരളത്തിലെ നഗരങ്ങൾ ആണ് ഏറ്റവും മലിനമെന്നോ ചിന്തിക്കുന്നത് പോലെയുള്ള തെറ്റാണ്. വികസനം മുതൽ ഭരണം വരെ നന്മ തിന്മകളും ഉയർച്ച താഴ്ചകളുള്ള സ്ഥലമാണ് കേരളം. നമ്മൾ ലോകത്തെ അപേക്ഷിച്ച് എവിടെ നിൽക്കുന്നു എന്ന് മനസ്സിലാക്കാൻ ശ്രമിക്കണം. വാട്ട്സ്ആപ്പ് ശാസ്ത്രം അനുസരിച്ചുള്ള മുൻവിധിയിൽ കുരുങ്ങിയാൽ മുന്നോട്ട് പോകാൻ പറ്റില്ല. ഒന്നുകിൽ നമ്മൾ ഇപ്പോൾ തന്നെ ലോകത്തിന്റെ നെറുകയിലാണ് മുന്നോട്ടു പോകേണ്ട ആവശ്യമില്ല, അല്ലെങ്കിൽ നമ്മൾ പാതാളത്തിലാണ് മുന്നോട്ട് പോകാൻ ഒരു വഴിയും ഇല്ല. ഇത് രണ്ടും ശരിയല്ല. നമ്മൾ എവിടെയാണെന്ന ശരിയായ അറിവോടും അഭിമാനത്തോടും കൂടി വേണം മുന്നോട്ട് നോക്കാൻ.
 
2. നമുക്ക് എവിടെ എത്താം എന്ന റിയലിസ്റ്റിക്ക് ആയ അനുമാനങ്ങൾ; ലോകത്ത് കേരളത്തിനേക്കാൾ മുന്നിൽ നിൽക്കുന്ന ധാരാളം രാജ്യങ്ങളും നഗരങ്ങളുമുണ്ട്. അവയൊക്കെ അവിടെ എത്തിയതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. ചിലത് ചരിത്രപരവും ചിലത് ഭൂമി ശാസ്ത്രപരവും ചിലത് നേതൃത്വപരവുമാണ്. കേരളത്തിന് ദുബായ് പോലെയോ സിംഗപ്പൂർ പോലെയോ നോർവേ പോലെയോ ഒരു ദിവസം കൊണ്ടോ ഒരു ഭരണം കൊണ്ടോ ആകാൻ സാധിക്കില്ല. പക്ഷെ നമുക്കുള്ള ചരിത്രവും ഭൂമിശാസ്ത്രവും വിഭവങ്ങളും വേണ്ട രീതിയിൽ ഉപയോഗിക്കാൻ പറ്റുന്ന നേതൃത്വമുണ്ടെങ്കിൽ തീർച്ചയായും നമുക്ക് ഇപ്പോഴത്തേതിൽ നിന്നും ബഹുദൂരം മുന്നോട്ട് പോകാൻ സാധിക്കും. നമ്മുടെ ചരിത്രവും ഭൂമിശാസ്ത്രവും സമൂഹവും സംയോജിപ്പിച്ച് നമുക്ക് എവിടെ എത്താൻ പറ്റുമെന്ന് അറിവുണ്ടാവുക പ്രധാനമാണ്. അതിൽ നിന്നാണ് നയങ്ങളും നിയമങ്ങളും ഉണ്ടാക്കേണ്ടത്.
 
3. മറ്റുള്ളവരെ അളക്കുന്നത് കുറച്ച് കഴിവുകളെ പ്രോത്സാഹിപ്പിക്കുക; നമ്മുടെ വികസനവും സാധ്യതകളും ശരിയായി അളന്നും തൂക്കിയും നോക്കുന്പോഴും നമ്മൾ ചുറ്റുമുള്ള എല്ലാവരെയും നെഗറ്റിവിറ്റിയുടെ കണ്ണിലൂടെ അളക്കുന്നത് കുറക്കുക. ലോകത്തൊരിടത്തും സന്പൂർണ്ണരായ മനുഷ്യരില്ല. ലോകത്തെ ബഹുഭൂരിപക്ഷം ആളുകളും കൂടുതൽ നന്മ ഉളളവരും അവരുടെ കഴിവുകൾ – അതെന്തായാലും നന്നായി ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. അവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കുന്നതിനേക്കാൾ എളുപ്പമാണ് അവരുടെ കഴിവുകൾ കണ്ടുപിടിക്കാൻ. ആളുകളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയാണ് അവരെ സ്ഥാപനത്തിന് കൂടുതൽ ഉപയോഗമുള്ളവരാക്കി മാറ്റാൻ സാധിക്കുന്നത്, അല്ലാതെ അവർക്കില്ലാത്ത കഴിവുകൾ ഉണ്ടാക്കാൻ നോക്കുന്നതിലൂടെയല്ല എന്നാണ് പുതിയ മാനേജ്‌മെന്റ്റ് ചിന്ത. സമൂഹത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്.
 
4. ലോകം വിശാലമാണ്, നമുക്കെല്ലാവർക്കും അവസരങ്ങളുണ്ട്; കേരളത്തിലെ നെഗറ്റിവിറ്റിയുടെ ഒരു പ്രധാന കാരണം ലോകത്തെ കേരളത്തിലേക്ക് ചുരുക്കുന്നതാണ്. കേരളമാണ് ലോകമെന്നും കേരളത്തിൽ എന്തെങ്കിലും ആകുന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ചിന്തിക്കുന്പോൾ നമ്മുടെ ചുറ്റുമുള്ളവർ നമുക്ക് എതിരാളികളാകുന്നു. അവരുടെ തെറ്റുകൾ കണ്ടുപിടിക്കേണ്ടത്, അവരുടെ മനോധൈര്യം കുറക്കേണ്ടത്, അവരെ പാരവെച്ചു വീഴ്ത്തേണ്ടത് എല്ലാം നമ്മുടെ മുന്നേറ്റത്തിന് പ്രധാനമാണെന്ന മിഥ്യാധാരണ നമുക്ക് ഉണ്ടാകുന്നു. എല്ലാവർക്കും അവരുടെ കഴിവുകൾ അനുസരിച്ചു വികസിക്കാനുള്ള ലോകം ഉണ്ടെന്ന് മനസ്സിലാക്കിയാൽ അടുത്തുള്ളവരോടുള്ള ‘കുശുന്പ്’ അല്പം കുറയും, കരുണ കൂടും, അവർ നന്നാവുന്നതിൽ നമുക്ക് സന്തോഷം ഉണ്ടാകും. മറ്റുള്ളവരുടെ അവസരങ്ങൾ കുറക്കാൻ ശ്രമിക്കുന്നതിന് പകരം എല്ലാവരുടെയും അവസരങ്ങൾ കൂട്ടാൻ നോക്കിയാൽ എല്ലാവർക്കും ഒറ്റക്കൊറ്റക്ക് പ്രവർത്തിക്കുന്നതിനേക്കാൾ കൂടുതൽ പുരോഗതി ഉണ്ടാകും. ഇതൊക്കെ എലിമെന്ററി ആണ് വാട്ട്സൺ, പക്ഷെ കേരളത്തിന് പുറത്തേക്ക് മനസ്സ് വികസിക്കാതെ ഇത് സ്വാംശീകരിക്കാൻ പറ്റില്ല.
 
ഇവിടെ ഞാൻ കേരളത്തെക്കുറിച്ച് പറയുന്നതിനാൽ ലോകത്ത് മറ്റിടങ്ങളിൽ ഇത്തരം പ്രശ്നങ്ങളില്ല എന്നോ നെഗറ്റിവിറ്റി മലയാളികളുടെ മാത്രം പ്രത്യേക പ്രശ്നമാണെന്നോ വിചാരിക്കരുത്. മറ്റിടങ്ങളിലും ഇതൊല്ലാമുണ്ട് ഏറിയും കുറഞ്ഞും. മുന്നേറുന്ന സമൂഹങ്ങൾ എല്ലാം സ്വന്തം കഴിവുകൾ അറിയാവുന്ന, അതിൽ അഭിമാനമുള്ള, പരസ്പരം സഹായിക്കുന്ന ആളുകളും സംവിധാനവും നേതൃത്വവും ഉള്ളവ തന്നെയാണ്. അങ്ങനെ ഒന്നിലേക്കെത്താൻ നമുക്ക് പുറമേ നിന്ന് ഒരു സഹായത്തിന്റെയും ആവശ്യമില്ല. ചുറ്റുള്ളവരേയും സമൂഹത്തേയും പോസിറ്റിവിറ്റിയുടെ ആംഗിളിലൂടെ വിലയിരുത്താനുള്ള മാനസികാവസ്ഥ ഉണ്ടായാൽ മാത്രം മതി.
 
മുരളി തുമ്മാരുകുടി
ജനീവ, ജൂൺ 2, 2019

Leave a Comment