പൊതു വിഭാഗം

അറിയപ്പെടാത്ത മാതൃകകൾ..!

‘ഒരു കുട്ടിയെ വളർത്താൻ ഒരു ഗ്രാമം വേണം’ (It takes a village to raise a child) എന്നത് ഒരു ആഫ്രിക്കൻ പഴമൊഴിയാണ്. ഗ്രാമത്തിലെ വിവിധ ആളുകളുമായി ഇടപെട്ട് അവരുടെ സ്നേഹവും ദ്വേഷവും അറിഞ്ഞു വളരുന്പോഴാണ് കുട്ടികളുടെ വ്യക്തിത്വത്തിൽ വേണ്ടത്ര വികാസം ഉണ്ടാകുന്നത് എന്നതാണ് ആ പഴമൊഴിയുടെ അർത്ഥം. അണുകുടുംബങ്ങളിൽ അച്ഛനമ്മമാരുടെ വാത്സല്യവും സ്നേഹവും പ്രോത്സാഹനവും മാത്രം നേടി വളർന്ന കുട്ടികൾ പുറം ലോകത്ത് ആദ്യ വെല്ലുവിളി നേരിടുന്പോൾ തന്നെ കുഴഞ്ഞുപോകുന്നത് കാണുന്പോൾ ഈ ചൊല്ലിന്റെ അർത്ഥം എനിക്ക് കൂടുതൽ വ്യക്തമാകാറുണ്ട്.
 
സ്വന്തം അച്ഛന്റെയും അമ്മയുടേയും മാത്രമല്ല വീട്ടിൽ തന്നെ ഉണ്ടായിരുന്ന അമ്മാവന്റെ, അടുത്ത വീടുകളിലുണ്ടായിരുന്ന വല്യമ്മമാരുടെ (ഞങ്ങൾ മറ്റമ്മ എന്നാണ് വിളിക്കാറ്), ചേച്ചിമാരുടെ, അയൽക്കാരുടെ, വീട്ടിൽ ജോലി ചെയ്തിരുന്നവരുടെ, വീടുമായി വ്യാപാരബന്ധം ഉണ്ടായിരുന്നവരുടെ ഒക്കെ ലാളനയും ശാസനയും കിട്ടാൻ അവസരം ഉണ്ടായിരുന്ന ഒരാളാണ് ഞാൻ. അതൊക്കെ എന്റെ വ്യക്തിത്വത്തേയും ചിന്തകളേയും പോസിറ്റീവ് ആയി ബാധിച്ചു എന്ന് ചിന്തിക്കുന്ന ആളുമാണ്. ഇങ്ങനെ എന്നെ സ്വാധീനിച്ചവരിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് ഞങ്ങൾ ഭാഗി ചിറ്റമ്മ എന്ന് വിളിച്ചിരുന്ന ഭാഗീരഥിയമ്മ ആണ്.
 
തുമ്മാരുകുടുംബത്തിൽ ഇന്നു വരെയുള്ളവരിൽ ഏറ്റവും അധികം ജീവിച്ചിരുന്ന ആളാണ് ഭാഗി ചിറ്റമ്മ. കഴിഞ്ഞയാഴ്ച്ച കണ്ടു പിരിയുന്പോൾ ചിറ്റമ്മക്ക് എത്ര വയസ്സായിക്കാണും എന്ന് ഞാൻ അമ്മയോട് ചോദിച്ചു. “അമ്മാവന്റെ സമപ്രായക്കാരി ആയിരുന്നു, അമ്മാവന് വൈക്കത്തന്പലത്തിൽ ചോറുകൊടുത്തു വന്നതിന്റെ പിറ്റേന്ന് തുടങ്ങിയ മഴയാണ് തൊണ്ണൂറ്റി ഒന്പതിലെ വെള്ളപ്പൊക്കം ആയത്. അങ്ങനെ വരുന്പോൾ പ്രായം തൊണ്ണൂറ്റി അഞ്ചോ തൊണ്ണൂറ്റി ആറോ ആയിരിക്കണം.”
 
തുമ്മാരുകുടി കുടുംബത്തിൽ നിന്നും വിദ്യാഭ്യാസം നേടി പുറത്തുപോയി ജീവിച്ചു തുടങ്ങിയ ആദ്യത്തെ പെൺകുട്ടിയും ചിറ്റമ്മ ആയിരുന്നു. പത്താം ക്‌ളാസ്സ് പാസ്സായതിന് ശേഷം തിരുവിതാംകൂറിന് സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് തന്നെ തിരുവനന്തപുരത്തെത്തി ഇംഗ്ളീഷിൽ ഉപരിപഠനം നടത്തി നാട്ടിൽ തിരിച്ചെത്തിയ ചിറ്റമ്മയുടെ ജീവിതത്തിലെ ഒരു കഥ ഇപ്പോഴത്തെ കാലത്ത് നമ്മൾ അറിഞ്ഞിരിക്കേണ്ടതാണ്.
 
കുന്നത്തുനാട്ടിലെ പ്രശസ്തമായ ഒരു നന്പൂതിരി ഇല്ലത്തിലെ കുടിയാന്മാർ ആയിരുന്നു ഒരു കാലത്ത് തുമ്മാരുകുടിക്കാർ. തുമ്മാരുകുടിയിലെ ഒരു പെൺകുട്ടി ഉന്നത വിദ്യാഭ്യാസം നേടി തിരിച്ചെത്തിയെന്ന വാർത്തയറിഞ്ഞ ഇല്ലത്തെ മൂത്ത കാരണവർ സ്വന്തം കുടുംബത്തിലെ പെൺകുട്ടികളെ ഇംഗ്ളീഷ് പഠിപ്പിക്കാൻ ചിറ്റമ്മയോട് ആവശ്യപ്പെട്ടു. ചിറ്റമ്മക്ക് ഒറ്റ കണ്ടീഷനേ ഉണ്ടായിരുന്നുള്ളു. അക്കാലത്ത് നന്പൂതിരി കുടുംബങ്ങളിൽ ജോലിക്ക് പോകുന്ന ശൂദ്ര കുടുംബങ്ങളിലെ സ്ത്രീകൾ മേൽ വസ്ത്രം അഴിച്ചുവെച്ചിട്ട് വേണം ഇല്ലത്തിനകത്ത് കയറാൻ. (ക്ഷേത്രങ്ങളിലും അങ്ങനെ ആയിരുന്നുവല്ലോ). അതിനുവേണ്ടി ഒരു ലോക്കർ സംവിധാനം ഒക്കെയുണ്ട്. കുട്ടികളെ പഠിപ്പിക്കണമെങ്കിൽ മേൽവസ്ത്രം ഉൾപ്പടെ തനിക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചു മാത്രമേ ഇല്ലത്തേക്ക് വരൂ എന്ന് ചിറ്റമ്മ നിബന്ധന വെച്ചു.
 
തിരുവിതാംകൂറിന്റെ സ്വാതന്ത്ര്യത്തിന് മുൻപുള്ള കാര്യമാണ്. ജന്മി – കുടിയാൻ ബന്ധങ്ങൾ കൂടി ഉള്ളതിനാൽ റിസ്ക് കൂടുതലാണ്. അതൊന്നും ചിറ്റമ്മ മൈൻഡ് ചെയ്തില്ല.
 
ചിറ്റമ്മയുടെ ആവശ്യത്തെ സ്വാഭാവികമായും എല്ലാവരും എതിർത്തു. ആ കുടുംബത്തിലെ സ്ത്രീകളും അവിടെ ജോലി ചെയ്യുന്ന മറ്റു സ്ത്രീകളും ആയിരുന്നു എതിർപ്പിന് ഏറ്റവും മുന്നിൽ. പക്ഷെ കാരണവർ ദീർഘദൃഷ്ടി ഉള്ളയാളായിരുന്നു. ചിറ്റമ്മയുടെ നിബന്ധന അംഗീകരിച്ചു, ചിറ്റമ്മ ജോലിക്ക് പോയി, കുട്ടികൾ ഇംഗ്ളീഷ് പഠിച്ചു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി എഴുപത് വർഷം കഴിഞ്ഞും ‘ആചാരങ്ങൾ’ സംരക്ഷിക്കാൻ കുലസ്ത്രീകൾ മുന്നിട്ടിറങ്ങുന്നത് കാണുന്പോൾ അതിനെ ശക്തമായി എതിർക്കാനും ‘മാറാത്തത് മാറ്റം മാത്രം’ എന്ന് ചിന്തിക്കാനും എനിക്ക് തോന്നുന്നത് ഇത്തരം അനുഭവങ്ങൾ നേരിട്ടറിഞ്ഞവരുമായി സംവദിക്കാൻ അവസരം ഉണ്ടായതു കൊണ്ടാണ്.
 
ചിറ്റമ്മയുടെ ട്യൂഷൻ പക്ഷെ ഏറെ നീണ്ടു നിന്നില്ല. കേരള സർക്കാരിൽ ആരോഗ്യ വകുപ്പിൽ ചിറ്റമ്മക്ക് ജോലി കിട്ടി, വീണ്ടും തിരുവനന്തപുരത്ത് എത്തി. പതിറ്റാണ്ടുകൾ സെക്രട്ടറിയേറ്റിൽ ജോലി ചെയ്തു. കേരളത്തിലെ മെഡിക്കൽ രംഗത്തേയും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെയും കുലപതികൾ പലരും സുഹൃത്തുക്കൾ ആയിരുന്നു. ശ്രീ വക്കം പുരുഷോത്തമൻ ആരോഗ്യമന്ത്രി ആയിരുന്ന കാലത്ത് അദ്ദേഹത്തിൻറെ ഓഫിസിൽ നിന്നാണ് വിരമിച്ചത്.
 
തുമ്മാരുകുടിയിൽ നിന്നും വെങ്ങോലയിൽ നിന്നും തിരുവനന്തപുരത്ത് എന്താവശ്യത്തിന് എത്തുന്നവർക്കും ആദ്യത്തെ കോൺടാക്ട് പോയന്റ് ചിറ്റമ്മയായിരുന്നു. ചിറ്റമ്മയുടെ കൂടെ നിന്ന്, അല്ലെങ്കിൽ ചിറ്റമ്മ ഫീസ് കൊടുത്ത് ഒക്കെയാണ് ഏറെ തുമ്മാരുകുടിക്കാർ ഉന്നത വിദ്യാഭ്യാസം നേടിയത്. റിട്ടയർ ചെയ്ത് വെങ്ങോലക്ക് തിരിച്ചു പോകുന്ന ചിറ്റമ്മക്ക് ആരോഗ്യവകുപ്പിന്റെ ഒരു സമ്മാനം കൂടിയായിരുന്നു വെങ്ങോലയിൽ സ്ഥാപിച്ച സർക്കാർ ആശുപത്രി. വെങ്ങോലയിൽ അതിനുള്ള സ്ഥലം ഉൾപ്പെടെയുള്ള സൗകര്യങ്ങളൊരുക്കാൻ മുൻകൈ എടുത്തതും ചിറ്റമ്മ തന്നെ.
 
അവിവാഹിത ആയിരുന്നു ചിറ്റമ്മ. പതിവുപോലെ ‘കുടുംബത്തിലെ മറ്റുള്ളവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചു’ എന്നൊരു ചിന്തയും ഭാവവും ചിറ്റമ്മക്ക് ഇല്ലായിരുന്നു. പുതിയ തലമുറയിൽ ചിറ്റമ്മയോട് ഏറ്റവും അടുത്ത ആളായിരുന്നു ഞാൻ. അതുകൊണ്ടു തന്നെ ഈ വിഷയങ്ങൾ ഞാൻ ചിറ്റമ്മയോട് സംസാരിച്ചിട്ടുണ്ട്. എഴുപത് വർഷം മുൻപത്തെ കേരളത്തിൽ അവിവാഹിതയായി ജീവിക്കാൻ തീരുമാനമെടുക്കുക എന്നത് അത്ര എളുപ്പമല്ലായിരുന്നു. പക്ഷെ എടുത്ത തീരുമാനത്തിൽ ചിറ്റമ്മ ഉറച്ചു നിന്നു. അതുകൊണ്ടു തന്നെ സ്വന്തം കുടുംബത്തിലേക്ക് ഒതുങ്ങി പോകാതെ, സ്വന്തം അഭിപ്രായങ്ങളുള്ള സന്പൂർണ്ണമായ ഒരു ജീവിതം ചിറ്റമ്മക്ക് നയിക്കാനായി. (ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം കൊട്ടക്കണക്കിനുണ്ട്).
 
കഴിഞ്ഞ ഞായറാഴ്ച തുമ്മാരുകുടി കുടുംബയോഗം ആയിരുന്നു. ആരോഗ്യ കാരണങ്ങളാൽ ചിറ്റമ്മ വന്നില്ല. കുടുംബയോഗത്തിന് ശേഷം എറണാകുളത്ത് World Malayalee Federation വാർഷിക സമ്മേളനത്തിൽ സംസാരിക്കാമെന്ന് ഞാൻ വാക്കു കൊടുത്തിരുന്നതാണ്. സ്പീക്കർ ഉൾപ്പെടെയുള്ളവർ വരുന്ന ചടങ്ങും ആയിരുന്നു. പക്ഷെ എന്തുകൊണ്ടോ ചിറ്റമ്മയെ പോയി കാണണമെന്ന് എനിക്ക് തോന്നി.
 
ചിറ്റമ്മ വല്ലാതെ ചെറുതായി പോയതുപോലെ എനിക്ക് തോന്നി. മിക്കവാറും ആരെയും തിരിച്ചറിയുന്നുപോലും ഇല്ലായിരുന്നു. ഞാൻ പോയി അടുത്തിരുന്നു. കൈയിൽ പിടിച്ചു. “ആരാണെന്ന് മനസ്സിലായോ” എന്ന് സുധ ചേച്ചി ചോദിച്ചു.
“പിന്നില്ലേ, എനിക്ക് വയ്യാതായി, അതുകൊണ്ടു നീ എഴുതുന്നത് മാത്രമേ വായിക്കാറുള്ളൂ” എന്ന് ചിറ്റമ്മ പറഞ്ഞു. പല വിഷയങ്ങൾ സംസാരിച്ചു. കൃത്യതയോടെ. ഒരു മണിക്കൂർ കൂടെ ഇരുന്നു. പോരാൻ നേരം ചിറ്റമ്മ എൻറെ കയ്യെടുത്ത് ഉമ്മവെച്ചു. സാധാരണ അത്തരം സ്നേഹപ്രകടനം ഒന്നും ഉള്ളതല്ല. ഇനി ചിറ്റമ്മയെ കാണുമോ എന്ന് എനിക്കന്ന് തോന്നി.
 
ഇന്ന് രാവിലെ ദുബായിൽ വിമാനം ഇറങ്ങിയപ്പോൾ ആദ്യം കിട്ടിയ വാർത്ത ചിറ്റമ്മ മരിച്ചു എന്നതാണ്. ഒരു പ്രളയകാലത്തു നിന്നും അടുത്ത പ്രളയകാലം വരെയുള്ള സംഭവബഹുലമായ ഒരു ജീവിതം. അടുത്തറിയുന്ന ഞങ്ങൾക്ക് ചിറ്റമ്മ ഒരു മാതൃകയാണ്. വിദ്യാഭ്യാസവും ജോലിയും ലോകപരിചയവുമുള്ള ഒരാൾക്ക് മുന്നിൽ മറ്റൊന്നും ഒരു പ്രതിബന്ധമല്ല എന്ന മാതൃക. നാം എന്ത് നേടുന്പോഴും അത് മറ്റുള്ളവരുമായി പങ്കുവക്കാനുള്ളതാണെന്ന മാതൃക. എവിടെയൊക്കെ പോയി ജോലി ചെയ്താലും തിരിച്ചു സ്വന്തം നാട്ടിൽ വന്ന് സ്നേഹമുള്ളവരുടെ കൂടെ ജീവിച്ചു മരിക്കണം എന്ന മാതൃക. ഒരു ജീവിതം ധന്യമാക്കാൻ ഇത്രയൊക്കെ മതി.
 
മുരളി തുമ്മാരുകുടി
 

2 Comments

  • നിങ്ങളെന്താണ് പ്രളയത്തിലും വലുതായി നമ്മുടെ സമൂഹത്തെ ഇനി അനന്ത കാലത്തേയ്ക്കു ബാധിക്കുന്നതായേക്കാവുന്ന ഇപ്പോഴത്തെ സംഭവങ്ങളെക്കുറിച്ച് ഒരക്ഷരം തെളിച്ചു പറയാത്തത്? ഇതു പബ്ലിഷ് ചെയ്യാനുള്ള കമന്റ് അല്ല നിങ്ങൾക്ക് വായിക്കാനുള്ളതാണ്. നിങ്ങളുടെ നിലപാട് പ്രതീക്ഷിക്കുന്നതുകൊണ്ടാണ് 2 വീക്ക് ആയും ഒരു കുറിപ്പും ഇല്ലാഞ്ഞും ഇപ്പോഴും ഈ ബ്ലോഗിൽ നോക്കി ഇരിക്കുന്നത്. എന്റെ നമ്പർ 9930099190 ആണ്. നിങ്ങളുടെ ശരിക്കുള്ള നിലപാട് ഒന്നു whatsap ചെയ്താൽ ആരോടും പറയാതെ തന്നെ സമൂഹത്തിൽ ഓരോരോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും നിങ്ങളുടെ നിലപാടിന് കാത്തിരിക്കാതെ എന്റെ നിലപാട് പ്രകടിപ്പിക്കാമായിരുന്നു.

Leave a Comment