പൊതു വിഭാഗം

‘അരികിൽ നീ…

‘അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാൻ

ഒരു മാത്ര വെറുതെ നിനച്ചുപോയി….’

വാലന്റൈൻസ് ഡേ അല്ലേ… കുറച്ചു പ്രണയ ചിന്തകൾ ആകാം.

ആറാം ക്ലാസ്സിൽ വെച്ചാണ് ആദ്യമായി ഒരു പെൺകുട്ടിയോട് പ്രണയം തോന്നിയത്. സംഗതി മതേതര വിപ്ലവം ഒക്കെയായിരുന്നു, പത്താം ക്‌ളാസ് തീരുന്നതിന് മുൻപ് പ്രണയം തുറന്നു പറയുകയും ചെയ്തു. പക്ഷെ ആ പെങ്കൊച്ചിന് അന്നേ എന്നേക്കാൾ കൂടുതൽ വിവരമുണ്ടായിരുന്നു. കുറച്ചു വലുതായിക്കഴിയുമ്പോളും മനസ്സിൽ പ്രണയമുണ്ടെങ്കിൽ അപ്പോൾ തീരുമാനിക്കാമെന്ന് കുട്ടി പറഞ്ഞു. അങ്ങനെ രണ്ടും രണ്ടു വഴിക്കായി. പറയാൻ പ്രായമായി വന്നപ്പോഴേക്കും പെൺകുട്ടി കല്യാണം കഴിച്ച് പിള്ളേരുമായി. അത് പോട്ടേന്ന് വെച്ചു, അല്ലെങ്കിൽത്തന്നെ ഈ സ്‌കൂൾ പ്രണയമൊക്കെ എന്ത്…! ഇമ്മച്വർ അല്ലെ… ആർക്കു വേണം..!

പ്രീഡിഗ്രിക്കും തോന്നിയിരുന്നു ഒരാളോട് പ്രണയം. അപ്പോഴേക്കും എനിക്കീ ‘പ്രണയം ഒക്കെ ബൂർഷ്വാ വികാരങ്ങൾ അല്ലേ’ എന്ന ബുദ്ധിജീവി പ്രശ്നം വന്നിരുന്നു, അതതും അങ്ങനെ ആവഴി പോയി…

എൻജിനീയറിങ്ങ് കാലത്ത് ക്‌ളാസ്സിലെ പഠിത്തം കഴിഞ്ഞാൽ എന്നും വിവേകാനന്ദ സാഹിത്യ സർവ്വമാണ് വായിക്കുന്നത് (Complete Works of Swami Vivekananda). അതു വായിച്ചാൽ  സമൂഹത്തെ ആകെ മാറ്റിമറിക്കുന്നതാണ് യാഥാർത്ഥ ജീവിതലക്ഷ്യം എന്നൊക്കെ തോന്നും. അതും പ്രേമവുമായി ഒത്തുപോവില്ല. ഭാഗ്യത്തിന് അത് വായിച്ച് വായിച്ച്  ആശ്രമത്തിൽ പോകുന്നതിന് മുൻപേ കോഴ്സ് കഴിഞ്ഞു. അല്ലെങ്കിൽ ഇന്ന് ഞാൻ ആരാധ്യനായ ‘സ്വാമി തരികിടാനന്ദ തുമ്മാരുകുടി’ ആയേനെ.

ഐ ഐ ടി യിലെ കാര്യം പിന്നെ പറയുകയും വേണ്ട. ഭയങ്കര ഗോംപറ്റിഷൻ ആണ്.  അയ്യായിരം ആൺകുട്ടികൾക്ക് അന്ന് അൻപത് പെൺകുട്ടികൾ തികച്ചില്ല. ആൺകുട്ടികൾ എന്ന് പറഞ്ഞാലോ വലിയ ബുദ്ധി രാക്ഷസന്മാരും. നമുക്കൊന്നും ചാൻസേയില്ല. അങ്ങനെ അവിടെ മത്സരിക്കുന്നതിന് മുൻപേ തോൽവി സമ്മതിച്ചു.

ജോലി കിട്ടി നാഗ്പൂരിൽ എത്തിയപ്പോളാണ് ധൈര്യമായി ഒന്ന് പ്രേമിക്കാനായത്. സംഗതി ഒക്കെ ഉഷാറായി നടന്നു. പെൺകുട്ടിക്ക് എന്നെ നല്ല ഇഷ്ടം, കുട്ടിയുടെ അച്ഛനും അമ്മക്കും മകളുടെ സുഹൃത്തായ എന്നെ അതിലും ഇഷ്ടം. ഞാൻ അവളോട് പ്രേമം പറയുന്നതിന് മുൻപ് ഒരു ദിവസം അവളുടെ അച്ഛൻ എന്നോട് പറഞ്ഞു,

“മുരളി, ബോംബയിൽ നിന്നും ഇവൾക്ക് ഒരാലോചന വന്നിട്ടുണ്ട്, അയാൾക്ക് ഇങ്ങോട്ട് വരാൻ സമയമില്ല, എനിക്കാണെങ്കിൽ ഈ ബിസിനസ്സ് വിട്ട് അങ്ങോട്ട് പോകാനും. എനിക്കിവിടെ വിശ്വാസിക്കാവുന്ന ഒരേ ഒരാൾ മുരളി മാത്രമാണ്. മുരളി ഇവളുടെ കൂടെ ഒന്ന് പോയിട്ട് വരാമോ”

അന്നും ഈ ഞാൻ ഡീസന്റ് ആണ്. പെൺകുട്ടികൾക്ക് വേണ്ടി എന്തും ചെയ്യും. ബോംബെക്കുള്ള ടിക്കറ്റുമെടുത്ത് ഞാൻ കാമുകിയെ പെണ്ണ് കാണിക്കാൻ കൊണ്ടുപോയി. അന്ന് തീർന്നതാ തീരുമേനി…

പിന്നെ അധികം പ്രേമിക്കാനൊന്നും പോയില്ല.

വാസ്തവത്തിൽ ഇന്ത്യയിൽ നിന്നും പുറത്തു കടക്കുന്നതുവരെ ഞാനീ വാലന്റൈൻസ് ഡേ എന്ന് കേട്ടിട്ട് പോലുമില്ല. 1996- ലെ ഫെബ്രുവരി പതിനാലിന് ഞാൻ സിംഗപ്പൂരിലാണ്. മറീന മാൻഡരിനിൽ ആണ് താമസം. ലോകത്തിലെ തന്നെ ഏറ്റവും മനോഹാരമായ ലോബിയാണ് ആ ഹോട്ടലിന്റേത്. വൈകിട്ടായപ്പോൾ അടിപൊളിയായി ഡ്രസ്സ് ചെയ്ത പയ്യന്മാർ കൈനിറയെ റോസാപ്പൂക്കളുമായി അവിടെയെത്തി. കുറേ കഴിഞ്ഞപ്പോൾ അതിലും അടിപൊളിയായി ഡ്രസ്സ് ചെയ്ത, പെർഫ്യൂം പൂശിയ പെൺകുട്ടികളും. പിന്നെ കെട്ടിപ്പിടുത്തം, ഉമ്മ…ഒന്നും പറയണ്ട. ഞാൻ സ്വർഗ്ഗത്തിലാണോ എന്ന് തോന്നിപ്പോയി.

ഇതെന്ത് പറ്റി?  ലോകത്തിന് മുഴുവൻ പ്രണയമായോ? ഞാൻ അവിടുത്തെ റിസപ്‌ഷനിൽ പോയി ചോദിച്ചു,

“ഇന്നിവിടെ പാർട്ടി വല്ലതും ഉണ്ടോ?”

‘ഇവൻ ഏതു കോത്താഴത്തുകാരനാടാ’ എന്ന മട്ടിൽ റിസപ്‌ഷനിസ്റ്റ്‌ എന്നെ നോക്കി.

‘Valentines day, lah’ പെൺകുട്ടി മൊഴിഞ്ഞു.

എന്നിട്ടും കാര്യം എനിക്കത്ര പിടികിട്ടിയില്ല. ഞാൻ മാത്രം ഒറ്റക്കായ നിരാശയിൽ പുറത്തിറങ്ങി വെറുതെ കറങ്ങിനടന്നു.

വാലന്റൈൻസ് ഡേ എന്ന് പറയുമ്പോൾ ഇപ്പോഴും എൻറെ മനസ്സിൽ സിംഗപ്പൂരിലെ റാഫിൾസിന് മുൻപുള്ള ആ തെരുവിന്റെ ഓർമ്മയാണ്. റോഡിലെങ്ങും പയ്യന്മാരും പയ്യത്തികളും റോസാ പുഷ്പങ്ങളും… കൈ കോർത്ത് പിടിച്ചും കെട്ടിപ്പിടിച്ചും അവരങ്ങനെ പ്രണയിച്ച് നടന്നുനീങ്ങുന്നു….

എനിക്ക് വയലാറിന്റെ ഗാനമാണ് അന്നും ഓർമ്മ വന്നത്.

ഇവിടെയോരോ ജീവതരംഗവും ഇണയെത്തേടും രാവില്‍

നാണത്തില്‍ മുങ്ങിയ കായലിന്‍ കവിളില്‍ നഖചിത്രമെഴുതും നിലാവില്‍

നീയും ഞാനും നമ്മുടെ പ്രേമവും കൈമാറാത്ത രഹസ്യമുണ്ടോ…

ഇവിടെയോരോ മാംസപുഷ്പവും ഇതളിട്ടുണരും രാവില്‍”

ഇപ്പോൾ കേരളത്തിലും വാലെന്റൈൻസ് ഡേ വന്നു കഴിഞ്ഞു. കോളേജുകളിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലും കുറച്ചു പേരെയൊക്കെ കാണാമെങ്കിലും നമ്മുടെ ഭൂരിഭാഗം യുവാക്കളും ഇപ്പോഴും എൻറെ തലമുറയെപ്പോലെ സമൂഹത്തിന്റെ എതിർപ്പു കാരണം പ്രേമം പുറത്തു പ്രകടിപ്പിക്കാൻ കഴിയാതെ ‘നല്ല കുട്ടികൾ’ ആയി വളരുകയാണ്.

പ്രേമിക്കാൻ സമയമായെന്ന് നമ്മുടെ ശരീരം നമ്മോട് പറയുന്ന പ്രായം മുതൽ നമുക്ക് ഇഷ്ടമുള്ളവരോട് അത് പറയുകയും, പരസ്പരം ഇഷ്ടപ്പെട്ടാൽ അത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്യുന്ന ഒരു കേരളമാണെന്റെ സ്വപ്നം. അതിന് ജാതി മത ലിംഗ പ്രായ ഭാഷ പരിമിതികൾ ഉണ്ടാവരുത്. പ്രണയം പ്രകടിപ്പിക്കുന്നവരെ തല്ലിയോടിക്കുന്നവർ മാത്രമല്ല, കുറ്റപ്പെടുത്തുന്നവർ പോലും കഴിഞ്ഞ നൂറ്റാണ്ടിന്റെ മനസ്സുമായി ജീവിക്കുന്നവരാണ്. ഈ നൂറ്റാണ്ട് പ്രണയിക്കുന്ന മലയാളികളുടേതാണ്. അതെല്ലാം നമ്മൾ ഉണ്ടാക്കിയെടുക്കാൻ പോവുകയാണ്. ഇനി ലാഭമാകാൻ പോകുന്ന കൃഷി നെല്ലും തെങ്ങും ഒന്നുമല്ല, പനിനീർപ്പൂവും കാർനേഷനും ഒക്കെയാണ്.

പ്രണയിക്കുന്നവർക്കും പ്രണയിക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും പ്രണയ ദിനാശംസകൾ…!

മുരളി തുമ്മാരുകുടി.

 

Leave a Comment