പൊതു വിഭാഗം

അമ്മൂമ്മയെ കുടിക്കുന്നവർ.

ഒരാളുടെ അമ്മ മരിച്ചു എന്ന് കേട്ടാലുടൻ എന്തു തിരക്കാണെങ്കിലും അതൊക്കെ മാറ്റിവെച്ച് അവർ താമസിക്കുന്ന സ്ഥലത്ത് ഓടിച്ചെന്ന് അലമുറയിടുക എന്നതല്ല അമേരിക്കയിലൊക്കെ രീതി.

ഒന്നാമത് പ്രായമായാൽ അമ്മ വേണ്ടപ്പെട്ടവരുടെ കൂടെ ഒരു വീട്ടിൽ ആയിരിക്കില്ല താമസിക്കുന്നത്. ഏതെങ്കിലും വൃദ്ധസദനത്തിലായിരിക്കും. മരിക്കുന്ന സമയത്ത് അതുമായി ചേർന്ന ആശുപത്രിയിലായിരിക്കാനാണ് സാധ്യത. അങ്ങോട്ട് കുട്ടികളെയും കൂട്ടിച്ചെന്ന് അലമുറയിടാനൊന്നും പറ്റില്ല. പകരം വീട്ടിലെ മൂത്ത ആൾ (ചിലപ്പോൾ മറ്റു മക്കളോടും കൂടി ചോദിച്ചിട്ട്) ഒരു ഫ്യുണറൽ ഡയറക്ടറെ വിളിക്കും. നമ്മുടെ നാട്ടിൽ കല്യാണം നടത്തുന്ന ഇവന്റ് മാനേജരെ പോലെയാണ് ഇവരുടെ ജോലി. പാശ്ചാത്യരാജ്യങ്ങളിൽ ഒടുക്കത്തെ സ്കോപ്പുള്ള ബിസിനസ്സാണ്. നാട്ടിലും തുടങ്ങാവുന്നതേയുള്ളു.

ഫ്യുണറൽ ഡയറക്ടർ അവരുടെ ഡയറി നോക്കി കുറച്ച് ഡേറ്റുകൾ തരും. അമ്മയുടെ ബോഡി കാണാൻ ഒരു ഡേറ്റ്, ശവസംസ്കാര കർമ്മങ്ങൾ നടത്താൻ മറ്റൊന്ന്, എന്നിങ്ങനെ. അതിനുശേഷം അമ്മയിടുന്ന കുപ്പായം, ശവപ്പെട്ടിയുടെയും പൂവിന്റെയും ബ്രാൻഡ് എന്നിവ അനുസരിച്ച് പതിനായിരം തൊട്ട് പത്തുലക്ഷം ഡോളർ വരെ, ബന്ധുക്കളുടെ ഏക്കം അനുസരിച്ച് തുക നിശ്ചയിക്കും. (ഈ മരിക്കുക എന്ന സംഗതി അത്ര ചീപ്പ് അല്ല എന്നർത്ഥം).

പാക്കേജ് എന്താണെങ്കിലും പൊതുവെ ചെയ്യുന്ന ഒരു കാര്യമുണ്ട്. മരിച്ച അമ്മയുടെ ദേഹത്തുനിന്ന് കുറെ രക്തം നീക്കിയിട്ട് ഫോർമാൽഡിഹൈഡ് ഉൾപ്പെടെയുള്ള രാസവസ്തുക്കൾ കുത്തിവെക്കും. അതോടെ അമ്മയുടെ ചുക്കിച്ചുളിഞ്ഞ കവിളെല്ലാം നിവർന്ന് തുടുത്തുവരും. പുതിയ വസ്ത്രമൊക്കെയിട്ട് അമ്മ സുന്ദരിയാകും. ഇത്രയും കാര്യങ്ങൾ ഇവെന്റുകാർ ചെയ്തതിനു ശേഷമാണ് മക്കളും നാട്ടുകാരും അമ്മയെ കാണുന്നത്.

ഇതിനൊരു കുഴപ്പമുണ്ട്. അമ്മയെ പെട്ടിയിലാക്കി സെമിത്തേരിയിൽ അടക്കം ചെയ്ത് അച്ഛനും മക്കളും സ്ഥലംവിടും. എന്നാൽ ഫോർമാൽസിഹൈഡ് അങ്ങനെ പെട്ടെന്ന് സ്ഥലം വിടുന്ന ആളല്ല. അതവിടെ കാലങ്ങളോളം കിടക്കും. പെട്ടിയെല്ലാം ദ്രവിച്ച് അമ്മയുടെ ശരീരം അഴുകി ഫോർമാൽഡിഹൈഡ് ചുറ്റുമുള്ള മണ്ണിലേക്കും അവിടെനിന്ന് വെള്ളത്തിലേക്കും പരക്കും. ആ പ്രദേശത്തുള്ളവർ ഭൂഗർഭജലം ആണ് ഉപയോഗിക്കുന്നതെങ്കിൽ ഫോർമാൽസിഹൈഡ് വെള്ളത്തിലൂടെ അവരുടെ ശരീരത്തിൽ എത്തും. അമ്മയുടെ മക്കൾ അവിടെ തന്നെ ആണ് താമസിക്കുന്നതെങ്കിൽ കൊച്ചുമക്കളുടെ കാലമാകുമ്പോഴേക്കും ദിനംപ്രതി രണ്ടുലിറ്റർ അമ്മൂമ്മവെള്ളം അവർ അകത്താക്കും.

ഇതൊന്നും ഞാൻ ചുമ്മാ പറയുന്നതല്ല, ഗവേഷണം ഒക്കെ നടത്തിയിട്ടുള്ള കാര്യം ആണ്. സംശയം ഉള്ളവർ വായിച്ചു നോക്കണം (https://www.ncbi.nlm.nih.gov/pubmed/19115720)
ഫോർമാൽഡിഹൈഡ് ശരീരത്തിൽ എത്തിയാൽ കാൻസർ വരെ ഉണ്ടാക്കുന്ന വലിയ കുഴപ്പക്കാരനാണ്. സംശയം ഉള്ളവർ ഇവിടെ (http://www.sciencelab.com/msds.php?msdsId=9924095) വായിച്ചു നോക്കിയാൽ മതി.

കേരളത്തിലെ അമ്മമാരെയും അമ്മൂമ്മമാരെയും ഒന്നും മരണശേഷം കെമിക്കൽ അടിച്ചു സുന്ദരികളാക്കി തുടങ്ങിയിട്ടില്ല. അതുകൊണ്ട് അമ്മൂമ്മയെ കുടിക്കാനുള്ള ഭാഗ്യം നമുക്കില്ല. എന്നുവെച്ച് ഫോർമാൽഡിഹൈഡ് ശ്വസിക്കാനും കുടിക്കാനുമുള്ള അവസരങ്ങൾ തീരെയില്ല എന്ന് കരുതേണ്ട.

എന്റെ ഗ്രാമമായ വെങ്ങോലയിൽ നൂറുകണക്കിന് പ്ലൈവുഡ് ഫാക്ടറികളുണ്ട്. റബർത്തടി പോലെയുള്ള സോഫ്റ്റ് വുഡിനെ നേർത്ത പാളികളാക്കി ചീമ്പിയെടുത്ത് അവ തമ്മിൽ ഒട്ടിച്ചു ചേർത്താണ് പ്ലൈവുഡ് ഉണ്ടാക്കുന്നത്. ഈ ഒട്ടിപ്പിന് കേരളത്തിൽ പ്രധാനമായും ഉപയോഗിക്കുന്നത് യൂറിയയും ഫോർമാൽഡിഹൈഡും ചേർന്നുള്ള ഒരു പശയാണ്. അങ്ങനെ പശയുണ്ടാക്കുന്ന സ്ഥാപനങ്ങൾ വരെ നാട്ടിലുണ്ട്.

ഈ പശ ഉണ്ടാക്കുന്നിടത്തും സ്പ്രേ ചെയ്യുന്ന സ്ഥലത്തും ഒക്കെ ഫോർമാൽസിഹൈഡ് വായുവിൽ ഉണ്ടാകും. അവിടെ ജോലി ചെയ്യുന്നവർക്ക് പലതരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും, പിന്നീട് കാൻസർ തന്നെ വന്നു എന്ന് വരാം. എന്നാൽ ഇവിടെ ജോലി ചെയ്യുന്ന ആളുകൾ മിക്കവാറും മറുനാട്ടുകാരാണ്. മൂക്കൊക്കെ ചൊറിഞ്ഞാലും അവർ പരാതിപ്പെടില്ല, കാൻസർ ഒക്കെ ആകുന്നതിനു മുൻപ് അവർ സ്ഥലം വിടുകയും ചെയ്യും.

പക്ഷെ കുറച്ചൊക്കെ ഫോർമാൽഡിഹൈഡ് ഫാക്ടറി വളപ്പ് കടന്ന് ചുറ്റുമുള്ള വായുവിലെത്തും, നാട്ടുകാർ ശ്വസിക്കും. പിൽക്കാലത്ത് അത് കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളായി പരിണമിക്കും. ‘ഓ എത്ര പേർ വണ്ടി തട്ടി മരിക്കുന്നു, സമയമായാൽ എങ്ങനെയും മരിക്കും’ എന്ന നമ്മുടെ തത്വശാസ്ത്രം കാരണം ഇക്കാര്യത്തിലും ഞങ്ങൾ വലിയ ശ്രദ്ധ കാണിക്കാറില്ല. പക്ഷെ ഒരു കാര്യത്തിൽ ഞങ്ങൾക്ക് വിഷമം ഉണ്ട് കേട്ടോ. ഈ ഫോർമാൽഡിഹൈഡിനെ പേടിച്ചിപ്പോൾ വെങ്ങോലയിൽ പല സ്ഥലത്തും ആളുകൾ സ്ഥലം വാങ്ങുന്നില്ല അല്ലെങ്കിൽ വില കുറച്ചു തന്നേ വാങ്ങൂ. അതൊരു പാരയാണ്. പോക്കറ്റിലടിച്ചാൽ ആർക്കും നോവുമല്ലോ.

എന്നുവച്ച് ഇത് വെങ്ങോലക്കാരുടെ മാത്രം പ്രശ്നമാണെന്ന് കരുതി സുഖിക്കേണ്ട. ഈ ഉണ്ടാക്കുന്ന പ്ലൈവുഡിൽ നിന്നും പതുക്കെ പതുക്കെ ഫോർമാൽഡിഹൈഡ് അമ്മൂമ്മയുടെ ശരീരത്തിൽ നിന്നെന്നപോലെ പുറത്തു വരും. വീട്ടിലോ ഓഫീസിലോ ഇത്തരം പ്ലൈവുഡ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതൊക്കെ ചെറിയ രീതിയിൽ എങ്കിലും കുഴപ്പം ഉണ്ടാക്കും. വികസിത രാജ്യങ്ങളിൽ മിക്കതിലും പ്ലൈവുഡ് ഉണ്ടാക്കിയാൽ അതിൽ എത്രമാത്രം ഫോർമാൽഡിഹൈഡ് ആകാം എന്നതിന് നിയന്ത്രണങ്ങൾ ഉണ്ട്. അത് കണ്ടുപിടിക്കാൻ ടെസ്റ്റിംഗും. ഫോർമാൽഡിഹൈഡ് ഉള്ള റെസിൻ ഇല്ലാതെ തന്നെ പ്ലൈവുഡ് ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യകൾ ഫിൻലാന്റിലും കാനഡയിലും നിലവിലുണ്ട്. അന്വേഷിച്ചാൽ കണ്ടെത്താവുന്നതേ ഉള്ളൂ.
കേരളത്തിൽ മീൻ കേടാവാതിരിക്കാൻ ഫോർമാൽസിഹൈഡ് ഉപയോഗിക്കുന്നു എന്ന വാർത്ത കേട്ടപ്പോൾ എഴുതിയതാണ്. ഇന്നലെ മീനിൽ ഈച്ച വരാതിരിക്കാൻ കീടനാശിനി എടുത്തു പൂശി എന്നും കേട്ടു, പത്രവാർത്തകളിൽ സത്യമുണ്ടാകണമെന്നില്ല. അതുകൊണ്ട് അതിനെപ്പറ്റി ഞാൻ ഒന്നും പറയുന്നില്ല.

പക്ഷെ പറയാനുള്ള കാര്യമുണ്ട്. കേരളത്തിൽ ഒരു കാര്യത്തിലും ‘തെളിവിനെ’ ആധാരമാക്കിയുള്ളവാർത്തകളും ചർച്ചകളും നയരൂപീകരണവും അല്ല നടക്കുന്നത്. ഫോർമാൽസിഹൈഡ് വായുവിലോ വെള്ളത്തിലോ മീനിലോ ഉണ്ടോ എന്ന് ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ നല്ല ലാബുകളിൽ എളുപ്പത്തിൽ കണ്ടുപിടിക്കാവുന്നതേയുള്ളു. എത്ര മാത്രം ഫോര്മാല്ഡിഹൈഡ് ആകാം എന്നതിന് നിയമം വരണം, അത് പാലിക്കുന്നുണ്ടോ എന്ന് പരിശോധന നടത്തി കണ്ടുപിടിക്കണം. ഫോർമാൽഡിഹൈഡ് അധികമു ള്ള പ്രദേശങ്ങളിൽ മുൻകരുതലുകൾ എടുക്കണം. കാൻസർ കൂടുന്നുണ്ടോ എന്ന് അന്വേഷിക്കുകയും വേണം.

ഗുണപാഠം: പണി തരാൻ അമ്മൂമ്മ തന്നെ വേണം എന്നില്ല !!

Leave a Comment