പൊതു വിഭാഗം

അമ്മാവനെ കടത്തിവെട്ടുന്ന അൽഗോരിതം!

എനിക്ക് ഓർമ്മവെച്ച കാലം മുതൽ എന്റെ വീട്ടിൽ വരുത്തിയിരുന്നത് മാതൃഭൂമി ദിനപ്പത്രമാണ്. എന്റെ അച്ഛന്റെ വീട്ടിൽ മനോരമയും. അച്ഛന് മനോരമയായിരുന്നു ഇഷ്ടമെങ്കിലും എന്റെ വീട്ടിൽ പത്രമേതെന്ന് തീരുമാനിക്കുന്നതിനുള്ള അധികാരം കമ്മ്യുണിസ്റ്റുകാരനായിരുന്ന അമ്മാവനായിരുന്നു. വേണമെങ്കിൽ ദേശാഭിമാനി കൂടി വരുത്താമായിരുന്നിട്ടും എന്തുകൊണ്ടോ അമ്മാവൻ അത് ചെയ്തില്ല. മനോരമയും മാതൃഭൂമിയും ദേശാഭിമാനിയും കൂടാതെ ചന്ദ്രിക, കൗമുദി, എന്നൊക്കെ പത്രങ്ങൾ ഉണ്ടെന്ന് ഞാനറിഞ്ഞതുതന്നെ വളരെ നാളുകൾക്ക് ശേഷമാണ്.

ഏഴുവയസ്സിൽ, ഇന്തോ-പാക്ക് യുദ്ധകാലത്ത് മാളികയിൽ കേരളൻചേട്ടനാണ് എന്നെ പത്രം വായിക്കാൻ പഠിപ്പിച്ചത്. ചേട്ടന്റെ വീട്ടിൽ മനോരമയാണ് വരുത്തുന്നത്. വിവരങ്ങൾ നാടകീയമായി അവതരിപ്പിക്കുന്നതിൽ മനോരമക്ക് അന്നേ ഒരു പ്രത്യേക കഴിവുണ്ടായിരുന്നതിനാൽ മനോരമ വായിക്കാനായിരുന്നു എനിക്ക് താൽപര്യം. വീട്ടിൽ മാതൃഭുമിയായതുകൊണ്ട് സ്ഥിരം വായന അതാണെങ്കിലും ആഴ്ച്ചാവസാനം മാളികയിൽ പോയിരുന്ന് സോമൻചേട്ടന്റെ കൂടെ മനോരമ വായിക്കും.

നമ്മുടെ അറിവ് മാത്രമല്ല, ചിന്താഗതിയും വളർത്തുന്നതിൽ പത്രങ്ങൾക്ക് വലിയ പങ്കുണ്ട്. ദിനംപ്രതി ചെറിയ സൂചനകളിലൂടെയാണ് അത് നമ്മിലേക്ക് നാം പോലുമറിയാതെ സ്വാധീനം ചെലുത്തുന്നത്. കാര്യം കേരളത്തിലും ഇന്ത്യയിലും ലോകത്തുമുണ്ടാകുന്ന സംഭവങ്ങളാണ് മനോരമയും മാതൃഭൂമിയും ചന്ദ്രികയും ദേശാഭിമാനിയും ജന്മഭുമിയും എല്ലാദിവസവും റിപ്പോർട്ട് ചെയ്യുന്നതെങ്കിലും അത് വായിക്കുന്നവർ പിന്നെ ലോകം കാണുന്നത് ഒരുപോലെയല്ല.

നമ്മുടെ ചിന്താഗതിക്കനുസരിച്ചാണ് നമ്മൾ പത്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്നാണ് നാം കരുതുന്നത്. എന്നാൽ സത്യം അതല്ല. നമ്മൾ വായിക്കുന്ന പത്രങ്ങളാണ് നമ്മുടെ ചിന്താഗതികളെ നിർണ്ണയിക്കുന്നത്. വീട്ടിൽ ഏത് പത്രമാണ് വരുത്തുന്നത് എന്ന തീരുമാനത്തിലൂടെ ഞങ്ങൾ എട്ടുപേരുടെയും ചിന്തകളെ ഒറ്റയടിക്ക് സ്വാധീനിക്കാൻ അമ്മാവന് കഴിഞ്ഞത് മനഃപൂർവം ആകണമെന്നില്ല. അതുപോലെ പത്രങ്ങൾക്കും ഉണ്ട് വലിയ ശക്തി. മനോരമയിൽ എന്ത് വാർത്ത വരുന്നു? എങ്ങനെ വരുന്നു? ആരെഴുതുന്നു? എന്നൊക്കെ തീരുമാനിക്കുന്നതിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ ചിന്താധാരയെ സ്വാധീനിക്കാൻ മനോരമയുടെ നേതൃത്വത്തിനു കഴിയുന്നു. അതുപോലെ തന്നെയാണ് അത് ടി വി ന്യൂസും ചാനൽ ചർച്ചകളും.

ഇതൊക്കെ പക്ഷെ പഴയ കഥയാണ്. പുതിയ ലോകം ഇങ്ങനെയൊന്നുമല്ല. വികസിതരാജ്യങ്ങളിൽ ബഹുഭൂരിപക്ഷം വരുന്ന യുവാക്കളും ഒരു പത്രവും വായിക്കാറില്ല, ടി വി ചർച്ചകളും കേൾക്കാറില്ല. തുറന്ന ഒരിടമായ സോഷ്യൽ മീഡിയയിൽ കൂടിയാണ് അവർ വാർത്തകളറിയുന്നത്. കേരളത്തിലെ പുതുതലമുറയുടെ കാര്യവും വ്യത്യസ്തമല്ല. നമ്മുടെ കുട്ടികളെ ശ്രദ്ധിച്ചാൽ മതി. പതിനഞ്ചു വയസ്സിന് താഴെയുള്ള എത്ര പേർ പത്രം വായിക്കുന്നു? അല്ലെങ്കിൽ ടി വി യിൽ വാർത്ത ശ്രദ്ധിക്കുന്നു? അതുകൊണ്ടു തന്നെ അവരുടെ ചിന്താഗതിയെ സ്വാധീനിക്കാൻ നമുക്ക് കഴിയില്ല. വെങ്ങോലയിലിരിക്കുന്ന എന്റെ മരുമകന് ഞാനൊരു ഇന്റർനെറ്റ് കണക്ഷനെടുത്തു കൊടുത്താൽ പിന്നെ മാതൃഭൂമിക്കും മനോരമയ്ക്കും ദേശാഭിമാനിക്കും ഒന്നും അവനിലേക്ക്‌ വരുന്ന വാർത്തകളെ തടഞ്ഞുനിർത്താനാകില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്നമറിയണമെങ്കിൽ ഇന്ത്യൻ പത്രമായ ഹിന്ദുവും പാകിസ്ഥാൻ പത്രമായ ഡോണും വായിച്ചുനോക്കാം. അല്ലെങ്കിൽ ബി ബി സി യോ അൽ ജസീറയോ നോക്കാം. അറിവിന്റെ തുമ്മാരുകുടിയിലേക്കുള്ള വരവിനെ തടഞ്ഞുനിർത്താനും നിയന്ത്രിക്കാനും ഒരാൾക്കും കഴിയില്ല. ഇങ്ങനെയൊരു സാഹചര്യത്തിൽ കൂടുതൽ വിശാലമായി ചിന്തിക്കുന്ന ഒരു തലമുറയാണ് ഉണ്ടാകേണ്ടത്.

എന്നാൽ സംഭവിക്കുന്നത് ഇതൊന്നുമല്ല. സമൂഹമാധ്യമങ്ങളിലൂടെ വാർത്തയിലെത്തുന്നവർ സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങൾ ചെയ്യുന്നതെന്ന തോന്നൽ അവരിലുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. അവരുടെ അമ്മാവനോ, കുത്തകപ്പത്രങ്ങളോ, സർക്കാരോ, എന്തിന്, സക്കർബർഗ് പോലും അതിലൊരു നിയന്ത്രണം വെച്ചിരിക്കുന്നതായി പ്രത്യക്ഷത്തിൽ തോന്നുകയുമില്ല. എന്നാൽ ഇവരിലെല്ലാം മേലെയുള്ള അരൂപിയായ ഒരു ‘സംഭവം’ ആണ് സമൂഹമാധ്യമത്തിൽ ജീവിക്കുന്ന ഞാനും നിങ്ങളും ഉൾപ്പെട്ട തലമുറയുടെ ‘തല’ നിയന്ത്രിക്കുന്നത്. അവന്റെ പേരാണ് ‘അൽഗോരിതം’. നിങ്ങൾ ഈ വാക്ക് ഇതേവരെ കേട്ടിട്ടില്ലെങ്കിൽ ഒന്ന് ഗൂഗിൾ ചെയ്ത് വായിച്ചുനോക്കണം. കാരണം, ഇനി നിങ്ങൾ ഇതിനെപ്പറ്റി ഏറെ കേൾക്കാൻ പോവുകയാണ്. (ഇതുവരെ കേൾക്കാത്തവർ ഇനി ആരെങ്കിലും ഇതിനെപ്പറ്റി പറയുമ്പോൾ, “ഓ, ഞാനിതൊക്ക രണ്ടാമൻ പറഞ്ഞു പണ്ടേ കേട്ടിട്ടുണ്ട്” എന്ന് പറയണം കേട്ടോ)

കമ്പ്യൂട്ടർ പ്രോഗ്രാമിങ് ചെയ്യുന്നവർക്ക് ഈ വാക്ക് പരിചയമുണ്ടാകും. കംപ്യൂട്ടറിനെക്കൊണ്ട് ഒരുകാര്യം ചെയ്യിക്കാനുള്ള വ്യക്തമായ പടിപടിയായ നിർദ്ദേശമാണ് അൽഗോരിതം. പണ്ടൊക്കെ ഒരു എക്സ് വൈ പ്ലോട്ട് വരയ്ക്കാൻ ഫോർട്രാനിൽ അൽഗോരിതം ഉണ്ടാക്കി നടു ഉളുക്കിയിട്ടുണ്ട്. അന്ന് നിർത്തീതാ തിരുമേനി, ഞാനീ അൽഗോരിതം ഉണ്ടാക്കുന്ന പരിപാടി.

പക്ഷെ, അൽഗോരിതം അന്നത്തേതിൽനിന്നും ഏറെ മുന്നോട്ടുപോയി. ഇപ്പോൾ നിങ്ങൾ എഴുതുന്ന എല്ലാ മെയിലും വായിച്ചെടുത്ത് അതിലെ തെറ്റുകൾ കണ്ടിട്ട് ഇംഗ്ലീഷ് ഭാഷ നന്നാക്കാനായി ‘Grammarly’ എന്ന വെബ്സൈറ്റിന്റെ പരസ്യം നിങ്ങളുടെ മെയിലിന്റെ സൈഡിൽ കാണിക്കുന്നതും, നിങ്ങൾ പോകുന്ന വെബ്‌സൈറ്റ് എല്ലാം വിശകലനം ചെയ്ത് നിങ്ങൾക്ക് ലിംഗത്തിന്റെ നീളം വർദ്ധിപ്പിക്കാനും നിതംബത്തിന്റെ വലിപ്പം കുറക്കാനുമുള്ള മെയിൽ അയച്ചുതരുന്നതും ഒരു വ്യക്തിയോ പ്രസ്ഥാനമോ അല്ല, അൽഗോരിതമാണ്. നിങ്ങൾ യൂബർ സൈറ്റിൽ പോയി ഒരു വണ്ടി അന്വേഷിക്കുമ്പോൾ നിങ്ങൾക്ക് വണ്ടി കണ്ടുപിടിച്ചു തരുന്നത് ഒരു മനുഷ്യനല്ല, ഒരു അൽഗോരിതം ആണ്. നിങ്ങളുടെ ചുറ്റുമുള്ള ടാക്‌സികളാണ് നിങ്ങൾ കാണുന്നതെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാകും, സത്യമല്ല. നിങ്ങളുടെയും ടാക്സിക്കാരന്റെയും പൂർവ്വചരിത്രം അനുസരിച്ച് ചില ടാക്സിക്കാരെ മാത്രമാണ് നിങ്ങൾ കാണുന്നത്. ചില യാത്രക്കാരെ മാത്രമാണ് ടാക്സിക്കാരനും കാണുന്നത്. ചുരുക്കിപ്പറഞ്ഞാൽ ആര് ആരെ കാണും എന്ന് തീരുമാനിക്കുന്നത് അൽഗോരിതം ആണ്. അൽഗോരിതത്തെ അത് പഠിപ്പിച്ചത് നിങ്ങളുടെ കയ്യിലിരിപ്പാണ്.

എന്നാൽ ഇവിടെയും തീരുന്നില്ല അൽഗോരിതത്തിന്റെ പണി. നിങ്ങളുടെ ഫേസ്‌ബുക്ക് പേജിൽ ആരുടെ സന്ദേശങ്ങൾ കാണുന്നു, ആരെ കാണിക്കുന്നില്ല, ഏത് വാർത്തകൾ നിങ്ങൾ കാണുന്നു, ഏത് കാണുന്നില്ല എന്നൊക്കെ തീരുമാനിക്കുന്നതും ഈ അൽഗോരിതമാണ്. പണ്ടൊക്കെ നിങ്ങൾ എഴുതുന്നതും ലൈക് ചെയ്യുന്നതുമൊക്കെ നോക്കിയാണ് അൽഗോരിതം ഇക്കാര്യം ചെയ്തിരുന്നതെങ്കിൽ, നിങ്ങളുടെ മുഖം നോക്കിപോലും (facial analysis) നിങ്ങളെ കള്ളിയിൽ കയറ്റാൻ കഴിവുള്ള അടുത്ത തലമുറ അൽഗോരിതങ്ങൾ പിന്നണിയിൽ റെഡിയാകുന്നുണ്ടെന്ന് ഓർക്കുക.

ഇതുകൊണ്ടൊക്കെ എന്താണ് കുഴപ്പം എന്ന് ചിലപ്പോൾ തോന്നുന്നുണ്ടാകാം. നിങ്ങളുടെ ജീവിതത്തെപ്പറ്റി നിങ്ങൾ എടുക്കുന്നു എന്ന് ചിന്തിക്കുന്ന തീരുമാനങ്ങൾ നിങ്ങളുടെ കൈയിൽനിന്ന് പോയി എന്നതാണ് ഇതിന്റെ പ്രധാനപ്രശ്നം. ഇത് നിങ്ങൾ നാളെ വാങ്ങാൻപോകുന്ന വസ്ത്രം തൊട്ട് അടുത്തവർഷം തെരഞ്ഞെടുക്കാൻ പോകുന്ന നേതാവിന്റെ കാര്യത്തിൽവരെ ശരിയാണ്. ലളിതമായ സൂചനകളിലൂടെ നിങ്ങൾ അറിയാതെ നിങ്ങളുടെ തിരഞ്ഞെടുപ്പുകളെ അത് ഇപ്പോഴേ ബാധിക്കുകയാണ്. ഇപ്പോൾത്തന്നെ ഷെയർ മാർക്കറ്റിൽ നിങ്ങളുടെ പണം അടിച്ചുമാറ്റുന്നത് മനുഷ്യരെ പോലെയുള്ള അൽഗോരിതമാണ് (Algorithmic Trading). ഒരു സെക്കന്റിൽ പലപ്രാവശ്യം വാങ്ങാനും വിൽക്കാനും കഴിയുന്ന അൽഗോരിതം ചന്തുവിനോട് മത്സരിക്കാൻ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിച്ചാലും ഒരു ആരോമലിനും ആവില്ല മക്കളെ!

ഇതിന്റെ ആത്യന്തികമായ പരിണാമം എന്തെന്ന് വച്ചാൽ നിങ്ങളുടെ അണ്ടർവെയറിന്റെ തെരഞ്ഞെടുപ്പ് മാത്രമല്ല, നിങ്ങളുടെ പങ്കാളിയുടെയും രാഷ്ട്രീയപാർട്ടിയുടെയും പ്രധാനമന്ത്രിയുടെയും തെരഞ്ഞെടുപ്പ് വരെ അൽഗോരിതം നിയന്ത്രിക്കുന്ന ഒരു കാലമാണ് വരാൻ പോകുന്നത്. പക്ഷെ, കഷ്ടം എന്തെന്നുവെച്ചാൽ ഇതാണ് വരാൻ പോകുന്നത് എന്നറിയാമെങ്കിലും അതിനെതിരെ ഒന്നും ചെയ്യാൻ ഇനി മനുഷ്യവംശത്തിന് ആവില്ല എന്നതാണ്. ഫേസ്ബുക്കും യുബറും ഗൂഗിളും പോലെയുള്ള പ്രസ്ഥാനങ്ങളുടെ പ്രായോഗികത നമ്മളെ അതിന്റെ അടിമയാക്കിക്കഴിഞ്ഞു. അതിൽ നമ്മൾ വീണ്ടും വീണ്ടും മുങ്ങാംകുഴിയിടും. ഓരോ തവണ അവിടെ ചെല്ലുമ്പോഴും നമ്മെ നിയന്ത്രിക്കാനുള്ള കൂടുതൽ സൂചനകൾ നാം അൽഗോരിതത്തിന് നൽകും. ഈ അൽഗോരിതം ഒന്നും സക്കർബർഗ് പറഞ്ഞാൽ കേൾക്കുന്നതോ, കോടതിയെ പേടിയുള്ളതോ, അമേരിക്കൻ പ്രസിഡണ്ടിന് പിടിച്ചുകെട്ടാവുന്നതോ അല്ല. ആകപ്പാടെ ഒരു ആശ്വാസമുള്ളത് തൽക്കാലം എങ്കിലും ഈ അൽഗോരിതത്തിന് സ്വന്തമായി ഒരു ചിന്ത ഇല്ല എന്നതാണ്. നിങ്ങളെപ്പോലെ നിങ്ങളുടെ എതിരഭിപ്രായമുള്ളവരും നിങ്ങളെ നിയന്ത്രിക്കുന്ന അതേ അൽഗോരിതത്തിന്റെ അടിമകളാണ്. നിങ്ങളുടെ മുന്നിൽ വിപ്ലവം എത്തിക്കുന്ന അതേ അൽഗോരിതമാണ് നിങ്ങൾ എതിരാളികളെന്ന് കരുതുന്നവരുടെ മുന്നിൽ നിയോലിബറലിസം എത്തിക്കുന്നതും. അതിനാൽ ഫേസ്ബുക്കിൽ നടക്കുന്ന യുദ്ധങ്ങൾ അൽഗോരിതം നിയന്ത്രിക്കുന്ന പാവക്കൂത്താണെന്ന് നമ്മൾ മനസ്സിലാക്കണം. അൽഗോരിതത്തിന് സ്വയം ബുദ്ധിയും വികാരവും ഉണ്ടായിരുന്നെങ്കിൽ ഇതിന്റെ പേരിൽ മനുഷ്യൻ തല്ലുപിടിക്കുന്നത് കണ്ട് തലതല്ലി ചിരിച്ചേനെ. ഇനി അത് കൂടിവരികയേ ഉള്ളൂ. സമൂഹം കൂടുതൽ കൂടുതൽ ധ്രുവങ്ങളിലേക്ക് പോകും. അമേരിക്കയിലെയും ജർമ്മനിയിലേയും ഒക്കെ തിരഞ്ഞെടുപ്പുകൾ നൽകുന്ന സൂചന ഇതാണ്. സാമൂഹ്യമാധ്യമത്തിലേക്ക് മലയാളികൾ കൂടുതൽ എത്തുന്നതോടെ രണ്ടായിരത്തി ഇരുപത്തി ആറിലെ തിരഞ്ഞെടുപ്പ് ഫലം നിയന്ത്രിക്കുന്നത് നമ്മുടെ ലോക്കൽ രാഷ്ട്രീയം ആവില്ല, എവിടെയോ ഇരിക്കുന്ന അൽഗോരിതം ആയിരിക്കും.

ഇതൊക്ക അൽപ്പം അതിശയോക്തി ആയി നിങ്ങൾക്ക് തോന്നാൻ വഴിയുണ്ട്. അതുകൊണ്ട് ഇപ്പോൾ അധികം ഇതിനെപ്പറ്റി ചിന്തിക്കേണ്ട, പക്ഷെ ഇക്കാര്യങ്ങളൊക്കെ ഒന്ന് മനസ്സിൽ വച്ചേക്കണമെന്ന് മാത്രം.

സാധാരണഗതിയിൽ ഞാനൊരു പ്രശ്നം അവതരിപ്പിക്കുമ്പോൾ അതിനുള്ള പരിഹാരവും കൂടി പറയാറുണ്ട്. എന്നാൽ ഇവിടെ പ്രശ്നം സങ്കീർണ്ണമാണ്, ഇത് ചെറിയ സ്പാനർ വച്ച് ‘ഇപ്പൊ ശെരിയാക്കാൻ’ പറ്റില്ല. അമ്മാവൻ പത്രം തെരഞ്ഞെടുക്കുന്ന കാലത്തേക്ക് ഒരു തിരിച്ചുപോക്കില്ല, അൽഗോരിതത്തിന് ഡേറ്റ ഫീഡ് ചെയ്യാതെ ഒരുദിവസം പോലും നമുക്ക് ജീവിക്കാനാവില്ല. അൽഗോരിതം വാഴുന്ന കാലത്ത് മാനുഷർ എന്ത് ചെയ്യണം എന്ന് പിന്നീടൊരിക്കൽ എഴുതാം

Harariyude Homo Deus: A Brief History of Tomorrow എന്ന പുസ്തകത്തിൽ അൽഗോരിതത്തിന്റെ സാധ്യതകളെപ്പറ്റി ചില സൂചനകളുണ്ട്. പക്ഷെ അദ്ദേഹവും നമ്മളും ഒക്കെ ചിന്തിക്കുന്നതിലും നമുക്ക് ചിന്തിക്കാൻ കഴിയുന്നതിലും വേഗതയിൽ ആണ് അൽഗോരിതം സമൂഹത്തിലേക്ക് വരുന്നതും നമ്മളെ കീഴടക്കാൻ പോകുന്നതും.

Leave a Comment