പൊതു വിഭാഗം

അമ്മായിയുടെ മുറി.

ഞാൻ പഠിക്കുന്ന കാലത്ത് കേരളത്തിൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയില്ല. കോഴിക്കോട്ടെ റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് ഉൾപ്പെടെ ആകെ ആറ് എഞ്ചിനീയറിംഗ് കോളേജുകളാണുള്ളത്. സംസ്ഥാനത്തെ എല്ലാ എഞ്ചിനീയറിംഗ് കോളേജിനും കൂടി ഒറ്റ അപേക്ഷ അയച്ചാൽ മതി. ഏത് കോളേജിൽ ഏത് കോഴ്‌സാണ് വേണ്ടതെന്ന് പ്രത്യേകം എഴുതണം. കോഴിക്കോട് ഉൾപ്പെടെയുള്ള മറ്റ് ആർ ഇ സി കൾക്ക് വേറെ അപേക്ഷാ ഫോം ആണ്.

കോതമംഗലം എഞ്ചിനീയറിംഗ് കോളേജിൽ അന്ന് സിവിൽ, മെക്കാനിക്കൽ,
ഇലക്ട്രിക്കൽ എന്നിങ്ങനെ മൂന്ന് ബ്രാഞ്ചുകളാണുള്ളത്. തിരുവനന്തപുരത്ത് കംപ്യുട്ടറും കൊല്ലത്ത് ആർക്കിടെക്ച്ചറും തൃശ്ശൂരിൽ കെമിക്കലുമുണ്ട്. എന്നിട്ടും ഞാൻ എന്റെ അപേക്ഷയിൽ ഒറ്റ കോളേജേ വെച്ചുള്ളു, കോതമംഗലം. സിവിൽ, മെക്കാനിക്കൽ, ഇലക്ടിക്കൽ എന്നിങ്ങനെ ചോയ്‌സും വെച്ചു.

മറ്റു സ്ഥലങ്ങളും കോളേജുകളും ഇഷ്ടമില്ലാത്തതു കൊണ്ടല്ല, കോതമംഗലത്ത് അയച്ചുപഠിപ്പിക്കാനുള്ള കഴിവേ അന്നെന്റെ കുടുംബത്തിനുള്ളു. അതുതന്നെ കോളേജിനടുത്ത് എന്റെ അമ്മയുടെ അമ്മായി താമസിക്കുന്നതു കൊണ്ടാണ്. എന്റെ അമ്മയുടെ അമ്മാവന്റെ ഭാര്യയാണ് അമ്മായി. അമ്മാവൻ മരിച്ചിട്ട് വർഷം ഏറെയായി. എന്നാലും ഞങ്ങളുടെ കുടുംബത്തിലുള്ള ആർക്കെങ്കിലും കോതമംഗലത്ത് അഡ്മിഷൻ കിട്ടിയാൽ അമ്മായിയുടെ വീട്ടിലാണ് താമസം. എന്റെ മൂത്ത ചേട്ടനും അവിടെ താമസിച്ചാണ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പഠിച്ചത്.

അന്ന് ഇന്നത്തെപ്പോലെ നാലുവർഷത്തെ കോഴ്സ് നാലുവർഷം കൊണ്ട് തന്നെ തീർക്കുന്ന ചീപ്പ് ഏർപ്പാടൊന്നുമില്ല. ഒരുവർഷം സമരമൊക്കെ ചെയ്ത് അഞ്ചുവർഷം കൊണ്ടാണ് ഞങ്ങൾ കോഴ്സ് പൂർത്തിയാക്കിയത്. അങ്ങനെ ആ അഞ്ചുവർഷവും അമ്മായിയുടെ കൂടെ താമസിച്ചു.
അമ്മായിക്ക് മക്കളില്ല. ഇടക്കിടെ ബന്ധുക്കളെ സന്ദർശിക്കണം, ക്ഷേത്രത്തിൽ പോകണം എന്നതൊക്കെയാണ് അമ്മായിക്ക് ആകെയുള്ള ആഗ്രഹങ്ങൾ. ഞാൻ വീട്ടിലുള്ളതിനാൽ ഇതിനൊക്കെ പരിമിതിയുണ്ട്. എങ്കിലും അമ്മായി ഒരിക്കലും ഒരു പരാതിയും പറഞ്ഞില്ല. ഞാൻ പഠിച്ച് ജോലിനേടി എന്തെങ്കിലും സഹായം അമ്മായിക്ക് ചെയ്യുമെന്ന് അമ്മായി പ്രതീക്ഷിച്ചുമില്ല.

അക്കാലത്ത് കുട്ടികൾ ബന്ധുവീടുകളിൽ താമസിച്ച് പഠിക്കുന്നതത്ര അപൂർവമല്ല. എന്റെ ചേച്ചി അച്ഛന്റെ സഹോദരിയുടെ വീട്ടിൽനിന്നാണ് പഠിച്ചത്. എന്റെ കൊച്ചച്ഛന്റെ മകൻ മധു എന്റെ വീട്ടിൽനിന്നാണ് പഠിച്ചത്. എന്റെ തലമുറയിൽ പെട്ട അനവധി ആളുകൾക്ക് ഇങ്ങനെ ബന്ധുവീട്ടിൽ നിന്ന് പഠിച്ചതിന്റെയോ, ഒരു ബന്ധു ഫീസ് തന്ന് സഹായിച്ചതിന്റെയോ കഥ പറയാനുണ്ടാകും.

എന്നാൽ ഇന്ന് കഥയാകെ മാറി. നമ്മുടെ അണുകുടുംബങ്ങളിൽ മറ്റൊരാൾക്ക് കയറിവരാനുള്ള സ്‌പേസ് നമ്മൾ കൊടുക്കുന്നില്ല. നമ്മുടെ കുട്ടികൾക്ക് ബന്ധുക്കളുടെ വീട്ടിൽ പോയി നിൽക്കാൻ തന്നെ ഇഷ്ടമല്ല, ബന്ധത്തിലുള്ള കുട്ടികളെ കൂടെ നിർത്തി പഠിപ്പിക്കുന്നതിൽ നമുക്കും താല്പര്യമില്ല. ബാങ്ക് ലോണെടുത്ത് കുട്ടികളെ പഠിപ്പിക്കുന്നവർ പോലും കുട്ടികളെ ബന്ധുവീടുകളിൽ നിർത്താനല്ല, ഹോസ്റ്റലിൽ നിർത്താനാണ് താൽപര്യപ്പെടുന്നത്.

ഇതിനൊരു കുഴപ്പമുണ്ട്. നമ്മുടെ വളർച്ച മറ്റുള്ളവരുടെ ശ്രമത്തിന്റെയും ത്യാഗത്തിന്റെയും വിട്ടുവീഴ്ചകളുടെയും ഫലം കൂടിയാണെന്നുള്ളത് നമ്മുടെ കുട്ടികൾ അറിയുന്നില്ല. പലിശക്ക് പണം കൊടുക്കുന്ന ബാങ്കിനോടോ ബാങ്ക് മാനേജരോടോ നമുക്ക് യാതൊരു കടപ്പാടുമില്ല. വായ്‌പ തുകയും പലിശയും അടച്ചുകഴിഞ്ഞാൽ തീർന്നു, കാര്യം.

എന്നാൽ ബന്ധുക്കളുടെ സഹായത്തോടെ പഠിച്ചാൽ ആ കടപ്പാട് പണം കൊടുത്തോ പലിശ കൊടുത്തോ തീർക്കാൻ പറ്റില്ല. അതങ്ങനെ മനസ്സിൽ ആഴത്തിൽ കിടക്കും. അത് വീട്ടാൻ ഒറ്റ മാർഗ്ഗമേയുള്ളു. ബന്ധുക്കൾക്കോ മറ്റുള്ളവർക്കോ വേണ്ടി അത്തരം സഹായം ചെയ്യുക. നമ്മുടെ അടുത്തതോ അകന്നതോ ആയ ഒരു ബന്ധു ഒരുമാസം വീട്ടിൽ വന്നുനിൽക്കുമ്പോളാണ് നമുക്ക് എത്രമാത്രം അഡ്ജസ്റ്മെന്റ് ചെയ്യേണ്ടിവരിക എന്ന് നാം മനസ്സിലാക്കുന്നത്. അപ്പോൾ അഞ്ചുവർഷം ഒരു വീട്ടിൽ താമസിച്ചു പഠിച്ചാലുള്ള കാര്യം ആലോചിക്കാമല്ലോ.

ഞാൻ ജോലിയൊക്കെ കിട്ടി ഒന്ന് സെറ്റിലാകുന്നതിന് മുൻപ് തന്നെ അമ്മായി മരിച്ചു. അതുകൊണ്ട് അമ്മായിയെ എവിടെയെങ്കിലും ഒരു യാത്ര കൊണ്ടുപോകാൻ പോലും എനിക്ക് സാധിച്ചില്ല. എന്നാൽ അമ്മായിയുടെ വീട്ടിൽനിന്നും മാറി നാഗ്‌പൂരിലെ ഒറ്റമുറി ഫ്ലാറ്റിലും പിന്നീട് അഞ്ചു മുറികളുള്ള വില്ലയിലും താമസിച്ചപ്പോൾ എന്റെ വീട്ടിൽ പഠിക്കുന്ന കുട്ടികൾക്കായി, അത് ബന്ധുവായാലും സുഹൃത്തായാലും ഒരു സ്ഥാനമുണ്ട്. ജനീവയിലെ എന്റെ വീടിന്റെ ഒരു മുറി എല്ലാക്കാലത്തും പഠിക്കുന്ന കുട്ടികൾക്കായി ഞാൻ ഒഴിച്ചിട്ടിരിക്കുകയാണ്. അവർ ഓരോരുത്തരും വന്നുപോകുമ്പോൾ ഞാൻ അമ്മായിയെ ഓർക്കും. അമ്മായിയോടുള്ള കടം കൊടുത്തുതീർക്കാനുള്ളതല്ല, കൊടുത്ത് ഇരട്ടിപ്പിക്കാനുള്ളതാണെന്ന് തന്നെയാണ് എന്റെ വിശ്വാസം.

നിങ്ങളിൽ ആരെങ്കിലും ഇങ്ങനെ എന്തെങ്കിലും തരത്തിൽ മറ്റുള്ളവരുടെ സഹായം സ്വീകരിച്ചിട്ടുള്ളവരാണെങ്കിൽ അവരെപ്പറ്റി ഒരു വാക്ക് ഇവിടെ കമന്റായി ഇടുക. ആ ഓർമ്മക്കായി ഏത് കുട്ടിയെ എങ്ങനെ സഹായിക്കാം എന്ന് ചിന്തിക്കുക. നിർഭാഗ്യവശാൽ അങ്ങനെ മറ്റുള്ളവരുടെ സഹായം കിട്ടാത്തവരോ ഭാഗ്യവശാൽ അങ്ങനെ സ്വീകരിക്കേണ്ടി വരാത്തവരോ എങ്ങനെ നിങ്ങളിൽനിന്നും നന്മയുടെ ഉറവ തുറന്നുവിട്ട് ഒരു നദിയുണ്ടാക്കാം എന്നാലോചിക്കുക.

അണുകുടുംബമാണ്, കുട്ടികൾ നോക്കുന്നില്ല, എന്നൊക്കെ പരാതി പറയുന്നതിനു മുൻപ് നമ്മുടെ അസൗകര്യങ്ങൾ മാറ്റിവെച്ച് നാം ആരെയൊക്കെ നിസ്വാർത്ഥമായി, മനസ്സറിഞ്ഞ് സഹായിച്ചിട്ടുണ്ട് എന്നു ചിന്തിക്കുക.

മുരളി തുമ്മാരുകുടി.

Leave a Comment