പൊതു വിഭാഗം

അമേരിക്കക്കാർക്ക് ആശംസകൾ..

ഇന്ന് അമേരിക്കയുടെ സ്വാതന്ത്ര്യ ദിനമാണ്. എല്ലാ അമേരിക്കക്കാർക്കും അമേരിക്കയിൽ ഉള്ള എന്റെ സുഹൃത്തുക്കൾക്കും ആശംസകൾ.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴിൽ ലോക ബാങ്കിന്റെ ഒരു പരിശീലന പരിപാടിയിൽ പങ്കെടുക്കാനാണ് ഞാൻ ആദ്യമായിട്ട് അമേരിക്കയിൽ പോകുന്നത്. അന്ന് ഒരു മലയാളിയായിരുന്നു ലോകബാങ്കിന്റെ ഇൻസ്റ്റിറ്റ്യുട്ടിന്റെ തലവൻ, ഡോക്ടർ വിനോദ് തോമസ്. വാഷിംഗ്ടണിൽ ആയിരുന്നു പരിശീലനം, ഒക്ടോബർ മാസത്തിൽ.

അമേരിക്കയിൽ ഇല പൊഴിയുന്ന കാലമാണ് ഒക്ടോബർ, അത് കാണേണ്ട കാഴ്ചയാണ്. പ്രത്യേകിച്ചും കിഴക്കൻ തീരദേശ സംസ്ഥാനങ്ങളിൽ. ഇത്രയും മനോഹരമായ ഇലപൊഴിയുന്ന സീസൺ ഞാൻ ലോകത്ത് ഒരിടത്തും കണ്ടിട്ടില്ല. കയ്യിൽ കാശുള്ളവർ അത് കാണാൻ തന്നെ അമേരിക്കയിൽ പോയാൽ തെറ്റില്ല. അല്ലാതെ തന്നെ അമേരിക്കയിൽ പോകാൻ അവസരം ഉള്ളവർ ഒരിക്കലും ഈ സീസൺ വിട്ടുകളയരുത്.

അമേരിക്കയിൽ എനിക്ക് അനവധി സുഹൃത്തുക്കൾ ഉണ്ടെങ്കിലും എന്റെ വായനക്കാരിൽ അമേരിക്കയിൽ നിന്നും ഒരുപാടാളുകൾ ഇല്ല എന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്. നമ്മുടെ എത്ര വായനക്കാർ വിവിധ രാജ്യങ്ങളിൽ നിന്നുണ്ട് എന്ന വിവരം ഫേസ്ബുക്കിന് അറിയാമെങ്കിലും അവർ നമ്മളുമായി പങ്കു വെക്കാറില്ല. എന്തിന് എത്ര വായനക്കാർ ഉണ്ടെന്ന് പോലും അവർ പറഞ്ഞു തരില്ല. അതുകൊണ്ട്, അതൊക്കെ നമ്മൾ പ്രോക്സി വച്ച് അളക്കണം.

ഫേസ്ബുക്കിനെ ഏറ്റവും കൂടുതൽ ആളുകളുമായി സംവദിക്കാനുള്ള ഒരു പ്ലാറ്റ്ഫോം ആയിട്ടാണ് ഞാൻ കാണുന്നത്. അതുകൊണ്ട് തന്നെ ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാൻ പബ്ലിക്ക് ആയി ശ്രമിക്കുന്ന സമയത്ത് ആരാണ് ഇവിടെ വരുന്നത്, എന്താണവർ കൂടുതൽ ശ്രദ്ധിക്കുന്നത് എന്നതെല്ലാം ഞാൻ രഹസ്യമായി ശ്രദ്ധിക്കുന്നുണ്ട്. എന്ത് വിഷയത്തെ പറ്റി പോസ്റ്റിയാൽ ആണ് കൂടുതൽ വായനക്കാരെ കിട്ടുന്നത് എന്നത് കൂടാതെ ഏത് സമയത്ത് പോസ്റ്റ് ചെയ്‌താലാണ് പരമാവധി വായനക്കാരെ കിട്ടുന്നത് എന്നതെല്ലാം ഗവേഷണ വിഷയം ആണ്.

ഇന്ത്യയിൽ രാത്രി ഒമ്പതാകുമ്പോൾ പോസ്റ്റ് ചെയ്‌താൽ ബാക്കി ഏത് സമയത്ത് കിട്ടുന്നതിലും മുപ്പത് ശതമാനം അധികം ലൈക്കും കമന്റും വീഴും എന്നതാണ് എന്റെ ഒരു നിരീക്ഷണം. ഇതിന് കാരണം ഉണ്ട്, വൈകീട്ട് ഇന്ത്യയിലെ സമയം ഒൻപത് മണിക്കിടുന്നതാണ് ബെസ്റ്റ്. രാത്രി ഒൻപത് മുതൽ പതിനൊന്നു വരെയാണ് എന്റെ വായനക്കാർ ഏറ്റവും കൂടുതൽ ഫേസ്ബുക്ക് നോക്കുന്ന സമയം (ഇതൊക്കെ പരീക്ഷണം നടത്തി കണ്ടു പിടിച്ച കാര്യം ആണ്). ഇന്ത്യയിൽ പതിനൊന്നാകുമ്പോൾ ഗൾഫിൽ ഒമ്പതരയാകും അപ്പോൾ അവിടുത്തെ ലൈക്കുകൾ ഏറ്റു വാങ്ങും, പിന്നെ യൂറോപ്പിലെ ഒമ്പതാകും, ഇവിടെ പതിനൊന്നാകുമ്പോഴേക്കും ഏതാണ്ട് 70 ശതമാനം ലൈക്കുകളും കമന്റുകളും പെട്ടിയിൽ വീണുകാണും. പിന്നെ പിറ്റേന്ന് രാവിലെ നോക്കുമ്പോൾ ശരാശരി ഇരുപത് ശതമാനം വർദ്ധനയാണ് ഉണ്ടാകാറുള്ളൂ. അതിൽ പകുതിയും ഇന്ത്യയിൽ നിന്നും ഗൾഫിൽ നിന്നും ആയിരിക്കും.

ഇതുകൊണ്ടൊക്കെ തന്നെ അമേരിക്കയിൽ നിന്നും അധികം വായനക്കാരില്ല എന്നായിരുന്നു എന്റെ ചിന്ത. പക്ഷെ കഴിഞ്ഞ ദിവസം വെബ്‌സൈറ്റിന്റെ കാര്യം പോസ്റ്റ് ചെയ്തതോടെ ആ ചിന്ത മാറി. ഇരുപത്തിനാല് മണിക്കൂറിനകം ഒരു ലക്ഷത്തി പതിനാലായിരം ഹിറ്റ് ആണ് കിട്ടിയത്. അത് തന്നെ അതിശയം ആണ്. പക്ഷെ ഏറ്റവും അതിശയം അതല്ല. ഇന്ത്യ മുതൽ ജിബൂട്ടി വരെ ഉള്ള രാജ്യങ്ങളിൽ നിന്നും സന്ദർശകർ ഉണ്ടെങ്കിലും, മൊത്തം സന്ദർശകരിൽ രണ്ടാം സ്ഥാനം അമേരിക്കയിൽ നിന്നുള്ളവർക്കാണ്. മൊത്തം വിസിറ്റേഴ്സിന്റെ ഇരുപത്തി മൂന്ന് ശതമാനം വരും ഇത് !.
ഒരു കാര്യം ഇപ്പോഴേ തീരുമാനിച്ചു. രണ്ടാമന്റെ വലിയ ഒരു കോൺസ്റ്റിട്യുവൻസി ആണ് അമേരിക്ക, അതിനെ ഇനി നർച്ചർ ചെയ്തേ പറ്റൂ. വരും ദിവസങ്ങളിൽ ബേസ്‌ബോളും ഇമിഗ്രെഷനും ഒക്കെ ചർച്ചയിൽ വരും. അമേരിക്കയിൽ രാത്രിയാകുന്ന സമയത്തും ഒന്ന് പോസ്റ്റി നോക്കണം.

ഈ വർഷം ഞാൻ ഇംഗ്ളീഷിൽ പ്രസിദ്ധീകരിക്കുന്ന Unusual Stories എന്ന പുസ്തകത്തിന്റെ പ്രകാശനം ന്യൂ യോർക്കിൽ വച്ച് നടത്താനാണ് പ്ലാൻ ഇട്ടിരിക്കുന്നത്, അപ്പോൾ ഒരു ബഡ്‌വൈസർ പേ ചർച്ചക്ക് കാണാം. ഇല പൊഴിയുന്ന കാലത്താണ് വരുന്നത്. പത്തു ദിവസം അമേരിക്കയിൽ കാണും. ന്യൂ യോർക്ക് മുതൽ ഫ്രിമോണ്ട് വരെ ആണ് യാത്ര. വേറെ എവിടെയെങ്കിലും ചായയോ ചർച്ചയോ വേണമെങ്കിൽ പറയണം കേട്ടോ…

Leave a Comment