പൊതു വിഭാഗം

അമൂല്യമായ ജീവനെപ്പറ്റി വീണ്ടും…

ചില നുണയൊക്കെ പറയാൻ നല്ല എളുപ്പവും കേൾക്കാൻ നല്ല സുഖവുമാണ്. അതുകൊണ്ട് നമ്മളത് എപ്പോഴും ആവർത്തിക്കും, പറയുന്നവർക്കും കേൾക്കുന്നവർക്കും അത് നുണയാണെന്ന് അറിയാമെങ്കിൽക്കൂടി. ‘മനുഷ്യജീവൻ അമൂല്യമാണ്’, ‘എല്ലാവരുടെയും ജീവന് ഒരേവിലയാണ്’എന്നതൊക്കെ അത്തരം ചില നുണകളാണ്. സംശയമുണ്ടെങ്കിൽ ഇന്നലെ തിരുവനന്തപുരത്ത് മണ്ണിടിഞ്ഞുവീണു മരിച്ച തൊഴിലാളികളുടെ വാർത്ത പത്തുദിവസത്തേക്ക് ഫോളോ ചെയ്താൽ മതി. അമൂല്യമായ അവരുടെ ജീവന് എന്ത് നഷ്ടപരിഹാരമാണ് കൊടുക്കുന്നത്? അവിടെ മരിച്ച മലയാളിയുടെ ജീവനും ബംഗാളിയുടെ ജീവനും നഷ്ടപരിഹാരമായി കൊടുക്കുന്നത് ഒരേ വിലയാണോ എന്നൊക്ക ഒന്ന് അന്വേഷിക്കണം.

പക്ഷെ, നമുക്ക് ഇക്കാര്യത്തിലൊന്നും ഒരു താല്പര്യവുമില്ല. ‘അയ്യോ കഷ്ടം’ എന്നുപറഞ്ഞാൽ തീർന്നു കാര്യം. പ്രതേകിച്ചും മരിച്ചത് മറുനാട്ടുകാരാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ആലുവക്കടുത്ത് ഒരു കെട്ടിടനിർമ്മാണത്തിനിടക്ക് ഒരു ഇതരസംസ്ഥാന തൊഴിലാളി വീണുമരിച്ചിട്ട് പതിനഞ്ചുമിനിട്ടിനകം അവിടെ തൊഴിൽ വീണ്ടും തുടങ്ങാൻ ശ്രമിച്ചുവത്രെ!

കേരളത്തിൽ നിർമ്മാണരംഗത്ത് ഒരുവർഷം എത്ര മരണങ്ങൾ നടക്കുന്നു എന്ന് പ്രത്യേക കണക്കുകളൊന്നും ആരും ശേഖരിക്കുന്നില്ല. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കിൽ ‘falling from heights’ എന്ന കണക്കിലാണ് കൂടുതലും ഇത് പെടുന്നത്. കേരളത്തിൽ എല്ലാത്തരം അപകട മരണങ്ങളും കൂടുകയാണെങ്കിലും ‘falling from heights’ എന്ന വിഭാഗത്തിലാണ് കേരളത്തിൽ ഈ നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ വേഗത്തിൽ വർധനയുണ്ടായിട്ടുള്ളത്. രണ്ടായിരത്തി ഒന്നിൽ മുന്നൂറ്റി ഇരുപത്തി മൂന്നു പേർ ആണ് ഉയരങ്ങളിൽ നിന്നും വീണു മരിച്ചത്. രണ്ടായിരത്തി പതിനഞ്ചായപ്പോൾ അത് എഴുന്നൂറ്റി പതിനൊന്നായി. കേരളത്തിൽ തെങ്ങിലും മാവിലും ഒക്കെ ആളുകൾ കയറുന്നത് കുറഞ്ഞുവരുന്ന കാലത്താണിത് സംഭവിക്കുന്നത് എന്നുകൂടി കൂട്ടിവായിക്കണം. ഫ്ലാറ്റ് നിർമ്മാണത്തിന്റെ വളർച്ചയുടെ ബാക്കിപത്രമാണിത്.

സത്യത്തിൽ ഈ ‘അമൂല്യം’ ഒക്കെ നമ്മൾ വിശ്വസിച്ചിരുന്നുവെങ്കിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
1. ഓരോ നിർമ്മാണസ്ഥലത്തും ഒരു സുരക്ഷാ സൂപ്പർവൈസറെ നിയമിക്കുക.

2. ഓരോ നിർമ്മാണവും തുടങ്ങുന്നതിനു മുൻപ് അവിടെയുണ്ടായേക്കാവുന്ന അപകടങ്ങളെപ്പറ്റി ചിന്തിച്ച് അത് കുറക്കാനുള്ള നടപടികൾ സ്വീകരിക്കുക.

3 . ഓരോ തൊഴിലാളിക്കും പരിശീലനവും വ്യക്തിസുരക്ഷാ ഉപകരണങ്ങളും കൊടുക്കുക, അതിന്റെ ഉപയോഗം നിർബന്ധമാക്കുക

4. അപകടമുണ്ടായാൽ നേരിടാനുള്ള പരിശീലനം എല്ലാവർക്കും നൽകുക.

5. നിർമ്മാണസ്ഥലം തിരിച്ചുകെട്ടി മറ്റാർക്കും വരാൻ പറ്റാത്തവിധം നിയന്ത്രിക്കുക.

6. മണ്ണിടിച്ചിൽ പോലെയുള്ള അപകടങ്ങളിൽ നിന്നും ആളുകളെ രക്ഷിക്കാനുള്ള ഉപകരണങ്ങളും പരിശീലനവുമൊക്കെ നമ്മുടെ ഫയർ സർവീസിന് നൽകുക

ഇതൊന്നും പുതിയ കാര്യങ്ങളല്ല. കാലാകാലങ്ങൾ ആയി ലോകത്തിൽ എത്രയോ നാടുകളിൽ ആളുകൾ ചെയ്യുന്നതാണ്. ഇത്തരം നിയമങ്ങളും സംവിധാനങ്ങളും നമുക്കില്ല എന്നതും ഓരോ വർഷവും നൂറു കണക്കിന് ആളുകൾ കെട്ടിട നിർമ്മാണ അപകടങ്ങളിൽ മരിക്കുന്നു എന്നതും ഒക്കെ മനുഷ്യജീവന് നാം എന്ത് വിലയാണ് കൽപ്പിക്കുന്നത് എന്നതിന്റെ പ്രതിഫലനമാണ്.

അപകടങ്ങൾ മാത്രമല്ല നമ്മുടെ നിർമ്മാണ രംഗത്തെ പ്രശ്നം. മറുനാടൻ തൊഴിലാളികൾ രംഗത്ത് വന്നതോടെ, അവർക്ക് സംഘടന ശക്തി ഇല്ലാത്തതിനാൽ അവരെ ദുരുപയോഗം ചെയ്യുന്ന പല പ്രശ്നങ്ങളും ഉണ്ട്, അതിനെപ്പറ്റി പിന്നീടൊരിക്കൽ എഴുതാം. പക്ഷെ തൽക്കാലം ഒരു കാര്യം ചെയ്യൂ, ദുബായിലെ കെട്ടിട നിർമ്മാണത്തെ പറ്റി ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ ഒരു റിപ്പോർട്ട് വായിക്കൂ. ഇതിൽ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും അവിടത്തെ മലയാളി തൊഴിലാളികൾക്ക് എങ്ങനെ ബാധകമാണോ അത് പോലെ തന്നെയാണ് ഇവിടുത്തെ മറുനാടൻ തൊഴിലാളികൾക്ക് എന്നത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.

ഞാൻ എപ്പോഴും പറയുന്നത് പോലെ ഓരോ അപകടവും എന്തെങ്കിലും പഠിക്കാനും അതിനെപ്പറ്റി എന്തെങ്കിലും ചെയ്യാനുള്ള അവസരവും ആയി എടുക്കണം. പക്ഷെ കഴിഞ്ഞ പത്തുവർഷത്തിൽ അയ്യായിരത്തിലേറെ ആളുകൾ മരിച്ചിട്ടും മാറാത്ത നിർമ്മാണരീതികൾ ഈ നാലുപേരുടെ മരണം കൊണ്ട് മാറുമെന്ന് എനിക്കൊരു വിശ്വാസവുമില്ല. അതുകൊണ്ട് നടക്കുന്ന ഒരു കാര്യം പറയാം.
നമ്മുടെ നാട്ടിൽ ഓരോ ഫ്ലാറ്റ് പണി കഴിയുമ്പോഴും അതിന്റെ നിർമ്മാണത്തിനിടക്ക് ഒരു മരണം എങ്കിലും നടന്നിട്ടുണ്ടെങ്കിൽ അവരുടെ പേരുകൾ ഒരു ശിലാഫലകത്തിൽ ഫ്ലാറ്റിനുമുന്നിൽ സ്ഥാപിക്കണം എന്നത് നിർബന്ധമാക്കുക. ലോകത്തെ ഏറെ നിർമ്മാണസ്ഥലങ്ങളിൽ ഞാനിത് കണ്ടിട്ടുണ്ട്. (ഇടുക്കി അണക്കെട്ടിന്റെയോ തുരങ്കത്തിന്റെയോ മുന്നിലുണ്ടെന്നാണ് എന്റെയോർമ്മ). കാറും പത്രാസുമായി ആളുകൾ ഫ്ലാറ്റുകളിൽ ഉന്നതജീവിതം നയിക്കുമ്പോൾ അവർക്കുവേണ്ടി മണ്ണിനടിയിലേക്ക് പോയ കുറെ വിലയില്ലാത്ത ജീവിതങ്ങൾ ഉണ്ടായിരുന്നു എന്നൊരു ഓർമ്മപ്പെടുത്തലെങ്കിലും നമുക്ക് വേണം.

https://www.hrw.org/report/2006/11/11/building-towers-cheating-workers/exploitation-migrant-construction-workers-united

Leave a Comment