പൊതു വിഭാഗം

അധ്യാപക ദിന ചിന്തകൾ

गुरु गोबिन्द दोउ खडे काके लागूँ पाँय
बलिहारी गुरु आपने गोबिन्द दियो बताय

ഗുരുവും ദൈവവും മുന്നിൽ വന്നു നിൽക്കുന്നു എങ്കിൽ ആരെ ആണ് ആദ്യം വന്ദിക്കേണ്ടത്? ഗുരുവിന്റെ തന്നെ, സംശയമില്ല. കാരണം ദൈവത്തെപ്പറ്റി പറഞ്ഞു തന്നത് തന്നെ ഗുരുവാണല്ലോ.

കബീർ ദാസിന്റെ ഈ വചനങ്ങൾ എന്നെ പഠിപ്പിച്ചത് കാൺപൂർ ഐ ഐ ടി യിലെ ലബോറട്ടറിയിൽ ഉണ്ടായിരുന്ന മിശ്രാജി ആണ്. ഒരു ദൈവവിശ്വാസി അല്ലാഞ്ഞിട്ടു പോലും എനിക്കത് ഹൃദയഹാരിയായി തോന്നി. എന്റെ പി എച്ച് ഡി തീസിസിൽ ഞാനിത് ക്വോട്ട് ചെയ്തിട്ടുണ്ട്.

ഇന്ന് വീണ്ടും അധ്യാപകദിനമാണ്. ഫേസ്‌ബുക്ക് വന്നതിനു ശേഷം കുട്ടികൾ മൊത്തമായി അധ്യാപകർക്ക് ആശംസകൾ നേരുന്ന ദിവസം. ഗ്രെഷ്യസ് സാർ Grasius MG അല്ലാതെ എന്റെ ഏതെങ്കിലും അധ്യാപകർ ഫേസ്‌ബുക്കിൽ ഉണ്ടോ എന്ന് എനിക്കറിയില്ല. എന്റെ ഏറ്റവും അടുത്ത ഫ്രണ്ട് ബിനോയ് (Binoy A. Mattamana) തൊട്ട് അനവധി കൂട്ടുകാർ അധ്യാപകരാണ്. അവർക്കെല്ലാം എന്റെ ആശംസകൾ!

ദൈവത്തിന്റെ മുകളിൽ സ്ഥാനം നൽകിയില്ലെങ്കിലും സമൂഹം ഉന്നതിയിൽ കാണേണ്ട ഒരു തൊഴിലാണ് അധ്യാപനം. കാരണം അടുത്ത തലമുറയെ വാർത്തെടുക്കുന്നത് ഇവരാണ്. നല്ല അധ്യാപകർ ഉണ്ടായാലേ നല്ല തലമുറ ഉണ്ടാകൂ.

എന്നാൽ ഇപ്പോഴത്തെ അവസ്ഥ ഇതല്ല. സാമ്പത്തികമായി വലിയ പ്രതിഫലമില്ലാത്ത തൊഴിലാണ് അധ്യാപനം. ശമ്പളത്തിനു പുറമേ പ്രത്യേക വരുമാനമൊന്നും ഇവർക്ക് ഇല്ല താനും. സർക്കാർ വിദ്യാലയങ്ങളിലൊഴികെ അധ്യാപകർക്ക് കിട്ടുന്ന ശമ്ബളം പരിതാപകരമാണ്. അതിൽത്തന്നെ സർക്കാരിന്റെ കണ്ണുവെട്ടിക്കാൻ ശമ്പളം ബാങ്കിലിട്ടിട്ട് പകുതി തിരിച്ചുപിടിക്കുന്ന തറവേല ചെയ്യുന്ന മാനേജുമെന്റുമുണ്ട്. ഇത്തരം അധ്യാപകർ പി എസ് സി പരീക്ഷയെഴുതി എവിടെയെങ്കിലും പ്യൂണ്‍ ആകാനെങ്കിലും ശ്രമിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ?

സ്‌കൂളുകളിൽ മാത്രമല്ല, ഉന്നത വിദ്യാഭ്യാസ രംഗത്തും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയിലെ ഐ ഐ ടി, ഐ ഐ എം, എ ഐ എം എസ്, നാഷണൽ ലോ സ്‌കൂൾ എന്നിങ്ങനെ പേരുകേട്ട എല്ലാ യൂണിവേഴ്സിറ്റികളിലും പത്തും ഇരുപതും വർഷം പരിചയമുള്ള അധ്യാപകരുടെ ശമ്പളം പലപ്പോഴും അവിടെ പഠിച്ചിറങ്ങുന്ന കുട്ടികളുടെ ആദ്യത്തെ ശമ്പളത്തേക്കാൾ കുറവാണ്. ചുമ്മാതല്ല, ഐ ഐ ടി യിലൊക്കെ നാലിലൊന്ന് അധ്യാപകരുടെ പോസ്റ്റും ഒഴിഞ്ഞു കിടക്കുന്നത്.

ഇന്നത്തേതിലും മിടുക്കുള്ള ഒരു തലമുറ നാളെ ഉണ്ടായാൽ മാത്രമേ ഒരു സമൂഹം എന്ന നിലയിൽ നാം പുരോഗമിക്കുന്നു എന്ന് പറയാനാകുകയുള്ളു. അത് സാധ്യമാകണമെങ്കിൽ മിടുക്കരായവർ അധ്യാപനരംഗത്ത് വരണം. അവർക്ക് വേണ്ടത്ര പരിശീലനം കൊടുക്കണം, ശമ്പളം കൊടുക്കണം, സമൂഹത്തിൽ അംഗീകാരം കൊടുക്കണം. അംഗീകാരം എന്നത് പണം മാത്രമല്ല, ബഹുമാനം തുടങ്ങി മറ്റ് പലതുമാണ്.

ഫിൻലൻഡിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന ജോലി സ്‌കൂൾ അധ്യാപകരുടേതാണ് എന്ന് ഞാൻ ഒരിക്കൽ പറഞ്ഞല്ലോ. നമ്മുടെ വൈസ് ചാൻസലർമാർ വരെ രാഷ്ട്രീയക്കാരുടെ താളത്തിന് തുള്ളേണ്ടി വരുമ്പോൾ ചൈനയിലും ജപ്പാനിലുമെല്ലാം മന്ത്രിമാരുമായി നേരിട്ട് സംവദിക്കാനുള്ള സ്വാതന്ത്ര്യം പ്രൊഫസർമാർക്കുണ്ട്. ഏതു വിഷയത്തിലും അവരുടെ അഭിപ്രായം പരിഗണിക്കുകയും ചെയ്യും. അമേരിക്കയിലും യൂറോപ്പിലും പ്രൊഫസർ ആയിക്കഴഞ്ഞാൽ പിന്നെ അവരെ ബഹ്മാവിനും ഒന്നും ചെയ്യാൻ പറ്റാത്തത്ര സ്വാതന്ത്ര്യമാണ്. ഇതിൽ കുറെയൊക്കെ നമ്മുടെ നാട്ടിലും വരണം. എന്നാലേ മിടുക്കന്മാരും മിടുക്കികളും അധ്യാപനം ഒരു തൊഴിലായി തിരഞ്ഞെടുക്കൂ. അധ്യാപകദിനത്തിൽ ഗുരുവിന്റെയും ഗോബിന്ദിന്റെയും പാട്ട് പാടി സുഖിപ്പിച്ച് ഗ്രീറ്റിങ്സ് അടിച്ചു കൊടുത്താൽ മാത്രം നല്ല അധ്യാപകർ ഉണ്ടാകുമെന്ന് ചിന്തിക്കുന്നവർ നമ്മുടെ സമൂഹത്തിന്റെ ഭാവിയെ തെന്നുന്ന താഴ്‌വാരത്തിലേക്ക് തള്ളിയിടുകയാണ്.

എന്റെ അധ്യാപക സുഹൃത്തുക്കൾ ഇതൊന്നും കേട്ട് വിഷമിക്കേണ്ട കേട്ടോ. ഇതൊക്കെ നാട്ടുകാരെ പേടിപ്പിക്കാൻ പറഞ്ഞതാണ്. നിങ്ങൾ എടുത്തിരിക്കുന്ന ജോലിയുടെ ഉത്തരവാദിത്തം നിങ്ങൾക്ക് സമൂഹം നൽകുന്ന ശമ്പളത്തിലും അംഗീകാരത്തിലും വളരെ വലുതാണ്. അതിൽ ആഹ്ളാദം കണ്ടെത്തുക. അംഗീകാരം ഒക്കെ പിന്നാലെ വരും.

എല്ലാ അധ്യാപക സുഹൃത്തുക്കൾക്കും ഒരിക്കൽ കൂടി ആശംസകൾ !

മുരളി തുമ്മാരുകുടി.

എന്റെ സുഹൃത്തുക്കളിലും ഫോളോവേഴ്‌സിലും അധ്യാപകർ ആയിട്ടുള്ളവർ ഇതിന്റെ താഴെ ഒരു കമന്റിടാമോ. “ഐ ആം എ ബേർഡ് വാച്ചർ” എന്ന് പറഞ്ഞ പോലെ “ഐ ആം എ ടീച്ചർ” എന്ന് പറഞ്ഞാലും മതി. നഴ്സറി തൊട്ട് ഗവേഷണ സ്ഥാപനത്തിലെ ഗൈഡ് മാർ വരെ ആയിക്കോട്ടെ.

Leave a Comment