പൊതു വിഭാഗം

അധ്യാപകരുടെ വർഷം…

2020 ൽ കൊറോണക്കാലത്ത് മുൻ നിര പോരാളികളായി നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നത് നമ്മുടെ ആരോഗ്യ പ്രവർത്തകരാണ്. ഇക്കാര്യം എല്ലാവർക്കും അറിയാവുന്നതും എല്ലാവരും അംഗീകരിക്കുന്നതുമാണ്.

എന്നാൽ കൊറോണക്കാലത്തെ നമ്മുടെ അധ്യാപകരുടെ പ്രവർത്തനങ്ങളും അത് സമൂഹത്തിന് നൽകുന്ന സേവനവും ആളുകൾ അത്രമാത്രം ശ്രദ്ധിക്കുന്നില്ല.

അധ്യയന വർഷം ഏതാണ്ട് അവസാനിക്കുന്ന മാർച്ച് മാസത്തിലാണ് കൊറോണപ്പേടി കേരളത്തിൽ ഉച്ചസ്ഥായിയിൽ ആകുന്നത്. സ്‌കൂളുകളും കോളേജുകളും അടച്ചു, പരീക്ഷകൾ മാറ്റിവച്ചു, ഹോസ്റ്റലുകൾ പൂട്ടി, കുട്ടികൾ വീട്ടിൽ പോയി. ലോക്ക് ഡൌൺ കാലത്തിന്റെ തുടക്കത്തിൽ മധ്യവേനൽ അവധിക്കാലം ആയിരുന്നത് കൊണ്ട് ആളുകൾ (പരീക്ഷകൾ ബാക്കിയുണ്ടായിരുന്ന കുട്ടികളുടെ മാതാപിതാക്കൾ ഒഴിച്ച്) വിദ്യാഭ്യാസത്തെപ്പറ്റി അധികം ചിന്തിച്ചില്ല.

മെയ് മാസം ആയതോടെ എങ്ങനെ സ്‌കൂളുകൾ തുറക്കും, പരീക്ഷകൾ നടത്തും, അഡ്മിഷൻ ശരിയാക്കും, കുട്ടികളെ പഠിപ്പിക്കും എന്നുള്ളതൊക്കെ ആളുകളുടെ ചിന്തയിൽ വന്നു, സർക്കാരിന്റെയും.

ഇവിടെയാണ് നമ്മുടെ അധ്യാപകർ സാഹചര്യത്തിനൊത്ത് ഉണർന്നത്. അംഗൻവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള അധ്യാപകർ എങ്ങനെയാണ് അവരുടെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തുടരേണ്ടത് എന്നതിലും കുട്ടികളുടെ ഒരു വർഷം നഷ്ടപ്പെടാതിരിക്കുന്നത് എന്നതിലും ഏറെ താല്പര്യമെടുത്തു. കുട്ടികളെ പഠിപ്പിക്കുന്നതിനും, പരീക്ഷ നടത്തുന്നതിനും, അവരുമായി സ്ഥിരമായി ബന്ധപ്പെടുന്നതിനും പുതിയ രീതികൾ കണ്ടുപിടിച്ചു.

കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന അധ്യാപകാർക്ക് ഓൺലൈൻ ടീച്ചിങ്ങ് എന്നത് ഒരു പുതിയ അനുഭവം ആയിരുന്നു. അതിനുള്ള പരിചയമോ പരിശീലനമോ സാമഗ്രികളോ ബാൻഡ് വിഡ്ത്തോ ഇല്ലാതിരുന്നിട്ടും അവർ പിൻവാങ്ങിയില്ല. എല്ലാ സംവിധാനങ്ങളും സർക്കാരും മാനേജ്‌മെന്റും ഒരുക്കിത്തന്നിട്ടാകാം പഠിപ്പിക്കൽ എന്ന് അവർ പറഞ്ഞില്ല. അങ്ങനെ നിർബന്ധിക്കാൻ അവർ അവരുടെ സംഘടനാ സംവിധാനങ്ങളും ശക്തികളും ഉപയോഗിച്ചില്ല. കുട്ടികളുടെ ഭാവിയെപ്പറ്റിയുള്ള ആശങ്കകൾ, അവരുടെ സംരക്ഷണയിലുള്ള വിദ്യാർത്ഥികളുടെ വിദ്യാഭ്യാസവും, വിദ്യാഭ്യാസ അനുഭവവും, വിദ്യാഭ്യാസ വർഷവും, ഭാവിയും നഷ്ടപ്പെടരുതെന്ന ഉത്തമമായ ആഗ്രഹത്തിൽ അവരുടെ വ്യക്തിപരമായ കുറവുകളും ബുദ്ധിമുട്ടുകളും അവർ  മാറ്റിവെച്ചു.

കൊറോണക്കാലം ആരോഗ്യവും സാന്പത്തികവുമായ വെല്ലുവിളികൾക്കപ്പുറം മാനസികമായും ഏറെ വെല്ലുവിളികൾ ഉയർത്തുന്ന കാലമാണെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പറഞ്ഞിട്ടുണ്ട്. അതിൽത്തന്നെ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ആശങ്ക, കുട്ടികളുടെ ആശങ്ക, അവരുടെ മാതാപിതാക്കളുടെ ആശങ്ക ഇതൊക്കെ മുൻ നിരയിൽ നിൽക്കുന്നു.  കൊറോണക്കാലത്ത് മനസികാരോഗ്യപ്രശ്നങ്ങളുടെ ഒരു സുനാമി തന്നെയാണ് രൂപം കൊള്ളുന്നതെന്നാണ് ഇംഗ്ലണ്ടിലെ റോയൽ കോളേജ് ഓഫ് സൈക്യാട്രിസ്റ്സ് പറഞ്ഞത്.

നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസം തുടരുക മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ മാനസികാരോഗ്യം നിലനിർത്തുകയും മാനസിക ആരോഗ്യ പ്രശ്നങ്ങളുടെ സുനാമിയെ തടഞ്ഞു നിർത്തുകയുമാണ് നമ്മുടെ അധ്യാപകർ ചെയ്തത്, ചെയ്തുകൊണ്ടിരിക്കുന്നത്.

വേണ്ടത്ര സൗകര്യങ്ങളോ പിന്തുണയോ ഇല്ലാതെ, പലപ്പോഴും പ്രൈവറ്റ് സ്ഥാപനങ്ങളിൽ ശന്പളം കിട്ടാതെയും, വെട്ടിക്കുറക്കപ്പെട്ടും ഒക്കെയുള്ള സാഹചര്യങ്ങളിൽ പോലുമാണ് ഇതെല്ലാം അവർ ചെയ്യുന്നതെന്നത് അവരുടെ പ്രവൃത്തിയുടെ മാറ്റ് കൂട്ടുന്നു. സമൂഹം ഇതൊക്കെ വേണ്ടത്ര മനസ്സിലാക്കുന്നില്ല എന്നതും കുറച്ചുപേരെങ്കിലും അധ്യാപകരെ, അവരുടെ അധ്യാപനത്തെ കളിയാക്കുന്നു എന്നതുമെല്ലാം നമ്മുടെ മാറ്റ് കുറക്കുന്നു.

ഈ കൊറോണക്കാലത്ത് ജോലി ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ വെല്ലുവിളികൾ നേരിടുന്നത് സ്ത്രീകൾ ആണെന്ന് ലോകത്തെന്പാടുനിന്നുമുള്ള പഠനങ്ങൾ പറയുന്നു. കേരളത്തിലെ അധ്യാപകർ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. അതുകൊണ്ടു തന്നെ നമ്മുടെ അധ്യാപകസമൂഹം നേരിടുന്ന വെല്ലുവിളികൾ, അവർ അതിനെ അതിജീവിക്കുന്നത്, അവർ സമൂഹത്തിന് നൽകുന്ന പിന്തുണ ഇതെല്ലാം നമ്മൾ മനസ്സിലാക്കേണ്ടതാണ്.

ഇന്നലെ കേരള സർക്കാർ ഏറ്റവും നല്ല അധ്യാപകർക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. നല്ല കാര്യം. വാസ്തവത്തിൽ കേരളത്തിലെ അംഗൻവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങളിലേയും അധ്യാപകർ ഈ വർഷം അവാർഡിന് അർഹരാണ്. ഇത് നിങ്ങളുടെ കൂടി വർഷമാണ്. കൊറോണയെക്കാളും ഉയരത്തിലാണ് നിങ്ങളുടെ ഇച്ഛാശക്തി എന്ന് നിങ്ങൾ തെളിയിച്ചിരിക്കുകയാണ്.

എൻറെ അധ്യാപക സുഹൃത്തുക്കൾക്കും, കേരളത്തിലുള്ള എല്ലാ അധ്യാപകർക്കും, ലോകത്തെവിടെയും ഈ കൊറോണക്കാലത്ത് മറ്റുളളവരെ പഠിപ്പിക്കുന്നതിൽ വ്യാപൃതരായവർക്കും എൻറെ അധ്യാപകദിന ആശംസകൾ! സമൂഹത്തിന് വേണ്ടി നിങ്ങൾ  ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി! നിങ്ങളുടെ പ്രവർത്തനങ്ങൾ തീർച്ചയായും ഒരിക്കൽ സമൂഹം മനസ്സിലാക്കും, ഉറപ്പ്.

മുരളി തുമ്മാരുകുടി

 

Leave a Comment