പൊതു വിഭാഗം

അധ്യാപകദിന ചിന്തകൾ…

സെപ്റ്റംബർ അഞ്ച്, അധ്യാപകദിനം.
ഫേസ്ബുക്കിലും പുറത്തുമുള്ള എൻറെ ബന്ധുക്കളും സുഹൃത്തുക്കളുമായ അനവധി ആളുകൾ അധ്യാപകരായുണ്ട്. അവർക്ക് എൻറെ പ്രത്യേക ആശംസകൾ..!
 
നല്ല അധ്യാപകരാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നതെന്ന് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. നല്ല സമൂഹം നല്ല അധ്യാപകരെ സൃഷ്ടിക്കുന്നു എന്നത് നാം അത്ര ശ്രദ്ധിക്കാത്ത കാര്യമാണ്.
 
തൊഴിലുറപ്പ് ജോലികൾക്കുള്ളത്ര വേതനം പോലും ലഭിക്കാതെയാണ് പല അൺ എയ്‌ഡഡ്‌ സ്‌കൂളുകളിലും അധ്യാപകർ പണിയെടുക്കുന്നത്. എന്നാൽ തൊഴിലിൽ ഉറപ്പ് ഒട്ടില്ല താനും. സർക്കാരിലോ പ്രൈവറ്റിലോ സ്ഥിരതയുള്ള മറ്റേതെങ്കിലും തൊഴിൽ ലഭിച്ചാൽ അധ്യാപനം ഉപേക്ഷിച്ചു പോകുന്നതിൽ അവരെ കുറ്റം പറയാനാവില്ല.
 
മിക്ക എയ്‌ഡഡ്‌ സ്‌കൂളുകളിലും മുപ്പതോ നാല്പതോ ലക്ഷം രൂപ കൈക്കൂലി കൊടുക്കാൻ കഴിവുള്ളവരെ മാത്രം അധ്യാപകരാക്കുന്ന രീതി തുടരുന്നു. പഠിപ്പിക്കാൻ കഴിവുള്ള – പണം കൊടുക്കാൻ കഴിവില്ലാത്തവർ തഴയപ്പെടുന്നു. വലിയൊരു സോഷ്യൽ എഞ്ചിനീയറിങ്ങാണ് ഇവിടെ നടക്കുന്നത്.
 
എങ്ങനെയാണ് അദ്ധ്യാപനത്തിൽ കഴിവും താല്പര്യവുമുള്ളവരെ അധ്യാപക രംഗത്തേക്ക് കൊണ്ട് വരുന്നത്? എങ്ങനെയാണ് അവർക്ക് വേണ്ടത്ര വേതനവും തൊഴിൽ സ്ഥിരതയും ഉറപ്പാക്കുന്നത് ?
 
ഈ ചോദ്യങ്ങളാണ് സമൂഹം ചോദിക്കേണ്ടത്. അതിന് പകരം കൂടുതൽ നല്ല കെട്ടിടങ്ങളും സ്‌കൂൾ ബസും യൂണിഫോമും എല്ലാമായാൽ അധ്യാപനം ആഗോളനിലവാരത്തിലായി എന്ന് ചിന്തിക്കുന്നത് മണ്ടത്തരമാണ്. നല്ല അധ്യാപകർ തന്നെയാണ് നല്ല വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. അത് കഴിഞ്ഞേ സിലബസും കരിക്കുലവും വരുന്നുള്ളു. ഭൗതിക സൗകര്യങ്ങൾ അതിന് ശേഷം വരുന്ന കാര്യങ്ങളാണ്.
 
ഇതൊക്കെ പറയാനാണ് കൂടുതൽ എളുപ്പം, പ്രത്യേകിച്ചും കേരളത്തിൽ. വിദ്യാഭ്യാസ രംഗത്ത് വരുത്തുന്ന എല്ലാ മാറ്റങ്ങളേയും മൊത്തത്തിൽ എതിർത്ത് തോൽപ്പിക്കുന്ന പാരന്പര്യമാണ് നമ്മുടേത്. അതിൻറെ പ്രതിഫലനം വർഷങ്ങൾക്ക് ശേഷം സമൂഹത്തിൽ കാണുന്പോൾ പലപ്പോഴും കാര്യകാരണ ബന്ധം നമുക്ക് മനസ്സിലാകാറില്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയം ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള ഒരു അവസരമായിരുന്നെങ്കിലും അതും നമ്മൾ അത്ര കാര്യമായി എടുത്തില്ല.
 
ഇത്തരം പരിമിതികൾക്കിടയിലും കുട്ടികൾക്ക് വെളിച്ചമായി നിൽക്കുന്ന അധ്യാപകർ എല്ലായിടത്തുമുണ്ട്. നമ്മുടെയെല്ലാം ജീവിതത്തെ അങ്ങനെയുള്ള കുറച്ചു പേർ സ്വാധീനിച്ചിട്ടുണ്ട്. അവരിലാണ് അന്നും ഇന്നും നമ്മുടെ പ്രതീക്ഷ.
 
എല്ലാ അദ്ധ്യാപകർക്കും ഒരിക്കൽ കൂടി ആശംസകൾ..!
 
മുരളി തുമ്മാരുകുടി
 

Leave a Comment