പൊതു വിഭാഗം

അടക്കാമരം അലങ്കാരമാക്കാം, അടക്കയോ?

ഇന്നൊരു തേങ്ങയും എഴുതാനില്ല, അതുകൊണ്ട് അടക്കയെക്കുറിച്ച് എഴുതാം

പത്തു വർഷം മുൻപ് ഞാൻ പാപുവ ന്യൂ ഗിനി എന്നൊരു രാജ്യത്ത് പോയി. ഒരു ദിവസം രാവിലെ നടക്കാനിറങ്ങി അവിടുത്തെ നാടൻ ചന്തയിലെത്തി. ചന്തയിൽ ഒരിടത്ത് അടക്കയുടെ വ്യാപാരം പൊടിപൊടിക്കുന്നു.

“ഇതിന് നല്ല മധുരമാണ്, കഴിച്ചാൽ ചുണ്ടും നാക്കും ചുവന്നു തുടുക്കുകയും ചെയ്യും” കച്ചവടക്കാരൻ എന്നോട് പറഞ്ഞു.

ഓറഞ്ചും മഞ്ഞയും നിറത്തിൽ ചുവന്നു തുടുത്തിരിക്കുന്ന അടക്ക കണ്ടാൽ ഒരു പഴമാണെന്ന് തോന്നുമല്ലോ. ലോകത്ത് ഭൂരിഭാഗം പ്രദേശത്തും അടക്കാമരം (കമുക്) ഇല്ല, അടക്ക തൊണ്ടോടുകൂടി കൃഷിയില്ലാത്ത രാജ്യങ്ങളിൽ വിൽപ്പനയും ഇല്ല. ആ നാട്ടുകാരുടെ ചുണ്ടും വായും ചുവന്നാണിരിക്കുന്നത്. അതുകൊണ്ടു തന്നെ അവിടെ വരുന്ന വിദേശികളെ പറഞ്ഞു പറ്റിക്കുന്നത് അവരുടെ ഒരു വിനോദമാകാം.

“പിറന്നു വീണ അന്ന് തന്നെ കമുകിൻ പാളയിൽ കിടത്തി കുളിപ്പിച്ചെടുത്ത എന്നോടോ ബാലാ” എന്ന് ഞാൻ മനസ്സിൽ പറഞ്ഞു. പിന്നെ സ്ഥലം പാപ്പുവ ആയതു കൊണ്ട് അത് ഉറക്കെ പറഞ്ഞില്ല. അവിടുന്ന് ഞാൻ തേങ്ങയുടെ സെക്ഷനിലേക്ക് പോയി.

ഇന്ത്യ മുതൽ കിഴക്കോട്ടാണ് അടക്കാമരം കണ്ടു വരുന്നത്. അടക്കാമരം ലോകത്ത് അധികം നാടുകളിലില്ലെങ്കിലും അടക്ക ചവയ്‌ക്കുന്നവരുടെ എണ്ണം ചെറുതല്ല. ലോകത്തിൽ അറുപത് കോടി ആളുകൾ അടക്ക ചവയ്‌ക്കുന്നവരായി ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഭൂരിഭാഗവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ്. മലേഷ്യ മുതൽ പസിഫിക്ക് ദ്വീപുകൾ വരെ അവരങ്ങനെ പരന്നു കിടക്കുന്നു. ചരിത്രം ഉണ്ടാകുന്ന കാലത്തിന് മുൻപ് തന്നെ അടക്ക കൃഷിയും അടക്ക ചവയ്‌ക്കലുമുണ്ട് ലോകത്തിൽ. നാലും കൂട്ടിയുള്ള മുറുക്കലും വെറ്റില കൂട്ടിയുള്ള ദക്ഷിണയും ഏഷ്യയിൽ പല ഭാഗങ്ങളിലും സംസ്കാരത്തിന്റെയും ശുഭാവസരങ്ങളുടെയും ഭാഗമാണ്.

പാരന്പര്യം ആയതുകൊണ്ട് മാത്രം ഇതൊരു നല്ല കാര്യമാണെന്ന് വിചാരിക്കരുത്. അലങ്കാരത്തിനും ദക്ഷിണ കൊടുക്കാനും ഉപയോഗിക്കുന്നതിൽ കുഴപ്പമില്ലെങ്കിലും വായിലിട്ടാൽ ആകെ കുഴപ്പക്കാരനാണ് ഈ സുന്ദരൻ കായ. തലച്ചോർ മുതൽ കിഡ്‌നി വരെ മനുഷ്യശരീരത്തിലെ പല അവയവങ്ങളെയും കുഴപ്പത്തിലാക്കാൻ അടക്കക്ക് കഴിവുണ്ട്.

“Areca nut affects almost all organs of the human body, including the brain, heart, lungs, gastrointestinal tract and reproductive organs. It causes or aggravates pre-existing conditions such as neuronal injury, myocardial infarction, cardiac arrhythmias, hepatotoxicity, asthma, central obesity, type II diabetes, hyperlipidemia, metabolic syndrome, etc. Areca nut affects the endocrine system, leading to hypothyroidism, prostate hyperplasia and infertility. It affects the immune system leading to suppression of T-cell activity and decreased release of cytokines. It has harmful effects on the fetus when used during pregnancy. Thus, areca nut is not a harmless substance as often perceived and proclaimed by the manufacturers of areca nut products such as Pan Masala, Supari Mix, Betel quid, etc. There is an urgent need to recognize areca nut as a harmful food substance by the policy makers and prohibit its glamorization as a mouth freshener. Strict laws are necessary to regulate the production of commercial preparations of areca nut.”

എന്നാണ് Indian J Med Paediatric Oncology ജേർണലിൽ “A review of the systemic adverse effects of areca nut or betel nut” എന്ന ലേഖനത്തിൽ Apurva Garg, Pankaj Chaturvedi, and Prakash C. Gupta1 എന്നീ ഗവേഷകർ പറയുന്നത്. അടക്കയുടെ കുഴപ്പങ്ങൾ പറയുന്ന നൂറുകണക്കിന് ലേഖനങ്ങൾ വേറെയുമുണ്ട്.

എൻറെ അമ്മൂമ്മയും അച്ഛനും അമ്മാവനും അമ്മായിമാരും വല്യമ്മമാരും ഒക്കെ അടക്ക കൂട്ടി മുറുക്കുന്നവരായിരുന്നു. ഭാഗ്യത്തിന് ആ അടക്കാപ്രേമം ഒന്നും എനിക്ക് പകർന്നുകിട്ടിയില്ല. വാസ്തവത്തിൽ മനുഷ്യന് ഒരു ഗുണവുമില്ലാത്തതും പരമാവധി കുഴപ്പക്കാരനുമായ അടക്കക്കെതിരെ കേരളത്തിൽ വേണ്ടത്ര ബോധവൽക്കരണം ഇപ്പോഴും നടക്കുന്നില്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു. കമുക് കൃഷി ഇപ്പോഴും നാട്ടിലുണ്ടെങ്കിലും അതിനെപ്പറ്റിയും നമ്മൾ ചിന്തിക്കണം. വേറെ എന്തൊക്കെ നല്ല വസ്തുക്കളുണ്ട് നമുക്ക് കൃഷി ചെയ്യാൻ..!

മുരളി തുമ്മാരുകുടി

Leave a Comment