പൊതു വിഭാഗം

അങ്ങനേയും ചില ആളുകൾ.

ഈ വർഷം മെയ് മാസത്തിലാണ് ഞാൻ കടലുണ്ടിയിലെ Hopeshore Multidisciplinary School For Special Needs
സന്ദർശിച്ചത്. എൻറെ സുഹൃത്തായ Akbar Ahmed ന്റെ ക്ഷണപ്രകാരം ആയിരുന്നു അത്.
 
Hopeshore Multidisciplinary School For Special Needs
ഉച്ചക്ക് അദ്ദേഹത്തിൻറെ വീട്ടിൽ പോയി. അധികം ഭക്ഷണമൊന്നും ഉണ്ടാക്കരുതെന്ന് മുൻ‌കൂർ പറഞ്ഞിരുന്നെങ്കിലും അതൊന്നും മലബാറിൽ ചിലവാവുന്ന കാര്യമല്ല. വിഭവ സമൃദ്ധമായ ഭക്ഷണ സമയത്താണ് ഞാൻ അവരെല്ലാം ബാവുക്ക എന്ന് വിളിക്കുന്ന ടി കെ എം കോയയെ പരിചയപ്പെടുന്നത്.
 
അധികം സംസാരിക്കുന്ന ആളല്ല. കേരളത്തിൽ അധികം അറിയപ്പെടുന്ന ആളുമല്ല. പക്ഷെ ആൾ ഒരു പുലിയാണ്, കേരളത്തിൽ അറിയപ്പെടേണ്ട ആളുമാണ്. അന്പതോ അറുപതോ വർഷം മുൻപ് ഹൈദരാബാദിന് പോയ പത്താം ക്ലാസ്സുകാരനാണ്. വലിയ പഠനമോ, പണമോ ബന്ധു ബലമോ ഇല്ല. സ്വന്തം കഠിനാധ്വാനം മാത്രമാണ് മൂലധനം. ആന്ധ്രപ്രദേശിലെ പേരുകേട്ട സിവിൽ കോൺട്രാക്ടർ ആണ്, പൈപ് ലൈൻ സ്ഥാപിക്കുന്നതിലാണ് സ്പെഷ്യലൈസേഷൻ. ശതകോടികളുടെ ബിസിനസ്സ് ചെയ്യുന്നു, ആന്ധ്രാപ്രദേശിൽ വലിയ സൗഹൃദ വലയം, സത്യസന്ധതക്കും പ്രൊഫഷണലിസത്തിനും പേരുകേട്ട ആൾ. നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും നൂറുകണക്കിന് ആളുകൾക്ക് തൊഴിൽ കൊടുത്തിരിക്കുന്നു. അവിടെ കൂടിയിരുന്നവർക്കെല്ലാം അദ്ദേഹം മൂത്ത കാരണവരാണ്.
 
വൈകിട്ട് ഹോപ്പ്‌ഷോറിൽ പ്രോഗ്രാമിന് വരാൻ അദ്ദേഹം പ്ലാൻ ചെയ്തിരുന്നതല്ല, എല്ലാവരും പറഞ്ഞപ്പോൾ വന്നു, നിർബന്ധിച്ചപ്പോൾ വേദിയിൽ ഇരുന്നു. പ്രസംഗത്തിന്റെ കൂട്ടത്തിൽ ഹോപ്‌ഷോറിലെ കുട്ടികൾക്ക് വാഹന സൗകര്യം ഉണ്ടാക്കണം എന്നൊരാഗ്രഹം മാനേജ്‌മെന്റിൽ ഉള്ള ആരോ പങ്കുവെച്ചു.
“അത് ഞാൻ തരാം” എന്ന് പറയാൻ ബാവുക്കക്ക് ഒരു നിമിഷത്തെ ആലോചന പോലും വേണ്ടി വന്നില്ല. ഓട്ടോ റിക്ഷയാണോ, ബസ്സാണോ എന്നൊന്നും അദ്ദേഹം ചോദിച്ചില്ല, അഞ്ചു ലക്ഷമാണോ അൻപത് ലക്ഷമാണോ വേണ്ടത് എന്നന്വേഷിച്ചില്ല. ആ കുട്ടികളുടെ ആവശ്യം അദ്ദേഹത്തിന് മനസ്സിലായി, മാനേജ്‌മെന്റിന്റെ ആത്മാർത്ഥതയും. പുതിയ സ്‌കൂൾ വർഷത്തിൽ അവിടുത്തെ കുട്ടികൾക്ക് പുതിയ വാൻ കിട്ടി.
 
നല്ല ആരോഗ്യത്തിലാണ് ഞാൻ അദ്ദേഹത്തെ കണ്ടതും പിരിഞ്ഞതും. ഇന്നദ്ദേഹം മരിച്ചു എന്ന് വാർത്ത കേട്ടു. ആദ്യം വിഷമമായി. പിന്നെ ആശ്വസിച്ചു, എത്ര സമ്പൂർണ്ണമായ ജീവിതമാണ്.! ലളിതമായ തുടക്കത്തിൽ നിന്നും തുടങ്ങി എവിടെ വരെ എത്തി!?, അവസാന കാലത്തും നാട്ടിൽ ബന്ധുക്കളേയും കൂട്ടുകാരേയും കാണാനെത്തി. നാട്ടുകാരുടെ ആവശ്യങ്ങൾ അറിഞ്ഞു സഹായിച്ചു. ഇതിൽ പരം ഒരു മനുഷ്യൻ എന്താണ് ആഗ്രഹിക്കേണ്ടത്.
 
ഞാൻ അറിയാത്ത ഇതുപോലെ എത്രയോ നല്ല ആളുകൾ നമുക്ക് ചുറ്റുമുണ്ട്. ഇങ്ങനെയുള്ള നല്ല ആളുകളാണ് കേരളത്തെപ്പറ്റി സ്വപ്നം കാണാൻ എന്നെ എപ്പോഴും പ്രേരിപ്പിക്കുന്നത്. കേരളത്തിൽ നല്ല ഒരാശയവും പണം ഇല്ലാത്തതുകൊണ്ട് നടക്കാതെ പോകില്ല എന്ന എൻറെ വിശ്വാസവും ഇത്തരക്കാരെ കണ്ടതിൽ നിന്ന് ഉണ്ടായതാണ്.
 
ബാവുക്കക്ക് എൻറെ ആദരാഞ്ജലികൾ..!
 
മുരളി തുമ്മാരുകുടി

Leave a Comment