കോതമംഗലത്ത് പഠിക്കുന്ന സമയത്ത് ഒരിക്കൽ ആളുകൾ മുനിസിപ്പൽ ഓഫിസിലേക്ക് പോകുന്നത് കണ്ട് ഞാനും ആ വഴിക്കു പോയി. അവിടെ ചെന്നപ്പോൾ കോതമംഗലത്തെ വിവിധ ഹോട്ടലിൽ നിന്നും പിടിച്ചെടുത്ത പഴകിയ ഭക്ഷണ സാധനങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടു. കണ്ടാൽ അറക്കുകയും ഛർദ്ദിക്കാൻ തോന്നുകയും ചെയ്യും.
ഞാൻ സ്ഥിരമായി ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഹോട്ടലുകൾ ആയിരുന്നു അവയിൽ പലതും. അതോടെ കുറച്ചു നാളത്തേക്ക് ഹോട്ടലിൽ പോക്ക് നിറുത്തി.
പിന്നീടങ്ങോട്ട് ഇതേ കാഴ്ച, ഇതേ വാർത്തകൾ എത്രയോ കണ്ടു. ഒരു മാറ്റവുമില്ല.
ഇത് ഹോട്ടലിലെ ഭക്ഷണത്തിന്റെ കാര്യമാണ്.
ഇനി ഹോട്ടലുകളുടെ അടുക്കളയുടെ കാര്യം എടുക്കാം.
കോവിഡിന് തൊട്ടു മുൻപുള്ള കാലത്ത് കുടിയേറ്റത്തെ പറ്റി മനസ്സിലാക്കുന്നതിന്റെ ഭാഗമായി ഞാൻ കേരളത്തിലെ അനവധി ഹോട്ടലുകളുടെ അടുക്കളയിൽ പോയിട്ടുണ്ട്.
സോസേജിനെയും നിയമത്തേയും പറ്റി ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്.
“If you like laws and sausages, you should never watch either one being made.”
കേരളത്തിലെ ഹോട്ടൽ ഭക്ഷണത്തിന്റെ കാര്യവും ഏതാണ്ട് അതുപോലെ ആണെന്ന് അന്ന് മനസ്സിലായി. ഒരു ഹോട്ടലിലെ ഭക്ഷണം ഇഷ്ടമാണെങ്കിൽ അവരുടെ അടുക്കള പോയി നോക്കാതിരിക്കുന്നതാണ് ബുദ്ധി. എല്ലാ ഹോട്ടലിനേയും അടച്ച് ആക്ഷേപിക്കുന്നതല്ല കേട്ടോ. നന്നായി നടത്തുന്ന ഹോട്ടലുകൾ ധാരാളമുണ്ട്.
പൊതുവെ പറഞ്ഞാൽ നമ്മുടെ ഹോട്ടലുകളിലെ ആരോഗ്യ സംവിധാനത്തിൽ പോരായ്മകൾ ഉണ്ട്. അത് പരിശോധിച്ച് നിയന്ത്രിക്കേണ്ട സംവിധാനത്തിൽ അതിലേറെ. അതാണ് രോഗമായും മരണമായും ഇടക്കിടക്ക് നമ്മെ അലട്ടുന്നത്.
ഇടക്ക് കുറച്ചു പരിശോധയും പൂട്ടലുമായി ഇത് സർക്കാർ ശരിയാക്കും എന്നൊരു പ്രതീക്ഷ എനിക്കില്ല. എത്രയോ നാളുകളായി കാണുന്നതാണ്.
ഇക്കാര്യത്തിൽ കേരളത്തിലെ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആണ് മുൻകൈ എടുക്കേണ്ടത്.
കോവിഡിന് ശേഷം കേരളത്തിൽ ആളുകൾ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നത് വളരെ കൂടിയിട്ടുണ്ട്. നല്ല കാര്യമാണ്.
പണം നൽകുന്നവർക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുക എന്നത് നിയമപരമായ ഉത്തരവാദിത്തം മാത്രമല്ല നല്ല ബിസിനസ്സ് കൂടിയാണ്.
താൽക്കാലിക ലാഭം മാത്രം നോക്കി കുറുക്കുവഴി എടുത്താൽ ബിസിനസ്സിന് ദീർഘകാലം നിലനിൽക്കാൻ പറ്റില്ല.
ആരോഗ്യകരമായി ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള പരിശീലനം ഹോട്ടലിൽ ജോലി ചെയ്യുന്ന എല്ലാവർക്കും നൽകണം. അങ്ങനെ അല്ലാത്തവരെ ഹോട്ടലിൽ ജോലിക്ക് വെക്കില്ല എന്ന് എല്ലാവരും കൂടി തീരുമാനിക്കണം. അങ്ങനെ പരിശീലനം നല്കാൻ സംവിധാനം ഉണ്ടാക്കി സർട്ടിഫിക്കറ്റ് കൊടുക്കണം, ഈ സർട്ടിഫിക്കറ്റ് എല്ലാ വർഷവും പുതുക്കണം. ഇതൊന്നും സർക്കാർ സർട്ടിഫിക്കറ്റ് ആക്കിമാറ്റി അഴിമതി കൂട്ടേണ്ട കാര്യമില്ല. ഹോട്ടൽ സംഘടനകൾ തന്നെ ചെയ്താൽ മതി.
ഓരോ ദിവസവും ഹോട്ടലിൽ വരുന്നവരിൽ ആവശ്യപ്പെടുന്നവർ ഉൾപ്പടെ അഞ്ചു പേരോട് അടുക്കള ഒന്ന് വിസിറ്റ് ചെയ്ത് അവിടുത്തെ സ്ഥിതി കമന്റ് ചെയ്ത് പബ്ലിക്ക് ആക്കി വക്കണം.
എങ്ങനെയാണ് ആരോഗ്യകരമായി ഹോട്ടൽ നടത്തേണ്ടത് എന്നറിയുന്നവർ കേരളത്തിൽ ധാരാളമുണ്ട്, പ്രത്യേകിച്ചും അതിനുള്ള പ്രത്യേക പരിശീലനം നേടിയവർ. അവരുടെ സഹായം തേടണം.
ഇക്കാര്യങ്ങളെല്ലാം അറിയാമെങ്കിലും യാത്ര ചെയ്യുന്പോൾ പുറത്തു നിന്നും ഭക്ഷണം കഴിക്കാതെ മാർഗ്ഗമില്ല. അപ്പോൾ ഞാൻ എന്നോട് തന്നെ പറയുന്ന ചില കാര്യങ്ങൾ ഉണ്ട്.
ഇപ്പോഴത്തെ ഹോട്ടൽ പരിശോധനയും അടപ്പിക്കലും കണ്ട് സമാധാനപ്പെടേണ്ട. 1980 ലെ കോതമംഗലം ഇൻസ്പെക്ഷൻ കഴിഞ്ഞിട്ട് കാലം എത്രയായി. അടുത്ത അപകടം ബോട്ടിലാണെങ്കിൽ എല്ലാവരും കൂടി ബോട്ട് പരിശോധനക്ക് പൊക്കോളും. പിന്നാലെ മാധ്യമങ്ങളും.
നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം…
സാധാരണഗതിയിൽ ഹോട്ടലുകളുടെ വൃത്തിയും ഭക്ഷണത്തിന്റെ വിലയും തമ്മിൽ ഒരു ബന്ധവും ഇല്ല. വൃത്തിയുള്ളവയും ഇല്ലാത്തവയും എല്ലാ റേഞ്ചിലും ഉണ്ട്. കുടുംബശ്രീ ഹോട്ടലുകൾ ഇതുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല.
മിക്കവാറും ഹോട്ടലുകളുടെ ഉമ്മറത്തെ വൃത്തിയും പിന്നാന്പുറത്തെ വൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ല.
ഹോട്ടലുകളുടെ കാണാവുന്ന അടുക്കള പൊതുവെ നല്ല ചിഹ്നം ആണ്.
സ്ഥിരമായി പോകുന്ന ഹോട്ടൽ ആണെങ്കിൽ അവരുടെ അടുക്കള ഒന്ന് പോയി നോക്കണം. തനിക്കു താനും പുരക്ക് തൂണും എന്നാണല്ലോ.
ഹോട്ടലിൽ കുപ്പിവെള്ളം കുടിക്കുന്നതിനേക്കാൾ ചൂട് വെള്ളം കുടിക്കുന്നതാണ് ബുദ്ധി (തിളപ്പിച്ച് ആറ്റുന്നതിന് പകരം കുറേ തണുത്ത വെള്ളത്തിലേക്ക് കുറച്ചു ചൂട് വെള്ളം ഒഴിച്ച് കുടിക്കാനുള്ള ചൂടുവെള്ളം ഉണ്ടാക്കുന്ന സംവിധാനം ഉണ്ട്, പക്ഷെ അല്പം ചൂടാണ് ഒട്ടും ചൂടില്ലാത്തതിലും നല്ലത്). കട്ടൻ ചായ മറ്റൊരു പോംവഴിയാണ്.
ഐസ് ഇട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി. സാലഡ് കഴിക്കുന്നത് ഒരിക്കലും ബുദ്ധിയല്ല.
ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ തുടങ്ങുന്പോൾ ഭക്ഷണം പഴകിയതാണോ മോശമാണോ എന്ന് തോന്നിയാൽ ഉടൻ കഴിക്കൽ നിർത്തണം. പഴകിയതാണോ എന്ന് ഹോട്ടലുകാരോട് ചോദിക്കുകയൊന്നും വേണ്ട, ആണെന്ന് അവർ സമ്മതിച്ച ചരിത്രം ഇല്ല. നിങ്ങളുടെ ചിന്ത ശരിയാവാനാണ് സാധ്യത, ഇല്ലെങ്കിലും കാശല്ലേ പോകൂ, ജീവൻ ഉണ്ടാകുമല്ലോ.
താൽക്കാലത്തെ സ്ഥിതി തുടരും, അതുകൊണ്ട് കേരളത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിന് മുൻപ് ആരോഗ്യ ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും ഉണ്ടായിരിക്കുന്നത് നല്ലതാണ്.
മുരളി തുമ്മാരുകുടി
Leave a Comment