പൊതു വിഭാഗം

ഹോം സ്റ്റേ!

കേരളത്തിലെ ടൂറിസത്തിന് അനന്ത സാദ്ധ്യതകൾ ഉണ്ടെന്നും കേരളത്തിലെ ജനസംഖ്യക്ക് തുല്യമായ അത്രയും വിദേശ ടൂറിസ്റ്റുകളും അന്യ സംസ്ഥാന ടൂറിസ്റ്റുകളും എത്തുന്ന ഒരു കാലം സാധ്യമാണെന്നും അതിന് വേണ്ടി പ്രവർത്തിക്കണമെന്നും ഞാൻ പലപ്പോഴും പറയാറുണ്ട്. ഇപ്പോൾ വരുന്ന പതിനഞ്ചോ ഇരുപതോ ലക്ഷം വിദേശ ടൂറിസ്റ്റുകളിൽ നിന്നും എണ്ണം മുന്നൂറു ലക്ഷത്തിന് മുകളിൽ എത്തിക്കണം. അത് സാധ്യമാണ്.

കോവളവും കുമാരകവും പോലെ പത്തോ ഇരുപതോ ടൂറിസം കേന്ദ്രങ്ങളിൽ ഓവർ ടൂറിസം മുഖേന ട്രാഫിക്ക് ജാമും വിലക്കയറ്റവും മാലിന്യപ്രശ്നവും ഉണ്ടാക്കിയല്ല അത് സാധിക്കേണ്ടത്.

കേരളത്തിലെ ആയിരം ഗ്രാമങ്ങളും ടൂറിസ്റ്റ് സാധ്യത ഉള്ളവയാണ്. അവിടെയെല്ലാം ആയിരം വീടുകളെങ്കിലും ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഓരോ പഞ്ചായത്തിലും ആയിരക്കണക്കിന് വീടുകളിൽ സഞ്ചാരികൾക്ക് തുറന്നു കൊടുക്കാവുന്ന ഒരു മുറിയെങ്കിലും ഉണ്ട്. ഇവ ഉപയോഗിക്കുന്നത് എളുപ്പമാക്കിയാൽ ടൂറിസ്റ്റുകളുടെ എണ്ണം പത്തിരട്ടിയാക്കാൻ പുതിയ ഹോട്ടലുകൾ ഒന്നും ഉണ്ടാക്കേണ്ടിവരില്ല.

കേന്ദ്ര ബജറ്റിൽ ഹോം സ്റ്റേ കൾക്ക് ലോൺ കൊടുക്കുമെന്ന് പറയുന്നു. നല്ല കാര്യം.

ഹോം സ്റ്റേ രംഗത്തെ ‘നിയന്ത്രിക്കുന്നതിൽ’ നിന്നും സർക്കാർ ഒന്ന് മാറിനിൽക്കണം. ഹോം സ്റ്റേ ആക്കാൻ വീട്ടിൽ ഉടമസ്ഥൻ താമസിക്കണമെന്നും പഞ്ചായത്ത് മുതൽ പോലീസ് വരെ ഉള്ളവരിൽ നിന്നും അനുമതി വേണം എന്നുമുള്ള വകുപ്പുകൾ എടുത്തുമാറ്റണം.

ഹോം സ്റ്റേ ആക്കാൻ താല്പര്യമുള്ളവർ അക്കാര്യം സർക്കാരിൽ ടൂറിസം വകുപ്പിൽ ഓൺലൈൻ ആയി രെജിസ്റ്റർ ചെയ്യുക (അനുമതി അല്ല, അറിയിപ്പായി  മാത്രം). ടൂറിസം ഡിപ്പാർട്മെന്റിന് അത് മറ്റു സർക്കാർ ഡിപ്പാർട്മെന്റുകളിൽ അറിയിക്കാമല്ലോ. എന്തിനാണ് സംരംഭകൻ തന്നെ മറ്റ് ഓഫിസുകളിൽ അനുമതിക്കായി ഓടിനടക്കുന്നത്?.

മുറിയിൽ കണ്ണാടി ഉണ്ടോ എന്നൊന്നും അന്വേഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനില്ല. അതൊക്കെ കമ്പോളം നോക്കിക്കോളും (മുറ്റത്ത് ഹമ്മോക്ക് കെട്ടി കിടക്കാനും ടോയ്‌ലറ്റും ബാത്റൂമും ഉപയോഗിക്കാനും പത്തു ഡോളർ വാങ്ങുന്ന ഹോം സ്റ്റേ ലോകത്ത് ഉണ്ട്, അവിടെയെല്ലാം ആയിരങ്ങൾ പോകുന്നുമുണ്ട്).

കേരളത്തിൽ അനുമതിയുള്ള ആയിരം ഹോം സ്റ്റേയും അല്ലാത്തതായി അയ്യായിരവും ഉണ്ടെന്നാണ് റിപ്പോർട്ട്. അനുമതി വേണ്ടാത്ത പത്തുലക്ഷം ഹോംസ്റ്റേ ഉള്ള കേരളമാണ് ഞാൻ സ്വപ്നം കാണുന്ന കിനാശ്ശേരി. കേന്ദ്രത്തിന്റെ ഈ പുതിയ പദ്ധതി ഉപയോഗപ്പെടുത്താൻ ഹോം സ്റ്റേ സംവിധാനത്തിന് മേലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തു കളയണമെന്നാണ് എന്റെ നിർദ്ദേശം.

മുരളി തുമ്മാരുകുടി

May be an image of 3 people and text that says "LATESTNEWS NEWS LATEST NEWS ഹോംസ്‌റ്റേകൾക്കു മുദ്ര വായ്‌പ: ടൂറിസത്തിന് ഉണർവാകും; ഗുണകരമെന്ന് സംരംഭകർ കെ.എൻ.തശോക്ക കെ.എൻെ. ആശോക് PUBLISHED:FEBRUARY PURLSHD.FBRURYO0,02 FEBRUARY 01 2025 06:27 MINUTEREAD MINUTE READ 2Comments"

Leave a Comment