രണ്ടായിരത്തി പത്തിലാണ് ആദ്യമായി ഹെയ്തിയിൽ എത്തുന്നത്. ഒരു വലിയ ഭൂകമ്പത്തിൽ രണ്ടു ലക്ഷത്തിലേറെ പേർ മരിച്ചതിന് തൊട്ടു പിന്നാലെ. യു എന്നിന്റെ ആസ്ഥാനവും തകർന്നിരുന്നു. ഏറെ സഹപ്രവർത്തകർ മരിച്ചു, അതിലേറെ പേർക്ക് പരിക്ക് പറ്റി. ദുരന്ത മുഖത്തെ നിവാരണ പ്രവർത്തനങ്ങൾക്കും ഞങ്ങളുടെ സംഘത്തിന് ആത്മവിശ്വാസം ഉണ്ടാക്കുന്നതിനും ഒക്കെയായിട്ടാണ് അവിടെ എത്തിയത്.
അന്ന് ഹെയ്തിയിൽ താമസിക്കാൻ കെട്ടിടങ്ങൾ ഒന്നുമില്ല. ഞങ്ങളുടെ ഒരു ജീപ്പിന് കുഴപ്പം ഒന്നും പറ്റിയില്ല, അതിലാണ് മൂന്നു പേരുടെ കിടപ്പ്. ഭക്ഷണം എപ്പോൾ കിട്ടുമെന്നോ എന്ത് കിട്ടുമെന്നോ ഉറപ്പില്ല. പക്ഷെ എല്ലാം തകർന്ന്, ബന്ധുക്കൾ നഷ്ടപ്പെട്ട ആ നാട്ടുകാരുടെ ബുദ്ധിമുട്ടുകളുടെ മുന്നിൽ ഞങ്ങളുടെ ബുദ്ധിമുട്ടുകൾ ഒന്നുമല്ലായിരുന്നു.
ആ സമയത്താണ് ഹെയ്തിയിലെ മലയാളി സമൂഹത്തെ പരിചയപ്പെടുന്നത്. പിറ്റേന്ന് മുതൽ താമസവും ഭക്ഷണവും അവരുടെ കൂടെ ആയി. മൂന്നാഴ്ച കഴിഞ്ഞു നാട്ടിലേക്ക് വരുമ്പോൾ തൂക്കം മൂന്നു കിലോ കൂടി.
അതിന് ശേഷം പല വട്ടം ഹെയ്തിയിൽ എത്തി. എന്നും സ്നേഹത്തോടെ ഉള്ള സ്വീകരണമാണ് അവിടുത്തെ മലയാളികളുടേത്. ഇത്തവണ അവർ World Malayali Federation ലോക്കൽ യൂണിറ്റ് ഉണ്ടാക്കിയപ്പോൾ അതുമായി ബന്ധപ്പെട്ട് ഒരു പ്രോഗ്രാം നടത്താൻ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. സുരക്ഷ ആയിരുന്നു വിഷയം.
കേരളത്തിൽ ഉൾപ്പടെ പലയിടത്തും സുരക്ഷയെ പറ്റി സംസാരിക്കാറുണ്ടെങ്കിലും ഹെയ്തി വ്യത്യസ്തമാണ്.
ഭൂകമ്പവും കൊടുങ്കാറ്റും മാത്രമല്ല, അക്രമവും കലാപവും ഒക്കെ ഇടക്കിടക്ക് ഉണ്ടാകുന്ന രാജ്യമാണ് ഹെയ്തി. കേരളത്തിന്റെ ഇരട്ടിയാണ് അവിടെ റോഡപകടത്തിൻറെ നിരക്ക്, കൊലപാതകങ്ങളുടെ നിരക്ക് അറുപത് ഇരട്ടിയും. ദുരന്തമോ അപകടമോ അക്രമങ്ങളോ ചെറുക്കാൻ സർക്കാർ പ്രതിരോധ സംവിധാനങ്ങൾ ഏറെയില്ല. കഴിഞ്ഞ ജൂണിൽ പെട്രോൾ വില വർദ്ധനയെ ചൊല്ലി ഉണ്ടായ പ്രശ്നങ്ങൾ തെരുവിലേക്ക് പടർന്നിരുന്നു. മിക്കവാറും പേർ അതൊക്കെ നേരിട്ട് കണ്ടവരാണ്. കുറച്ചു പേരുടെ സ്ഥാപനങ്ങൾക്ക് എങ്കിലും നാശ നഷ്ടങ്ങൾ ഉണ്ടായി. അതുകൊണ്ട് അവിടുത്തെ ആളുകളോട് സുരക്ഷയെപ്പറ്റി സംസാരിക്കുമ്പോൾ അവർക്കത് പരിചിതമായതും പ്രധാനമായതും ആയ വിഷയമാണ്. അവരെ കൂടുതൽ പേടിപ്പിക്കാതെ, അതേ സമയം സത്യസന്ധമായി എങ്ങനെ വിഷയത്തെക്കുറിച്ച് സംസാരിക്കാം എന്നതായിരുന്നു എൻറെ വെല്ലുവിളി. ഏതൊരു സാഹചര്യത്തിലും നമ്മുടെ സുരക്ഷക്ക് ചെയ്യാൻ പറ്റുന്ന ചിലതുണ്ട്. അല്പം പേടി ഉണ്ടാകുന്നതാണ് ഏറെ ധൈര്യം ഉണ്ടാക്കുന്നതിലും സുരക്ഷക്ക് നല്ലതെന്നും, ദുരന്തം ഉണ്ടാകുന്നതിന് മുൻപ് അത് മുൻകൂട്ടി കണ്ട് ഒഴിവാക്കുന്നതാണ് ദുരന്തം ഉണ്ടായതിന് ശേഷം അതിനെ നേരിടുന്നതിനേക്കാൾ നല്ലതെന്നുമുള്ള പൊതു തത്വങ്ങൾ കൂടാതെ പുതിയതായി ഒരു വീട് വാടകക്ക് എടുത്താൽ അവിടുത്തെ എല്ലാ ലോക്കുകളും നമ്മൾ മാറ്റിയിടണം എന്നത് പോലുള്ള പൊടിക്കൈകൾ കൂടി സംസാര വിഷയമായി. കൂടുതൽ വിവരങ്ങൾ അയച്ചു കൊടുക്കാം എന്ന് പറഞ്ഞിട്ടുണ്ട്.
ചോദ്യോത്തരങ്ങൾ ഏറെ ഉണ്ടായിരുന്നെങ്കിലും പത്തുമണിക്ക് ഞാൻ ഫുൾ സ്റ്റോപ്പ് ഇട്ടു. സുരക്ഷയെപ്പറ്റി സംസാരിച്ചിരുന്ന് നേരം വൈകി റോഡിൽ ഇറങ്ങി കുഴപ്പം ഉണ്ടാകരുതല്ലോ.
ഹെയ്തി എത്ര മനോഹരമാണെന്ന് കഴിഞ്ഞ ദിവസത്തെ ചിത്രങ്ങളിൽ നിന്നും കണ്ടല്ലോ. സുരക്ഷാകാര്യങ്ങൾ ശരിയായാൽ ലക്ഷക്കണക്കിന് ടൂറിസ്റ്റുകൾ വരാനുള്ള സാധ്യത ഉണ്ട്. ഒരു നല്ല കാലം അവിടെയും ഉണ്ടാകുമെന്ന് ആഗ്രഹിക്കാം.
പ്രോഗ്രാം നടത്തിയ WMF ഭാരവാഹികൾക്ക് നന്ദി. പഴയ സുഹൃത്തായ Nisar Edathum Meethal നിസാറിനും പുതിയതായി പരിചയപ്പെട്ട ജെറോം ഭായിക്കും ഏറെ നന്ദി.
പൊന്നാട ഒക്കെ കിട്ടി, സന്തോഷമായി. ലോകത്ത് നൂറോളം രാജ്യങ്ങളിൽ ഇപ്പോൾ WMF ന് യൂണിറ്റുകൾ ഉണ്ട്. ഇനി വേറെ എവിടെ പോയാലും ഒരു WMF പ്രോഗ്രാം ഉറപ്പായും നടത്താം എന്നാണ് തീരുമാനം. പൊന്നാട കൈയ്യിൽ തന്നെ കരുതാം.
മുരളി തുമ്മാരുകുടി
Leave a Comment