പൊതു വിഭാഗം

സേവ്യർ എക്സിന്റെ ട്രിപ്പിൾ എക്സ് തൊഴിൽ അപകടം…

എൻറെ അഭിപ്രായത്തിൽ ലൈംഗിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഫ്രാൻസ് ലോക മാതൃകയാണ്.
 
മിസ്റ്റർ സേവ്യർ എക്സിന്റെ കാര്യമെടുത്താൽ തൊഴിൽ ആവശ്യത്തിനായി കന്പനി ടൂറിന് അയച്ചതാണ് അദ്ദേഹത്തെ. പകലത്തെ ബിസിനസ്സ് കഴിഞ്ഞ് രാത്രി അദ്ദേഹം സ്വന്തം നിലയിൽ ചില ബിസിനസുകളിൽ ഏർപ്പെട്ടു. അതായത് തികച്ചും അപരിചിതയായ ഒരു സ്ത്രീയുമായി ഹോട്ടൽ റൂമിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. ഇത്രയും സന്തോഷകരമായ കാര്യങ്ങൾ.
 
പിന്നീട് കാര്യങ്ങൾ കൈവിട്ടു പോയി. സെക്സിനിടയിൽ സേവ്യർ എക്സ് മരിച്ചു പോയി (അതെ, അങ്ങനെ സംഭവിക്കാറുണ്ട്).
 
ഇനിയാണ് ബ്യുറോക്രസിയുടെ വരവ്.
സേവ്യർ എക്സിന്റെ മരണം തൊഴിൽ അപകടം ആണോ അല്ലയോ?
നിങ്ങൾ എന്ത് പറയുന്നു?.
ഇന്ത്യയിലെ സർക്കാർ വിഭാഗമോ തൊഴിലുടമയോ ആണെങ്കിൽ എന്ത് പറയുമെന്നാണ് നിങ്ങൾ വിശ്വസിക്കുന്നത് ?
ബിസിനസ്സ് ട്രിപ്പിനിടക്ക് അവിഹിതത്തിന് പോയതിനാൽ നഷ്ടപരിഹാരമില്ലെന്നു മാത്രമല്ല, മാനനഷ്ടവും ഉണ്ടാകും.
 
എന്നാൽ ഫ്രാൻസിൽ കാര്യങ്ങൾ അങ്ങനെയല്ല.
സേവ്യർ എക്സ് യാത്ര പോയത് കന്പനിക്ക് വേണ്ടിയാണ്. യാത്ര കഴിഞ്ഞു വീട്ടിലെത്തുന്നത് വരെയുള്ള ഉത്തരവാദിത്തം കന്പനിയുടേതാണ്. അതിനിടക്ക് സേവ്യറെ പട്ടി കടിച്ചാലും, സേവ്യർ പട്ടിയെ കടിച്ചാലും വിഷയം തൊഴിൽ സംബന്ധം തന്നെ, ഉത്തരവാദി കന്പനിയും. സേവ്യർ രാത്രിയിൽ വിവാഹേതര ലൈംഗികബന്ധത്തിന് പോയി മരിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്തം വീട്ടിൽ നിന്നും അകലെ അദ്ദേഹത്തെ ജോലിക്കയച്ച കന്പനിക്കാണ്. സേവ്യറുടെ കളികൾ കന്പനി കണ്ടിരുന്നില്ല എന്ന് വ്യക്തം.
 
നഷ്ടപരിഹാരത്തിൽ ഒരു കുറവും വേണ്ട എന്ന് ഫ്രഞ്ച് കോടതി. കൊട് കൈ എന്ന് ഞാൻ.
(ആത്മഗതം: പേരുകേട്ട നടന്മാരൊക്കെ അഭിനയിച്ചുകൊണ്ടിരിക്കുന്പോൾ മരിക്കണം എന്ന ആഗ്രഹം പറഞ്ഞു കേൾക്കാറില്ലേ, എൻറെ ആഗ്രഹം സേവ്യർ എക്‌സിനെ പോലെ മരിക്കണം എന്നാണ്).
 
മുരളി തുമ്മാരുകുടി
 
https://www.bbc.com/news/world-europe-49662134

Leave a Comment