പൊതു വിഭാഗം

സി.സി.ടി.വികൾ നമ്മോട് പറയുന്നത്

ട്രാഫിക് സുരക്ഷ വർദ്ധിപ്പിക്കാൻ നാട്ടിൽ എ.ഐ. ക്യാമറകൾ വച്ചതിനെ കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ കേൾക്കുന്നില്ല.

എ.ഐ. ക്യാമറ സ്ഥാപിച്ചതുകൊണ്ട് അപകടങ്ങൾ കുറഞ്ഞു എന്ന് ആദ്യകാലത്തൊക്കെ കേട്ടിരുന്നെങ്കിലും കഴിഞ്ഞ രണ്ടു വർഷത്തെ കണക്കുകൾ നോക്കുമ്പോൾ പ്രകടമായ മാറ്റങ്ങൾ കാണുന്നില്ല. 2024 ലെ പതിനൊന്നു മാസത്തെ കണക്കാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. അതിനെ പന്ത്രണ്ട് മാസത്തേക്ക് പ്രോജക്ട് ചെയ്താൽ അതിന് മുന്നിലെ വർഷത്തെ അപേക്ഷിച്ച് പത്തു ശതമാനം കൂടുതലാണ് അപകടങ്ങൾ.

നാട്ടിൽ ഒരു വലിയ അപകടമുണ്ടാകുമ്പോൾ “അപകടമരണം അടുത്ത വർഷം അമ്പത് ശതമാനം ആക്കും” എന്നൊക്കെ പ്രഖ്യാപനങ്ങൾ വരുമെങ്കിലും പ്രഖ്യാപനം കൊണ്ടൊന്നും അപകടമോ മരണമോ കുറയില്ല. കർമ്മ പദ്ധതികൾ വേണം, ജനങ്ങളിൽ സുരക്ഷാ ബോധം വർദ്ധിപ്പിക്കണം, പദ്ധതികൾ നടപ്പിലാക്കണം.

എ.ഐ. ക്യാമറകൾ എന്താക്കിയാലും നാട്ടിലെവിടെയുമുള്ള സി.സി.ടി.വിയിൽ നിന്നും കൂടുതലായി വരുന്ന ഡാഷ് കാമിൽ നിന്നും എല്ലാമുള്ള അനവധി വിഷ്വലുകൾ നമുക്ക് ഇപ്പോൾ ലഭ്യമാണ്. ഞാൻ സുരക്ഷ ശ്രദ്ധിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു ഓരോ ദിവസവും ചുരുങ്ങിയത് ഒരു വിഷ്വൽ എങ്കിലും എന്റെ ടൈംലൈനിൽ എത്തുന്നുണ്ട്.

അവ ഓരോന്നും എന്നോട് പറയുന്നത് മൂന്നു കാര്യങ്ങളാണ്.

  1. എത്ര അലക്ഷ്യമായി, നിയമങ്ങളോ സുരക്ഷാ രീതികളോ പാലിക്കാതെയാണ് ആളുകൾ നിരത്തിൽ പെരുമാറുന്നത് ?
  2. പലപ്പോഴും ചെറിയ അശ്രദ്ധ കൊണ്ടാണ് ആളുകളുടെ ജീവൻ നഷ്ടപ്പെടുന്നത്.
  3. കേരളത്തിലെ റോഡുകളിൽ ഇത്ര അശ്രദ്ധമായി ആളുകൾ വാഹനം ഓടിച്ചിട്ടും ഇത്രയും ‘കുറവ്’ അപകടങ്ങൾ ഉണ്ടാകുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്.

എപ്പോഴും പറയുന്നതാണെങ്കിലും വീണ്ടും പറയാം.

കേരളത്തിലെ റോഡുകൾ ഒരു കുരുതിക്കളം ആണ്. ഏറ്റവും അപകടകരമായ രീതിയിലാണ് അവിടെ ആളുകൾ പെരുമാറുന്നത്. റോഡിൽ മറ്റുള്ളവർ എങ്ങനെ പെരുമാറും എന്ന കാര്യത്തിൽ നമുക്ക് ഒരു നിയന്ത്രണവും ഇല്ല. അതുകൊണ്ട് തന്നെ ഒഴിവാക്കാവുന്ന യാത്രകൾ  ഒഴിവാക്കുക. സീറ്റ് ബെൽറ്റും, ഹെൽമെറ്റും ചൈൽഡ് സേഫ്റ്റി സീറ്റും ഉൾപ്പടെ എല്ലാ സുരക്ഷാ സംവിധാനവും ഉപയോഗിക്കുക. മറ്റുള്ളവർ എല്ലാ നിയമവും തെറ്റിക്കാൻ സാധ്യത ഉണ്ടെന്ന ഉത്തമബോധ്യത്തോടെ ഡിഫൻസീവ്  ആയി മാത്രം വാഹനം ഓടിക്കുക.

തൽക്കാലം നിർമ്മിത ബുദ്ധി സഹായത്തിനില്ല. തനിക്ക് താനും പുരക്ക് തൂണും തന്നെ ശരണം.

മുരളി തുമ്മാരുകുടി

May be an image of text that says "50000 No. of Road Accidents 45000 40000 35000 30000 25000 2016 2017 2018 2018 2019 2020 2020 2021 2022 2024(UptoDecember) 2023 2024(Upt (Up to คูสั OиcTи December)"

Leave a Comment