പൊതു വിഭാഗം

സിദ്ധാർഥ് ഡൽഹിയിൽ വരുമ്പോൾ.

അടുത്തമാസം (നവംബർ) രണ്ടും മൂന്നും തീയതികളിൽ സിദ്ധാർഥ് ഡൽഹിയിൽ ഒരു പെയിന്റിംഗ് എക്സിബിഷൻ നടത്തുന്നുണ്ട്. ഡൽഹിയിലെ പ്രശസ്തമായ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ (Open Palm Court Gallery) ആണ് എക്സിബിഷൻ. രാവിലെ പത്തുമുതൽ വൈകിട്ട് ഏഴുമണി വരെയാണ് എക്സിബിഷൻ.
 
എൻറെ പഴയ വായനക്കാർക്കെല്ലാം സിദ്ധാർഥിനെ ശരിക്കറിയാം. എൻറെ ഒറ്റ മകനാണ്. ഓട്ടിസ്റ്റിക് സ്പെക്ട്രത്തിലെ ‘ആസ്പെർജേഴ്സ് സിൻഡ്രോം’ എന്ന കണ്ടീഷൻ ഉള്ള കുട്ടിയാണ്. സാധാരണ കുട്ടികളെപ്പോലുള്ള ബുദ്ധിയും, എന്നാൽ അസാധാരണമായ ഓർമ്മശക്തിയും ഒക്കെയാണ് ഇവരുടെ പ്രത്യേകത. ചെറുപ്പത്തിൽ സംസാരിക്കാൻ വൈകുക, പിൽക്കാലത്ത് സമൂഹവുമായി ഇടപെടാൻ കുറച്ചു പരിമിതികൾ ഉണ്ടാവുക ഒക്കെയാണ് രീതി.
സിദ്ധാർത്ഥിന് ഇപ്പോൾ പതിനേഴ് വയസ്സായി. എറണാകുളത്ത് ചോയ്‌സ് സ്‌കൂളിൽ പഠിക്കുന്നു. പടം വരയാണ് അവൻറെ ഏറ്റവും താല്പര്യവും പ്രത്യേക കഴിവും എന്ന് തിരിച്ചറിഞ്ഞത് അവൻറെ അമ്മയാണ്. ഇപ്പോൾ പ്രൊഫഷണൽ ആയിട്ടുള്ള ആർട്ടിസ്റ്റുകളുടെ കീഴിൽ പരിശീലിക്കുന്നു.
 
ഇത് സിദ്ധാർത്ഥിന്റെ രണ്ടാമത്തെ എക്സിബിഷൻ ആണ്. ഈ വർഷം ആദ്യം കൊച്ചി ദർബാർ ഹാളിലാണ് ആദ്യമായി പ്രദർശനം നടത്തിയത്. സമൂഹത്തിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അതിശയകരമായ പ്രതികരണമാണ് അന്നുണ്ടായത്. എക്സിബിഷൻ നടന്ന എല്ലാ ദിവസങ്ങളിലും ദർബാർ ഹാളിൽ നല്ല തിരക്കായിരുന്നു. സമൂഹം നൽകിയ പിന്തുണ സിദ്ധാർഥിനും ഞങ്ങൾക്കും ഏറെ ആത്മവിശ്വാസം നൽകി.
 
ഡൽഹിയിലെ എക്സിബിഷനിലും സുഹൃത്തുക്കളുടേയും സമൂഹത്തിന്റെയും മാധ്യമങ്ങളുടേയും പിന്തുണ ഉണ്ടാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നിങ്ങൾ ഡൽഹിയിൽ ആണെങ്കിൽ തീർച്ചയായും പ്രദർശനം കാണാൻ വരണം. നിങ്ങൾ ഡൽഹിയിൽ ഇല്ലെങ്കിലും ദയവായി ഈ പോസ്റ്റ് ഷെയർ ചെയ്യണം. നിങ്ങളുടെ സുഹൃത്തുക്കൾ ആരെങ്കിലും ഡൽഹിയിലുണ്ടെങ്കിൽ അവരെ ടാഗ് ചെയ്യണം. മാധ്യമ സുഹൃത്തുക്കൾ ഈ വിഷയത്തെപ്പറ്റി സാധിക്കുമെങ്കിൽ നിങ്ങളുടെ ഡൽഹി ബ്യൂറോയിൽ ഒന്ന് അറിയിക്കണം. കൂടുതൽ വിവരമോ ഹൈ റെസൊല്യൂഷൻ ചിത്രങ്ങളോ വേണമെങ്കിൽ എനിക്ക് ഇമെയിൽ അയച്ചാൽ മതി. (thummarukudy@gmail.com).
 
നവംബർ രണ്ടാം തീയതിയും മൂന്നാം തീയതിയും ഞാൻ മുഴുവൻ സമയവും ഓപ്പൺ പാം കോർട്ട് ഗാലറിയിൽ കാണും. സിദ്ധാർത്ഥിന്റെ പ്രദർശനം വിജയമാകുമെന്നും നിങ്ങളിൽ പലരെയും ഡൽഹിയിൽ കാണാമെന്നുമുള്ള പ്രതീക്ഷയോടെ…
 
മുരളി തുമ്മാരുകുടി
 

Leave a Comment