ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയർലൈനുകളിൽ ഒന്നാണ് സിംഗപ്പൂർ എയർലൈൻ. അതിലാണ് ഇന്ന് തികച്ചും അപ്രതീക്ഷിതമായി ഒരപകടം ഉണ്ടാകുന്നത്.
വിമാനങ്ങൾ ആകാശത്തിലൂടെ പറക്കുന്പോൾ ഇടക്കിടക്ക് അന്തരീക്ഷത്തിലെ മർദ്ദവ്യത്യാസം കൊണ്ടൊക്കെ വലിയ കുലുക്കം അനുഭവപ്പെടാറുണ്ട്. ചിലപ്പോൾ വിമാനം അതിവേഗത്തിൽ താഴേക്ക് പോരും. സാധാരണഗതിയിൽ ഇത് മുൻകൂട്ടി അറിയാനുള്ള സംവിധാനങ്ങൾ വിമാനത്തിലുണ്ട്. അതറിഞ്ഞ് ക്യാപ്റ്റൻ, സീറ്റ്ബെൽറ്റ് ഇടാനുള്ള നിർദ്ദേശം നൽകും.
എന്നാൽ ചിലപ്പോഴെങ്കിലും ഒട്ടും മുന്നറിയിപ്പില്ലാതെ ഈ സാഹചര്യം ഉണ്ടാകും. അതുകൊണ്ടാണ് സീറ്റ് ബെൽറ്റ് ഇടാനുള്ള നിർദ്ദേശം സ്‌ക്രീനിൽ ഇല്ലാത്തപ്പോഴും ലൂസ് ആയി സീറ്റ് ബെൽറ്റ് കുരുക്കിയിടാൻ പൈലറ്റുമാർ നിർദ്ദേശിക്കുന്നത്. എന്നാൽ മിക്കവരും ഇത് പാലിക്കാറില്ല.
ഇത്തരം ഒരു സാഹചര്യമാണ് ഇന്നുണ്ടായത്. 211 യാത്രക്കാരുമായി ലണ്ടനിൽ നിന്നും സിംഗപ്പൂരിലേക്ക് വന്നുകൊണ്ടിരുന്ന വിമാനം മ്യാന്മറിന് മുകളിൽ വച്ച് പെട്ടെന്ന് ടർബുലൻസിൽ പെട്ടു. മുപ്പതിനായിരം അടിയിൽ പറന്നിരുന്ന വിമാനം ഒറ്റയടിക്ക് എണ്ണായിരത്തോളം അടി താഴേക്ക് വന്നു എന്നാണ് വായിച്ചത്. മുൻകൂട്ടി വാണിംഗ് ഒന്നും ഉണ്ടായില്ല. ആ സമയത്ത് സീറ്റ് ബെൽറ്റ് ഇടാതിരുന്നവർ മുകളിലേക്ക് ഉയർന്ന് തല മുകളിൽ മുട്ടി. അനവധി ആളുകൾക്ക് പരിക്കേറ്റു, ചിലർക്ക് ഗുരുതരമായി. ഒരാൾ മരണപ്പെട്ടു.
വിമാന യാത്ര ചെയ്യുന്നവർ വീണ്ടും വീണ്ടും ശ്രദ്ധിക്കുമല്ലോ. ഒരു വിമാനയാത്രയും പൂർണ്ണമായി സുരക്ഷിതമല്ല. പൈലറ്റ് നൽകുന്ന നിർദ്ദേശങ്ങൾ നൂറു ശതമാനം പാലിക്കുക. സീറ്റ് ബെൽറ്റ് നിർദേശം ഇല്ലെങ്കിൽ പോലും അത് ലൂസ് ആയിട്ടെങ്കിലും കുരുക്കിയിടുക, ഉറങ്ങുന്പോൾ പോലും.
ഈ അപകടം സിംഗപ്പൂർ എയർലൈനും മാധ്യമങ്ങളും കൈകാര്യം ചെയ്യുന്ന രീതിയും ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. മരിച്ചിട്ട് മണിക്കൂറുകൾ ആയിട്ടും ആളുടെ പേരും മേൽവിലാസവും ഒന്നും ഇതുവരെ പബ്ലിക്ക് ആയി റിപ്പോർട്ട് ചെയ്തിട്ടില്ല. 73 വയസ്സുള്ള ഒരു ബ്രിട്ടീഷുകാരൻ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. അയാളുടെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. അയാളുടെ കുടുംബവും സുഹൃത്തുക്കളും മരണവാർത്ത സ്ക്രോളിംഗ് ന്യൂസിൽ വായിക്കേണ്ട ദുര്യോഗം ഉണ്ടാക്കുന്നില്ല. ആ കുടുംബത്തിന്റെ പിന്നാലെ കാമറയുമായി ആളുകൾ ഓടുന്ന സാഹചര്യവും ഒഴിവാക്കുന്നു.
നമ്മുടെ മാധ്യമങ്ങൾ നോക്കി പഠിക്കേണ്ടതാണ്.
അപകടം നടന്ന വിമാനവും ഗുരുതരമായി പരിക്കേൽക്കാത്ത യാത്രക്കാരുമായി വിമാനം സിംഗപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. അത് സിംഗപ്പൂരിൽ എത്തുന്പോൾ മറ്റു യാത്രക്കാരിൽ നിന്നും മാധ്യമങ്ങളിൽ നിന്നും മാറി മറ്റൊരു സ്ഥലത്താണ് യാത്രക്കാർ ഇറങ്ങാൻ പോകുന്നത്. യാത്രക്കാരുടെ ബന്ധുക്കളെ മാത്രമേ അങ്ങോട്ട് കടത്തിവിടുന്നുള്ളൂ. അപകത്തിൽപ്പെട്ട ഷോക്കിൽ ഉള്ളവരുടെ മുന്നിലേക്ക് മൈക്കുമായി ആളുകൾ ചെല്ലുന്ന സാഹചര്യവും ഒഴിവാക്കപ്പെടുന്നു.
നമ്മുടെ എയർപോർട്ട് അതോറിറ്റികൾ ശ്രദ്ധിക്കുമല്ലോ.
മുരളി തുമ്മാരുകുടി
Leave a Comment