ഒരു കാര്യം പറയട്ടെ. ഇപ്പോൾ പത്തോ പതിനായിരമോ ആളുകളുടെ മുന്നിൽ നിന്ന് സംസാരിക്കാനും പ്രസംഗിക്കാനും ഒട്ടും ബുദ്ധിമുട്ടില്ലെങ്കിലും എല്ലാക്കാലത്തും ഞാൻ ഇങ്ങനെ ആയിരുന്നില്ല.
സ്‌കൂളിൽ പഠിക്കുന്ന കാലത്ത് പഠിപ്പിസ്റ്റ് ഒക്കെ ആയിരുന്നെങ്കിലും ഒരിക്കൽ പോലും സ്റ്റേജിൽ കയറി ഒരു പ്രോഗ്രാം അവതരിപ്പിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. മടി, പേടി, പരിഭ്രമം ഒക്കെ കാരണം പഠിപ്പിസ്റ്റുകൾ സാധാരണ എത്തിച്ചേരുന്ന പ്രസംഗ മത്സരത്തിന് പോലും ഞാൻ പങ്കെടുത്തിരുന്നില്ല. (സുഹൃത്തായിരുന്ന ബെന്നി Benny John ആയിരുന്നു പ്രസംഗ ചാമ്പ്യനും സകൂൾ ലീഡറും). അതുകൊണ്ട് തന്നെ സ്‌കൂളിൽ പഠിക്കുന്ന കാലത്ത് ഒരു തരത്തിലുമുള്ള അവാർഡോ അംഗീകാരമോ കിട്ടിയിരുന്നുമില്ല.
ഒരു കാര്യം കൂടി പറയണം. നന്നായി പഠിക്കുമായിരുന്നുവെങ്കിലും ഞാൻ ഒരു ‘നല്ല കുട്ടി’ ആയിരുന്നില്ല. അധ്യാപകരോട് സ്ഥിരമായി ചോദ്യങ്ങൾ ചോദിക്കുന്നതായിരുന്നു രീതി. നാട്ടിലെ അന്നത്തെ സാഹചര്യത്തിൽ അധ്യാപകർക്ക് അതത്ര ഇഷ്ടമായിരുന്നില്ല. ഒമ്പതാം ക്ലാസിൽ പരിണാമം പഠിപ്പിച്ച സാർ “പരിണാമം കൊണ്ട് ജീവികൾക്ക് ആവശ്യമില്ലാത്ത അവയവങ്ങൾ കാലക്രമേണ ഇല്ലാതാകും” എന്നൊരിക്കൽ ക്ലാസിൽ പറഞ്ഞു. “അപ്പോൾ പിന്നെ എന്തിനാണ് സാർ ആണുങ്ങൾക്ക് മുലക്കണ്ണ്” എന്ന് നിഷ്കളങ്കമായി ചോദിച്ചതും സാർ അതിന് ഉത്തരം പറയാൻ പറ്റാതെ അക്കാലത്തെ അധ്യാപകരുടെ പതിവ് പ്രതികരണമായ “അത്ര ഓവർ സ്മാർട്ട് ഒന്നും ആകേണ്ട” എന്ന് പറഞ്ഞതും സ്‌കൂളോർമ്മകളാണ്.
ഇതൊക്കെ ഇപ്പോൾ പറയാൻ കാരണം ഇന്ന് രാവിലെ എന്റെ അനുജൻ ഒരു ഫോട്ടോ അയച്ചു തന്നു. 1979 ൽ ശാലേം സ്‌കൂളിലെ രെജിസ്റ്റർ ആണ്. അതിൽ കെ.ജി.കെ. മേനോൻ അവാർഡ് (മലയാളം) കിട്ടിയിരിക്കുന്ന ടി.ആർ. മുരളീധരൻ ഇപ്പോഴത്തെ മുരളി തുമ്മാരുകുടി ആണ്.
പത്താം ക്ലാസ് പരീക്ഷയിൽ മലയാളത്തിന് ഒന്നാം സമ്മാനം കിട്ടുന്ന കുട്ടിക്ക് കൊടുക്കുന്ന അവാർഡ് ആണ്. ശാലേം സ്‌കൂളിലെ എക്കാലത്തെയും മികച്ച മലയാളം അധ്യാപകനായിരുന്നു ശ്രീ. കെ.ജി.കെ. മേനോൻ. യുവ കവിയും നാടക രചയിതാവും ആയിരുന്നു. “സമുചിത സംസ്കാര മണിദീപ നാളം” എന്ന് തുടങ്ങുന്ന മനോഹരമായ സ്‌കൂൾ ഗാനം രചിച്ചത് അദ്ദേഹമാണ്. മറ്റുള്ള സ്‌കൂളുകൾ “അഖിലാണ്ഡമണ്ഡലം” അണിയിച്ചൊരുക്കിക്കൊണ്ടിരുന്ന കാലത്ത് സ്വന്തമായി ഒരു സ്‌കൂൾഗാനം ഉള്ളതിന്റെ അഹംഭാവം ഞങ്ങൾക്ക് ഉണ്ടാക്കിത്തന്നത് അദ്ദേഹമാണ്.
ലോഭമില്ലതെ പണവും കഥകളി സ്‌കൂളിന്റെ സാമീപ്യവും കൊണ്ട് ഉദ്യോഗമണ്ഡലിലെ ഫാക്ട് സ്‌കൂൾ യുവജനോത്സവങ്ങളിൽ അജയ്യമായിരുന്ന കാലത്ത് പ്രതിഭകൊണ്ട് മാത്രം അതിനോട് മത്സരിച്ച് വിജയിപ്പിച്ച ആളുമാണ് അദ്ദേഹം (കൂട്ടത്തിൽ ഡ്രോയിങ്ങ് മാഷ് ആയിരുന്ന ശ്രീ. ടി.കെ. കൃഷ്ണൻ നായർ സാറും, അദ്ദേഹത്തിന്റെ അക്കാലത്ത് പ്രശസ്തമായ മേക്ക് അപ്പ് പ്രഗൽഭ്യവും പരാമർശിക്കപ്പെടേണ്ടതാണ്). നിർഭാഗ്യവശാൽ വളരെ ചെറുപ്പത്തിൽ അദ്ദേഹം മരണപ്പെട്ടു, അല്ലെങ്കിൽ കേരളത്തിൽ അറിയപ്പെടുന്ന ഒരു നാടക രചയിതാവും കവിയും ആകുമായിരുന്നു.
അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് ലഭിച്ചതും സ്‌കൂൾ പഠനം കഴിഞ്ഞിട്ടാണെങ്കിലും ഒരിക്കൽ സ്റ്റേജിൽ കയറാൻ സാധിച്ചതും വലിയ ഭാഗ്യമായി കരുതുന്നു. മലയാളമാണ് ശക്തി എന്ന് കണ്ടെത്താൻ അന്നത്തെ പരീക്ഷകൾക്ക് കഴിഞ്ഞിരുന്നു എന്നതും ഇന്നിപ്പോൾ ഫുൾ എ ഗ്രേഡിന്റെ കാലത്ത് കുട്ടികളുടെ കഴിവുകളുടെ നേരെ കണ്ണാടിയാകാൻ പരീക്ഷകൾക്ക് കഴിയുന്നില്ല എന്നതും ഞാൻ ചിന്തിച്ചു.
മുരളി തുമ്മാരുകുടി
Leave a Comment