വെങ്ങോലയിൽ അറിയപ്പെടുന്ന ഒരു സഹകരണ പ്രവർത്തകനായിരുന്നു എന്റെ വലിയമ്മാവൻ. വെങ്ങോല സർവീസ് സഹകരണസംഘം എന്ന പ്രസ്ഥാനം സ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് ഒരു പരിധി വരെ അമ്മാവന്റെ പൊതുപ്രവർത്തനത്തിന്റെ അടിത്തറ എന്നുതന്നെ പറയാം. 1950 കളുടെ അവസാനത്തിലാണ് ഈ പ്രസ്ഥാനത്തിന് വേണ്ടി നാട്ടിലെ മറ്റ് പലരോടുമൊപ്പം അമ്മാവനും മുന്നിട്ടിറങ്ങുന്നത്. സംഘത്തിന്റെ ആദ്യത്തെ നൂറ് ഓഹരികളിൽ ഒന്ന് അമ്മാവന്റേതാണ്.
ഏത് സാഹചര്യത്തിലാണ് വെങ്ങോലയിൽ സഹകരണ സംഘം ഉണ്ടാകുന്നത്?
ഭൂപരിഷ്കരണം ഒക്കെ കഴിഞ്ഞു, നാട്ടിൽ കർഷകർക്ക് ഭൂമിയിൽ അവകാശം ലഭിച്ചു. ഹരിത വിപ്ലവം വരുന്നു, പുതിയതായി രാസവളങ്ങൾ നാട്ടിൽ പ്രചാരത്തിൽ വരുന്നു. പക്ഷെ അത് വാങ്ങി കൃഷിയിൽ നിക്ഷേപിക്കണമെങ്കിൽ പണം വേണം. അത് കർഷകരുടെ അടുത്തില്ല. കടമായി വളങ്ങൾ കൊടുക്കാൻ സ്വകാര്യ സ്ഥാപനങ്ങൾ തയ്യാറല്ല. കൃഷിയിറക്കുന്നത് മുതൽ വിളവെടുക്കുന്നുന്നത് വരെയുള്ള ആറു മാസത്തേക്ക് ഒരു ലോൺ വേണമെങ്കിൽ നൂറു രൂപക്ക് മാസം അഞ്ചു രൂപ മുതൽ മുകളിലേക്കാണ് നാട്ടിലെ “മടിശ്ശീല” ബാങ്കുകൾ പലിശ വാങ്ങുന്നത്. ഒരിക്കൽ അവരുടെ കയ്യിൽ പെട്ടാൽ പിന്നെ അതിൽ നിന്നും മോചനമില്ല. വീട്ടിൽ ഏതെങ്കിലും ഒരു അത്യാവശ്യമുണ്ടാകുന്പോൾ അല്പം കൂടുതൽ പണം വേണമെങ്കിൽ യാതൊരു സംവിധാനവും ഇല്ല. ബാങ്കുകൾ അന്ന് ദേശസാൽക്കരിക്കപ്പെട്ടിട്ടില്ലെങ്കിലും വലിയ ബാങ്കുകളുടെ ശാഖകൾ ഒന്നും വെങ്ങോലയിൽ ഇല്ല. വീട് പണിയാനോ വിവാഹത്തിനോ ഒക്കെ കുറച്ചു പണം (ആയിരമോ രണ്ടായിരമോ) വേണമെങ്കിൽ സ്ഥലം വിൽക്കുക മാത്രമേ മാർഗമുള്ളൂ.
ഈ സാഹചര്യത്തിലാണ് സഹകരണ സംഘത്തിനായി അമ്മാവനും സുഹൃത്തുക്കളും മുന്നോട്ട് വരുന്നത്. അഞ്ചു രൂപയുടെ കുറച്ച് ഓഹരികൾ വിൽക്കുക എന്നതാണ് ആദ്യ ഘട്ടം. ഇന്നത് നിസ്സാരമായി തോന്നാം, പക്ഷെ അന്ന് അങ്ങനെയല്ല. 1960 കളിൽ വെങ്ങോലയിൽ ഒരു സെന്റ് ഭൂമിക്ക് അഞ്ചു രൂപയേ വിലയുള്ളു. ഒരു പവൻ സ്വർണ്ണത്തിന് നൂറ് രൂപയിൽ താഴെയും. അപ്പോൾ അഞ്ച് രൂപ ചെറിയ തുകയല്ല. അഞ്ച് രൂപ ഒന്നിച്ചെടുക്കാൻ കഴിവുള്ളവർ അന്നും വെങ്ങോലയിൽ ഉണ്ട്, പക്ഷെ അവർക്കൊന്നും ഈ പ്രസ്ഥാനത്തിൽ സാന്പത്തികമായി താല്പര്യമില്ല, മാത്രമല്ല പ്രസ്ഥാനത്തിന് ഇറങ്ങിയിരിക്കുന്നത് ഒരു കൂട്ടം കമ്മ്യൂണിസ്റ്റ് അനുഭാവികളായ യുവാക്കളാണ്, അപ്പോൾ രാഷ്ട്രീയമായും അവർക്ക് അതിനോട് എതിർപ്പുണ്ട്. അവരും മാറി നിന്നു.
ഇതൊന്നും അമ്മാവനെയോ സുഹൃത്തുക്കളെയോ നിരാശരാക്കിയില്ല. മാസങ്ങളോളം നിസ്വാർത്ഥമായി പണിയെടുത്ത് അവർ വെങ്ങോലയിൽ ഒരു സഹകരണസംഘം ഉണ്ടാക്കി. പിന്നീട് വെങ്ങോലയുടെ സാന്പത്തിക ജീവനാഡിയായി അത് മാറി. ഇന്ന് പല ബ്രാഞ്ചുകളും സൂപ്പർ മാർക്കറ്റുകളും കോടിക്കണക്കിന് രൂപയുടെ ആസ്തിയും വിറ്റുവരവും നിക്ഷേപങ്ങളും ഒക്കെയുള്ള വെങ്ങോലക്കാരുടെ അഭിമാനമായ ഒരു പ്രസ്ഥാനമായി ഇത് നിലനിൽക്കുന്നു. ഒരു സ്വകാര്യ സംരംഭമായിരുന്നെങ്കിൽ അഞ്ച് രൂപയുടെ ഷെയറിന് ഇന്ന് അന്പതിനായിരമോ അഞ്ച് ലക്ഷമോ വിലയാകുമായിരുന്നു.
ഒരു കാര്യം കൂടി പറയാം. കമ്മ്യുണിസ്റ്റുകാരനായിരുന്ന വലിയമ്മാവനും സുഹൃത്തുക്കളും ഒക്കെയാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടതെങ്കിലും എക്കാലത്തും ഇതൊരു കമ്മ്യുണിസ്റ്റ് പ്രസ്ഥാനം മാത്രമായിരുന്നില്ല. എനിക്ക് ഓർമവെച്ച കാലത്ത് വെങ്ങോലയിലെ പ്രമുഖ വ്യവസായിയും കെ പി സി സി മെന്പറുമായിരുന്ന കെ. പ്രഭാകരനാണ് സംഘത്തിന്റെ പ്രസിഡന്റ്. കോൺഗ്രസ്സുകാരനായ എന്റെ ചെറിയമ്മാവൻ ഏറെക്കാലം ബോർഡിൽ ഉണ്ടായിരുന്നു.
അങ്ങനെ കമ്മ്യുണിസ്റ്റുകാരും കോൺഗ്രസുകാരും മാറിമാറി ഭരിച്ചും അവരുടെ സമയവും ബുദ്ധിയും ബന്ധങ്ങളും ഉപയോഗിച്ച് വളർത്തിയുമാണ് ഇന്ന് നാം വെങ്ങോലയിൽ കാണുന്ന വലിയ പ്രസ്ഥാനമുണ്ടാകുന്നത്. ഈ പ്രസ്ഥാനമാണ് വെങ്ങോലക്കാരെ ബാങ്കിങ് പഠിപ്പിച്ചത്, ഒരിക്കൽ കടം വാങ്ങിയാൽ പിന്നെ കടക്കെണിയിൽ അകപ്പെട്ടുപോകുന്ന സാഹചര്യത്തിൽ നിന്നും വെങ്ങോലക്കാരെ രക്ഷിച്ചെടുത്തത്. ഇന്ന് ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ മടിശീല ബാങ്കുകാർ ഒക്കെ പൂട്ടിപ്പോയിട്ടും ദേശസാൽകൃത ബാങ്കുകൾ പലതും വെങ്ങോലയിൽ എത്തിയിട്ടും വെങ്ങോലയിലെ “ലീഡ് ബാങ്ക്” ഇന്നും ഞങ്ങളുടെ സഹകരണസംഘം തന്നെയാണ്. അത് ഞങ്ങളുടെ അഭിമാനമാണ്.
ഇത് എന്റെ അമ്മാവന്മാരുടെയും വെങ്ങോലയുടെയും സഹകരണസംഘത്തിന്റെയും മാത്രം കഥയല്ല. കേരളത്തിലെ ആയിരത്തോളം ഗ്രാമങ്ങളിൽ കാലത്തിനും മുന്നേ നടന്ന, നാട്ടുകാരുടെ ഉന്നമനത്തിനായി പ്രവർത്തിച്ച കുറച്ച് അമ്മാവന്മാർ ഉണ്ടായിരുന്നു. അതിൽ കോൺഗ്രസുകാരും കമ്മ്യുണിസ്റ്റുകാരും ഉണ്ടായിരുന്നു. അവർ ഉണ്ടാക്കിവെച്ച സഹകരണ സംഘങ്ങളാണ് കേരളത്തിലെ ശരാശരി ജനങ്ങളെ ബാങ്കിങ് എന്ന ആശയത്തോട് അടുപ്പിച്ചത്. അവരാണ് രാസവളങ്ങൾ കേരളത്തിൽ വ്യാപകമാകുന്നതിൽ സഹായിച്ചത്. അവരാണ് കേരളത്തിലെ ഒരു തലമുറയിലെ ഒരുപാട് പ്രാദേശിക നേതാക്കൾക്ക് ഉത്തരവാദിത്തത്തോടെ പ്രസ്ഥാനങ്ങൾ നടത്താനുള്ള പരിശീലനം നൽകിയത്. തൊള്ളായിരത്തി എഴുപതുകളിൽ നമ്മുടെ പഞ്ചായത്തുകൾ എല്ലാം തെരഞ്ഞെടുപ്പ് ഒന്നുമില്ലാതെ ചത്തുകിടന്നപ്പോൾ എഴുപതുകളി ജനാധിപത്യത്തിന്റെ അടിസ്ഥാന പാഠങ്ങൾ താഴെ തട്ടിൽ കനലണയാതെ നോക്കിയത് കൃത്യമായി തിരഞ്ഞെടുപ്പ് നടത്തിയിരുന്ന സഹകരണ പ്രസ്ഥാനങ്ങൾ ആണ്.
ഈ സഹകരണ പ്രസ്ഥാനത്തെയാണ് ഇന്ന് കേരളത്തിൽ വളഞ്ഞിട്ടാക്രമിക്കുന്നത്. തൃശൂരിനടുത്ത് കരുവന്നൂരിൽ ഒരു സഹകരണബാങ്കിൽ ഉണ്ടായ തട്ടിപ്പുകളാണല്ലോ ഇതിന്റെ സാഹചര്യം. ഈ അവസരം മുതലെടുത്ത് കേരളത്തിലെ സഹകരണ മേഖല ആകെ തട്ടിപ്പാണെന്നും ഇപ്പോൾ തകരാൻ പോകുകയാണെന്നുമുള്ള പ്രതീതിയുണ്ടാക്കാൻ മാധ്യമങ്ങൾ ഓവർടൈം പണിയെടുക്കുന്നു. അതിന് സൈബർ രംഗത്തെ ‘സാന്പത്തിക വിദഗ്ദ്ധർ’ എണ്ണ പകരുന്നു. പ്രതിപക്ഷം അത് ആളിക്കത്തിക്കാൻ നോക്കുന്നു.
കേരളത്തിലെ സഹകരണ സംഘങ്ങളിൽ ഒന്നും ഒരു പ്രശ്നവുമില്ലെന്നോ അഥവാ ഉണ്ടെങ്കിൽ അവരുടെ പഴയകാല പ്രവർത്തനങ്ങളുടെ സംഭാവനകൾ കണക്കിലെടുത്ത് അത് മാപ്പാക്കണമെന്നോ അഭിപ്രായമുള്ള ആളല്ല ഞാൻ. മറിച്ച്, സാന്പത്തിക കുറ്റകൃത്യങ്ങൾ തീർച്ചയായും അന്വേഷിക്കണമെന്നും കുറ്റവാളികളെ കർശനമായും സമയബന്ധിതമായും മാതൃകാപരമായും ശിക്ഷിക്കണമെന്നുമാണ് എന്റെ അഭിപ്രായം. സഹകരണസംഘത്തിൽ പണം നിക്ഷേപിച്ചവർക്ക് പണം നഷ്ടപ്പെടുന്ന, എളുപ്പത്തിൽ തിരിച്ചെടുക്കാനാവാത്ത സാഹചര്യം ഒരിക്കലും ഉണ്ടാകരുത്.
സഹകരണബാങ്കുകളിലെ പ്രശ്നങ്ങൾ കേവലം ഒറ്റ ബാങ്കിലെ വിഷയമല്ല എന്നും എനിക്കറിയാം. എന്റെ സുഹൃത്ത് ഹരീഷ് വാസുദേവന് നൽകിയ ഒരു നിയമസഭാ ചോദ്യോത്തരം അനുസരിച്ച് നൂറ്റി അറുപത്തി നാലു സഹകരണ ബാങ്കുകളിൽ നിക്ഷേപകർക്ക് പണം തിരിച്ചുനൽകാനാകാത്ത സ്ഥിതിയുണ്ട്. ഇത് ഒഴിവാക്കപ്പെടേണ്ടതും സർക്കാർ അടിയന്തിരമായി കൈകാര്യം ചെയ്യേണ്ടതുമാണ്. എന്നാൽ ഈ വിഷയങ്ങൾ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്പോൾ കേരളത്തിൽ ഇന്ന് പതിനാറായിരത്തോളം സഹകരണ സംഘങ്ങൾ ഉണ്ടെന്നും അതിൽ ബാങ്കിങ് സേവനം നടത്തുന്നത് തന്നെ പതിനായിരത്തിന്റെ മുകളിൽ ഉണ്ടെന്നും അതിന്റെ രണ്ടു ശതമാനത്തിൽ പോലും നിക്ഷേപകരുടെ സേവനങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നും എടുത്തുപറയേണ്ടതല്ലേ?
കേരളത്തിലെ മാധ്യമപ്രവർത്തകർ എപ്പോഴും സെൻസേഷണൽ വർത്തകൾക്കുള്ള തിരക്കിലാണ്. ഇത്തരത്തിൽ ഡാറ്റ വച്ച് വിശകലനം ചെയ്യലൊന്നും അവരുടെ രീതിയല്ല, അതവരുടെ ജോലിയാണെന്ന് അവർ കരുതുന്നുമില്ല. അവർ ചർച്ചക്ക് വിളിക്കുന്നവരും ചർച്ചയിൽ ശബ്ദമാണ് വെളിച്ചമാണ് ഉണ്ടാക്കുന്നത്. പക്ഷെ വാർത്താ ചാനലുകളെയും ചർച്ചകളെയും എന്റർടൈൻമെന്റ് ആയി, കോമഡി ടൈമിന്റെ തുടർച്ചയായി നമ്മുടെ ആളുകൾ കാണുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ടല്ലോ. അതുപോലെ തന്നെ ഫേസ്ബുക്കിലെ സാന്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായമല്ല ചുറ്റും കാണുന്ന ജീവിത അനുഭവങ്ങൾ ആണ് സാധാരണ ജനങ്ങൾ അവരുടെ അഭിപ്രായ രൂപീകരണത്തിന് അടിസ്ഥാനമായി എടുക്കുന്നത്, അതുകൊണ്ട് ഈ രണ്ടു കൂട്ടരും സഹകരണമേഖലക്കെതിരെ “അതി ശക്തമായി” സംസാരിക്കുന്നതും ട്രോളുന്നതും ഞാൻ കാര്യമാക്കുന്നില്ല.
പക്ഷെ കേരളത്തിൽ ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്ന, എന്നാൽ ഏറെ നാൾ കേരളം ഭരിച്ചിട്ടുള്ള, ഏറെ സഹകരണ സംഘങ്ങൾ ഇപ്പോഴും ഭരിക്കുന്ന പാർട്ടികൾ സഹകരണ മേഖലക്കെതിരെ സംസാരിക്കുന്നത് എനിക്ക് ഏറെ അതിശയവും വിഷമവും ഉണ്ടാക്കുന്നു. നമ്മുടെ സഹകരണ മേഖല തകർന്നു കഴിഞ്ഞാൽ, സഹകരണമേഖലയിൽ ബാങ്കിങ് ഇല്ലാത്ത കേരളം ഇന്നത്തേതിൽ നിന്നും മെച്ചപ്പെട്ട ഒന്നാകുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? സഹകരണ മേഖല തകർന്നാൽ ലോൺ ആപ്പുകൾ മുതൽ ലോൺ ഷാർക്കുകൾ വരെ ആയിരിക്കില്ലേ അവിടേക്ക് തള്ളിക്കയറുന്നത്?
കേരളത്തിന്റെ സഹകരണമേഖലയിലും അതിന്റെ നടത്തിപ്പിന്റെ രീതിയിലും നിയന്ത്രണത്തിലും മുന്നറിയിപ്പുകൾ നൽകുന്നതിലും പരാജയങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഒക്കെ മാറ്റങ്ങൾ വേണമെങ്കിൽ അത് കേരളത്തിലെ രാഷ്ട്രീയരംഗത്തുള്ള എല്ലാ പക്ഷവും ഒരുമിച്ചിരുന്ന് ചിന്തിച്ച് മാറ്റിയെടുക്കണം. മുഖ്യമന്ത്രി പറഞ്ഞതുപോലെ കറുത്ത വറ്റിനൊപ്പം കഞ്ഞിക്കലം തന്നെ എടുത്തുകളഞ്ഞാൽ കഞ്ഞികുടി മുട്ടുന്നത് പാചകം ചെയ്യുന്നവർക്ക് മാത്രമല്ല, കുടുംബാംഗങ്ങൾക്ക് ആകെയാണ്.
എന്റെ അഭിപ്രായത്തിൽ സാന്പത്തിക നിയന്ത്രണങ്ങൾ ഇല്ലാത്ത കുറച്ച് സഹകരണസംഘങ്ങൾ അല്ല മറിച്ച് കേരളത്തിന്റെ സാന്പത്തിക സാമൂഹ്യ ഭാവിയെക്കുറിച്ച് പരസ്പര സഹകരണത്തോടെ ചിന്തിച്ച് യോജിച്ച് പ്രവർത്തിക്കാൻ കഴിയാത്ത രാഷ്ട്രീയ സംഘങ്ങളും സാഹചര്യവുമാണ് ഇന്ന് കേരളം നേരിടുന്ന പ്രധാന വെല്ലുവിളി.
ഇത്തരത്തിൽ ഭരണപക്ഷം പറയുന്നതെന്തും തെറ്റാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന – ഭരണപക്ഷം നടത്താൻ ശ്രമിക്കുന്നതെന്തും തടുക്കാൻ ശ്രമിക്കുന്ന ഒരു പ്രതിപക്ഷ സംസ്ക്കാരം വളർന്നുവരുന്നത് കാണുന്പോൾ (ഇതിപ്പോൾ തുടങ്ങിയത് ഒന്നുമല്ല, പക്ഷെ തുടർഭരണത്തിന്റെ അപൂർവ്വ സാഹചര്യത്തിൽ അത് കൂടുതൽ തെളിമയോടെ നിൽക്കുന്നു എന്നതാണ്) അതിനെ കോട്ടിട്ട മാധ്യമങ്ങളും മുഖമില്ലാത്ത ‘സമൂഹമാധ്യമ പ്രതിഭകളും’ ഫോക്കസ് ചെയ്യുന്പോൾ, എന്തായിരിക്കും നാളത്തെ കേരളത്തിന്റെ സാദ്ധ്യതകൾ എന്ന് കൃത്യമായി സംസാരിക്കാൻ രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും ആരും ഇല്ലാതെ വരുന്പോൾ, ഈ നാടിന് ശോഭനമായ ഒരു ഭാവിയില്ലെന്ന് പുതിയ തലമുറക്ക് തോന്നുന്നത് സ്വാഭാവികമാണ്. സാധിക്കുന്നവരെല്ലാം എത്രയും വേഗം സ്ഥലം വിടുകയാണ്. അതൊന്നും ശ്രദ്ധിക്കാതെ നമ്മുടെ സംസ്ഥാനത്തിന്റെ വിജയങ്ങൾ ഒന്നും സമ്മതിക്കാതെ പരാജയങ്ങളിൽ മാത്രം ശ്രദ്ധചെലുത്തുന്ന ഒരു സംസ്ക്കാരം കേരളത്തെ എവിടെ എത്തിക്കുമെന്നറിയാൻ വക്കീലിന്റെ സ്പെക്കുലേഷനോ പോലീസിന്റെ ഇൻവെസ്റ്റിഗേഷനോ ഒന്നും ആവശ്യമില്ല. അല്പം സാമാന്യബോധം മാത്രം മതി.
പക്ഷെ സാമാന്യബോധം അത്ര സാമാന്യമല്ല എന്നതാണ് പ്രശ്നം
കേരളത്തിന്റെ സഹകരണ മേഖല ഒരു വിജയ കഥയാണ്, ഇപ്പോഴത്തെ കുഴപ്പങ്ങളിൽ നിന്നും അവർ പാഠങ്ങൾ പഠിക്കും, നാളെയും വ്യത്യസ്തമായ ഒരു സാന്പത്തിക സാമൂഹ്യ മാതൃക കേരളത്തിൽ നിലനിർത്താനുള്ള ശ്രമങ്ങളുടെ നട്ടെല്ലായി അവർ ഉണ്ടാകും എന്നതിൽ എനിക്കൊരു സംശയവും ഇല്ല. ആശംസകൾ!
മുരളി തുമ്മാരുകുടി
Leave a Comment