പൊതു വിഭാഗം

സമൂഹത്തിന്റെ കാൻസറിനെ ചികിൽസിക്കേണ്ട?

1997-ൽ ഒരവധിക്കാലത്ത് ഞാൻ നാട്ടിലെത്തുമ്പോളാണ് അച്ഛന് കാൻസറാണെന്ന് കണ്ടുപിടിക്കുന്നത്. നെഞ്ചുവേദന ആണെന്നു പറഞ്ഞ് ഒന്നുരണ്ടു മാസം തീരെ വയ്യായിരുന്നു. എറണാകുളത്ത് പോയി സ്കാൻ ചെയ്തു. ആസ്ബസ്റ്റോസ് മൂലമുണ്ടാകുന്ന മീസോത്തീലിയോമ ആണെന്ന് റിസൾട്ട് വന്നു.

ഏറ്റവും കുഴപ്പക്കാരായ കാൻസറുകളിൽ ഒന്നാണ് മീസോത്തീലിയോമ. ശ്വാസകോശത്തിന്റെ ആവരണത്തിനാണ് പിടി വീഴുന്നത്. വലിയ വേദനയാണ്, നിലവിൽ ചികിത്സ ഒന്നുമില്ല, കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ ആള് അധികകാലം ജീവിച്ചിരിക്കാറില്ല. അത് തന്നെയാണ് ഡോക്ടറും പറഞ്ഞത്.

സ്വാഭാവികമായി ധാരാളം ഉപദേശകർ വന്നു, കുടുംബത്തിൽ നിന്നും കൂട്ടുകാരിൽ നിന്നും. കാൻസർ ചികിൽസിച്ചു മാറ്റിയ കോട്ടയത്തെ വൈദ്യന്റെ കഥ മുതൽ, കാരറ്റിന്റെ ചാറിൽ നിന്നും വേർതിരിച്ചെടുത്ത ദിവ്യ ഔഷധം കുത്തിവെച്ച് ചികിൽസിക്കുന്ന ബോംബെയിലെ ഡോക്ടറുടെ ഉൾപ്പടെ. ഒരു ഇൻജക്ഷന് അൻപതിനായിരം രൂപയാണ് ചിലവ്, ബോംബയിൽ നിന്നുള്ള ഫ്ലൈറ്റ് കൂലി വേറെ. ഒരു മാസത്തിൽ രണ്ട് കുത്തി വയ്പ്പ്, ആറു മാസം കഴിഞ്ഞാൽ അസുഖം തീർത്തും മാറും.
അച്ഛനാണ്, ഏറെ പ്രിയപ്പെട്ട ആളാണ്. ചുമ്മാ മരണത്തിന് വിട്ടുകൊടുക്കാൻ നമുക്ക് തോന്നില്ല. ആധുനിക വൈദ്യം സുല്ലിട്ട സ്ഥിതിക്ക് ഇനി മലപ്പുറം കത്തിയോ, അമ്പും വില്ലുമോ എന്ത് കുന്തമായാലും ഒന്നു പരീക്ഷിച്ചു നോക്കുന്നതിൽ തെറ്റില്ലല്ലോ എന്ന് നമുക്ക് തോന്നും.

ഇവിടെയാണ് ഈ കഴുകന്മാർ അവസരം കണ്ടെത്തുന്നത്. രോഗിയും ബന്ധുക്കളും നിരാശരാണ്. അവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് എത്ര പണം വേണമെങ്കിലും പിടുങ്ങാം. ചികിത്സയല്ല, പ്രതീക്ഷയാണ് അവർ വിൽക്കുന്നത്. തനി തട്ടിപ്പാണെന്ന് അവർക്കറിയാം, ആ അർത്ഥത്തിൽ തികച്ചും ക്രിമിനൽ ആക്ടിവിറ്റി ആണ്. അധാർമ്മികം എന്ന് പ്രത്യേകം പറയേണ്ടല്ലോ.

ഭാഗ്യത്തിന് പ്രൊഫഷണൽ ആയ ഉപദേശം തരാൻ കഴിവുള്ള ആളുകൾ എന്റെ തൊട്ടടുത്ത് ഉണ്ടായിരുന്നു. ബന്ധുക്കളുടെയും മിത്രങ്ങളുടെയും സമ്മർദ്ദത്തിന് വഴങ്ങാതിരിക്കുന്നത് അഛനോടുള്ള സ്നേഹക്കുറവോ, പണം ചിലവാക്കാനുള്ള മടിയോ ആണെന്ന് ആരെങ്കിലും ചിന്തിക്കുമെന്നോ പറയുമെന്നോ (അല്ല അങ്ങനെ ഒക്കെ ഉണ്ടായിട്ടുണ്ട്) ഉള്ള പേടിയില്ല. കാരണം, അച്ഛനോടുള്ള എന്റെ സ്നേഹത്തിന്റെ ആഴം അവരുടെ അളവിലൂടെയല്ല ഞാൻ കാണുന്നത്, അച്ഛനും.
അതുകൊണ്ട് അച്ഛൻ ദിവ്യ ചികിത്സകൾക്ക് പോയില്ല. നാട്ടിലെ ആശുപത്രിയിൽ മക്കളുടെയും കൊച്ചു മക്കളുടെയും നടുവിൽ കിടന്ന് അധികം വേദനയനുഭവിക്കാതെ മരിച്ചു.

ആ കാരറ്റ് ഡോക്ടറെ ഒന്ന് കൊണ്ടുവന്നിരുന്നെങ്കിൽ എന്ന് ഒരിക്കലും എനിക്ക് തോന്നിയില്ല. ഇങ്ങനെയുള്ളവരെ തട്ടിക്കുന്ന ആളുകളെ നിയന്ത്രിക്കാൻ ഒരു നിയമവുമില്ലല്ലോ എന്ന വിഷമമേ അന്നും ഇന്നും ഉള്ളൂ.

മലയാളികളുടെ പ്രിയപ്പെട്ട അബി ഇത്തരത്തിൽ ഒരു ചികിത്സ തേടി എന്ന് കേട്ടപ്പോൾ പറഞ്ഞു എന്നേയുള്ളൂ. വാർത്ത ശരിയാണെങ്കിൽ ഞാൻ അദ്ദേഹത്തെ കുറ്റപ്പെടുത്തില്ല, കാരണം മരിക്കാൻ പോകുന്നവർ ഏതു കച്ചിത്തുരുമ്പിലും പിടിക്കാൻ നോക്കും. അങ്ങനെയാണ് മനുഷ്യ ജീനിന്റെ നിർമ്മിതി. പക്ഷെ അത്തരം കപട വൈദ്യന്മാർക്ക് ചികിൽസിക്കാനും ആളുകളെ പറ്റിക്കാനും നമ്മുടെ സംവിധാനത്തിൽ സാധിക്കുന്നു എന്നത് നമ്മളെ ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും വേണം.

ആളുകളുടെ നിസ്സഹായാവസ്ഥയെ മുതലെടുക്കുന്ന കഴുകന്മാർ കേരളത്തിൽ മാത്രമല്ല ഉള്ളത്. ബ്രിട്ടനിലെ ആർമി ഓഫിസർ ആയിരുന്ന നൈമയുടെ കഥ നമ്മളെ ഏറെ സങ്കടപ്പെടുത്തും. ആളുകളെ ആൽക്കലൈൻ ചികിത്സയിൽ വിശ്വസിപ്പിച്ച് കോടീശ്വരനായ ഒരാൾ. സാധുക്കൾ പ്രതീക്ഷയോടെ വരുന്നു, മരിക്കുന്നു. ഇവർ പണം ഊറ്റുന്നു. ഭാഗ്യത്തിന് അമേരിക്കയിലെ തട്ടിപ്പുകാരനെതിരെ കേസുണ്ട്. നമ്മുടെ ചുറ്റുമുള്ളവർ ഇപ്പോഴും ചൂർണ്ണവും കാരറ്റും ആയി നടക്കുന്നു.

കാൻസറിനെതിരെയുള്ള യുദ്ധത്തിൽ ഓരോ വർഷവും ആധുനിക വൈദ്യം പുരോഗതി പ്രാപിക്കുകയാണ്. ഒരാൾക്ക് കാൻസർ ഉണ്ടെന്ന് കണ്ടുപിടിക്കാനും, കണ്ടുപിടിച്ചാൽ ചികിൽസിച്ചു മാറ്റാനും, മാറ്റാൻ പറ്റാത്തപ്പോൾ പോലും കൂടുതൽ കാലം ജീവിക്കാൻ അവസരം നൽകുവാനും ആധുനിക വൈദ്യ ശാസ്ത്രത്തിന് കഴിയുന്നുണ്ട്. പക്ഷെ നമ്മുടെ സമൂഹത്തിന്റെ ശാസ്ത്രബോധത്തിൽ കാൻസർ പോലെ വളരുന്ന കപട ചികിത്സകളോടുള്ള യുദ്ധത്തിലാണ് നാം പരാജയപ്പെടുന്നത്.

http://www.bbc.com/news/magazine-38650739

മുരളി തുമ്മാരുകുടി

Leave a Comment