പുതു വർഷത്തിന്റെ സമയത്ത് ബീവറേജിൽ ക്യു നിൽക്കാതെ മദ്യം കിട്ടാനുള്ള വിഷമം കൊണ്ടാണ് പുതുവർഷ സമയത്ത് നാട്ടിൽ വരാതിരുന്നതെന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. സത്യമല്ല !
സത്യം എന്തെന്നാൽ DC ബുക്സ് നടത്തുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി പന്ത്രണ്ട് മുതൽ ആണ്. പുതു വർഷത്തിൽ വന്നാൽ ഫെസ്റ്റിവലിന് മുൻപേ പോകേണ്ടി വരും. അത്രയും അവധിയേ ഉള്ളൂ.
കേരളത്തിലെ ഏറ്റവും വലിയ ലിറ്ററേച്ചർ ഫെസ്റ്റിവൽ ആയിരുന്നു DC യുടേത്. (ഈ വർഷത്തെ കണക്കെടുപ്പ് കഴിഞ്ഞപ്പോൾ അത് ഏഷ്യയിലെ ഏറ്റവും വലുതായി). കോവിഡ് കാരണം അത് മുടങ്ങിക്കിടന്നത് തിരിച്ചു വരുന്പോൾ ഒരു കാരണവശാലും മിസ്സ് ആവാൻ പാടില്ല എന്ന ആഗ്രഹം ഉണ്ടായിരുന്നു.
ഈ വർഷത്തെ ഫെസ്റ്റിവലിൽ ഒരു പുസ്തകം പ്രകാശനം ചെയ്യണം എന്നുള്ള ആഗ്രഹവും ഉണ്ടായിരുന്നു. അവാർഡ് ഒക്കെ കിട്ടിയിട്ട് കുറച്ചു നാളായി, പുതിയതൊന്ന് വേണം !.
പതിവ് പോലെ കോഴിക്കോട് എത്തി.
നിങ്ങൾ ഇനിയും #KLF പോയിട്ടില്ലെങ്കിൽ അടുത്ത തവണ തീർച്ചയായും പോകണം.
എത്ര നന്നായിട്ടാണ് അത് സംഘടിപ്പിക്കപ്പെടുന്നത്. കോഴിക്കോട് ബീച്ചിലേക്ക് പതിനായിരക്കണക്കിന് ആളുകൾ ആണ് ഒഴുകിയെത്തുന്നത്, കേരളത്തിൽ തെക്കു നിന്നും വടക്കു നിന്നും എല്ലാം.
ചെറുതും വലുതുമായി ആറു സ്റ്റേജുകൾ. അതിൽ ഓരോ മണിക്കൂറും അറിയപ്പെടുന്നവരും അറിയപ്പെടാൻ പോകുന്നവരുമായി ചർച്ചകളും സംവാദങ്ങളും.
ഒരു മണിക്കൂറാണ് ഓരോ പ്രോഗ്രാമിന്റെയും ദൈർഘ്യം. അതുകൊണ്ട് തന്നെ ദീർഘമായ സ്വാഗത പ്രസംഗങ്ങളും നന്ദി പ്രമേയങ്ങളും ഇല്ല. നേരിട്ട് കാര്യങ്ങളിലേക്ക് കടക്കുന്നു.
സ്റ്റേജുകളിൽ തിരക്കില്ല. എന്നാൽ സദസ് തിങ്ങിനിറഞ്ഞാണ്.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ലൈംഗികത എന്ന വിഷയത്തിലാണ് ഞങ്ങളുടെ സെഷൻ. മുൻ ആരോഗ്യമന്ത്രി K K Shailaja Teacher ശൈലജ ടീച്ചർ സംസാരിക്കുന്നു. ഡോക്ടർ സൗമ്യ സരിൻ, നീരജ, പിന്നെ ഞാൻ. സിന്ധുവാണ് മോഡറേറ്റ് ചെയ്യുന്നത്.
മൂന്നു വർഷം മുൻപ് ഇതേ സ്റ്റേജിൽ എത്തിയതാണ്. അന്ന് അത്യാവശ്യം ആളുകളും ഉണ്ടായിരുന്നു.
പക്ഷെ ഇത്തവണത്തെ കാര്യം അങ്ങനെയല്ല.
സ്റ്റേജിൽ എത്താൻ തന്നെ കഷ്ടപ്പെട്ടു. അത്രമാത്രം ആളുകൾ ആണ്. കൂടുതലും യുവാക്കൾ. കോളേജ് വിദ്യാർഥികൾ കൂട്ടമായി. സ്റ്റേജിലെപ്പോലെ തന്നെ സദസ്സിലും സ്ത്രീകളാണ് കൂടുതൽ.
കസേരയിൽ, നിലത്ത്, ചുറ്റും ആളുകൾ ആണ്.
വിഷയം ലൈംഗികതയാണ്. പബ്ലിക് പ്ലാറ്റ്ഫോം ആണ്.
എന്നിട്ടും അവിടെ വന്നു നില്ക്കാൻ പുതിയ തലമുറയ്ക്ക് ഒരു മറയും വേണ്ട, ഒരു മടിയും ഇല്ല. നമ്മുടെ തലമുറ മാറുകയാണ്.
കൃത്യ സമയത്ത് തന്നെ ചർച്ച തുടങ്ങി.
ലൈംഗികതയുടെ രാഷ്ട്രീയം പറഞ്ഞാണ് ടീച്ചർ തുടങ്ങിയത്. ലൈംഗികതയെ പറ്റിയുള്ള അജ്ഞതയായിരുന്നു പഴയ തലമുറയുടെ പ്രശ്നം എങ്കിൽ തെറ്റിദ്ധാരണയാണ് പുതിയ തലമുറയുടെ വെല്ലുവിളി എന്നതായിരുന്നു സൗമ്യയുടെ തുടക്കം.
പുണ്യവും പാപവും ഒന്നുമല്ല സമ്മതവും സന്തോഷവുമാണ് പുതിയകാല ലൈംഗികതയുടെ അടിസ്ഥാനം എന്ന സന്ദേശമാണ് നീരജ നൽകിയത്.
ലൈംഗികതയുടെ പുതിയ മാനങ്ങൾ ഓരോന്ന് പറയുന്പോഴും സദസ്സിൽ നിന്നും കയ്യടി.
ലൈംഗിക തൊഴിൽ എന്നത് ചൂഷണം അല്ല എന്നും മറ്റേതൊരു തൊഴിലും പോലുള്ള തൊഴിൽ ആണെന്നും ഒരു മുൻ ലൈംഗിക തൊഴിലാളി എന്ന് പരിചയപ്പെടുത്തിയ ആൾ സദസ്സിൽ നിന്നും പറഞ്ഞപ്പോൾ അതിനും നിലക്കാത്ത കയ്യടി.
രതിയിൽ വൈകൃതങ്ങൾ എന്നൊരു സങ്കൽപം പോലും കൃത്രിമമല്ലേ എന്നൊരു ചോദ്യം. രതിയിൽ പ്രകൃതി വിരുദ്ധം, വൈകൃതം എന്നുള്ള വാക്കുകൾക്ക് അപ്പുറം സമ്മതമാണ് അടിസ്ഥാനം എന്നുമുള്ള സന്ദേശമാണ് പുസ്തകം നൽകുന്നതെന്നും ഞങ്ങൾ പറഞ്ഞു.
വിവാഹത്തിന് പുറത്തുള്ള ഏതൊരു ലൈംഗികതയെയും തെറ്റും കുറ്റവും ആയി കാണുന്ന സമൂഹം മുതൽ ലൈംഗികതയെ അറിയിക്കാനും ആഘോഷിക്കാനും സെക്സ് മ്യൂസിയങ്ങൾ വരെ ഉള്ള ലോകത്തെ പറ്റിയൊക്കെ ഞാനും പറഞ്ഞു.
പുസ്തക പ്രകാശനം കൂടി ചെയ്യേണ്ടതിനാൽ ചർച്ചകൾക്ക് അന്പത് മിനുട്ട് മാത്രമാണ് കിട്ടിയത്. ആയിരം ചോദ്യങ്ങൾ ബാക്കി ഉണ്ടായിരുന്നു.
നമ്മുടെ നാട്ടിൽ നമ്മുട യുവാക്കളുടെ ഇടയിൽ ശാസ്ത്രീയമായി സീരിയസ് ആയി സെക്സിനെ പറ്റി ചർച്ച ചെയ്യാൻ സാധിക്കുമെന്ന് മനസ്സിലാക്കിയതിൽ ഉള്ള സന്തോഷം ചെറുതല്ല.
ഒരു വരവ് കൂടി വരേണ്ടി വരും. അതിന് മുൻപ് ഓൺലൈൻ ആയി ഒരു സീരീസ് വെബ്ബിനാറുകൾ പ്ലാൻ ചെയ്യുന്നുണ്ട്.
ചർച്ചയൊക്കെ കഴിഞ്ഞു വൈകീട്ട് എൻറെ ഒരു സ്ത്രീ സുഹൃത്ത് പറഞ്ഞ കാര്യവും എന്നെ ഏറെ സന്തോഷിപ്പിച്ചു.
“കേരളത്തിൽ ആൾക്കൂട്ടം ഉള്ള ഇടങ്ങളിൽ ഞാൻ പൊതുവെ പോകാറില്ല. ഏതെങ്കിലും തരത്തിൽ ആരെങ്കിലും അനാവശ്യമായി ശരീരത്തിൽ സ്പർശിക്കാതെ പുറത്തുവരാൻ കഴിയില്ല. ഇക്കാര്യത്തിൽ ആരാധനാലയങ്ങൾ ആയാലും റെയിൽവേ സ്റ്റേഷൻ ആണെങ്കിലും മാറ്റമില്ല. പക്ഷെ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നിറഞ്ഞ വേദിയിൽ, ആൺ പെൺ ഭേദമില്ലാതെ തിക്കിത്തിരക്കി നിന്ന് സെക്സിനെ പറ്റിയുള്ള ചർച്ചകൾ കേട്ടുകൊണ്ടിരുന്നിട്ടും ഒരാൾ പോലും അനാവശ്യമായി നോക്കുകയോ, സംസാരിക്കുകയോ സ്പർശിക്കുകയോ ചെയ്തില്ല. കേരളം മാറുന്നുണ്ട്”
മാറ്റം എവിടെയും കാണുന്നുണ്ട്. തിരുവനന്തപുരത്തെ ഫിലിം ഫെസ്റ്റിവൽ, കൊച്ചിയിലെ ബിനാലെ, കോഴിക്കോടെ ലിറ്ററേച്ചർ ഫെസ്റ്റിവൽ എല്ലാം പുതിയകാല സംസ്കാരത്തിന്റെ ആഘോഷങ്ങൾ ആയി മാറുകയാണ്.
അത് നമുക്ക് അഭിമാനിക്കാവുന്ന സംസ്കാരമാണ്
ഇത് കേരളത്തിന്റെ മൊത്തം സംസ്കാരം ആകുന്ന കാലമാണ് ഞാൻ സ്വപ്നംകാണുന്നകിനാശ്ശേരി
സെക്സ്21: സമ്മതം സംയോഗം സന്തോഷം
എന്നതാണ് പുതിയ പുസ്തകം
വാങ്ങാനുള്ള ലിങ്ക് – https://dcbookstore.com/books/sex-21
മുരളി തുമ്മാരുകുടി
Leave a Comment